ആരുടെ മകൾ?
text_fieldsവത്സല ടീച്ചറെ അനുസ്മരിക്കുമ്പോൾ ‘അമ്മയുടെ മകൻ’ എന്ന കഥ ഓർത്തെടുക്കാൻ കാരണം സ്നേഹം, പ്രണയം, വാത്സല്യം, അടുപ്പം തുടങ്ങിയ സമസ്ത ജീവിതമൂല്യങ്ങളുടെയും അടിസ്ഥാനമായ ‘മഹാസൗഹൃദ’ത്തെ അത് ആഘോഷിക്കുന്നതാണ്.
ആധുനിക നഗരജീവിതത്തിന്റെ മറക്കുപിന്നിലും മനുഷ്യൻ പഴയ നഗ്നവാനരൻതന്നെയാണ്. പേരുകൾക്ക് മാത്രമേ മാറ്റം വന്നിട്ടുള്ളൂ. നായാട്ടിനു പകരം ജോലിചെയ്യൽ, നായാട്ടുകേന്ദ്രങ്ങൾക്കു പകരം വ്യാപാരകേന്ദ്രങ്ങളും ഓഫിസുകളും, താവളത്തിന് പകരം വീട്, ഇണബന്ധത്തിന് പകരം വിവാഹം, ഇണക്കു പകരം ഭാര്യ എന്നിങ്ങനെ... (‘നഗ്നവാനരൻ’ -ഡെഡ്മണ്ട് മോറിസ്) ജന്തുവിനെയും ജന്തുസമാന ജീവിതങ്ങളെയും ഐക്യപ്പെടുത്തുന്ന ‘പറ്റബോധമല്ല’, മനുഷ്യരെ ഐക്യപ്പെടുത്തുന്ന സൂക്ഷ്മാർഥത്തിൽ മനുഷ്യനെത്തന്നെ സാധ്യമാക്കുന്ന ‘സാമൂഹിക ബോധം’. ‘പറ്റം’ വിമർശനരഹിതമായൊരു പിന്തുടർച്ചയാണ് എങ്കിൽ, സമൂഹം ഇടപെടലുകളുടെ തുടർച്ചയാണ്. ഒന്ന്, മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിറകെ ഗമിക്കുന്ന ‘ഗോ ചിന്ത’യുടെ ചുരുക്കമാണ്.
രണ്ടാമത്തേത്, ‘വിശ്വാസത്തിന്റെ ആകാശത്തിന്റെ നടുവിലും ഉദിച്ചുനിൽക്കുന്ന വിമർശനബോധത്തിന്റെ സൂര്യനാണ്. ജന്മവാസനയുടെ തടവറകളുടെ ഏകമാത്രതലത്തിൽ ഒതുങ്ങുന്ന ജന്തുവിന്റെ കാമത്തിനും സാംസ്കാരിക സാധ്യതകളുടെ സമാന്തര ലോകം സൃഷ്ടിക്കുന്ന പ്രക്രിയക്കിടയിൽനിന്നും പിറക്കുന്ന പ്രണയ സ്നേഹങ്ങൾക്കുമിടയിലുള്ളത്, ‘ഗുണപരമായ’ മാറ്റത്തിന്റെ വേർപിരിഞ്ഞൊരു ലോകമാണ്. ആധുനിക നഗരജീവിതത്തിന്റെ പിറകിൽ, ‘ഇപ്പോൾ’ പ്രത്യക്ഷപ്പെട്ട ‘നഗ്ന വാനരൻ’ ഡസ്മണ്ട് മോറിസ് വിവരിക്കുന്നതുപോലെ എന്നത്തെയും മനുഷ്യരെ സൂചിപ്പിക്കുന്ന ഒരു മാതൃകയല്ല.
മോറിസ് ജന്തുവിൽനിന്ന് മനുഷ്യന് സംഭവിച്ച ഗുണപരമായ വിച്ഛേദം കൃത്യമായും അടയാളപ്പെടുത്തുന്നതിൽ വഴുക്കിവീഴാൻ ഒരുപക്ഷേ, ‘ചൂഷണം’ ചവച്ചുതുപ്പിയ ‘ശിഥില മനുഷ്യനെ’ സ്വന്തം വിശകലനത്തിെന്റ മാനദണ്ഡമായി സ്വീകരിച്ചതുകൊണ്ടാവണം. ‘ചുരണ്ടിനോക്കിയാൽ മനുഷ്യനിന്നും കാടനാണ്’ എന്ന അശുഭ സാമാന്യബോധത്തിന് പിറകിൽനിന്നും മനുഷ്യസമഗ്രതയെക്കുറിച്ചുള്ള വിമർശനചിന്തയല്ല, മറിച്ച് മനുഷ്യനൊരിക്കലും ഗുണംപിടിക്കില്ലെന്ന വ്യവസ്ഥാപിത അധീശത്വബോധമാണ് പുറത്തുചാടുന്നത്. നാനാതരത്തിലുള്ള അത്തരം അധിനിവേശ നിലപാടുകളുടെ അവസാനത്തെ അവശിഷ്ടങ്ങളോടും കണക്കുതീർക്കുന്ന കഥയെന്ന നിലയിലാണ് ‘അമ്മയുടെ മകൻ’ പ്രസക്തമാവുന്നത്.
