Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aisha sultana
cancel

''ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താൻ ആളുണ്ടാവും. പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടി വരും. തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണൂ. ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യാറായിറങ്ങൂ.എന്നാൽ നിങ്ങൾക്ക് അന്തസ്സോടെ ജീവിക്കാം...''- പിറന്ന മണ്ണിനുവേണ്ടി പോരാടു​േമ്പാൾ മുൻ രാഷ്​ട്രപതി എ.പി.ജെ അബ്​ദുൽ കലാമിന്‍റെ ഈ വാക്കുകളാണ്​ എനിക്ക്​ പ്രചോദനമാകുന്നത്​. ഇന്നത്തെ സാഹചര്യത്തിൽ ലക്ഷദ്വീപ്​ ജനതയിലെ ഓരോരുത്തരും പ്രതിജ്ഞ പോലെ മനസ്സിൽ ഉരുവിടേണ്ട വാക്കുകളാണിത്​. അവരത്​ ചെയ്യുന്നുണ്ട്​ എന്നതിന്​ ജൂൺ ഏഴിന്​ നടന്ന ലക്ഷദ്വീപ്​ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഹർത്താൽ തന്നെ ഉദാഹരണം. തോൽക്കാൻ മനസ്സില്ലെന്ന്​ ഉ​റക്കെ പറഞ്ഞ്​, ദ്വീപ്​ ജനത ഒറ്റക്കെട്ടായി നിന്ന ആ നാൾ ഒരു തുടക്കം മാത്രമാണ്​.

തോൽപ്പിക്കാനാകാത്തവിധം ശക്തനല്ല ഒരു എതിരാളിയുമെന്നും തരണം ചെയ്യാൻ കഴിയാത്ത വിധം ദുർഘടമല്ല ഒരു പ്രശ്നവുമെന്നും എത്തിച്ചേരാനാകാത്ത വിധം വിദൂരമല്ല ഒരു ലക്ഷ്യവുമെന്നും ഞങ്ങളെ പഠിപ്പിച്ചതിൽ കേരളത്തിനും വലിയ പങ്കുണ്ട്​. നൂറ്റാണ്ടുകൾക്ക്​ മു​േമ്പ കേരളവുമായി പലതരത്തിൽ ബന്ധമുണ്ട്​ ലക്ഷദ്വീപുകാർക്ക്​. കേരളീയ സംസ്​കാരവുമായും ജനങ്ങളുമായും ബന്ധവും വംശീയ സാദൃശ്യവും ഉള്ളവരാണ്​ ഞങ്ങൾ. ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയുടെ നാട്​, കടലിനക്കരെയുള്ള കേരളം കുട്ടിക്കാലത്ത്​ തന്നെ എന്‍റെ സ്വപ്​നഭൂമിയായിരുന്നു. അങ്ങിനെ ദ്വീപിൽ നിന്ന്​ കേരളത്തിലേക്ക്​ ഒഴുകി വന്നവളാണ്​ ഞാൻ. അറിവിൽ നിന്ന്​ അറിവിലേക്കുള്ള ഒഴുക്ക്​. അതിങ്ങനെ തുടർന്നുകൊ​ണ്ടേയിരിക്കും.


ഭൂമിയിലൊരു സ്വർഗം, ദൈവമനസ്സുള്ള നാട്ടുകാർ

ലക്ഷദ്വീപ്​ സമൂഹത്തിലെ ദ്വീപുകൾ രൂപപ്പെട്ടിട്ട്​ പതിനായിരത്തിലേറെ വർഷങ്ങളായെന്ന്​ ചരിത്രകാരന്മാർ പറയുന്നു. ചരിത്രാതീത കാലത്ത് ഉറഞ്ഞുകൂടിയ മണൽത്തരികളാൽ രൂപപ്പെട്ട പവിഴത്തുരുത്തുകൾ ചെറിയ ചെറിയ ദ്വീപുകളായി മാറി പിന്നീട് അവിടെ കൃഷിയും ജനവാസവും ആരംഭിക്കുകയായിരുന്നു. ജൈന, ബുദ്ധ, ഹിന്ദു, ഇസ്​ലാം മതസംഹിതകളിലൂടെ പരിവർത്തനം ചെയ്യപ്പെട്ട ജനത. ചോളന്മാർ, ചേരമാൻ, കോലോതിരി, ചിറയ്ക്കൽ, അറക്കൽ, ടിപ്പു സുൽത്താൻ, പറങ്കികൾ, വെള്ളക്കാർ എന്നിവരു​ടെയൊക്കെ ഭരണത്തിൻകീഴിൽ ജീവിച്ചവർ. ഇപ്പോൾ നടക്കുന്നതുപോലെയുള്ള ചെറുത്തുനിൽപ്പിന്‍റെയും പോരാട്ടത്തിന്‍റെയും നിരവധി ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണിത്​.

