മിഡിലീസ്റ്റിലെ മികച്ച "ഹെൽത്ത് കെയർ ലീഡേഴ്സ്'; ആരോഗ്യമന്ത്രി മുൻനിരയിൽ
text_fieldsദോഹ: ഫോബ്സ് മിഡിലീസ്റ്റിന്റെ മികച്ച 100 ഹെൽത്ത് കെയർ ലീഡേഴ്സ് പട്ടികയിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മൂന്നാമതെത്തി. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സൗകര്യങ്ങൾ, സാങ്കേതികവിദ്യ, മെഡിക്കൽ ഉപകരണങ്ങൾ, നിക്ഷേപം തുടങ്ങിയ മേഖലകളിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയാണ് ഫോബ്സ് മിഡിലീസ്റ്റിന്റെ 100 ഹെൽത്ത് കെയർ ലീഡേഴ്സ്.
ഹമദ് മെഡിക്കൽ കോർപറേഷന്റെയും അനുബന്ധ സൗകര്യങ്ങളുടെയും മാനേജിങ് ഡയറക്ടർ എന്ന നിലയിലാണ് ഹനാൻ മുഹമ്മദ് അൽ കുവാരിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. അക്കാദമിക് ഹെൽത്ത് സിസ്റ്റം ഇന്റർനാഷനൽ അഡ്വൈസറി ബോർഡ്, സിദ്റ മെഡിസിൻ എന്നിവയുൾപ്പെടെയുള്ള നിരവധി ബോർഡുകളിലെ ഉത്തരവാദിത്തങ്ങളും അവരെ അംഗീകാരത്തിനർഹയാക്കി.
മന്ത്രി ഹനാൻ അൽ കുവാരിയെക്കൂടാതെ ഖത്തറിലെ മൂന്ന് ഹെൽത്ത് കെയർ ലീഡേഴ്സും 100 പേരടങ്ങുന്ന പട്ടികയിലിടം നേടിയിട്ടുണ്ട്. മെഡികെയർ ഗ്രൂപ്പിന്റെ (എം.സി.ജി.എസ്) സി.ഇ.ഒ ഖാലിദ് അൽ ഇമാദി പട്ടികയിൽ 43ാം സ്ഥാനത്തെത്തി. സിദ്റ മെഡിസിൻ സി.ഇ.ഒ ഡോ. ഇയാബോ ടിനുബു കാർച് പട്ടികയിൽ 58ാമത് വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പട്ടികയിലിടം നേടിയ മറ്റൊരാൾ മലയാളിയും നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദ് മിയാൻദാദാണ്. 66ാം സ്ഥാനമാണ് ഫോബ്സ് മിഡിലീസ്റ്റ് ഹെൽത്ത് കെയർ ലീഡേഴ്സ് പട്ടികയിൽ അദ്ദേഹത്തിന് ലഭിച്ചത്.
വരുമാനം, ആസ്തികൾ, സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഇവർ നയിക്കുന്ന കമ്പനിയുടെ വലുപ്പം, മേഖലയുടെ ആരോഗ്യ മേഖലയിൽ ചെലുത്തിയ സ്വാധീനം, കഴിഞ്ഞ വർഷത്തെ പുതിയ സംരംഭങ്ങളും നേട്ടങ്ങളും, മേഖലയിലെ നേതാവിന്റെ അനുഭവവും കമ്പനിക്കുള്ളിലെ പദവിയും ഉത്തരവാദിത്തവും, പ്രവർത്തനങ്ങളുടെ വൈവിധ്യം, ആസ്തികളുടെ ഉടമസ്ഥത തുടങ്ങിയ മാനദണ്ഡങ്ങളാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ ഫോബ്സ് മിഡിലീസ്റ്റ് പിന്തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.