Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅയിത്തക്കുടിലുകൾ

അയിത്തക്കുടിലുകൾ

text_fields
bookmark_border
അയിത്തക്കുടിലുകൾ
cancel

ആർത്തവത്തിന്‍റെ വേദനാദിനങ്ങൾ ഒറ്റപ്പെടലിന്‍റെയും ഭയപ്പാടിന്‍റെയും ദിനങ്ങളായിക്കണ്ട് ഈ കാലത്തും തീണ്ടാരിക്കുടിലുകളിൽ കഴിയേണ്ടിവരുന്ന പെണ്ണുങ്ങളെ കുറിച്ച്...

തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും നാം നാടുകടത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പുതിയ തലമുറക്ക് അയിത്തത്തെക്കുറിച്ച് കേട്ടുകേൾവി മാത്രമാണുള്ളത്. എന്നാലും തൊട്ടുകൂടായ്മ അതിെൻറ അസ്ഥി വിട്ട് പോയിട്ടില്ല. പല കോലത്തിലും രൂപത്തിലും അത് ഇന്നും നമുക്കിടയിലുണ്ട്. അതിെൻറ നിലവിലുള്ള രൂപമാണ്. ആർത്തവക്കുടിലുകൾ. തീണ്ടാരിപ്പുരകളെന്നും ഇതിനു പേരുണ്ട്. ഇന്നും ചിലർക്കിടയിൽ ആർത്തവം അശുദ്ധംതന്നെയാണ്.



ആർത്തവമുള്ള സ്ത്രീകളെ അടുക്കളയിൽ കടത്താതിരിക്കുക, വീട്ടിലെ ഉപകരണങ്ങളിലും ഭക്ഷണസാധനങ്ങളലും അവരെ തൊടീക്കാതിരിക്കുക, കിടപ്പറയിൽനിന്ന് മാറ്റിത്താമസിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇന്നും വലിയൊരു വിഭാഗത്തിനിടയിൽ നടന്നുപോരുന്നുണ്ട്. ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോഴാണ് ആർത്തവവും അയിത്തവുമായി ബന്ധപ്പെട്ട ചർച്ചകൾ മലയാളികൾക്കിടയിൽ വീണ്ടും സജീവ ചർച്ചയായത്.


ആദിവാസി വിഭാഗമായ കാണികൾ താമസിക്കുന്ന തിരുവനന്തപുരം അഗസ്ത്യാർകൂട മലനിരകളിലെ അണകാൽ ഊരുവാസികൾക്കിടയിൽ ഇന്നും ആർത്തവകാലത്ത് പെണ്ണുങ്ങൾ കഴിഞ്ഞുകൂടുന്നത് തീണ്ടാരിക്കുടിലുകൾ എന്ന പേരിലുള്ള അയിത്തക്കുടിലുകളിലാണ്. കൊടുംകാടിനുള്ളിൽ പേടിച്ചുവിറച്ച് ഒരു സുരക്ഷയുമില്ലാതെ അഞ്ചാറു ദിവസം ഒറ്റക്ക് കഴിയേണ്ട ദുരവസ്ഥ ഈ കാലത്തും സ്ത്രീസുരക്ഷക്ക് കോടാനുകോടി മുടക്കുന്ന ഒരു രാജ്യത്തെ പെണ്ണുങ്ങൾക്കുണ്ടാകുന്നു എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന വാർത്തയാണ്. അണകാൽ ഊരിലെ അയിത്തക്കുടിലിനെ കുറിച്ചും അവിടുത്തെ ഋതുമതികളായ പെൺകുട്ടികളുടെ ഒരാഴ്ചക്കാലത്തെ പേടിജീവിതത്തെക്കുറിച്ചും പറയാം...