ക്രൂരമായ നടപടികളിലൂടെ ദ്വീപ്​ ജനതയെ അടക്കിഭരിക്കാൻ ശ്രമിച്ച പോർച്ചുഗീസുകാർക്കെതിരെ ഒറ്റക്കെട്ടായി പോരാടിയ ചരിത്രമുണ്ട്​ ഈ ജനതക്ക്​. ദീർഘകാലം അറക്കൽ രാജവംശത്തിന്‍റെ കീഴിലായിരുന്നു ലക്ഷദ്വീപ്​. 1787ൽ അമിനി, കടമത്ത്​, ചെത്​ലാത്ത്​, കിൽതാൻ, ബിത്ര തുടങ്ങിയ ദ്വീപുകൾ ടിപ്പു സുൽത്താന്‍റെ ആധിപത്യത്തിന്​ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷമാണ്​ ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലാകുന്നത്​. സ്വാതന്ത്ര്യാനന്തരം 1956 നവംബർ ഒന്നിന്​ കേന്ദ്രഭരണ പ്രദേശവുമായി. പിന്നീട്​ സ്വാത​ന്ത്ര്യത്തിന്​ മുമ്പ്​ വൈസ്രോയിമാർ ഇന്ത്യ ഭരിച്ചതുപോലായി ഞങ്ങളുടെ കാര്യം. ഞങ്ങൾ തെരഞ്ഞെടുത്തവരല്ല ഞങ്ങളെ ഭരിക്കുന്നത്​. അതിന്​ അഡ്​മിനിസ്​ട്രേറ്റർമാരെത്തി. 37ാമത്തെ അഡ്​മിനിസ്​ട്രേറ്ററാണ്​ ഇപ്പോൾ ദ്വീപിന്‍റെ സമാധാനം തകർക്കാൻ ശ്രമങ്ങൾ നടത്തുന്ന പ്രഫുൽ ഖോഡ പ​േട്ടൽ.

ഹസ്രത്ത്​ ഉബൈദുള്ള എന്ന തങ്ങൾ വഴി ഇസ്​ലാം മതം എത്തുന്നതിന്​ മുമ്പ്​ എ.ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസികൾ ദ്വീപിൽ ഉണ്ടായിരുന്നതായി ചില രേഖകളിലുണ്ട്​. പഴയ തറവാടുകൾ എല്ലാം ഇല്ലങ്ങൾ എന്ന പേരിലാണ്​ ഇന്നും അറിയപ്പെടുന്നത്. ഈ പാരമ്പര്യങ്ങളുടെയെല്ലാം സങ്കലന ഫലമായുള്ള സംസ്​കാരവും നന്മയും ​​മേന്മയും ഇവിടുത്തെ ജനങ്ങൾക്കുണ്ട്​. ഭൂമിയിൽ ഒരു സ്വര്‍ഗം ഉണ്ടെങ്കിൽ അത്​ ലക്ഷദ്വീപാണെന്ന്​ ഞങ്ങൾ മാത്രമല്ല, ഇവിടെ വന്നുപോകുന്ന സഞ്ചാരികളെല്ലാം പറയുന്ന കാര്യമാണ്​. സമാധാനവും നന്മയും മാത്രം ആഗ്രഹിക്കുന്നവരാണ് ഞങ്ങളുടെ ജനത. ശരിക്കും ദൈവത്തിന്‍റെ മനസുള്ള ആളുകൾ. അവരുടെ ആ മനസ്സിനും രീതിക്കും ഒരു മാറ്റവും ഇതുവരെ കണ്ടിട്ടില്ല. അടുത്ത തലമുറയും അതേ സംസ്​കാരം തന്നെ തുടരുന്നുമുണ്ട്​. എന്തെങ്കിലും പ്രശ്​നമുണ്ടായാൽ ഒരുമിച്ച്​ നിൽക്കുന്നതിന്​ ഒന്നും അവർക്ക്​ തടസ്സമാകുകയുമില്ല. എന്‍റെ ഉമ്മ ഹവ്വ പറയും, അവരുടെ കാലത്തൊക്കെ സ്​റ്റേജിൽ കയറി ഡാൻസ്​ ചെയ്​തിട്ടുണ്ട്​ എന്ന്​. അപ്പോൾ പിന്നെ ഞങ്ങളുടെ തലമുറ അനുഭവിച്ച സ്വാത​ന്ത്ര്യം പറയേണ്ടതില്ലല്ലോ. ഞങ്ങളൊക്കെ നാട്ടിലെ സൂപ്പർസ്റ്റാറുകളായാണ്​ വളർന്നത്​. എവിടെ സ്​റ്റേജ്​ ഉണ്ടോ അവിടെ ഞങ്ങൾ ഉണ്ടാകും. ഒരു നിരുത്സാഹപ്പെടുത്തലോ വിലക്കോ ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല.

