ഹോം നഴ്സുമാരെ വേണോ? വിളിക്കൂ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്
text_fieldsപയ്യന്നൂർ: സാന്ത്വന പരിചരണത്തിലേർപ്പെട്ട വനിതകളുടെ വിയർപ്പിന്റെ വില കൊയ്യുന്ന ഇടത്തട്ടുകാർക്ക് ഇരുട്ടടി നൽകി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി സജ്ജമാക്കിയ ഹോംനഴ്സുമാർ കർമ്മപഥത്തിലേക്ക്. മേഖലയിലെ ഏജൻസികളെ ഒഴിവാക്കി പഞ്ചായത്ത് പരിശീലനം നൽകിയ 15 വനിതകളാണ് ഇനി സേവനപാതയിലേക്ക് കടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കിയ ഹോം നഴ്സിങ് പരിശീലനവും പ്ലേസ്മെന്റും എന്ന നൂതന പദ്ധതിയാണ് നാടിന്റെ പ്രശംസ പിടിച്ചുപറ്റി കർമസജ്ജമായത്. കേരളത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കാത്ത പദ്ധതിയാണ് പയ്യന്നൂർ ബ്ലോക്ക് ഏറ്റെടുത്ത് പൂർത്തീകരിച്ചത്. വർത്തമാന കാലത്തെ തിരക്കുപിടിച്ച ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് ആളുകൾക്ക് അത്താണിയാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയുമായി മുന്നോട്ടുവന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല പറഞ്ഞു.
യാതൊരു ശാസ്ത്രീയ പഠനവും നൽകാതെ ഹോംനഴ്സിങ് എന്ന പേരിൽ സ്വകാര്യ ഏജൻസികൾ ആളുകളെ നിയമിച്ചുവരുന്ന സാഹചര്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് ഈ ജനകീയ നഴ്സുമാർ. ജീവിത സായന്തനത്തിൽ രോഗങ്ങൾ തളർത്തുന്ന ജീവിതങ്ങൾക്ക് സ്നേഹത്തണലേകാനും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് ബ്ലോക്ക് ഈ പദ്ധതി ഏറ്റെടുത്തതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നാലുമാസം ദൈർഘ്യമുള്ള പരിശീലനമാണ് ഇവർക്ക് നൽകിയത്. തിയറി, പ്രായോഗിക പരിശീലനം എന്നീ വിഭാഗത്തിലായിരുന്നു പ്രധാനമായും പരിശീലനം. പാലിയേറ്റീവ് കെയർ ടീമിനൊപ്പവും മാത്തിൽ ഐ.ആർ.പി.സി കേന്ദ്രം, പിലാത്തറ ഹോപ്പ്, ഉമ്മറപ്പൊയിൽ ശാന്തി നികേതൻ എന്നീ സാന്ത്വന പരിപാലനകേന്ദ്രങ്ങൾ വഴിയും പെരിങ്ങോം താലൂക്ക് ആശുപത്രി, കരിവെള്ളൂർ സി.എച്ച്.സി, പയ്യന്നൂർ സഹകരണ ആശുപത്രി, പയ്യന്നൂർ അനാമയ ആശുപത്രി എന്നീ സ്ഥാപനങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.
മാതൃകാ സിലബസ് ഇല്ലാത്തതിനാൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹോം ഹെൽത്ത് എയ്ഡ് ഷോട്ട് ടേം ട്രൈനിങ് കരിക്കുലത്തിന്റെ കൈപുസ്തകം ഉപയോഗപ്പെടുത്തി. പരിചയ സമ്പന്നയായ പ്രിൻസിപ്പലിന്റെ കീഴിൽ വിദഗ്ധരായ അധ്യാപകരായിരുന്നു പരിശീലകർ. പദ്ധതിക്ക് നാലു ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം വകയിരുത്തിയത്.
പദ്ധതി പ്രവർത്തന മേൽനോട്ടത്തിന് ഉപസമിതിയും പ്ലേസ്മെന്റ് സെല്ലും രൂപവത്കരിച്ചിട്ടുണ്ട്. 15 പേരാണ് നിലവിൽ പരിശീലനം പൂർത്തീകരിച്ചിട്ടുളളത്. ഇതിന് ഒരു ഡാറ്റാബാങ്ക് തയ്യാറാക്കി പ്ലേസ്മെന്റ് സെൽ വഴി നിയമനം ആവശ്യപ്പെടുന്നവർക്ക് ആവശ്യപ്പെടുന്ന കാലയളവിലേക്ക് നൽകും.
പ്ലേസ്മെന്റ് സെൽ വഴി തന്നെ വേതനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇവർക്ക് പ്രത്യേക യൂനിഫോമും നൽകും. പ്ലേസ്മെന്റ് ഉദ്ഘാടനം 21ന് രാവിലെ 11ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. കലക്ടർ എസ്. ചന്ദ്രശേഖർ യൂനിഫോമും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.