2018 നവംബറിലാണ് തമിഴ്​നാട്ടിൽ ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. തഞ്ചാവൂർ ജില്ലയിലെ ആനൈക്കടവ് വില്ലേജിലെ വിജയലക്ഷ്മി എന്ന 14 വയസുകാരി പെൺകുട്ടിക്ക് കനത്ത ചുഴലികാറ്റിലും മിന്നലിലും പെട്ട് ജീവൻ നഷ്​ടപ്പെട്ടു. വിജയലക്ഷ്മിക്ക് ആദ്യമായി ആർത്തവം ആയതിനെ തുടർന്ന് വീടിന് സമീപത്തെ ആർത്തവക്കുടിലിലാണ് വീട്ടുകാർ അവളെ താമസിപ്പിച്ചിരുന്നത്. ഗജ ആഞ്ഞുവീശാൻ തുടങ്ങിയ ദിവസം മുതൽ അവൾ കുടിലിൽ കിടക്കാൻ പേടിയാണെന്ന് വീട്ടുകാരോട് കെഞ്ചിപ്പറഞ്ഞു.

പക്ഷേ, ആചാരം തെറ്റിക്കാൻ വീട്ടുകാർ തയാറല്ലായിരുന്നു. ഒടുക്കം നവംബർ 16ന് വീശിയടിച്ച കാറ്റിൽ ആർത്തവക്കുടിലിന് പുറത്തേക്ക് നിലംപൊത്തിയ മരത്തിനടിയിൽപെട്ട് അവൾ ക്രൂരമായി െകാല്ലപ്പെട്ടു. പട്ടുകോൈട്ട ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അവൾ മരിച്ചിട്ട് മണിക്കൂറുകളായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും വിഷയം രാജ്യത്ത് വേണ്ടത്ര ചർച്ചയായില്ല. അതാണ് ആചാരങ്ങളുടെ കരുത്ത്.

ആർത്തവക്കുടിലുകളുടെ ഏറ്റവും വലിയ ദുരന്ത ചിത്രം കാണണമെങ്കിൽ ഇടുക്കി ജില്ലയിലെ ഇടമലക്കുടി മുതുവാൻ ആദിവാസി സെറ്റിൽമെൻറുകളിൽ പോയാൽ മതിയാകും. ഒന്നും രണ്ടുമല്ല, 2000 ആദിവാസി യുവതികളാണ് അതിെൻറ ദുരന്തം പേറേണ്ടിവന്നത്. ആർത്തവക്കുടിലുകളിൽ ഒറ്റക്ക് പേടിച്ചരണ്ട് കഴിയുന്നതിൽനിന്ന് രക്ഷപ്പെടാൻ ആദിവാസിപ്പെണ്ണുങ്ങൾ കോൺട്രാസെപ്റ്റീവ് ഗുളികകൾ വിഴുങ്ങുന്നതിെൻറ ദുരന്തങ്ങൾ ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്. ആർത്തവം നിലക്കുന്നതിനും ആർത്തവദിനങ്ങൾ നീട്ടിവെക്കുന്നതിനും വേണ്ടിയാണ് ഈ ഗുളികകൾ കഴിച്ചിരുന്നത്. രാത്രികാലങ്ങളിൽ ആർത്തവ കുടിലുകളിൽ ഒറ്റക്ക് കഴിയാൻ ഭയന്ന സ്ത്രീകൾ ആർത്തവദിനങ്ങൾ നീട്ടാൻ വേണ്ടി തുടർച്ചയായി 'മാലാ -ഡി' പോലെയുള്ള ഗുളികകൾ കഴിച്ചു.


18 കിലോമീറ്ററുകൾ കാട്ടിലൂടെ സഞ്ചരിച്ച് മൂന്നാറെത്തിയാണ് ഇവർ ഗുളികകൾ വാങ്ങഇയിരുന്നത്. മുതുവാൻ ആദിവാസികളുടെ 28 സെറ്റിൽമെൻറുകളാണ് അവിടെയുള്ളത്. 2000ലധികം സ്ത്രീകൾ അവിടെ തുടർച്ചയായി ഈ ഗുളികകൾ കഴിച്ചു. തുടർച്ചയായി എട്ട് വർഷം വരെ ഗുളിക കഴിച്ചവരുണ്ട്.

