സമ്മിലൂനിയിലെ വൈറൽ ഗായിക
text_fieldsകേൾക്കാനിമ്പമുള്ള പാട്ടുകളെന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ മലയാളികൾ. ഈയിടെ വൈറലായ സമ്മിലൂനി എന്ന ഗാനം ഒരുപക്ഷെ മറന്നുപോയ പണ്ടത്തെ ഗസൽ രാത്രികളിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോയേക്കാം. സമ്മിലൂനി എന്ന ഹൃദ്യമായ ഭക്തിഗാനം 10 ലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെ കേട്ടത്. ഈ പാട്ടിലൂടെ പാട്ടിന്റെ ലോകത്തേക്ക് പുതുതായി എത്തിയ ആ വൈറൽ ഗായിക ഫർസാന അരുണിനെ കുറിച്ചറിയാം.
പാട്ടിലേക്കുള്ള വഴി
ഉമ്മയുടെ ഉപ്പ നന്നായി പാട്ട് പാടുമായിരുന്നു. അവിടെനിന്നാണ് പാട്ടിനോടുള്ള ഇഷ്ടം ജന്മസിദ്ധമായി കിട്ടിയത്. പ്രൊഫഷണലായി സംഗീതം പഠിച്ചിട്ടില്ല. ചെറുപ്പം മുതലേ പാട്ടിനോടിഷ്ടമുള്ള ഫർസാനയുടെ ഓർമ്മയിൽ തനിക്കാദ്യം കിട്ടിയ സമ്മാനം മദ്രസയിൽ പാട്ടുപാടി കിട്ടിയ ഒരു പെൻസിൽ ബോക്സായിരുന്നു. സ്കൂളിലും പാട്ട് പാടി യുവജനോത്സവ വേദിയിൽ തിളങ്ങിയിട്ടുണ്ട്. അന്ന് സ്ഥിരമായി മാർഗംകളിക്ക് പാട്ടു പാടുന്നത് ഫർസാനയായിരുന്നു.
പിന്നീട് പാട്ടിലേക്ക് മാത്രം ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലും തന്റെ പാട്ടിനോടുള്ള മോഹം മൂളിപാട്ടുകളിൽ ഒതുക്കി ഫർസാന. 15 വർഷത്തോളം നാട്ടിൽ ദേവഗിരി സി.എം.എസ് സ്കൂളിൽ അധ്യാപികയായിരുന്നു ഫർസാന. അവിടെ നിന്നാണ് പാട്ടിനോടുള്ള തന്റെ മോഹം വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ഇ.സി.എച്ച് ഡിജിറ്റലിലാണ് ഇപ്പോൾ ഫർസാന ജോലി ചെയ്യുന്നത്. അവിടെ നിന്ന് വളരെ യാദൃശ്ചികമായാണ് ഫർസാന സമ്മിലൂനിയിലേക്ക് എത്തുന്നത്. ഈ പാട്ടിന്റെ രചയിതാവായ സുലൈമാൻ മതിലകം ഗോൾഡൻ വിസ സ്വീകരിക്കുന്ന ചടങ്ങിൽ, പാടിനോടിഷ്ടമുള്ള ആളാണ് ഫർസാന എന്നറിഞ്ഞ് അന്ന് രണ്ട് വരി പാടിക്കുകയും ചെയ്തു.
താമസമെന്തേ... വരുവാൻ... എന്ന പാട്ടാണ് അന്ന് പാടിയത്. പാട്ടിഷ്ടപ്പെട്ട് സമ്മിലൂനി എന്ന പുതിയ ആൽബത്തിലേക്ക് പാടാൻ ക്ഷണിച്ചു. ജോലി കഴിഞ്ഞ് വൈകിട്ട് സ്റ്റുഡിയോയിലെത്തിയായിരുന്നു റെക്കോർഡിങ്. അന്ന് പാട്ടിനോടുള്ള തന്റെ ഇഷ്ടം കൊണ്ട് ഇങ്ങനെ ഒരവസരം കിട്ടിയപ്പോൾ പാടിയതാണെന്നും, അതിത്രയേറെ വൈറാലാവുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ഫർസാന പറയുന്നു.
മുഹമ്മദ് നബി തന്റെ പത്നി ഖദീജ ബീവിയോട് പറയുന്ന വാചകമാണ് സമ്മിലൂനീ, എന്നെ പുതപ്പിക്കു, എന്നെ ചേർത്ത് പിടിക്കു എന്നാണ് ഇതിനർത്ഥം. ഖദീജാ ബീവി മുഹമ്മദ് നബിക്ക് കൊടുക്കുന്ന സാന്ത്വനമാണ് ഈ പാട്ടിന്റെ വരികളിലുള്ളത്. ട്വന്റി ഫോർ ന്യൂസ് ചാനൽ റിപോർട്ടർ അരുൺ പാറാട്ടിന്റെ ഭാര്യയാണ്.
ഫർസാനയെപ്പോലെതന്നെ സംഗീതത്തോട് വളരെ ഇഷ്ടമുള്ള ആളാണ് ഭർത്താവ് അരുൺ. സ്കൂൾ കാലഘട്ടത്തിൽ തന്നെ തബലയും, ഹാർമോണിയവും, ഫ്ലൂട്ടുമൊക്കെ നന്നായി വായിക്കാറുള്ള അരുൺ തന്നെയാണ് സമ്മിലൂനി എന്ന വൈറൽ ഗാനത്തിന് തബല വായിച്ചതും. മകനും ഭർത്താവിനുമൊപ്പം ദുബൈയിൽ തന്നെയാണ് താമസം. ഇനിയും പാടാനുള്ള അവസരം ലഭിച്ചാൽ തന്റെ പാഷനായ പാട്ട് തുടരുമെന്ന് ഫർസാന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.