ലാനിയയുടെ കണ്ണീർതുടച്ച് ശൈഖ് മുഹമ്മദിന്റെ സ്വപ്ന സമ്മാനം
text_fieldsദുബൈ: പ്രിയപ്പെട്ട കുതിരയുടെ വേർപാടിൽ പൊട്ടിക്കരയുന്ന പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കാഴ്ച കണ്ടവരുടെയെല്ലാം കണ്ണുകൾ ഈറനണിയിക്കുക മാത്രമല്ല, മണ്ണിൽ ചലനമറ്റുകിടക്കുന്ന പെൺകുതിരയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ കുട്ടി ലോകത്തിന്റെ ഹൃദയംകവർന്നത് അതിവേഗത്തിലാണ്. കുതിരകളോട് സവിശേഷമായ ഇഷ്ടം കാണിക്കുന്ന അറബ് നാടുകളിലെ സമൂഹ മാധ്യമങ്ങളിൽ മിനിറ്റുകൾക്കകമാണ് വിഡിയോ പ്രചരിച്ചത്.
ഇറാഖിലെ ഏറ്റവും ചെറിയ കുതിരയോട്ടക്കാരിയെന്ന് അറിയപ്പെടുന്ന ലാനിയ ഫാഖിറാണ് കുട്ടിയെന്ന് പിന്നീട് മാധ്യമങ്ങൾ വെളിപ്പെടുത്തി. മികച്ച പരിശീലനം നേടിയയാളെപ്പോലെ കുതിരയോട്ടം അറിയുന്ന ഈ എട്ടു വയസ്സുകാരിക്ക് പിതാവ് സമ്മാനിച്ച ജെസ്നോ എന്ന് പേരായ പെൺകുതിരയാണ് ചത്തത്. അഞ്ചുവയസ്സു മുതൽ ലാനിയയുടെ ഏറ്റവും അടുത്ത കൂട്ടായിരുന്നു ഇത്.
പെട്ടെന്ന് അസുഖം ബാധിച്ചതോടെ ഡോക്ടർമാർ ഇതിനടുത്ത് വരരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും ജെസ്നോയെ രാവും പകലും പരിചരിക്കാൻ അവൾ തയാറായിരുന്നു. എന്നാൽ ചികിത്സ ഫലിക്കാതെ കുതിര ചത്തുപോവുകയായിരുന്നു. ചലനമറ്റു കിടക്കുന്ന കുതിരയുടെ അടുത്തേക്ക് ലാനിയ വരുന്നതും കെട്ടിപ്പിടിച്ച് കരയുന്നതും ഒരാൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതാണ് പിന്നീട് വൈറലായത്. വേർപാടിനു ശേഷവും കുതിരയെ കുഴിച്ചുമൂടിയ സ്ഥലത്ത് പൂക്കളും ആപ്പിളുകളുമായി അവൾ സന്ദർശിക്കുമായിരുന്നു.
സ്നേഹം കൊണ്ട് കണ്ണുനനയിച്ച ലാനിയയുടെ കഥയറിഞ്ഞ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അവൾക്ക് സ്വപ്നതുല്യമായ ഒരു സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച കുതിരയോട്ടക്കാരിയാകാനും തന്റെ പ്രായക്കാരെ ഇത് പഠിപ്പിക്കാനുമാണ് ലാനിയ ആഗ്രഹിച്ചിരുന്നത്.
ഈ സ്വപ്നം സഫലമാക്കി ഒന്നിലേറെ കുതിരകളെയും സ്വന്തമായി ഒരു കുതിരയോട്ട പരിശീലന കേന്ദ്രം നിർമിക്കാനുള്ള സഹായവുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.ഇറാഖിലെ കുർദിസ്ഥാനിലാണ് ലാനിയയുടെ സ്വദേശം. ഇവിടെയാണ് പരിശീലനകേന്ദ്രം നിർമിച്ചുനൽകുക. കുതിരയോട്ടം പ്രോത്സാഹിപ്പിക്കുന്ന നിരവധി നടപടികൾ ശൈഖ് മുഹമ്മദ് നേരത്തേതന്നെ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.