ഇതേ തുടർന്ന് 177 സ്ത്രീകൾ പൂർണമായും വന്ധ്യരായി. സ്ത്രീകൾക്കിടയിൽ ശാരീരിക അസ്വസ്ഥത കൂടി വന്നപ്പോഴാണ് വിഷയം പുറംലോകമറിയുന്നത്. വ്യാപക ബോധവത്കരണത്തിലൂടെയാണ് പ്രശ്നത്തിന് പിന്നീട് പരിഹാരമായത്. ഭരണകൂടം ഇടപെട്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് തങ്ങാനായി സുരക്ഷിതമായ കോൺക്രീറ്റ് മുറികൾ വെച്ചുനൽകിയാണ് ഇതിന് പരിഹാരം കണ്ടത്. ഇതിെന തുടർന്നുള്ള അന്വേഷണമാണ് അണകാൽ ഊരിലെ തീണ്ടാരി കുടിലുകളിൽ എത്തിച്ചത്.

തിരുവനന്തപുരം അഗസ്ത്യാർകൂട മലനിരകളിൽ പാർക്കുന്ന കാണി ആദിവാസി ഊരുകളിൽ ഏറ്റവും ഉയരത്തിലാണ് അണകാൽ ഊര്. മറ്റ് കാണി ഊരുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ ജീവിതരീതിയാണ് ഇവരുടേത്. ആചാരങ്ങളെയും വിശ്വാസങ്ങളെയും ശക്തമായി മുറുകെ പിടിക്കുന്നവർ. ആ വിശ്വാസത്തിെൻറ ഭാഗമായാണ് ഇവർ തങ്ങളുടെ വീടുകൾ പോലും പഴയ രീതിയിൽ നിലനിർത്തിപ്പോരുന്നത്. അണകാൽ ഊരിൽ നിലവിൽ 70 പേരാണുള്ളത്. കുട്ടികളും സ്ത്രീകളും മുതിർന്നവരും അടക്കമുള്ളവരുടെ എണ്ണമാണിത്.

18 വീടുകളിലായാണ് ഇവർ താമസിക്കുന്നത്. മിക്ക വീടുകളും കാട്ടുപുല്ലുകൊണ്ടു മേഞ്ഞതും ഈറകൊണ്ട് ചുമരൊരുക്കിയതുമാണ്. ഇങ്ങനെയുണ്ടാക്കിയ ഒറ്റമുറി വീടുകളിലാണ് കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും കഴിയുന്നത്. മിക്ക വീട്ടിലും ഇനിയും വൈദ്യുതിപോലും എത്തിയിട്ടില്ല. സംസ്ഥാനം സമ്പൂർണ വൈദ്യുതീകരണം ആക്കുന്നതിെൻറ ഭാഗമായി ഇവിടെയെത്തിയ ൈവദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ഊരുവാസികൾതന്നെ മടക്കി അയക്കുകയായിരുന്നു. പുതിയ വാർക്ക വീടുകൾ നിർമിക്കാനും ഇവർ തയാറല്ല.

സർക്കാർ സംവിധാനങ്ങളുടെ നിരന്തര ഇടപെടലിനെ തുടർന്ന് ഈയടുത്താണ് ഊരിലെ കുട്ടികൾ വിദ്യാഭ്യാസം തേടി തുടങ്ങിയത്. ഇപ്പോഴും സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി കുട്ടികളെ നമുക്ക് ഊരിൽ കാണാം. ഒമ്പതുവയസ്സുകാരൻ ഇൗച്ചൂട്ടി അവരിൽ ഒരാളാണ്. അക്ഷരം പഠിച്ചാൽ മലദൈവം കോപിക്കുമെന്ന് വിശ്വസിക്കുന്നതിനാലാണ് ഇവർ കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തത്. പെൺകുട്ടികളുടെ കാര്യമാണ് അതിലും കഷ്ടം. അവരിൽ വലിയൊരു ശതമാനം ഇന്നും നിരക്ഷരരാണ്. ഇത്രമേൽ ആചാരങ്ങൾ മുറുകെ പിടിച്ചു ജീവിക്കുന്നവർക്കിടയിലാണ് വളെര സ്വാഭാവികം എന്ന നിലക്ക് അയിത്തക്കുടിൽ സമ്പ്രദായം നിലനിൽക്കുന്നത്. കാട്ടിലെ വിശ്വാസങ്ങൾക്കൊപ്പമുള്ള ആചാരങ്ങളിൽപെട്ടതാണ് തീണ്ടാരിക്കുടിലുകൾ.