ഇന്ന്​ ഒരുവിഭാഗം ഫാഷിസ്റ്റുകൾ രാജ്യദ്രോഹികളെന്ന്​ മുദ്രകുത്തുന്ന ഞങ്ങളുടെ നാട്ടുകാരുടെ ഏറ്റവും വലിയ ആഘോഷം ഇന്ത്യൻ സ്വാതന്ത്ര്യദിനമായിരുന്നു എന്ന്​ അവരിൽ എത്രപേർക്ക്​ അറിയാം. ലക്ഷദ്വീപുകാരുടെ ഏറ്റവും വലിയ ഉത്സവം​ സ്വാത​ന്ത്ര്യദിനം ആണ്​. പെരുന്നാളുകൾ ആഘോഷമാണെങ്കിലും അത്​ പുതുവസ്​ത്രങ്ങൾ ധരിച്ച്​ ബന്ധുവീടുകളിൽ പോകുന്നതിൽ ഒതുങ്ങും. ഇത്​ അങ്ങിനെയല്ല, ഒരുനാട്​ മുഴുവൻ അന്ന്​ ഒന്നുചേരും. നേവി, പൊലീസ്​, വിദ്യാഭ്യാസ വകുപ്പ്​ തുടങ്ങി എല്ലാ വിഭാഗങ്ങളും മാസങ്ങൾക്കുമു​േമ്പ ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങും. ഞങ്ങൾ കുട്ടികളുടെ കലാ-കായിക മത്സരങ്ങളുടെയെല്ലാം സമ്മാനം ലഭിക്കുക അന്നത്തെ ചടങ്ങിലാണ്​. ദ്വീപുകാർ ഗാന്ധി പ്രതിമയിൽ പുഷ്​പാർച്ചന നടത്തുന്നില്ലെന്ന്​ പരാതിപ്പെടുന്നത്​ രാഷ്​ട്രപിതാവിനെ വെടിവെച്ചുകൊന്നവർ തന്നെയാണെന്ന്​ ഓർക്കണം. ഞാൻ ജനിച്ച ചെത്​ലാത്ത്​ ദ്വീപിന്‍റെ വടക്കുഭാഗത്ത്​ കാലങ്ങൾ കൊണ്ട്​ രൂപപ്പെട്ടുവന്ന്​, പിന്നീട്​ ദ്വീപിന്‍റെ ഭാഗമായി വന്ന പ്രദേശത്തിന്​​ ഗാന്ധിജിയുടെ പേര്​ നൽകിയ ജനതയാണ്​ ഞങ്ങളുടേത്​.


ലക്ഷദ്വീപിലെ 'കുത്തും വെട്ടും'

