മാറ്റിവെച്ച പരീക്ഷ കല്യാണ ദിവസം; മിന്നുകെട്ട് കഴിഞ്ഞ് തസ്ലീന പരീക്ഷാ ഹാളിലേക്ക്
text_fieldsകോവിഡ് ബാധിച്ചതും കണ്ണൂർ സർവകലാശാലയുടെ പരീക്ഷ മാറ്റിവെക്കലും പനമരം കാപ്പുംചാലിലെ ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർഥിനി തസ്ലീനയെ തെല്ലൊന്നുമല്ല വലച്ചത്. രണ്ടാമതു നിശ്ചയിച്ച വിവാഹദിവസം തന്നെ ഒടുവിൽ പരീക്ഷയും എത്തി.
ഒന്നും നോക്കിയില്ല, മിന്നുകെട്ട് കഴിഞ്ഞ് തസ്ലീന നേരെ പോയത് പരീക്ഷാ ഹാളിലേക്ക്. വിവാഹവസ്ത്രവും അണിഞ്ഞെത്തിയ സഹപാഠിയെ കണ്ടപ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കൗതുകം. രണ്ട് മാസങ്ങൾക്ക് മുേമ്പ വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹത്തിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
ഇതോടെ വിവാഹം ഈമാസം 18ലേക്ക് മാറ്റി. 10ന് നടക്കേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റർ പരീക്ഷ ആർമി റിക്രൂട്ട്മെൻറ് നടക്കുന്നതിനാലാണ് 18ലേക്ക് മാറ്റിയത്. വിവാഹവും പരീക്ഷയും ഒരേ ദിവസമായിട്ടും ഉന്നത വിദ്യാഭ്യാസമെന്ന തസ്ലീനയുടെ സ്വപ്നത്തോടൊപ്പവും പരീക്ഷ എഴുതണമെന്ന ദൃഢനിശ്ചയത്തോടൊപ്പവും ചേർന്നുനിൽക്കാൻ വീട്ടുകാരും പുതുമണവാളനും തയാറായതോടെ മണവാട്ടിയും ഹാപ്പിയായി.
ഡബ്ല്യു.എം.ഒ മാനേജ്മെൻറും അധ്യാപകരുമാണ് വിവാഹദിനത്തിലും പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചതെന്ന് തസ്ലീന അഭിപ്രായപ്പെട്ടു. നെല്ലിയമ്പം ഗവ. ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) മുൻ വയനാട് ജില്ല പ്രസിഡൻറുമായ കീടക്കാടൻ കുഞ്ഞിമുഹമ്മദിെൻറയും കദീജയുടെയും മകളാണ്. സഹോദരൻ: നബീൽ. തരുവണ സ്വദേശി ഷൗക്കത്താണ് വരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.