മഹാനഗരത്തിന് ഇന്ദു പകർന്നത് ജീവശ്വാസം
text_fieldsകൊച്ചി: മഹാനഗരത്തിന് വൃക്ഷസമ്പത്ത് നൽകി അവർ പകർന്നത് ജീവശ്വാസമായിരുന്നു. അനുദിനം മലിനീകരിക്കപ്പെടുന്ന ഡൽഹിയിൽ മരങ്ങളിലൂടെ ശുദ്ധവായുവിന്റെ തണലേകി. ഒന്നിന് പകരം പത്ത് വൃക്ഷമെന്ന പദ്ധതിയിലൂടെ ഡൽഹി വനം വകുപ്പിന് മികവിന്റെ പാതയാണ് ഒരുക്കാനായത്. അങ്ങനെ, യമുന നദീതീരത്ത് തലയുയർത്തി നിൽക്കുന്ന ആയിരക്കണക്കിന് വൃക്ഷങ്ങൾ യാഥാർഥ്യമാക്കിയതിന് പിന്നിൽ, നിർണായക പങ്കുവഹിച്ചൊരു മലയാളി ഐ.എഫ്.എസ് ഉദ്യോഗസ്ഥയുണ്ട്.
ഡൽഹി നോർത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറായിരുന്ന ഇന്ദു വിജയൻ പ്രകൃതിക്കായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചപ്പോൾ ചരിത്രനേട്ടത്തിന്റെ ഭാഗമാകുകയായിരുന്നു. ഇന്ന് ഡെപ്യൂട്ടേഷനിൽ എറണാകുളത്ത് സെൻട്രൽ റീജിയൻ സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്ററായി സേവനം ചെയ്യുകയാണ് അവർ. ഡൽഹിയിൽ വികസന പ്രവർത്തനങ്ങൾക്കായി മരങ്ങൾ മുറിക്കേണ്ടി വരുമ്പോൾ, അതിന് നേതൃത്വം നൽകുന്ന ഏജൻസി പകരം ഭൂമി ഡൽഹി ഡവലപ്മന്റെ് അതോറിറ്റിയിൽ നിന്ന് ഫോറസ്റ്റ് വകുപ്പിന് കൈമാറി മരം വെച്ചുപിടിപ്പിക്കണമെന്നതാണ് നിബന്ധന.
ഒരു മരം നഷ്ടമാകുന്നതിന് പകരം പത്ത് മരങ്ങളാണുയരേണ്ടത്. കൂട്ടായ പ്രവർത്തനത്തിലൂടെ ഇത്തരത്തിൽ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് ഇന്ദുവിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെറിയ വനം നിർമിക്കുന്ന വിദ്യാവനം പദ്ധതി, നഗരങ്ങളിൽ മരം വെച്ചുപിടിപ്പിക്കുന്ന നഗരവനം പദ്ധതി, ഇൻസ്റ്റിറ്റ്യൂഷനൽ പ്ലാൻറിങ് തുടങ്ങിയവക്കൊക്കെ ഇവിടെ മേൽനോട്ടം വഹിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു. ചാലക്കുടി നെടുങ്ങാട്ടിൽ വീട്ടിൽ വിജയൻ- ശ്രീദേവി ദമ്പതികളുടെ മകളായ ഇന്ദുവിജയൻ 2010 ബാച്ചിലെ അഗ്മുട് കാഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ്. കെ.ജെ. സൈമണാണ് ഭർത്താവ്. അലൻ, നെവിൻ എന്നിവർ മക്കളാണ്. ആൻഡമാനിലായിരുന്നു ആദ്യ പോസ്റ്റിങ്. മൂന്നര വർഷമായി കേരളത്തിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.