ഇന്നും നിലനിൽക്കുന്ന വിശ്വാസങ്ങളുടെ ഭാഗമായാണ് അവരുടെ വീടുകളോടു ചേർന്നു കാണുന്ന പനയോലെകാണ്ടു മറച്ച ചെറിയ കുടിലുകൾ. ഒരു മഴച്ചാറ്റലിനെ പോലും താങ്ങിനിർത്താൻ കെൽപില്ലാത്ത ഈ കുടിലുകളിലാണ് ആ ഊരിലെ വയസ്സറിയിച്ച പെൺകുഞ്ഞുങ്ങൾ മാസത്തിൽ ഒരാഴ്ച തള്ളിനീക്കുന്നത്. അതുവരെ തങ്ങൾ തൊട്ടിടപഴകിയിരുന്ന എല്ലാം ആ ദിവസങ്ങളിൽ മാത്രം അന്യമായി പോകുന്നതിെൻറ നൊമ്പരങ്ങൾക്കപ്പുറം അവരെ ഭരിക്കുന്നത് ഉള്ളുലയുന്ന ഭയമാണ്. സന്ധ്യ കഴിഞ്ഞാൽ ശരിക്കും ഒറ്റക്കാകും.

ഇഴ ജന്തുക്കൾ ഏതു നിമിഷവും കയറി വരാം. കാട്ടുജന്തുക്കളെയും കള്ളന്മാരെയും ഭയക്കണം. മിക്ക ദിവസങ്ങളിലും കാട്ടാനയിറങ്ങും. ഊരുകളോടു ചേർന്നുള്ള കൃഷിയിടങ്ങളാകും അവയുടെ ലക്ഷ്യം. പലപ്പോഴും കുടിലിെൻറ തൊട്ടടുത്തുവരെ വന്നിട്ട് അവ മടങ്ങിപ്പോകും. മലദൈവങ്ങളുടെ കാവലുകൊണ്ടു മാത്രമാണ് തങ്ങൾക്ക് ഒന്നും സംഭവിക്കാത്തതെന്ന് ഊരിലെ പെണ്ണുങ്ങൾ പറയുന്നു. മ്ലാവുകളും കാട്ടുപന്നികളും കാട്ടുപോത്തുകളുമൊെക്ക ദിനവും ഊരുകളിലെത്തും. കൂട്ടായി കഴിയുേമ്പാൾ അതിനോടൊന്നും പേടിതോന്നിയിട്ടില്ല. പക്ഷേ, ഒറ്റക്കാകുന്ന ദിവസങ്ങളിൽ പ്രാണഭയം കാരണം ശ്വാസംപോലും നിലച്ചുപോകുെമന്ന് അവർ പറയുന്നു.

കാടോളം കരുത്തുള്ള പെണ്ണ്

ലക്ഷ്മി അണകാൽ ഊരിലെ തലമുതിർന്ന സ്ത്രീയാണ്. ലച്ച്മി എന്നാണ് ഊരുവാസികൾ വിളിക്കുന്നത്. മൂന്ന് ആൺമക്കൾക്കൊപ്പം അണകാൽ ഊരിലാണ് താമസം. ഊരിൽനിന്ന് ഗർഭിണികളെ ആശുപത്രികളിൽ കൊണ്ടുപോയിത്തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതിനു മുമ്പ് കാട്ടിലെ സ്ത്രീകളുടെയൊക്കെ പ്രസവം എടുത്തിരുന്നത് ലച്ച്മിയാണ്. ഓപറേഷൻ ടേബിളിൽ ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തിയേക്കാൾ മൂർച്ചയുള്ള ഈറയുടെ ഇലയുടെ അറ്റംകൊണ്ട് അവർ പൊക്കിൾകൊടി മുറിച്ച് പച്ചമരുന്നുകൾ തേച്ചുപിടിപ്പിച്ച് രക്ഷചെയ്തു. അണകാൽ ഊരിൽ ഇപ്പോൾ കൗമാരക്കാരായ കുട്ടികളൊക്കെ ലച്ച്മിയുടെ ൈകയിലേക്കാണ് ജനിച്ചുവീണത്.