ക്രിമിനലുകളും മയക്കമരുന്നു ഉപയോഗിക്കുന്നവരുമൊക്കെയാണ്​ ലക്ഷദ്വീപിലുള്ളതെന്ന്​ പറയുന്നവർ അറിയേണ്ട ഒരു സംഭവമുണ്ട്​. ഒരിക്കൽ എന്‍റെ സുഹൃത്തിന്‍റെ ​​മൊബൈൽ ദ്വീപിൽ നഷ്​ടപ്പെട്ടു. ഒരു ദിവസം കഴിഞ്ഞ്​ അന്വേഷിച്ച്​ ചെന്നപ്പോൾ അത്​ വീണിടത്ത്​ തന്നെ കിടപ്പുണ്ടായിരുന്നു. അന്യന്‍റെ ഒരു വസ്​തുപോലും ആഗ്രഹിക്കാത്തവരുടെ നാടാണ്​ അതെന്നുള്ളതിന്‍റെ ഏറ്റവും ചെറിയ ഉദാഹരണം മാത്രമാണത്​. ഞങ്ങളോടു കാണിക്കുന്ന അനീതിക്കുള്ള മറയായിട്ടാണ്​ ഈ ആരോപണങ്ങളെല്ലാം ഇപ്പോൾ ഉന്നയിക്കപ്പെടുന്നത്​. ദ്വീപിനെതിരായി മറുവിഭാഗം ഉന്നയിക്കുന്ന വിവിധ മേഖലകളിലെ ആരോപണങ്ങളോട്​ പ്രതികരിക്കാൻ ​ഞാൻ യോഗ്യയാകുന്നത്​ പല കാരണങ്ങൾ കൊണ്ടാണ്​.

ഗാന്ധിജിയെ ഞങ്ങൾ ആദരിക്കുന്നില്ലെന്ന ആരോപണത്തിന്​ മറുപടി ​പറയാൻ എനിക്കാകുന്നത്​ അദ്ദേഹത്തിന്‍റെ പേരുള്ള ഭൂപ്രദേശമുള്ള ദ്വീപിൽ ജനിച്ചയാളാണ്​ ഞാൻ എന്നതിനാലാണ്​. മതത്തി​ന്‍റെ പേരും പറഞ്ഞുള്ള ആക്രമണത്തിന്​ ഉത്തരം എന്‍റെ ഫേസ്​ബുക്കിലെ പ്രൊഫൈൽ പിക്ചറും വാട്​സ്​ആപ്പ്​ ഡിപിയുമാണ്​. ശിവവിഗ്രഹത്തിന്​ മുന്നിൽ ഞാൻ നിൽക്കുന്ന ചിത്രമാണത്​. ഞാൻ പഠിച്ച മിനിക്കോയ്​ ദ്വീപിലെ ശിവക്ഷേത്രത്തിലെ വിഗ്രഹം നിർമിച്ചത്​ ലക്ഷദ്വീപുകാരനാണ്​. പോർട്ട്​ മംഗലാപുരത്തേക്ക്​ മാത്രമായി ഒതുക്കുന്നതിനെ എതിർക്കുന്നത്​ അവിടുത്തെയും കൊച്ചി, ബേപൂർ തുറമുഖങ്ങളിലെയും സാഹചര്യങ്ങൾ നന്നായിട്ടറിയാവുന്ന കച്ചവടക്കാരി എന്ന നിലക്കാണ്​. മൃഗസംരക്ഷണ മേഖലയിലെ അനീതിയെ ചോദ്യം ചെയ്യുന്നത്​ എന്‍റെ പിതാവ്​ വെറ്ററിനറി വകുപ്പിൽ ജോലിക്കാരനായിരുന്നതിനാലാണ്​. സിനിമ മേഖലയെ കുറിച്ചുള്ള പൊള്ളത്തരങ്ങൾ പൊളിക്കാനാകുന്നത്​ അവിടെ നിന്നുള്ള സിനിമ പ്രവർത്തക എന്ന നിലക്കാണ്​.

