അതിജീവനത്തിന്റെ കാൽ വിരലുകൾ
text_fieldsഉല്ലു ഇപ്പോൾ പഴയ ഉല്ലുവല്ല. സദാ പുഞ്ചിരി തൂകുന്ന മുഖത്ത് നിറയെ ആത്മവിശ്വാസം. നിശ്ചദാർഢ്യത്തോടു കൂടിയ അളന്നുമുറിച്ച വാക്കുകൾ. നിഷ്കളങ്ക മനസിൽ നിറയെ വർണ്ണ പ്രതീക്ഷകൾ. സുഹൃദ് വലയത്തിന്റെ കൈതാങ്ങുകളിൽ ചുവട് വെച്ചുതുടങ്ങിയ ഉല്ലു (ഉമ്മുകുൽസു) ഇപ്പോൾ സ്വന്തം കാലിൽ മുന്നേറാൻ പ്രാപ്തയായിരിക്കുന്നു. ഉല്ലുവെന്ന രണ്ടക്ഷരം ഉൽസുകതയുടെ പര്യായമായിരിക്കുന്നു. വർണ്ണ ചിത്രങ്ങൾക്കിടയിൽ അവളിപ്പോൾ ഭാവി പ്രതീക്ഷകൾ നെയ്തെടുക്കുകയാണ്. 'മാധ്യമം' അക്ഷര വീടിലൂടെ സ്വപ്ന ഭവനം യാഥാർഥ്യമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. വീടിന്റെ തണലോരം പറ്റി, പാവപ്പെട്ട സ്ത്രീകൾക്കായി ഒരു തൊഴിലിടമെന്ന ആശയത്തിലേക്ക് ഉല്ലു മനസിനെ കൂട്ടികൊണ്ടു പോകുകയാണ്. കാൻവാസിനൊപ്പം സ്മാർട്ട് ഫോണിലും അവൾ വർണ്ണചിത്രങ്ങൾ വരക്കാൻ പഠിച്ചിരിക്കുന്നു.
ഉല്ലുവിനെ നാടറിയും. പരിമിതികളെ മറികടന്ന് ഉയരങ്ങൾ എത്തിപിടിച്ച പെൺകുട്ടി. ജന്മനാ രണ്ട് കൈകൾ ഇല്ലാത്ത, ഇരുകാലുകൾ വ്യത്യസ്ത ഉയരത്തിലുള്ള, ഇത്തിരിപൊക്കം മാത്രമുള്ള അവൾ വരദാനമായി കിട്ടിയ കാൽ വിരലുകൾകൊണ്ട് ചിത്രം വരച്ച് നാടിനെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു. വിത്തുപേനയും കരകൗശല വസ്തുക്കളുമുണ്ടാക്കുന്നു. ഇച്ഛാഭംഗത്താൽ മനസ് തളർന്നവർക്ക് പ്രചോദനവും ആവേശവുമാകുന്നു. പുതിയ തലമുറക്ക് വഴികാട്ടിയാകുന്നു. പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരിയിൽ നിന്നും തിരിഞ്ഞ് ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ പുതുക്കോട് അപ്പക്കാടായി. 32കാരിയായ ഉല്ലുവിന്‍റെ സ്വദേശം. മുഹമ്മദ് ഹനീഫയുടേയും ഉമൈബയുടേയും ഏഴ് മക്കളിൽ ഇളയവളാണ് ഉല്ലു. മീൻപിടുത്ത തൊഴിലാളി ആയിരുന്നു ഹനീഫ. ആറു വർഷം മുൻപാണ് ഉപ്പയുടെ വിയോഗം. രണ്ട് സഹോദരങ്ങൾ നേരത്തെ മരിച്ചുപോയിരുന്നു. വീടെന്ന് പറയാനാവില്ല, മേൽകൂര ചിതലരിച്ച്, തറ വിണ്ട്, കാറ്റടിച്ചാൽ ഇളകിയാടുന്ന കൂരയിലായിരുന്നു നാല് സഹോദരിമാർക്കും സഹോദരനും ഉമ്മയുമടങ്ങിയ കുടുംബത്തിന്റെ താമസം.
