വളയം പിടിച്ചു കൊടുത്തത് ആയിരം വനിതകൾക്ക്; സന്തോഷം ടോപ് ഗിയറിലാക്കി ഉഷ
text_fields21 വർഷങ്ങൾക്ക് മുമ്പ് ഫസ്റ്റ് ഗിയറിലിട്ട വാഹനയാത്ര ബ്രേക്ക് ഡൗണാക്കാതെ മുന്നോട്ട് കൊണ്ടു പോകുകയാണ് മലപ്പുറം കോട്ടക്കൽ അത്താണിക്കൽ സ്വദേശിനിയായ പിലാക്കൽ ഉഷ (45). ജില്ലയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവറെന്ന ഖ്യാതിയോടെ വളയം പിടിച്ച ഇവരുടെ കീഴിൽ പരിശീലനം പൂർത്തിയാക്കിയവർ ആയിരത്തോളം വനിതകളാണ്. ഇരുചക്രം മുതൽ ഹെവി വരെയുള്ള വാഹനങ്ങൾ ഈ കൈകളിലിന്ന് സുരക്ഷിതമാണ്.
അതിെൻറ കഥയിങ്ങനെ -വീടിന് സമീപത്തെ ബേബി ചേച്ചി ഓട്ടോ ഓടിച്ചു പഠിക്കാൻ ധൈര്യത്തിന് വിളിച്ചത് ഉഷയെയായിരുന്നു. അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഓട്ടോ ഓടിക്കാൻ പഠിച്ചത്. 1995ൽ അച്ഛൻ ചക്കനും അമ്മ നാടിച്ചിയും സമ്മതം മൂളിയതോടെയാണ് സാഹസത്തിന് തയാറായത്. ലൈസൻസ് ലഭിച്ചതോടെ പട്ടികജാതി-വർഗ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഓട്ടോറിക്ഷക്ക് അപേക്ഷ നൽകി. സമീപവാസിയായ പൊതുപ്രവർത്തകൻ രാമെൻറ ഇടപെടലിൽ ഓട്ടോ ലഭിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണനായിരുന്നു താക്കോൽ കൈമാറിയത്.
20 പുരുഷന്മാരിൽ ഏക വനിതയായിരുന്നു താനെന്ന് ഉഷ ഓർക്കുന്നു. തുടർന്ന് കോട്ടക്കലിൽ രണ്ടുവർഷം ഓട്ടോ ഓടിച്ചു. ഓട്ടോ ഡ്രൈവറായ ചേച്ചിയുടെ ഭർത്താവ് ഉണ്ണിയായിരുന്നു നിരത്തിലൂടെ ഓട്ടോ ഓടിക്കാനുള്ള ധൈര്യം പകർന്നത്. ശ്രമം വിജയിച്ചതോടെ വനിതകൾക്ക് ഓട്ടോ ഓടിക്കാനുള്ള ദൗത്യവും ഉഷയെ തേടിയെത്തി. ഇതോടെ വളയം പഠിപ്പിക്കൽ ജീവിത വരുമാനമാക്കാൻ തീരുമാനിച്ചു.
2011ൽ ഹെവി ലൈസൻസ് സ്വന്തമാക്കിയ ഉഷ ഇതുവരെ ആയിരത്തോളം വനിതകളെ പരിശീലിപ്പിച്ചു കഴിഞ്ഞു. വെന്നിയൂരിലും കോട്ടക്കലിലും പ്രവർത്തിക്കുന്ന കെ.പി.പി ഡ്രൈവിങ് സ്കൂളിനു കീഴിലെ ജോലിക്കാരിയാണ് ഉഷ. സ്വന്തമായി ഓട്ടോയുണ്ടായിരുന്നെങ്കിലും പിന്നീടൊരു വാഹനം വാങ്ങാൻ ഉഷക്ക് കഴിഞ്ഞിട്ടില്ല. ജ്യേഷ്ഠൻ ശശിക്കും കുടുംബത്തിനുമൊപ്പം വാടക വീട്ടിലാണ് താമസം. കൂടുതൽ സ്ത്രീകൾ ഈ രംഗത്ത് കടന്നു വരണമെന്നാണ് ഇവരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.