ദ്വീപിന്‍റെ സാംസ്​കാരിക വൈവിധ്യങ്ങൾ കണ്ടാണ്​ ഞാൻ വളർന്നത്​. സമ്പന്നമായ കലാപാരമ്പര്യമുള്ളവരാണ്​ ലക്ഷദ്വീപുകാർ. ഡോലിപ്പാട്ട്​, ഉലക്കമുട്ട്​ പാട്ട്​, കാറ്റുവിളി പാട്ട്​, കൈകൊട്ടി പാട്ട്​, ലാവാ നൃത്തം തുടങ്ങി ഒ​േട്ടറെ തനത്​ കലാരൂപങ്ങളും വൈവിധ്യമാർന്ന പാട്ട്​ പാരമ്പര്യവും ദ്വീപിനുണ്ട്​. ചെറുപ്പകാലത്ത്​ പലരുടെയും മനോഹരമായ പാട്ടുകേട്ട്​ അന്തംവിട്ട്​ ഇരുന്നിട്ടുണ്ട്​ ഞാൻ. പെരുന്നാൾ ദിവസം അരങ്ങേറുന്ന ദഫ്​മുട്ടും കുത്തുംവെട്ടുമാണ്​ മറ്റൊരു പ്രത്യേകത. ഈ കുത്തും വെട്ടും 'മൂത്തോൻ' സിനിമയിൽ കാണിക്കുന്നുണ്ട്​. പെരുന്നാൾ ദിവസം ദഫ്​മുട്ട്​ സംഘം എല്ലാ വീടുകളിലും കയറിയിറങ്ങും. ആ പരിസരത്തെ വീട്ടിലെ മുതിർന്നവരും കുട്ടികളും ഈ സംഘത്തെ അനുഗമിക്കും. അസർ നമസ്​കാരം കഴിയുന്ന സമയത്ത്​ പല വഴിക്ക്​ പോയ ദഫ്​മുട്ട്​ സംഘങ്ങളും നാട്ടുകാരുമെല്ലാം പള്ളി മൈതാനത്ത്​ ഒന്നിക്കും. ദഫ്​മുട്ട്​ സംഘങ്ങളെല്ലാം ഒരുമിച്ച്​ താളം കൊട്ടി തുടങ്ങും. 'നടത്തം പടിക്കൽ' എന്നാണ്​ ഇതിന്​ പറയുക.


ചെറിയ താളത്തിൽ തുടങ്ങി മുറുകി ധ്രുതതാളത്തിലെത്തുന്ന ഈ കൊട്ടൽ കാണുന്നത്​ ഒരു പ്രത്യേക അനുഭൂതിയാണ്​. പലരും തലകറങ്ങി വീഴുക വരെ ചെയ്യും. മഗ്​രിബ്​ നമസ്​കാരത്തിന്​ തൊട്ടുമുമ്പാണ്​ ഇത്​ അവസാനിക്കുക. ഇശാ നമസ്​കാരത്തിന്​ ശേഷമാണ്​ കുത്തും വെട്ടും നടക്കുക. ദഫ്​മുട്ടിന്‍റെ താളത്തിനും പാട്ടിനുമൊപ്പിച്ച്​ ചുവടുകൾ വെക്കുന്നവർ കത്തി കൊണ്ട്​ ദേഹം മൊത്തം വരയുന്നത്​ കൊണ്ടാണ്​ ഇതിനെ കുത്തും വെട്ടും എന്ന്​ വിളിക്കുന്നത്​ (കേരളത്തിൽ ചിലയിടങ്ങളിൽ കുത്തുറാത്തീബ്​ എന്ന പേരിൽ ഇതിന്‍റെ മറ്റൊരു രൂപം അരങ്ങേറാറുണ്ട്​). ചോര പൊടിയാതെയാണ്​ കുത്തുംവെട്ടും നടക്കുന്നത്​.

പരമ്പരാഗത കലകളിൽ മാത്രമല്ല, ആധുനിക കാലത്തെ കലാരൂപങ്ങളിലും ദ്വീപുകാർ കഴിവ്​ തെളിയിക്കുന്നുണ്ട്​. എ​ഴുത്തുകാർ, ചിത്രകാരന്മാർ, പാട്ടുകാർ എന്നിവരിലൂടെ കടന്ന്​ ഇപ്പോൾ ഷോർട്ട്​ ഫിലിം എടുക്കുന്നവരും വ്ലോഗർമാരും റാപ്​ പാട്ടുകാരും വരെ ദ്വീപിലുണ്ട്​. പരിമിതമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ കഴിവ്​ പുറത്തെത്തിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്​. കഠിനാധ്വാനം ചെയ്യാൻ മനസുള്ളവരാണ്​ അവർ. എനിക്കറിയാവുന്ന കുറച്ചു പയ്യന്മാർ അടുത്തിടെ ഒരു ടെലിഫിലും ചിത്രീകരിച്ചത്​ ഓർത്താൽ സങ്കടം വ​രും.

