Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightജീവിതം നെയ്യുന്ന ഊടും...

ജീവിതം നെയ്യുന്ന ഊടും പാവും

text_fields
bookmark_border
ജീവിതം നെയ്യുന്ന ഊടും പാവും
cancel

ചരിത്രത്തിന്റെ താളുകളിൽ തൃശ്ശിലേരി, പോരാട്ടത്തിന്റെയും വിപ്ലവത്തിന്റെയും കഥകളുടെയും മണ്ണാണ്. വയനാട്ടിലെ ഗോത്രജീവിതത്തിന്റെ സ്വന്തം ഭൂമിക. അവരുടെ നിനവുകളും കനവുകളും വേവുകളുംകൊണ്ട് പഴുത്ത മണ്ണ്. അവിടത്തെ ജീവിതതാളത്തിനും ആ കരുത്തും കഴമ്പുമുണ്ട്. മണ്ണിൽ സ്വപ്നങ്ങളുടെ വിത്തുപാകി ജീവിച്ചിരുന്ന അവർക്കിടയിലേക്ക് പ്രതീക്ഷയുടെ ഊടും പാവുമായി 1999ൽ ഉയർന്ന ഒരു സ്ഥാപനമുണ്ട്. വയനാട് ഹാൻഡ് ലൂം ആൻഡ് പവർലൂം മൾട്ടി പർപസ് കോഓപറേറ്റിവ് സൊസൈറ്റി അഥവാ വയനാട് നെയ്ത്തുഗ്രാമം.

കഴിഞ്ഞ 23 വർഷമായി ജീവിതം നെയ്തെടുക്കാൻ ഒരു സമൂഹത്തിന് കരുത്തേകുകയാണ് ഇവർ. ഒരു സഹകരണ സംഘം പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗത്തെ ചേർത്തുപിടിക്കുന്നതിന്റെ മികച്ച മാതൃകയാണത്. അത് അതിജീവനമെന്ന വെറുംപറച്ചിലിനപ്പുറം തൊടുന്ന കരകളൊരുപാടാണ്, ജീവിതങ്ങളും.

ആദിവാസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർക്കായി അവരുടെ പുനരധിവാസം ലക്ഷ്യമാക്കി ആരംഭിച്ചതാണെങ്കിലും ഇന്ന് ഒട്ടേറെ പേർക്കാണ് നെയ്ത്തുഗ്രാമം കൈത്താങ്ങാവുന്നത് പ്രധാനമായും സ്ത്രീകൾക്കുതന്നെ. ഇവിടുള്ള തൊഴിലാളികളിൽ 95 ശതമാനവും പട്ടികവർഗ വിഭാഗത്തിലുൾപ്പെട്ടവരാണ് ശേഷിക്കുന്ന അഞ്ചുശതമാനം പൊതുവിഭാഗത്തിലുള്ളവരും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം കൃത്യമായ പരിശീലനം നൽകിയാണ് തൊഴിൽ നൽകുന്നത്. ശമ്പളത്തോടൊപ്പം എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ഉറപ്പുനൽകുന്നുമുണ്ട്. മഹാമാരിയുടെ പ്രതിസന്ധി കാലത്തും തൊഴിലാളികളെ ഇങ്ങനെ ചേർത്തുപിടിച്ചതിൽതന്നെ ഈ സ്ഥാപനത്തിന്റെ കരുതൽ വ്യക്തം.

സൊസൈറ്റിയുടെ തുടക്കം

തുടക്കത്തിൽ രൂപവത്കരിക്കപ്പെട്ടത് സഹകരണ സംഘമായിരുന്നില്ല, ഒരു പ്രാഥമിക കമ്മിറ്റിയായിരുന്നു. ആദിവാസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർക്കായി എന്തു ചെയ്യാനാവുമെന്ന ചിന്തയാണ് കമ്മിറ്റി രൂപവത്കരണത്തിലേക്കെത്തിച്ചത്. ചർച്ചക്കൊടുവിൽ സംഘം അന്നത്തെ വ്യവസായ മന്ത്രി സുശീല ഗോപാലനെ സന്ദർശിച്ച് വിഷയം പറഞ്ഞു. അതിന്റെ തുടർച്ചയായി വിദഗ്ധസംഘം പ്രദേശത്ത് പഠനം നടത്തുകയും നെയ്ത്തുകേന്ദ്രം എന്ന ആശയം ഉടലെടുക്കുകയുമായിരുന്നു. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ ഫെഡറേഷൻ അഥവാ ടെക്സ്ഫെഡിന്റെ കീഴിലാണ് നെയ്ത്തുശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. ആദിവാസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർക്ക് നെയ്ത്തിൽ പരിശീലനം നൽകാനും പുനരധിവാസം ഉറപ്പാക്കാനുമായിരുന്നു ലക്ഷ്യമിട്ടത്. അതിന്റെ ഭാഗമായാണ് സഹകരണ സംഘം രൂപവത്കരിച്ചത്. പിന്നീട് അതിന്റെ നേതൃത്വത്തിലായി പ്രവർത്തനങ്ങൾ.


