സ്ത്രീകൾക്ക് ആർത്തവ കപ്പ് വിതരണം ചെയ്യാൻ പദ്ധതിയുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
text_fieldsതൃക്കരിപ്പൂര്‍: ആർത്തവകാലത്തെ ബുദ്ധിമുട്ടുകളിൽ അവൾക്കൊപ്പം നിൽക്കാൻ പഞ്ചായത്ത് പദ്ധതി. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്താണ് നവീന വനിതാസൗഹൃദ പദ്ധതിയിൽ 'മെന്‍സ്ട്രല്‍ കപ്പ്' സൗജന്യമായി വിതരണം ചെയ്യുന്നത്.
സാനിട്ടറി നാപ്കിനുകള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും അസൗകര്യവും പൂർണമായി ഒഴിവാക്കാൻ സാധിക്കുമെന്നുള്ളതാണ് പ്രധാന മേന്മ. ഉപയോഗിച്ച നാപ്കിനുകൾ സൃഷ്ടിക്കുന്ന മലിനീകരണവും നിയന്ത്രിക്കാൻ സാധിക്കും. നല്ല ഗുണനിലവാരമുള്ള കപ്പുകൾ അഞ്ചുമുതൽ എട്ടുവർഷം വരെ പുന:രുപയോഗിക്കാൻ സാധിക്കും.
ആദ്യഘട്ടത്തിൽ കൗമാരക്കാര്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി കപ്പ് വിതരണം ചെയ്യും. വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍കൂട്ടായി മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സുരക്ഷിതവും എളുപ്പം ഉപയോഗിക്കാവുന്നതുമായ ആർത്തവ കപ്പുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സ്ത്രീകളെ തൽപരരാക്കാനും വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളെക്കൂടി പങ്കാളികളാക്കുന്നതിനും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് പറഞ്ഞു.
1200 പേര്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ നല്‍കുന്നതാണ് പദ്ധതി. മുന്നോടിയായി യുവതലമുറക്ക് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തും. കപ്പുകളുടെ ഉപയോഗം, സുരക്ഷ, തുടങ്ങി വിവിധ വിഷയങ്ങൾ ഉണ്ടാകും. ഗ്രാമസഭകള്‍ വഴി അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുന്നത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തുകയും പദ്ധതിരേഖയ്ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.
പ്രത്യേക ഏജന്‍സി വഴിയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം നടത്തുന്നത്. ടെന്‍ഡറിലൂടെയാണ് ഏജന്‍സിയെ നിയോഗിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികളും ഗുണഭോക്താക്കളെ കണ്ടെത്തലും പുര്‍ത്തിയാക്കി പദ്ധതി ആരംഭിക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.