സ്വപ്‌നങ്ങൾക്ക് നിറംപകർന്ന ഉപ്പ
സ്കൂളിൽ ഉല്ലു, രണ്ടുവരെ മാത്രമേ പോയുള്ളു. അതും ഇടവിട്ട്. കുറച്ചു ദൂരെയാണ് സ്കൂൾ. ഉമ്മ എന്നും എടുത്തുകൊണ്ടു പോകണം. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കുട്ടിയായതിനാൽ സ്കൂളിൽ വിട്ടിട്ടുവരാൻ ഉമ്മക്ക് പേടിയായിരുന്നു. ഒരിക്കൽ ബെഞ്ചിന്റെ ഒരറ്റത്തിരുന്ന കുട്ടി അറിയാതെ എണീറ്റപ്പോൾ ഉല്ലു താഴെവീണു. അതോടെ സ്കൂളിൽ വിടാതായി. കുഞ്ഞുപ്രായത്തിലേ ഉല്ലു കാൽവിരലിൽ പേന പിടിച്ച് വരക്കുമായിരുന്നു. കാണുന്നതെന്തും ഉണ്ടാക്കാൻ ശ്രമിക്കും. മകളുടെ ഇഷ്ടംകണ്ട് ഉപ്പ, നിറങ്ങളും പേപ്പറും വാങ്ങികൊടുത്തു. താളുകളിൽ അവൾ നിറയെ വരച്ചുകൊണ്ടിരിക്കുന്നു. ചുറ്റിലും കാണുന്ന പൂക്കളും പൂമ്പാറ്റയുമെല്ലാം കടലാസിൽ പകർത്തി കൊണ്ടിരുന്നു. കഥാപുസ്തകത്തിലും മറ്റും കണ്ടുവരുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ നോക്കി വരച്ചു ചായമടിക്കാൻ തുടങ്ങി. പിന്നെയും വർഷങ്ങൾ കടന്നുപോയപ്പോൾ പലതരം കരകൗശല വസ്തുക്കൾ ഉണ്ടാക്കിതുടങ്ങി. കാർഡ് ബോർഡിൽ വീടിന്റെ ചെറുരൂപമുണ്ടാക്കി. വർണ്ണ കടലാസ് വെട്ടി പൂക്കളുണ്ടാക്കാൻ പഠിച്ചു. കളിമണ്ണു കൊണ്ട് പല രൂപങ്ങളുമുണ്ടാക്കി. ചോർന്നൊലിക്കുന്ന വീട്ടിൽ ഇതെല്ലാം കിടന്നുനശിച്ചു. ഇതിനിടയിൽ ദീർഘനാൾ ചികിത്സയിൽ, വർഷങ്ങളോളം വര മുടങ്ങി. അതിനിടയിൽ സങ്കടകടലായി ഉപ്പയുടെ വേർപാട്.