മൊബൈലിൽ ആണ്​ അവർ അത്​ ചിത്രീകരിച്ചത്​. ലൈറ്റ്​ ഇല്ലാത്തതിനാൽ മൂന്ന്​ ബൈക്കുകളുടെ ഹെഡ്​ ലൈറ്റ്​ തെളിച്ചായിരുന്നു ചിത്രീകരണം. അവസരം കിട്ടിയാൽ അത്​ഭുതങ്ങൾ സൃഷ്​ടിക്കാൻ കഴിയുന്നവരാണ്​ ദ്വീപിലുള്ളത്​. അവരുടെ കഴിവ്​ പുറംലോകത്തെത്തിക്കാൻ കഴിയുന്നത്ര സഹായങ്ങൾ ചെയ്യുകയാണ്​ എന്‍റെ ലക്ഷ്യം. ദ്വീപിൽ ചിത്രീകരിക്കുന്ന സിനിമകളുടെ അണിയറയിൽ എല്ലാം അവിടുത്തെ ചെറുപ്പക്കാരുണ്ട്​. കാമറ, സംവിധാനം, പ്രൊഡക്ഷൻ തുടങ്ങി പല മേഖലകളിലും അവർ സജീവ പങ്കാളികളാണ്​. ദ്വീപിലെ ജസ്​രി ഭാഷ ആർക്കും മനസ്സിലാകില്ല. പത്ത്​ ദ്വീപിലും പത്ത്​ ശൈലിയാണ്​ ഉള്ളത്​. മിനികോയ്​ ദ്വീപിൽ മാത്രമാണ്​ ലിപിയുള്ള മഹൽ എന്ന ഭാഷ ഉപയോഗിക്കുന്നത്​. അതിൽ നിരവധി പുസ്​തകങ്ങളും പാട്ടും നിലവിലുണ്ട്​.


അമ്മുക്കുട്ടി ടീച്ചറിന്‍റെ കൈപിടിച്ച്​ അമ്പലത്തിൽ പോയിരുന്ന കുട്ടിക്കാലം

ചെത്​ലാത്ത്​ എന്ന ദ്വീപിലാണ്​ ഞാൻ ജനിക്കുന്നത്​. ബാപ്പ കുഞ്ഞിക്കോയക്ക്​ ലക്ഷദ്വീപിലും ഉമ്മ ഹവ്വക്ക്​ മംഗലാപുരത്തുമാണ്​ വേരുകൾ. ബാപ്പയെ അമ്പുക്കോയ എന്നാണ്​ നാട്ടുകാർ സ്​​നേഹത്തോടെ വിളിച്ചിരുന്നത്​. വെറ്ററിനറി വകുപ്പിൽ ജോലിക്കാരനായിരുന്ന ബാപ്പ നാട്ടിൽ പച്ചക്കറി/പലചരക്ക്/തുണി എന്നിവ വിൽക്കുന്ന കടയും നടത്തിയിരുന്നു. കച്ചവടം ചെയ്യു​േമ്പാൾ പോലും ആളുകളുടെ ഉള്ളിലേക്ക്​ എങ്ങിനെ നോക്കണം എന്ന്​ എന്നെ പഠിപ്പിച്ചത്​ ബാപ്പയാണ്​. കടയിലേക്ക്​ സാധനങ്ങൾ വരു​േമ്പാൾ അവയെല്ലാം 45 കിറ്റുകളിലാക്കി വാപ്പ എന്‍റെ കൈയിൽ തന്നുവിടുമായിരുന്നു.

പാവപ്പെട്ട 45 വീടുകളിൽ എത്തിക്കാൻ. തുണിത്തരങ്ങൾ എത്തു​േമ്പാഴും അങ്ങിനെ തന്നെ. ജനിച്ച്​ രണ്ട്​ മാസം കഴിഞ്ഞപ്പോളാണ്​ ഞാൻ മിനികോയ്​ ദ്വീപിലെത്തുന്നത്​. അവിടെ സർക്കാർ ക്വാ​േട്ടഴ്​സിലായിരുന്നു താമസം. അതിന്​ തൊട്ടടുത്താണ്​ ശിവന്‍റെ ക്ഷേത്രം. എന്നും രാവിലെ അവിടെ നിന്നുള്ള പാട്ടും അമ്പലമണിയടിയും കേട്ടാണ്​ ഞാൻ ഉണർന്നിരുന്നത്​. ഞാൻ അവിടെ നിത്യസന്ദർശകയായിരുന്നു. അവിടുത്തെ മലയാളി പൂജാരി പറഞ്ഞ കഥകൾ കേട്ടാണ്​ ഞാൻ വളർന്നത്​. കേരളത്തെ കുറിച്ചും ഹിന്ദു ദൈവങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞുതന്നത്​ അ​ദ്ദേഹമാണ്​. അങ്ങിനെയൊക്കെയാണല്ലോ നമ്മുടെ ചിന്തകളും വളരുക. വളർന്നപ്പോൾ ഓരോ കാര്യങ്ങളിലെ നെഗറ്റിവും പോസിറ്റിവും തിരിച്ചറിയാൻ എനിക്ക്​ അടിത്തറയിട്ടത്​ ഇത്തരം അനുഭവങ്ങളാണ്​.

