ക്ലാസിൽ കളിയാക്കി; എന്നിട്ടും സുമതി പൊലീസായി
text_fieldsതൃശൂർ: ഒറ്റപ്പാലം എൻ.എസ്.എസ് കോളജ് കോമേഴ്സ് ബിരുദ ക്ലാസിൽ ആരാകണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ പൊലീസാകണം എന്ന് ആ പെൺകുട്ടി പറഞ്ഞപ്പോൾ ക്ലാസ് മുറി ആർത്തുചിരിച്ചു. പിന്നെന്തിനാ കോമേഴ്സ് എടുത്തേ എന്ന അധ്യാപകന്റെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥരാകണമെന്ന ക്ലാസ് റൂമിലെ ഭൂരിപക്ഷ ആഗ്രഹത്തിൽ നിന്ന് വ്യത്യസ്തമായ ആഗ്രഹം പങ്കുവെച്ചത് പാലക്കാട് മുണ്ടൂർ കാവുമ്പള്ള വേലന്റെയും വള്ളിയുടെയും മകൾ വി. സുമതി മാത്രമായിരുന്നു. വ്യാഴാഴ്ച18 സി ബാച്ചിലെ 109 വനിത പൊലീസ് സേനാംഗങ്ങൾ പുറത്തിറങ്ങിയവരിൽ സുമതി സെക്കൻഡ് ഇൻ കമാൻഡറായി ഉണ്ടായിരുന്നു. ആഗ്രഹിച്ചത് കൈനീട്ടിപ്പിടിച്ച സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്. ആഗ്രഹം മനസ്സിൽ സൂക്ഷിക്കുകയും വർഷങ്ങളോളം പരിശ്രമിക്കുകയും ചെയ്തു.
മുണ്ടൂരിലെ പി.എസ്.സി കോച്ചിങ് കൂട്ടായ്മയായ പി.എസ്.സി കോംറേഡ്സിൽ പഠനത്തിനെത്തുകയും അവിടെ അധ്യാപികയാവുകയും ചെയ്തതാണ് വഴിത്തിരിവായത്. ഏഴ് വർഷംമുമ്പ് അർബുദം ബാധിച്ച് പിതാവ് മരിച്ചശേഷം കൃഷിയും പശുക്കളുമായിരുന്നു കുടുംബത്തിന്റെ കൈത്താങ്ങ്. ജ്യേഷ്ഠൻ മുരളി കെട്ടിടനിർമാണ തൊഴിലാളിയാണ്.
പുറത്തിറങ്ങുന്നത് 109 വനിത പൊലീസുകാർ
തൃശൂർ: വ്യാഴാഴ്ച സർവ പോരാട്ട പരിശീലനങ്ങളോടെ പുറത്തിറങ്ങിയത് 18 സി ബാച്ചിലെ 109 വനിത പൊലീസ് സേനാംഗങ്ങൾ. ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിലും കൗണ്ടർ അർബൻ ടെററിസം, ബോംബ് ഡിറ്റക്ഷൻ, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും ഇവർ പരിശീലനം നേടിക്കഴിഞ്ഞു.
ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷൻ മാനേജ്‌മെന്റ്, ട്രാഫിക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, കരാട്ടേ, യോഗ, ഹൈ അൾട്ടിറ്റ്യൂഡ് െട്രയ്നിങ്, കോസ്റ്റൽ സെക്യൂരിറ്റി െട്രയ്നിങ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധ പരിശീലനം, ഫയറിങ്, സെൽഫ് ഡിഫൻസ്, നീന്തൽ, ഡ്രൈവിങ് എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. മലപ്പുറത്തെ സ്‌പെഷൽ ഓപറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലനവും നേടിക്കഴിഞ്ഞു.
79 പേർ വിവാഹിതരാണ്. ഒമ്പതുമാസത്തെ പരിശീലനത്തിനുശേഷമാണ് സേനയുടെ ഭാഗമായത്. ഈ ബാച്ചിൽ ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരാണുള്ളത്. എം.സി.എ-രണ്ട്, എം.ബി.എ-ഒന്ന്, എം.ടെക്-രണ്ട്, ബി.ടെക് -11 ബി.എഡ് -എട്ട്, ബിരുദാനന്തര ബിരുദം -23 ബിരുദം -51 ഡിപ്ലോമ -മൂന്ന് എന്നിങ്ങനെയാണ് വിദ്യാഭ്യാസയോഗ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.