വഴിത്തിരിവായി കൂട്ടുകാരി
ഉല്ലുവിന്‍റെ വിജയങ്ങൾക്ക് പിന്നിലെല്ലാം ഒരാളുണ്ട്. സുസു എന്നു ഉല്ലു ഒാമനപേരിട്ടു വിളിക്കുന്ന സുഹ്റ (തസ്ലീന). എഞ്ചിനീയറിങ് ബിരുദദാരി. ഉല്ലുവിന്‍റെ വീടിന് അടുത്ത് തച്ചനടിയിലാണ് അവൾ താമസം. യാദൃശ്ചികമായാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഉല്ലുവിന്‍റെ ജ്യേഷ്ഠത്തി ജുബൈലയുടെ സുഹൃത്താണ് സുഹ്റ. ജുബൈലയുടെ കല്യാണ തലേന്നാൾ മൈലാഞ്ചിയിടാൻ വന്നപ്പോഴാണ് ഉല്ലുവിനെ ആദ്യമായി കാണുന്നത്. ഉല്ലുവിന്‍റെ നിഷ്കളങ്ക മുഖവും നിസ്സഹായത നിറഞ്ഞ നോട്ടവും സുസുവിന്റെ മനസിൽ തട്ടി. പിന്നീട് സുസു ഇടക്കിടെ, ഉല്ലുവിനെ കാണാൻ വീട്ടിൽ വന്നുതുടങ്ങി. വരയ്ക്കാനുള്ള പേപ്പറുകളും നിറങ്ങളും കൊണ്ടുവന്നു കൊടുത്തു. വരച്ചു കഴിഞ്ഞാൽ ഉല്ലു, സുസുവിനെ ഫോൺ ചെയ്തുപറയും. വരക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കാൻ ആളില്ലാത്തത് കുറവായി സുസുവിന് തോന്നി. പിന്നെ, അതിനായുള്ള നിരന്തര അന്വേഷണങ്ങളിലായി.
ചിത്രങ്ങളെ കുറിച്ച് സുസു തന്നെ മനസിലാക്കാൻ ശ്രമിച്ചു. ചിത്രകല അധ്യാപകരെ തേടി നടന്നെങ്കിലും ആരേയും കിട്ടിയില്ല ഗ്രീൻ പാലിയേറ്റീവ് വളണ്ടിയറായ സുസു, ഉല്ലുവിെനകുറിച്ച് ചെയർമാൻ റഈസ് ഹിദായയോട് പറഞ്ഞു. അങ്ങനെ സ്മാർട്ട്ഫോണും വീൽചെയറും കളറുകളും കാൻവാസും ബ്രഷുമെല്ലാം കിട്ടി. യുട്യൂബ് നോക്കിയാണ് ഉല്ലു ചിത്രരചന പഠിച്ചത്. എല്ലാം വളരെ വേഗം പഠിച്ചെടുത്തു. ഉല്ലു വലിയ കാൻവാസുകളിൽ അക്രിലിക്, ഫാബ്രിക് ചിത്രങ്ങൾ വരച്ചുതുടങ്ങി. പൂക്കളും പച്ചപ്പും പ്രകൃതിയും കാൻവാസിൽ നിറഞ്ഞു. സുസു ഉല്ലുവിന്‍റെ പേരിൽ എഫ്.ബി എക്കൗണ്ട് തുറന്നു. അതിൽ ചിത്രങ്ങളും വിവരണങ്ങളും പോസ്റ്റ് ചെയ്തു. നാനാദിക്കുകളിൽ നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങി. പിന്നെ, പ്രദർശനങ്ങൾക്കുള്ള ഒരുക്കമായി. സുസുവിന്റെ കൂട്ടുകാരികളും ഒപ്പം ചേർന്നു. സംഘാടനത്തിന് ഉല്ലുവിന്‍റെ പെൺപട എന്ന വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി.
മലപ്പുറത്തും കോഴിക്കോടും എറണാകുളത്തുമടക്കം നിരവധി പ്രദർശനങ്ങൾ. നിരന്തര യാത്രകൾ. കോളജുകളിലേക്ക് ക്ഷണം. ചിത്രങ്ങളുടെ വിൽപ്പനയിലൂടെ വരുമാനം വരാൻ തുടങ്ങി. യാത്രകളും ഇടപഴകലുകളും ഉല്ലുവിന്‍റെ ആത്മവിശ്വാസം കൂട്ടി. ചിന്തയും ചക്രവാളവും വികസിച്ചു. കൂടുതൽ മികവാർന്ന ചിത്രങ്ങൾ പിറന്നു. സുസുവും അവളുടെ ഉമ്മയും അനിയനും യാത്രകളിൽ എല്ലായിപ്പോഴും ഉല്ലുവിന് തുണയായി. പിന്നിട്ട വഴികളിൽ, എണ്ണമറ്റയാളുകൾ ഉല്ലുവിന് തുണയായെങ്കിലും അവരൊന്നും സുസുവിനോളം വരില്ല. പരിമിതികളുടെ ഇരുട്ടുമുറികളിൽ ഒതുങ്ങിപോകുമായിരുന്ന അവൾക്ക് പുതിയ ആകാശവും മനസുനിറയെ സ്വപ്നങ്ങളും സമ്മാനിച്ചത് അവളുടെ പ്രിയപ്പെട്ട സുസുവാണ്.