സ്​കൂളിൽ എന്നെ മലയാളം പഠിപ്പിച്ചിരുന്ന മലയാളിയായ അമ്മുക്കുട്ടി ടീച്ചറും അതിൽ വലിയ പങ്ക്​ വഹിച്ചിട്ടുണ്ട്​. ​ടീച്ചർ അമ്പലത്തിൽ പോകു​േമ്പാൾ ചൂണ്ടുവിരലിൽ പിടിച്ച്​ ഞാനും കൂടെ പോയിരുന്നു. ഞാൻ ചെറുപ്പം മുതലേ അമ്പലത്തിൽപോയിരുന്ന കുട്ടിയാണെന്ന്​ ദ്വീപിൽ എല്ലാവർക്കും അറിയാം. പക്ഷേ, ആരും അതിനെ ചോദ്യം ചെയ്​തിരുന്നില്ല. എന്‍റെ എഫ്​.ബിയിലെ ​പ്രൊഫൈൽ പിക്​ചറിന്​ ഒരു​മോശം കമന്‍റ്​ പോലും ലക്ഷദ്വീപിൽ നിന്ന്​ ഉണ്ടായിട്ടില്ല. ഒരിഷ്​ടം തോന്നിയാൽ അത്​ കാണിക്കണം. അതിലാണ്​ ​എന്‍റെ സന്തോഷം. ആ ഇഷ്​ടവും സ​ന്തോഷവും ഒളിച്ചുവെക്കാൻ എനിക്ക് അറിയാത്തത്​ കൊണ്ടാണ്​ ഇതെല്ലാം തുറന്നുപറയുന്നത്​. ​

സ്​കൂളിൽ പഠിക്കു​േമ്പാൾ സമീപത്തെ ക്വാ​േട്ടഴ്​സിലൊക്കെ താമസിക്കുന്ന ഞങ്ങൾ പത്ത്​ മുപ്പത്​ കുട്ടികൾ എല്ലാ വൈകുന്നേരവും അമ്പലത്തിൽ പാട്ട്​ വെക്കു​േമ്പാൾ അവിടെ അടുത്ത്​ അടുക്കിവെച്ചിരുന്ന ഇഷ്​ടികക്കൂട്ടം സ്​റ്റേജാക്കി അറിയാവുന്ന രീതിയിൽ ഡാൻസ്​ ചെയ്​തിരുന്നു. ആ ഡാൻസ്​ കണ്ട്​ ഒരു ഓണക്കാലത്ത്​ അമ്മുക്കുട്ടി ടീച്ചർ ഞങ്ങളെ തിരുവാതിര വേഷമൊക്കെ കെട്ടിച്ച്​ സ്​റ്റേജിൽ കയറ്റി ഡാൻസ്​ കളിപ്പിച്ചിരുന്നു. 'പരിണയം' എന്ന സിനിമയിലെ 'പാർവണേന്ദു മുഖി പാർവതി' എന്ന പാട്ടിനൊത്താണ്​ അന്ന്​ ഞങ്ങൾ ചുവടുകൾ വെച്ചത്​. അതെല്ലാം ഉൾ​ക്കൊള്ളാൻ അന്ന്​ ദ്വീപുകാർക്ക്​ കഴിഞ്ഞിരുന്നു. ഇന്നും കടലിലേക്ക്​ ബോട്ടുകൾ ഹിന്ദു ആചാരപ്രകാരം തേങ്ങയൊക്കെ ഉടച്ച്​ ഇറക്കുന്ന എത്രയോ പേർ ദ്വീപിലുണ്ട്​. എനിക്ക്​ കേരളത്തെ പരിചയപ്പെടുത്തി തന്ന, എന്നെ കേരളത്തിലെത്തിച്ച രണ്ടുപേർ അന്നത്തെ ആ മലയാളി പൂജാരിയും അമ്മുക്കുട്ടി ടീച്ചറുമാണ്​. അദ്ദേഹം ഇന്ന്​ ജീവിച്ചിരിപ്പില്ല. അമ്മുക്കുട്ടി ടീച്ചർ എവിടെയെന്ന്​ അറിയുകയുമില്ല. ടീച്ചർ ഇന്ന്​ ജീവിച്ചിരിപ്പുണ്ട്​ എങ്കിൽ ദ്വീപിനെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറ്റാൻ രംഗത്തെത്തുമെന്ന്​ എനിക്ക്​ ഉറപ്പുണ്ട്​. ആ പ്രതീക്ഷ ഞാൻ ഇനിയും ഞാൻ ഉപേക്ഷിച്ചിട്ടില്ല. ​