സ്ഥലമേറ്റെടുത്ത് കെട്ടിടനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടക്കം മുതൽതന്നെ സ്വന്തം ഭൂമിയും കെട്ടിടവും ലഭ്യമായി എന്നത് നെയ്ത്തുഗ്രാമത്തിന്റെ നേട്ടങ്ങളിലൊന്നാണ്. 14 ഏക്കർ ഭൂമിയിൽ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിലായിരുന്നു കെട്ടിടനിർമാണം. അങ്ങനെ 1999ൽ ഔദ്യോഗികമായി വയനാട് ഹാൻഡ്‍ലൂം ആൻഡ് പവർലൂം മൾട്ടി പർപസ് കോഓപറേറ്റിവ് സൊസൈറ്റി പ്രവർത്തനം തുടങ്ങി. പാർശ്വവത്കരിക്കപ്പെട്ട ജനതക്ക് കൈത്താങ്ങാവുകയാണ് തുടക്കം മുതൽ തങ്ങളുടെ ലക്ഷ്യമെന്നും ലാഭേച്ഛയേക്കാൾ സാമൂഹിക മുന്നേറ്റത്തിനുതന്നെയാണ് പ്രാധാന്യമെന്നും സൊസൈറ്റി ചെയർമാൻ പി.ജെ. ആന്റണി പറയുന്നു.

പ്രകൃതിയെ അറിഞ്ഞ്...

പ്രകൃതിയോട് ഇണങ്ങിയുള്ള കെട്ടിടങ്ങളാണ് വയനാട് നെയ്ത്തുഗ്രാമത്തിന്റെ വലിയ സവിശേഷത. ഇവിടത്തെ മുളങ്കൂട്ടങ്ങൾക്കും മരങ്ങൾക്കുമൊപ്പം ചേർന്നുനിൽക്കുന്നതാണ് നിർമിതികളും. വർഷങ്ങളിത്ര കഴിഞ്ഞിട്ടും കെട്ടിടങ്ങൾക്കൊന്നും കേടുപാടുകളില്ല. നെയ്ത്തുയന്ത്രങ്ങളുടെ ശബ്ദങ്ങൾക്കിടയിലും ശാന്തമാണ് അന്തരീക്ഷം. യന്ത്രത്തറി യൂനിറ്റും കൈത്തറി യൂനിറ്റും കൂടാതെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള ഔട്ട്ലെറ്റ്, ഓഫിസ്, ഗോഡൗൺ, തൊഴിലാളികൾക്ക് താമസിക്കാനുള്ള ഒമ്പത് ക്വാർട്ടേഴ്സുകൾ എന്നിവയാണ് ഇവിടെയുള്ളത്. അവശേഷിക്കുന്ന ഭൂമി കൃഷിക്കായി പാട്ടത്തിനും നൽകിയിട്ടുണ്ട്.

നെയ്യുന്നതിങ്ങനെ

വയനാട് നെയ്ത്തുഗ്രാമം തൃശ്ശിലേരി, തിരുനെല്ലി എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. തൃശ്ശിലേരിയിൽ യന്ത്രത്തറി വിഭാഗവും കൈത്തറി വിഭാഗവുമുണ്ട്. 55 പേരാണ് ഇവിടെ തൊഴിലാളികളായുള്ളത്. കൈത്തറി വിഭാഗം മാത്രമുള്ള തിരുനെല്ലിയിലുള്ളത് 17 തൊഴിലാളികളാണ്. പത്താംതരം യോഗ്യതയുള്ളവരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്ത് തൊഴിൽ നൽകുന്നത്. നെയ്ത്തിലും പാക്കിങ്ങിലുമെല്ലാം പരിശീലനം ഉറപ്പുവരുത്തുന്നതിനാൽ തൊഴിലാളികൾക്ക് എല്ലാ മേഖലകളിലും ജോലി ചെയ്യാനാവുന്നുവെന്നതാണ് പ്രത്യേകത.

മുമ്പ് മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ ഉൽപാദനം നടന്നിരുന്നു. കോവിഡ് പ്രതിസന്ധി വന്നതോടെ ഒറ്റ ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. തുണി നിർമാണത്തിനാവശ്യമായ നൂലിന്റെ ലഭ്യതക്കുറവാണ് കോവിഡ് വന്നതോടെ ഇവരനുഭവിക്കുന്ന വെല്ലുവിളി. നൂല് ഡൈ ചെയ്തെത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്.