അതിലവർ അഭിമാനിക്കുന്നു. കാടോളംതന്നെ കരുത്തുള്ള സ്ത്രീ. നല്ല ധൈര്യവുമുണ്ട്. നാട്ടിൽനിന്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ ലച്ച്മി നിർത്താതെ സംസാരിച്ചു. കൃഷിയെ കുറിച്ചും ആൺമക്കൾക്കിടയിൽകിടന്ന് ഗുസ്തിപിടിക്കുന്നതിനെ കുറിച്ചും ഒക്കെ ലച്ച്മി വാചാലയായി. പക്ഷേ, തീണ്ടാരിക്കുടിലിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഒരു നിമിഷം മൗനിയായി. കാട്ടുമൃഗങ്ങളേക്കാൾ ഭയമാണ് അവർക്ക് ആ ഒറ്റപ്പെടലിനെ. തീണ്ടാരിക്കുടിലിൽ പാർക്കവേ വിഷജന്തുക്കൾ കടിച്ചിട്ടുള്ള ചില സ്ത്രീകളുടെ അനുഭവവും പങ്കുവെച്ചു ലച്ച്മി.

കാടിന് ഒരു വന്യതയുണ്ട്. രാത്രികളിൽ അത് കൂടുതൽ ഭീകരമാകും. കൂട്ടിന് ആളുള്ളപ്പോൾ മാത്രമാണ് അത് ആസ്വദിക്കാൻ കഴിയുക. അല്ലാത്തപ്പോൾ അത് ഭയമാണ് പകർന്നുനൽകുക. തന്നാലാകുന്ന ഭാഷയിൽ ലച്ച്മി ഒറ്റപ്പെടലിെൻറ രാത്രികളെ കുറിച്ച് സംസാരിച്ചു. കുട്ടികളൊക്കെ പള്ളിക്കൂടത്തിൽ പഠിക്കാൻ പോയിത്തുടങ്ങിയ സ്ഥിതിക്ക് ഇൗ പേടിദിനങ്ങളും അയിത്തക്കുടിലുകളും ഒക്കെ മാഞ്ഞുപോകും എന്നുതന്നെയാണ് ലച്ച്മിയും അവരപ്പോലെയുള്ള പെണ്ണുങ്ങളും വിശ്വസിച്ചുപോരുന്നത്. ആദിവാസിക്ഷേമത്തിന് കോടികൾ മുടക്കുന്ന സർക്കാറും ഇതിനൊക്കെയായി പ്രത്യേക വകുപ്പുകളുമുള്ള ഈ നാട്ടിൽ ഈ അയിത്തക്കുടിലുകൾ തുടരുന്നുണ്ട് എന്ന വാർത്തതന്നെ ഒരു അദ്ഭുതമാണ്. ഇനിയെങ്കിലും ഈ വിഷയത്തിൽ അധികാരികളുടെ കണ്ണെത്തും എന്ന് പ്രതീക്ഷിക്കാം. കാട്ടിലെ പാർവതിയും മാലയും മഞ്ജുവുമൊക്കെ ഈ കുടിലൊന്ന് ഒഴിഞ്ഞുകിട്ടാൻ കാത്തിരിക്കുന്നവരാണ്.