1992ൽ മലയാളത്തിന്റെ അഭിമാനമായ വത്സല ടീച്ചർ എഴുതിയ ‘അമ്മയുടെ മകൻ’ എന്ന ശ്രദ്ധേയമായ കഥ, ഭൂതകാലമാവാൻ വിസമ്മതിക്കുന്ന, വർത്തമാനത്തിലൊതുങ്ങാൻ കൂട്ടാക്കാത്ത, ഭാവിയുടെ ഇതിഹാസമായി വായനയിൽ വളരുന്നത് അതിലാവിഷ്കൃതമായ ബഹുസ്വര ബന്ധമാതൃകകളുടെ ഒരു നവലോക ഘടന ആ കഥയുടെ ആഖ്യാനത്തിന്റെ ഏതുതരം വായനയോടും സംവദിക്കുംവിധം സന്നിഹിതമായതുകൊണ്ടാണ്. പ്രണയത്തിൽ സ്ത്രീയെ കുരുക്കുന്ന കൊലക്കയർ കണ്ട കുമാരനാശാൻ മുതൽ; പ്രണയമോ ‘അതൊരു ച്ചസ്ഥായി സാധനം’ എന്ന് പരിഹസിച്ച വൈക്കം മുഹമ്മദ് ബഷീർ വരെ ഏറ്റവും മനോഹരമായ പ്രണയാവിഷ്കാരങ്ങൾക്കിടയിൽനിന്നാണ് ഇത്തരം അപനിർമിതികൾകൂടി നടത്തിയിരിക്കുന്നതെന്ന് ഓർത്തെടുക്കുമ്പോഴാണ്; പ്രണയത്തിന്റെ മാസ്മരികതക്കൊപ്പം അതിൽ കടന്നുകൂടാനിടയുള്ള കുടിലതകളും കരളിൽ കുളിരും എരിച്ചിലുകളുമായി പിരിയുന്നത്.
‘അമ്മയുടെ മകൻ’ പ്രണയപ്പതർച്ചകളെ അതിജീവിക്കുന്നത്, സൗഹൃദപ്പച്ചകളെ അത്ഭുതകരമാംവിധം ആഘോഷിച്ചുകൊണ്ടാണ്. വധൂവരന്മാരെയല്ല, ഭാര്യാഭർത്താക്കന്മാരെയല്ല, പങ്കാളികളെയോ, എന്തിന് പ്രണയികളെപ്പോലുമോ അല്ല, മറിച്ച് സുഹൃത്തുക്കളെയാണത് അനുഭൂതിസാന്ദ്രമായി അന്വേഷിക്കുന്നത്. പതുക്കെ മുട്ടിയാൽ ഒച്ചയിൽ കേൾക്കുന്ന സൗഹൃദപ്പച്ചയുടെ പുളകമാണ്, പ്രണയത്തെ പിറകിലാക്കി ‘അമ്മയുടെ മകനി’ൽ നിർവൃതപ്പെടുന്നത്.
‘തന്തയില്ലായ്മ’ എന്നതിൽ തെറിയും തത്ത്വചിന്തയും കാണുന്ന ആൺകോയ്മാ തോന്ന്യാസങ്ങളെയാണ്, ‘അമ്മയുെട മകൻ’ പ്രശ്നവത്കരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമല്ല, ഉടമയും അടിമയുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തിളക്കമാണ് വിചാര വെളിച്ചമായി കഥയിൽ നിറയുന്നത്. ‘മനുഷ്യർ എങ്ങനെയാണെന്ന് അവർക്ക് കാണിച്ചുകൊടുത്താൽ അവർ മെച്ചപ്പെടും’ എന്ന അഗാധമായ മാനവിക തത്ത്വമാണ് കഥയിൽ കാന്തിപ്പെടുന്നത്.
പരസ്പരം അത്രമേൽ ഇഷ്ടമുണ്ടായിട്ടും അനുരാഗിയായ അഭിജിത്തിന്റെ വിവാഹാഭ്യർഥന ദുർഗ നിരസിക്കുന്നത് സ്നേഹരാഹിത്യംകൊണ്ടോ ആഭിമുഖ്യക്കുറവുകൊണ്ടോ അല്ല, അതു രണ്ടിന്റെയും അതിനുമപ്പുറമുള്ള പ്രണയതീവ്രതയുടെയും പശ്ചാത്തലത്തിലാണെന്നുള്ളതാണ് ‘അമ്മയുടെ മകൻ’ എന്ന കഥയെ വേറിട്ടതാക്കുന്നത്.
