അഭിമാനനിറവിൽ ഡോ. ആർ.എസ്. സിന്ധു
text_fieldsവനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീരത്ന അവാർഡിന്റെ തിളക്കത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ സർജറി മേധാവി ഡോ. ആർ.എസ്. സിന്ധുവും. വിജയകരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിനാണ് പുരസ്കാരം. സർക്കാർ മേഖലയിലാദ്യമായിട്ടായിരുന്നു കരൾ മാറ്റിവെക്കൽ നടന്നത്.
2022 ഫെബ്രുവരി 12 നായിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ വിജയകരമായി ശസ്ത്രക്രിയ നടന്നത്.വെല്ലുവിളികളെ നേരിട്ട് വൈദ്യശാസ്ത്രമേഖലയിൽ സ്വന്തം ഇരിപ്പിടം കണ്ടെത്താൻ കഴിഞ്ഞ സിന്ധുവിനിത് അർഹതക്കുള്ള അംഗീകാരം കൂടിയാണ്. സംസ്ഥാനത്തെ മെഡിക്കൽ കോളജിൽനിന്നും സർജിക്കൽ ഗ്യാസ്ട്രോ പഠനം നടത്തിയ ആദ്യ വനിത ഡോക്ടർ കൂടിയാണ് സിന്ധു.
തിരുവനന്തപുരം തമ്പാന്നൂർ പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്ന ടി.കെ. സദാശിവൻനായരുടെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ റേഡിയോഗ്രാഫറായിരുന്ന എം. രാധയുടെയും മൂത്ത മകളാണ് ഡോ. സിന്ധു. മൂന്നു വയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ച് കാലുകൾ തളർന്നത്. സാധ്യമായ എല്ലാചികിത്സകളും നടത്തി നോക്കിയെങ്കിലും 60 ശതമാനം വൈകല്യംബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തി.
പിന്നീട് ഇരുകാലുകളിലും ഇരുമ്പുദണ്ഡുകൾ െവച്ചുകെട്ടിയാണ് പഠനം തുടങ്ങിയത്. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് പ്രീഡിഗ്രിയിൽ ഉന്നത മാർക്ക് വാങ്ങിവിജയിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേർന്നു. മൂന്നാം വർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരം സ്വദേശിയായ പത്രപ്രവർത്തകൻ രഘു ആർ. വാര്യറെ വിവാഹം കഴിച്ചു. പഠനം പൂർത്തീകരിച്ച് അധികം താമസിയാതെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നെഫ്രോളജി വിഭാഗത്തിലും ജോലി ലഭിച്ചു.
ബാല്യത്തിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സിച്ച ഡോ. രാമസ്വാമി പിള്ളയാണ് മെഡിക്കൽ വിദ്യാഭ്യാസത്തെ ഗുരുവെന്നതും യാദൃച്ഛികമാണെന്ന് സിന്ധു പറയുന്നു. 2021 ഏപ്രിലിലാണ് ഇവർ കോട്ടയം മെഡിക്കൽ കോളജിൽ സർജിക്കൽ ഗ്യാസ്ട്രോ സീനിയർ അസോസിയേറ്റ് പ്രഫസറായി ചുമതലയേൽക്കുന്നത്. ഏക മകൻ നിരഞ്ജൻ കെ. വാര്യർ തിരുവനന്തപുരം ശ്രീ ചിത്തിര എൻജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.