ഓർമകളിലെ മൊഞ്ചേറി മണവാട്ടിമാർ
text_fieldsകണ്ണൂര്‍: പ്രായത്തിന്റെ അവശതകള്‍ മറന്ന് 63കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ നല്ല ഓർമകൾ അയവിറക്കാനുണ്ടായിരുന്നു. മാപ്പിള ഇശല്‍ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു ചൊവ്വാഴ്ച വയോജന കലോത്സവ സദസ്സ്.
ചെറുകുന്ന് പള്ളിക്കരയിലെ മൂന്ന് അയൽക്കൂട്ടങ്ങളാണ് ഒപ്പനയുമായി വേദിയിലെത്തിയത്. കിളിവീട്, സ്നേഹവീട്, കളിവീട് എന്നിങ്ങനെ മൂന്ന് അയൽക്കൂട്ടങ്ങളിൽ പത്മിനിയമ്മക്ക് പുറമേ ശാരദ, ഓമന, വിജയലക്ഷ്മി, നിർമല, രോഹിണി, അഖിനസ്, എറോണി, ഇഖ്നേഷ്യ എന്നിവരാണ് തോഴിമാരായി എത്തിയവർ.
എല്ലാവരും അറുപതിനും എഴുപതിനും പ്രായമുള്ളവർ. പകൽ സമയങ്ങളിൽ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന സംഘം രാത്രി സമയങ്ങളിലാണ് ഒപ്പനക്കായുള്ള പരിശീലനം നടത്തുക. ദിവസവും രാത്രി ഏഴുമുതൽ ഒമ്പതു വരെ പരിശീലനം നേടും. രണ്ടരമാസം കൊണ്ടാണ് ഒപ്പനയുടെ സ്റ്റെപ്പുകൾ പൂർണമായും പഠിച്ചെടുത്തത്. കെ. പ്രിൻസിയുടെ ശിക്ഷണത്തിലാണ് പരിശീലനം. ഇതിനോടകം നിരവധി വേദികളിൽ ഈ അമ്മൂമ്മക്കൂട്ടം ഒപ്പന അവതരിപ്പിച്ചു. ഇതുകൂടാതെ തിരുവാതിരയും കളിക്കുന്നുണ്ട്.
പ്രായത്തിന്റെ അവശതകൾ മറക്കാൻ വയോജനങ്ങള്‍ക്കായി ജില്ല പഞ്ചായത്തും സാമൂഹിക നീതി വകുപ്പുമാണ് വയോജന കലാമേള നടത്തിയത്. ഇതിൽ ഒപ്പനക്കു പുറമേ തിരുവാതിര, നാടൻപാട്ട് തുടങ്ങിയവയും നടത്തി. വയോജനങ്ങളുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി മെച്ചപ്പെടുത്താനാണു കലോത്സവം.
പഞ്ചായത്തുകള്‍, ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ വയോജന കലോത്സവം നടത്തി തെരെഞ്ഞെടുക്കുന്നവര്ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ മാറ്റുരച്ചത്. ജില്ലയില്‍ ആദ്യമായാണ് വയോജന കലോത്സവം സംഘടിപ്പിച്ചത്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമായിരുന്നു വിവിധ മത്സരങ്ങളിലായി അരങ്ങിലെത്തിയത്.
ജില്ല പഞ്ചായത്തിലെ മുതിർന്ന അംഗങ്ങളായ വിജയൻ, തമ്പാൻ, കോങ്കി രവീന്ദ്രൻ, എം. രാഘവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ വി.കെ. സുരേഷ് ബാബു, കെ. സരള , കെ.കെ. രത്നകുമാരി, യു.പി. ശോഭ, ജില്ല വയോജന കൗൺസിലംഗം ടി. ഭരതൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ല സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ, സീനിയർ സിറ്റിസൺസ് ഫോറം, ജില്ല സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ, ജില്ല സാമൂഹിക നീതി ഓഫിസർ എം. അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.