‘‘ഇല്ല ഇപ്പോൾ നമ്മൾ സ്നേഹിക്കുന്നു. ഒരിക്കൽ ഞാൻ നിങ്ങളുടെ ഒപ്പം താമസമാക്കാൻ വന്നുകഴിഞ്ഞാൽ ഞാനൊരടിമയും നിങ്ങൾ ഉടമയുമായിത്തീരും. വേണ്ട... അഭിജിത്ത് പ്ലീസ്.’’ അവളുടെ സ്വരത്തിലെ ആർദ്രത അയാളെ അസ്വസ്ഥനാക്കി... അമ്മയുടെ മകൻ എന്ന കഥയിലെ ദുർഗയുടെ വിവാഹനിരാസത്തിലെ ‘‘പ്ലീസ്’’ എന്ന ഇംഗ്ലീഷ് വാക്ക്, അസാധാരണമാനമുള്ള ഒരു മലയാള വാക്കായി നമ്മെ വായനയിൽ പിടിച്ചുനിർത്തും.
എന്തിനും ഏതിനും സ്ഥിരമായി ഉപയോഗിക്കേണ്ടിവരാറുള്ള ‘ക്ലീഷേ’ പോലുമായി മാറിയ ആ ‘പ്ലീസാ’ണ് മനുഷ്യബന്ധ തീവ്രതയുടെ വഴിത്തിരിവ് വിളംബരം ചെയ്യുന്ന വികാര സ്രോതസ്സായി കഥയിൽ വളരുന്നത്. അമ്മയുടെ മകൻ അത്തരത്തിൽ ഒരൊറ്റ വാക്കിലേക്ക് ഒരു കഥയെയാകെ കുറുക്കിയെടുക്കാനുള്ള സർഗശേഷിയുടെ സാക്ഷ്യമാണ്. പ്രണയത്തിനും മുകളിലേക്ക് സൗഹൃദം ഒരു കാലുഷ്യമില്ലാതെ ചുവടുവെക്കുന്നതിന്റെ വിസ്മയമാണ് വത്സല ടീച്ചർ അനുഭവിപ്പിക്കുന്നത്.
‘‘ഞാൻ വിവാഹം ചെയ്യില്ല മുത്തശ്ശീ’’ എന്നും ആ തീരുമാനത്തെ വിമർശിക്കുന്നവരോട് ‘‘ഞാൻ തനിച്ചുതന്നെ’’ എന്നും പറയുന്ന കഥാനായികയായ ദുർഗ, പ്രച്ഛന്നപുരുഷ പീഡനങ്ങളുടെ ഇരയാണ്. എന്നാൽ, കഥാഘടനയിൽ ആ ഇര പോരാളിയായി, വ്യവസ്ഥാപിത മൂല്യബോധങ്ങൾക്കുമുന്നിൽ വെല്ലുവിളിയായി വ്യവസ്ഥാപിത മൂല്യബോധങ്ങൾക്കുമുന്നിൽ വെല്ലുവിളിയുയർത്തി, വിവാഹ വാതിലടച്ച്, സൗഹൃദവാതിൽ തുറന്ന് ‘പതിവ് ജീവിതാവസ്ഥക്കപ്പുറം’ വളരുന്ന ദൃശ്യമാണ് കഥയെ അവിസ്മരണീയമാക്കുന്നത്. ‘‘തന്റെ ചെലവിൽ താൽക്കാലിക വിനോദം നേടിയവരെ’’ തള്ളി, തന്നെ ജീവിതസർവസ്വമായി കണ്ട അഭിജിത്തിനെ മനസ്സിൽ സ്വീകരിച്ച്, അതേസമയം അതിലും വലുതാണ് ഇരുവരുടെയും സ്വാതന്ത്ര്യമെന്ന് തിരിച്ചറിഞ്ഞാണ് ‘കഥ’ ഭാവിയുടെ സുഗന്ധമാവുന്നത്.
പ്രതിഭയുടെ പ്രകാശം പരത്തി മലയാള സാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്ന വത്സല ടീച്ചറെ അനുസ്മരിക്കുമ്പോൾ ‘അമ്മയുെട മകൻ’ എന്ന കഥ ഓർത്തെടുക്കാൻ കാരണം സ്നേഹം, പ്രണയം, വാത്സല്യം, അടുപ്പം തുടങ്ങിയ സമസ്ത ജീവിതമൂല്യങ്ങളുടെയും അടിസ്ഥാനമായ ‘മഹാസൗഹൃദ’ത്തെ അത് ആഘോഷിക്കുന്നതുകൊണ്ടാണ് എല്ലാത്തിനും മുകളിൽ സൗഹൃദം ബാക്കിമൂല്യങ്ങളെയോ ആ സൗഹൃദഭാനുമാനിൽനിന്നും പൊട്ടിയ കിരണങ്ങൾ മാത്രം എന്ന നൈതിക സമീപനമാണ് അമ്മയുടെ മകൻ എന്ന കഥയിൽ അഗാധ സംഘർഷങ്ങൾക്കിടയിലും സ്നേഹപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.