ഡിജിറ്റൽ അതിശയം
നിരന്തര യാത്രകളും സോഷ്യൽ മീഡിയ വഴിയുള്ള അന്വേഷണങ്ങളും ഉല്ലുവിന്‍റെ സുഹൃദ്വലയം വിപുലമാക്കി. അവൾ തന്നെ പുതിയ സാധ്യതകൾ തേടിപിടിച്ചുതുടങ്ങി. അതിനിടെ, അംഗപരിമിതർക്ക് കരകൗശലവസ്തു നിർമ്മാണത്തിൽ പരിശീലനം നൽകുന്ന ഹാൻറിക്രോപ്പ് എന്ന കൂട്ടായ്മയുമായി ബന്ധപ്പെട്ടു. ഈ സംഘടനയുടെ പരിശീലകർ ഉല്ലുവിനെ തേടി വീട്ടിലെത്തി. അവർ വിത്തുപേന ഉണ്ടാക്കാൻ പഠിപ്പിച്ചു. ഉല്ലുവിന്‍റെ മാന്ത്രിക വിരലുകളിലൂടെ നൂറുകണക്കിന് വിത്തുപേനകൾ പിറന്നു. ഒരുപേന ഉണ്ടാക്കാൻ അവൾക്ക് ഏതാനും മിനിറ്റ് മതി. ഒാരോ പേനയിലും അവൾ കൊള്ളാവുന്നത്ര വിത്തുകൾ നിറച്ചു. അധികവും പച്ചക്കറിവിത്തുകൾ. വീടിെൻറ ഉമ്മറത്ത് പടർന്ന് പന്തലിച്ച പാഷൻ ഫ്രൂട്ടിെൻറ വിത്തുകളും ഉല്ലു പേനയിൽ നിറച്ചു.
സോഷ്യൽ മീഡിയയിലൂടെ ഉല്ലുവിന്‍റെ വിത്തുപേന നിർമ്മാണം നാടറിഞ്ഞു. കലാലയങ്ങളിൽനിന്നും മറ്റും ഒാർഡറുകൾ വന്നുകൊണ്ടിരുന്നു. ഫോൺവഴി ഒാർഡർ നൽകിയവർക്ക് കൊറിയർ വഴി പേന അയച്ചുകൊടുത്തു. പേന വിൽപ്പനയിലൂടെ ചെറുതാണെങ്കിലും സ്ഥിരമായ വരുമാനമായി. യാത്രകൾ മുടങ്ങിയ കോവിഡ് കാലത്തും ഉല്ലു വെറുതെയിരുന്നില്ല. കാൽവിരലുകൾ കൊണ്ട് സ്മാർട്ട്ഫോണിൽ ചിത്രംവരച്ചുതുടങ്ങി. നിരന്തരമായ പരിശീലനത്തിലൂടെ ഡിജിറ്റൽ പ്രതലത്തിൽ അവൾ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചു തുടങ്ങി. യൂട്യൂബ് നോക്കി ചവിട്ടി തുന്നാനും പഠിച്ചു. അതിന്റെ ചിത്രം വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ കണ്ടവരെല്ലാം ഉല്ലുവിന് ലൈക്ക് കൊടുത്തു.
