അനന്യ സംഗീതം
text_fieldsഅനന്യ
ഓട്ടിസം ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ഓട്ടിസമുള്ളവരെ ഒറ്റപ്പെടുത്തുകയല്ല ചേർത്തു നിർത്തുകയാണ് വേണ്ടത്. അത്തരമൊരു ചേർത്തുപിടിക്കലിലൂടെ ഓട്ടിസത്തെ അതിജീവിച്ചവളാണ് അനന്യ ബിജീഷ്. രണ്ടര വയസ്സിലാണ് കുഞ്ഞിന് എന്തോ ആരോഗ്യ പ്രശ്നമുണ്ടെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നത്.
കുഞ്ഞിന്റെ രീതികളെല്ലാം കേട്ട ഡോക്ടർ ഓട്ടിസമാണെന്ന് സ്ഥിരീകരിച്ചു. ഇതുകേട്ട് കരഞ്ഞ മാതാപിതാക്കൾക്ക് ഇന്ന് തങ്ങളുടെ മകളെക്കുറിച്ച് പറയുമ്പോൾ അഭിമാനമാണ്. രണ്ടു വാക്ക് കൂട്ടി ഉച്ചരിക്കാൻ കഴിയാത്ത അനന്യയുടെ തൊണ്ടയിൽനിന്ന് ഉയരുന്നത് ശ്രുതിശുദ്ധമായ സംഗീതം, അവളുടെ ഭാഷതന്നെ സംഗീതമാണ്.
അനന്യ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
കൈവിരലിലെ താളം
ഓട്ടിസമാണെന്ന് കേട്ട് തളർന്നുപോയ മാതാപിതാക്കൾക്ക് മുന്നോട്ടുപോകാൻ ഊർജമായത് കുഞ്ഞുകൈവിരലുകളിൽ നിന്ന് ഉയർന്ന താളമാണ്. മൂന്ന് വയസ്സിലാണ് അനന്യക്ക് സംഗീതത്തിൽ വാസനയുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. അച്ഛൻ വാങ്ങിക്കൊടുത്ത കീബോർഡിൽ കൈവിരലുകളിലൂടെ അവൾ മാന്ത്രികശബ്ദം കേൾപ്പിച്ചു തുടങ്ങി.
കുഞ്ഞ് കൈവിരലുകളിലൂടെ ഉയർന്ന ‘‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ...’’ എന്ന സംഗീതം കേട്ട മാതാപിതാക്കൾ കുഞ്ഞിന് സംഗീതത്തിലുള്ള വാസന തിരിച്ചറിയുകയും സംഗീതലോകത്തേക്ക് അവളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. മൊബൈലിലും ഐപാഡിലുമൊക്കെ പാട്ടുകൾ കേൾക്കുന്നതിനും താൽപര്യം വളർത്തിയെടുക്കുന്നതിനുമുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നതിനോടൊപ്പം പാട്ട് പാടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും നൽകി അവർ വേദികൾ ഒരുക്കി.
കീബോർഡിലെ മാന്ത്രികത
ബാംഗ്ലൂരിൽ താമസിക്കുന്ന കാലത്ത് അനന്യയെ ശാസ്ത്രീയമായി കീബോർഡ് പഠിപ്പിക്കാനെത്തിയ അധ്യാപകനെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അനന്യ കീബോർഡിൽ പാട്ടു വായിച്ച് കേൾപ്പിച്ചു. അഞ്ചാംവയസ്സിലാണ് അനന്യ ആദ്യമായി കരോക്കെക്കൊപ്പം പാടുന്നത്. പിന്നീട് വിവിധ സ്റ്റേജുകളിലായി നിരവധി പാട്ടുകൾ. നിരവധി ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്ത അനന്യ പ്രശസ്തരായ ധാരാളം ഗായകർക്കൊപ്പം വേദി പങ്കിട്ടു. 500ഓളം വേദികളിൽ ഗാനമാലപിച്ച അനന്യ മൂന്ന് സംഗീത ആൽബങ്ങളിലും പാടി.
അനന്യയുടെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ സംഗീതത്തിലൂടെയാണ്. നീതുവാണ് അനന്യയുടെ ഗുരു. നിരവധി പുരസ്കാരങ്ങളും അവൾ സ്വന്തമാക്കി. 2022ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം, 2023ലെ ഉജ്ജ്വല ബാല്യം പുരസ്കാരം, 2024ൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ഏറ്റവും പരമോന്നത പുരസ്കാരമായ സർവശ്രേഷ്ഠ ദിവ്യാംഗ്ജൻ എന്നിവ ചിലതുമാത്രം. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ മിടുക്കി.
2025 ൽ രാഷ്ട്രപതി ഭവനിൽ റിപ്പബ്ലിക് ദിന ചടങ്ങായ ‘AT HOME’ൽ പങ്കെടുക്കാൻ രാഷ്ട്രപതിയുടെ ക്ഷണവും അനന്യക്ക് ലഭിച്ചു. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ ബിജീഷും വീട്ടമ്മയായ അമ്മ അനുപമയും പ്ലസ് ടു വിദ്യാർഥി അനിയൻ ആരോണും അടങ്ങുന്ന കുടുംബത്തിന്റെ പൂർണപിന്തുണയാണ് അനന്യയുടെ സംഗീതയാത്രക്ക് ഊർജമേകുന്നത്. തിരുവനന്തപുരം വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ സ്കൂളിലെ പ്രീ വൊക്കേഷനൽ ഗ്രൂപ്പിലെ വിദ്യാർഥിയാണ് അനന്യ ബിജീഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.