ടു ഗോവ
text_fieldsഅമ്മാ, അമ്മ... ഒരു കഥ പറയോ? അമ്മിണി ആടിന്റേം ചിമ്മിണി ആടിന്റേം കഥ പറയാം. വേണ്ട... എന്നാ പിന്നെ മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥയായാലോ? ശരി അമ്മാ... പക്ഷേ അവരെപ്പോഴും കാശിക്ക് മാത്രം പോവണ്ട. അവരേ, അവരുടെ അപ്പൂപ്പന്റെ വീട്ടിൽപോയ കഥ പറഞ്ഞാൽ മതി. ഓ, പക്ഷേ വയസ്സന്മാരായപ്പോഴാ അവർ പോയത്.
എങ്ങിനാ പോയേ? അവന്റെ ശ്വാസം മൂക്കിലേക്ക് ഉറക്കം അറിയിച്ചുകൊണ്ടിരുന്നു. ശരിയാണ് എന്നും ഈ കാശി മാത്രം മതിയോ! അതോ കുളു, മണാലി, ഗോവ... ഇവിടെ ഒന്നും കടലോ വെള്ളമോ ഇല്ലേ? ശരിയാണ്, മരിച്ചു കഴിഞ്ഞവരാണ്. പക്ഷേ ജീവിച്ചിരുന്നപ്പോൾ ഒന്നിനും സമയം കിട്ടിയില്ല. നാട്ടിൽ മണ്ണെടുപ്പും മരംവെട്ടും തിമിർക്കുകയായിരുന്നല്ലോ. സ്വസ്ഥമായിട്ടൊന്നുറങ്ങാനോ സ്വപ്നം കാണാനോ കഴിഞ്ഞിട്ടില്ല. ഇനി ആരെ ഭയക്കണം? നാവുവരണ്ട മരം പണ്ട് വെള്ളംതേടിയലഞ്ഞ് കാലുകൾ വിണ്ടുകീറി പോയതോർത്ത് ആത്മഗതമെന്നോണം പറഞ്ഞു.
എന്നെ ചേർത്തുനിർത്തിയത് നീയല്ലേ.
മരിച്ചിട്ടാണെങ്കിലും ഒരു കൂട്ട് ഉള്ളത് നല്ലതല്ലേ... മിണ്ടിയും പറഞ്ഞും പോകാലോ. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് സൗഹൃദം മാത്രം മതി. മഴ പെയ്യുമ്പോൾ എന്നെ മൂടണമെന്ന് കരിയിലയോട് മണ്ണാങ്കട്ട പറഞ്ഞില്ല. കാറ്റുവരുമ്പോൾ എന്നിൽ കയറി ഇരിക്കണമെന്ന് കരിയിലയും. ഡിമാൻഡുകൾ ഇല്ലാതെ ഒരു യാത്ര എത്ര സുഖകരമാണ്. അവരുടെ സ്നേഹത്തിൽ ഒരിക്കലും കാറ്റും മഴയും പിണങ്ങി നിന്നില്ല. ലക്ഷ്യങ്ങളില്ലാത്ത, എത്തിച്ചേരാനറിയാത്ത പായ്വഞ്ചിയായൊഴുകി വൃദ്ധസദനങ്ങളില്ലാത്ത ശാന്തമായ പ്രകൃതിയിലേക്ക്...
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.