സ്കോളർഷിപ്പ് വെട്ടിയിട്ടും പോരാടി നിന്നു, ഇന്ന് ഇന്ത്യയുടെ അഭിമാനം; സിനിമ രാഷ്ട്രീയമാക്കിയ പായൽ കപാഡിയ
text_fieldsലോകസിനിമയിലേക്കുള്ള ഇന്ത്യൻ സംഭാവനയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി അവാർഡ് കൂടി കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനനേട്ടമായിരിക്കുകയാണ് ഈ ചിത്രം. മുപ്പതു വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ ചിത്രത്തിന്‍റെ സംവിധായിക എന്നത് മാത്രമല്ല, പഠനകാലത്ത് പോരാട്ടത്തിന്റെ വഴിയിൽ അടിയുറച്ചുനിന്ന വിദ്യാർഥി എന്ന നിലയിൽ കൂടി പായൽ കപാഡിയയെ ചരിത്രം അടയാളപ്പെടുത്തും.
നടനും രാഷ്ട്രീയക്കാരനുമായ ഗജേന്ദ്ര ചൗഹാനെ പുണെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്.ടി.ഐ.ഐ) ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളിൽ മുൻനിരയിലുണ്ടായിരുന്നയാളാണ് പായൽ. 2015 ജൂൺ മുതൽ ഒക്ടോബർ വരെ 139 ദിവസം നീണ്ടുനിന്ന ആ സമരം സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായിരുന്നു. 2015ൽ എഫ്.ടി.ഐ.ഐ ഡയറക്ടർ പ്രശാന്ത് പത്രാബെയെ ഉപരോധിച്ചതിന് പായലിനും മറ്റ് 34 വിദ്യാർഥികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. പ്രതിഷേധത്തിന്‍റെ ഭാഗമായി ക്ലാസുകൾ ബഹിഷ്കരിച്ചതിനെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് പായലിന്റെ സ്കോളർഷിപ്പ് വെട്ടിക്കുറച്ചിരുന്നു.
2017ലാണ് പായലിന്‍റെ കാനിലേക്കുള്ള അരങ്ങേറ്റം. പായലിന്‍റെ 'ആഫ്റ്റർനൂൺ ക്ലൗഡ്‌സ്' എന്ന ഹ്രസ്വചിത്രമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 60 വയസായ വിധവയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
2021ൽ 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യുമെന്‍ററിയാണ് കാനിൽ പായലിന് ആദ്യ സമ്മാനം നേടിക്കൊടുക്കുന്നത്. ആ വർഷത്തെ മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനുള്ള ഗോൾഡൻ ഐ അവാർഡാണ് അന്ന് പായലിനെ തേടിയെത്തിയത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന രണ്ടുപേർ പ്രണയിക്കുന്നതും വ്യത്യസ്ത ജാതിയിൽ നിന്നുള്ളവരായതിനാൽ പിരിയേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
'വിയോജിപ്പ് എന്നത് ജീവിതത്തിലും സിനിമയിലും തെരഞ്ഞെടുക്കാൻ പ്രയാസമുള്ള വഴിയാണ്. പായലിന് അത്തരത്തിലൊരു വിയോജിപ്പിന്‍റെ ചരിത്രം കൂടി പറയാനുണ്ട്. അത് കാനിൽ ചരിത്രം സൃഷ്ടിച്ച ആ യാത്രയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു' എന്നാണ് പായൽ കപാഡിയ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയപ്പോൾ ഗാനരചയിതാവും ചലച്ചിത്ര നിർമാതാവുമായ വരുൺ ഗ്രോവർ എഴുതിയത് .
സ്കോളർഷിപ്പ് വെട്ടിയും കേസെടുത്തും തകർക്കാൻ ശ്രമിച്ചിട്ടും തോറ്റുപിൻമാറാൻ ഒരുക്കമല്ലായിരുന്നു പായൽ. സിനിമയാണ് തന്റെ രാഷ്ട്രീയമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഇന്ന് ഇന്ത്യക്ക് തന്നെ അഭിമാനകരമായ നേട്ടം സമ്മാനിച്ചത്. എത്രയൊക്കെ പേര് വെട്ടിമാറ്റാൻ അധികൃതർ ശ്രമിച്ചിട്ടും പായൽ പഠിച്ച സ്ഥാപനം എന്ന നിലയിൽ കൂടി എഫ്.ടി.ഐ.ഐ അറിയപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.