ചൗപദിയുടെ ഒടുവിലത്തെ ഇരയായി അംബയും കുരുന്നുകളും

ആർത്തവം ഏറ്റവും അശുദ്ധമായി കാണുന്ന ജനതയാണ് നേപ്പാൾ വാസികൾ. ആർത്തവകാലത്ത് സ്ത്രീകൾ ഒറ്റക്ക് കഴിയണം എന്ന ദുരാചാരത്തിന് നേപ്പാളിൽ പറയുന്ന പേരാണ് ചൗപദി. വീടു പണിയുേമ്പാൾതന്നെ ഇവർ ആർത്തവകാലത്ത് സ്ത്രീകൾക്ക് കഴിയാൻ വീടിനോട് ചേർന്ന് കുടിലുകളും പണിയും. ആർത്തവ ദിനങ്ങൾ ഇതിൽ കഴിച്ചുകൂടുന്നതിനാണ് ചൗപദി എന്ന് പറയുന്നത്. ആ ദിവസങ്ങളിൽ മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ പാടില്ല. തികച്ചും ഒറ്റപ്പെട്ട ജീവിതം. അടുത്തിടെയാണ് നേപ്പാളിലെ കാഠ്മണ്ഡു വെസ്റ്റേൺ ബാജുര ജില്ലയിൽ അംബ ബോഹാര എന്ന സ്ത്രീയും അവരുടെ പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളും കുടിലിനുള്ളിൽ പുകയിൽ ശ്വാസം മുട്ടി മരിച്ചത്.


കൊടും തണുപ്പു കാലത്താണ് അംബ ആർത്തവക്കാരിയായത്. തണുപ്പിൽനിന്ന് രക്ഷനേടാൻ ഇവർ രാത്രിയിൽ വീട്ടിൽ ആരും കാണാതെ പുറത്തിറങ്ങി കുടിലിനു സമീപം തീകൂട്ടി. ഇതിെൻറ പുക കുടിലിൽ നിറഞ്ഞാണ് അംബയും ആൺമക്കളും മരിച്ചത്. അംബയുടെ ഭർതൃമാതാവ് രാവിലെ ഉറക്കമുണർന്ന് കുട്ടികളെ കാണാതെ സംശയം തോന്നിയതിനെ തുടർന്ന് കുടിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുപേരും പുക ശ്വസിച്ച് മരിച്ചുകിടക്കുന്നത് കണ്ടത്. ജനാലകളോ വായുസഞ്ചാരത്തിന് മറ്റ് മാർഗങ്ങളോ ഇല്ലാതെയാണ് ആർത്തവക്കുടിലുകൾ പണിയുക. ചൗപദി എന്ന ദുരാചാരത്തിെൻറ നേപ്പാളിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അംബയും മക്കളുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന‌് പൊലീസ‌് മേധാവി ഉദ്ദബ‌് സിങ് പറഞ്ഞു. ആർത്തവസമയത്ത‌് കഴിയുന്ന ഈ കുടിലുകൾക്ക് ചൗഗോത്ത‌് എന്നാണ് പറയുന്നത്. പരമ്പരാഗത കുടിലിൽ പെണ്ണുങ്ങൾ ഒറ്റക്കാണ‌് കഴിയേണ്ടത‌്. മതപരമായ കാര്യങ്ങൾക്കും വിലക്കുണ്ട‌്. കഴിഞ്ഞവർഷം ആർത്തവ സമയത്ത‌് കുടിലിൽ കഴിഞ്ഞ പെൺകുട്ടി പാമ്പുകടിയേറ്റ‌് മരിച്ചിരുന്നു. ഇതേതുടർന്ന‌് നേപ്പാൾ പാർലമെൻറ് ചൗപദി ക്രിമിനൽ കുറ്റമാക്കിയിരുന്നു‌. മൂന്നുമാസം തടവും 3000 രൂപ പിഴയുമാണ‌് ശിക്ഷ. 2005ൽ ചൗപദി ക്രിമിനൽ കുറ്റമായി നേപ്പാൾ സ്പ്രീംകോടതിയും വിധിച്ചിട്ടുള്ളതാണ്. പ്രാകൃതമായ ഈ ദുരാചാരം ഇന്നും തുടരുന്നു എന്നതിെൻറ തെളിവാണ് അംബയുടെ മരണം എന്ന് വാർത്തകൾ പറയുന്നു. അന്തർദേശീയ മനുഷ്യാവകാശ കോടതിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huts in KeralaUntouchablementrual huts
News Summary - Untouchable Huts
Next Story