അക്ഷരവീടിന്റെ തണൽ
അടച്ചുറപ്പുള്ള, ചോർന്നൊലിക്കാത്ത ഒരു കൊച്ചുവീട്, അത് കാലങ്ങളായി ഉല്ലു മനസിൽ താലോലിച്ചു വരുന്ന സ്വപ്നമായിരുന്നു. വീട് ഇത്രവേഗം യാഥാർഥ്യമാകുമെന്ന് അവൾ വിചാരിച്ചതല്ല. 'മാധ്യമം' അക്ഷരവീട് കിട്ടിയതിൽ പറഞ്ഞാൽ തീരാത്ത ആഹ്ലാദത്തിലാണ് ഉല്ലുവും കുടുംബവും. കലാകാരിയെന്ന നിലയിൽ തന്റെ കഴിവുകൾ അംഗീകരിച്ചതിലും അങ്ങനെ അറിയപ്പെടാൻ കഴിഞ്ഞതിലും അവളുടെ മനം നിറയുകയാണ്. ഉല്ലുവിന് ഇനിയുമേറെ ആശകളുണ്ട്. വീട്ടിന്റെ ശാന്തതയിലിരുന്ന് കുറേയേറെ നല്ല പെയിന്‍റിങ്ങുകൾ ചെയ്യണം. പുതുതായി പലതും ചെയ്തുനോക്കണം. വിവാഹമോചിതരും വിധവകളുമായ കുറേ സ്ത്രീകൾ ചുറ്റുപ്പാടുമുണ്ട്. വീടിനോട് ചേർന്ന് അവർക്കായി ഒരു തൊഴിലിടമൊരുക്കണം. പേപ്പർബാഗ്, പേന നിർമ്മാണം, തയ്യൽ തുടങ്ങി വിവിധങ്ങളായ തൊഴിലുകളിൽ അവർക്ക് വിദഗ്ധ പരിശീലനം നൽകി സ്വന്തമായി വരുമാനം ഉണ്ടാക്കികൊടുക്കണം. അങ്ങനെ നീളുന്നു ഉല്ലുവിന്‍റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ.
മനക്കരുത്തിൽ മുന്നോട്ട്
വർണ്ണചിറകിലേറി ഉയരങ്ങളിലേക്ക് പറക്കുമ്പോഴും ഉല്ലുവിന്‍റെ മനസിൽ സങ്കടങ്ങളുടെ തിരതല്ലലുണ്ട്. അവളെ സ്കൂളിൽ വിട്ട് പഠിപ്പിക്കാൻ ഉപ്പ ഏറെ ആഗ്രഹിച്ചിരുന്നു. വയ്യാത്ത കുട്ടി ആയതിനാൽ അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഉപ്പ കൊതിച്ചിരുന്നു. ഉല്ലുവിനും സഹപാഠികളോടൊപ്പം ഇരുന്ന് പഠിക്കാൻ ഏറെ ഇഷ്ടമായിരുന്നു.വീട്ടിലെ സാഹചര്യം അതിന് അനുവദിച്ചില്ല. ആറു വർഷംമുൻപ് ഉപ്പ മരിക്കുമ്പോൾ ഉല്ലു അറിയപ്പെടാത്ത ഒരു കുട്ടി ആയിരുന്നു. ആറു വർഷങ്ങൾക്കിപ്പുറം ഒരുപാട് പേരുടെ പിന്തുണയോടെ ഇൗ നിലയിലെത്തി. കഴിവുകൾക്ക് അംഗീകാരം കിട്ടുമ്പോൾ, അതുവഴി വീട് കിട്ടിയപ്പോൾ, ചെറിയതോതിലെങ്കിലും വരുമാനം വന്നു തുടങ്ങിയപ്പോൾ ഇതെല്ലാം കാണാൻ സാധുവായ ആ ഉപ്പയുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും അവൾ സങ്കടപ്പെടാറുണ്ട്. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിയാത്തതിന്റെ വേദനയിലും ആളുകളുടെ പിന്തുണയും കൈതാങ്ങും ഉമ്മുകുൽസുവിന് ഇനിയും മുന്നോട്ടു പോകാൻ കരുത്താകുന്നു, ആവേശമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.