യന്ത്രത്തറിയുപയോഗിച്ചും കൈത്തറി ഉപയോഗിച്ചും ഇവിടെ നെയ്യുന്നുണ്ട്. ഇങ്ങനെ നെയ്ത തുണികൾ ടെക്സ്റ്റൈൽ വിഭാഗത്തിലെത്തിച്ചാണ് വിവിധ വസ്ത്രങ്ങൾ നിർമിക്കുന്നത്. വസ്ത്രനിർമാണത്തിൽ പ്രാവീണ്യമുള്ളവരാണ് ടെക്സ്റ്റൈൽ യൂനിറ്റിന്റെ കരുത്ത്. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ഒരു ഫാഷൻ ഡിസൈനറും ഇവിടുണ്ട്. ബെഡ്ഷീറ്റ്, ധോത്തി, തോർത്ത്, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കുർത്തി, സാരി, മാസ്കുകൾ തുടങ്ങിയവയാണ് ഇവിടെ നിർമിക്കുന്നത്. പ്ലാസ്റ്റിക് രഹിത, പ്രകൃതിസൗഹൃദ ഷോപ്പിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെയ്ത്തുഗ്രാമം വിപണിയിലിറക്കുന്ന പഴ്സ് കം ഷോപ്പിങ് ബാഗ് ശ്രദ്ധേയമായ ഉൽപന്നമാണ്.

വിപണന മാർഗം

ഉൽപന്നങ്ങളുടെ വിൽപന മാത്രമാണ് ഇവരുടെ വരുമാനമാർഗം. നെയ്ത്തുഗ്രാമത്തിലെ ഉൽപന്നങ്ങളുടെ പ്രധാന വിപണനമാർഗം ഇവരുടെ തന്നെ കീഴിലുള്ള ഔട്ട്ലെറ്റ് മുഖാന്തരമാണ്. വയനാട് ജില്ലയിൽ തൃശ്ശിലേരി, മാനന്തവാടി, മീനങ്ങാടി, തിരുനെല്ലി എന്നിവിടങ്ങളിലാണ് നെയ്ത്തുഗ്രാമത്തിന് സ്വന്തമായി ഔട്ട്ലെറ്റുകളുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംഘടിപ്പിക്കുന്ന എക്സിബിഷനുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും അത് വ്യാപകമല്ല. സർക്കാർ ഓഫിസുകളും വീടുകളും സന്ദർശിച്ച് വിൽപന നടത്താറുമുണ്ട്. നബാർഡിന്റെ ധനസഹായത്തോടെ ഇക്കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത സഞ്ചരിക്കുന്ന മിനി ഔട്ട്ലെറ്റ് വിപണിയിൽ ഗുണം ചെയ്യുമെന്നാണ് ഇപ്പോൾ ഇവരുടെ പ്രതീക്ഷ.

വിവിധ ബ്രാൻഡുകളിലായാണ് വയനാട് നെയ്ത്തുഗ്രാമത്തിന്റെ തുണിത്തരങ്ങൾ വിപണിയിലെത്തുന്നത്. തിരുനെല്ലി കൈത്തറി, തൃശ്ശിലേരി കോട്ടൺ, വീവേഴ്സ്, ഹ്യൂസ് എന്നീ ബ്രാൻഡുകളിലായി കസവ് ദോത്തി, കൈത്തറി ഷർട്ട്, കൈത്തറി സാരി, കളർ ദോത്തി, ചുരിദാർ മെറ്റീരിയൽ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള കുർത്തി, കുർത്ത, ബെഡ്ഷീറ്റുകൾ, ബാഗ്, ചവിട്ടി എന്നിവയാണുള്ളത്. ഗുണമേന്മയും പാരമ്പര്യത്തനിമയുമാണ് ഈ ഉൽപന്നങ്ങളുടെ പ്രത്യേകത.

കോവിഡ് കാലത്ത് വിവിധ സർക്കാർ വകുപ്പുകളുമായി കൈകോർത്ത് ബെഡ്ഷീറ്റ്, മാസ്കുകൾ എന്നിവ നിർമിച്ചുനൽകാൻ നെയ്ത്തുഗ്രാമത്തിനായിട്ടുണ്ട്.

വെല്ലുവിളികൾ, പ്രതീക്ഷകൾ

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എല്ലാ മേഖലകളെയും പോലെ നെയ്ത്തുഗ്രാമത്തെയും ബാധിച്ചിട്ടുണ്ട്. അതിനെ മറികടന്ന് വിപണിയിൽ ചുവടുറപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നെയ്ത്തുഗ്രാമത്തെകൂടി ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് അതിലൊന്ന്. വിനോദസഞ്ചാരികൾക്ക് നെയ്ത്ത് പരിചയപ്പെടുത്താനും പ്രകൃതിരമണീയമായ നെയ്ത്തുഗ്രാമത്തിന്റെ പരിസ്ഥിതി അവർക്ക് ലഭ്യമാക്കാനുമാണ് ശ്രമം. ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. www.wayanadneithgramam.com എന്ന വെബ്സൈറ്റും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWeaving Village
News Summary - Wayanad Weaving Village week end story
Next Story