യു.എ.ഇ ബഹിരാകാശ യാത്രാസംഘത്തിൽ പുതുതായി രണ്ടുപേർ; ആദ്യ അറബ് വനിതയാകാൻ നൗറ അൽ മാത്രോഷി
text_fieldsദുബൈ: ആദ്യ ബഹിരാകാശ പര്യവേക്ഷണത്തിലൂടെ അറബ് ലോകത്തിന് തന്നെ അഭിമാനമായി മാറിയ യു.എ.ഇ, മറ്റൊരു ചരിത്രപ്പിറവിക്ക് കൂടി തയ്യാറെടുക്കുന്നു. മേജർ ഹസ്സ അൽ മൻസൂരിയിലൂടെ ആദ്യമായി ബഹിരാകാശയാത്ര പൂർത്തീകരിച്ച രാജ്യം ഹസ്സയുടെ പിൻഗാമികളായി രണ്ടു പേരെ കൂടി യാത്രാസംഘത്തിൽ ഉൾപെടുത്തി ചരിത്രക്കുതിപ്പിനൊരുങ്ങുകയാണ്. നൗറ അൽ മാത്രോഷി, മുഹമ്മദ് അൽ മുല്ല എന്നിവരാണ് സംഘത്തിലെ പുതിയ അംഗങ്ങൾ. നൗറ അൽ മാത്രോഷിയുടെ പര്യടനം പൂർത്തിയാകുന്നതോടെ അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് വനിതയെ അയച്ച രാജ്യമെന്ന ഖ്യാതി കൂടി യു.എ.ഇ സ്വന്തം പേരിലെഴുതിചേർക്കും. ചരിത്രനിയോഗത്തിന് തെരെഞ്ഞെടുക്കപ്പെട്ട നൗറ അൽ മാത്രോഷിയിലൂടെ പുതുചരിതം തീർക്കാനൊരുങ്ങുകയാണ് യു.എ.ഇയും അറബ് ലോകവും.
യു.എ.ഇ വൈസ് പ്രസഡിൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് ശാസ്ത്രലോകത്തിന് വിസ്മയം തീർക്കുന്ന തീരുമാനം ലോകത്തെ അറിയിച്ചത്. "ഞങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നു ... രണ്ട് പുതിയ ഇമാറാത്തി ബഹിരാകാശയാത്രികർ ... അവരിൽ ആദ്യത്തെ അറബ് വനിത ബഹിരാകാശയാത്രികയുമുണ്ട്. നൗറ അൽ മാത്രോഷി, മുഹമ്മദ് അൽ മുല്ല എന്നിവരാണ് അവർ," ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. "നാലായിരത്തിലധികം അപേക്ഷകരിൽ നിന്നും അവരെ തിരഞ്ഞെടുത്തു, അവരുടെ പരിശീലനം നാസയിലെ ബഹിരാകാശ യാത്രാ പ്രോഗ്രാമിൽ നിന്ന് ഉടൻ ആരംഭിക്കും. ഞങ്ങൾ രാജ്യത്തെ അഭിനന്ദിക്കുന്നു. യു.എ.ഇയുടെ പേര് ആകാശത്ത് ഉയർത്താൻ ഞങ്ങൾ അവരെ ആശ്രയിക്കുന്നു." - ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
1400 ഇമാറാത്തി വനിതകൾ ഉൾപെട്ട 4305 അപേക്ഷകരിൽ നിന്നാണ് രണ്ടാം ഘട്ടത്തിൽ യു.എ.ഇയുടെ പതാകയേന്തുന്ന രണ്ടു ബഹിരാകാശ പര്യവേക്ഷകരെ തെരെഞ്ഞെടുത്തത്. ഉന്നത വിദ്യാഭ്യാസം നേടിയവരും ശാസ്ത്രരംഗത്തെ മികച്ച ഗവേഷകരുമുൾപെടെ നിരവധി പ്രതിഭകളും അന്താരാഷ്ട്ര പര്യവേക്ഷണ രംഗത്ത് രാജ്യത്തിെൻറ യശസ്സുയർത്തുന്നതിന് സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ പര്യവേക്ഷണ പദ്ധതിയിലേക്ക് 130ഓളം പി.എച്ച്.ഡി ബിരുദധാരികളും അപേക്ഷിച്ചു. 4305 അപേക്ഷകരിൽ നിന്നാണ് നിരവധി ടെസ്റ്റുകൾക്കും അഭിമുഖങ്ങൾക്കും ശേഷം അവസാന ലിസ്റ്റിലേക്കുള്ള 14 പേരെ തെരെഞ്ഞെടുത്. ഒമ്പത് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടങ്ങുന്ന ഇൗ 14 പേരിൽ നിന്നാണ് ഒടുവിൽ നൗറ അൽ മാത്രോഷിയും മുഹമ്മദ് അൽ മുല്ലയും ഹസ്സ അൽ മൻസൂരിയുടെ പിൻഗാമികളായി മാറിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.