മംഗലാപുരം കൃഷ്​ണപുരത്താണ്​ ഉമ്മയുടെ കുടുംബം ഉള്ളത്​. ഉമ്മയുടെ ഉപ്പ മുഹമ്മദ്​ എനിക്ക്​ ഇട്ട പേര്​ ഹസീറ എന്നാണ്​. കടലിന്‍റെ രാജ്​ഞി എ​ന്നർഥം വരുന്ന പേരാണത്​. ബാപ്പയിട്ട പേരാണ്​ ഐഷ സുൽത്താന എന്നത്​. ബാപ്പയുടെ ഉമ്മ എന്നെ വിളിച്ചിരുന്നത്​ ഐഷ മാബി എന്നാണ്​. സ്​ത്രീകൾക്ക്​ തുണയായി നിൽക്കുന്നവൾ എന്ന അർഥത്തിലാണ്​ അവർ ആ പേര്​ ഇട്ടത്​. ഭാവിയിൽ എന്‍റെ കർമ്മമേഖല ഇതൊക്കെ ആകുമെന്ന്​ അവർ മുൻകൂട്ടി കണ്ടിരിക്കാം. കടലിന്‍റെ നാടായ ലക്ഷദ്വീപിനെ സംരക്ഷിക്കാനാണ്​ എന്‍റെ പോരാട്ടത്തിലൂടെ ഞാൻ ശ്രമിക്കുന്നത്​. സ്​ത്രീകളുടെ പ്രശ്​നങ്ങൾ വിശകലനം ചെയ്യുന്ന സിനിമയാണ്​ എ​േന്‍റത്​.

എട്ടാം ക്ലാസ്​ കഴിഞ്ഞ്​ ഞാൻ മിനികോയ്​ ദ്വീപിൽ നിന്ന്​ ചെത്​ലാത്തിലേക്ക്​ പോയി. പത്ത്​ വരെ പഠിച്ചത്​ അവിടെയാണ്​. അതിനുശേഷം പ്ലസ്​ടുവിനാണ്​ കോഴിക്കോട്​ എത്തുന്നത്​. നടക്കാവ്​ എം.ഇ.എസിലായിരുന്നു പഠനം. അപ്പോൾ കോഴിക്കോട്​ നിന്ന്​ സാധനങ്ങൾ വാങ്ങി ബേപൂർ വഴി അയച്ചിരുന്നു. പിന്നീട്​ കൊച്ചിയിലെത്തിയപ്പോളും മംഗലാപുരത്ത്​ പോകു​​േമ്പാളും അവിടങ്ങളിലെ തുറമുഖങ്ങളിൽ നിന്നും സാധനങ്ങൾ ദ്വീപിലേക്ക്​ അയച്ചിട്ടുണ്ട്​. അതുകൊണ്ട്​ മൂന്നിടത്തെയും സംസ്​കാരവും രീതികളും ഗുണവുംദോഷവും അറിയാവുന്നതിനാലാണ്​ പോർട്ട്​ മംഗലാപുരം മാത്രമാക്കി മാറ്റുന്നതിനെ ഞാൻ എതിർത്തത്​. ​

കോഴിക്കോട്​ പഠിച്ച ശേഷമാണ്​ ബി.എ മലയാളം പഠിക്കാൻ തിരുവനന്തപുരം യുനിവേഴ്​സിറ്റി കോളജിൽ ചേരുന്നത്​. അവിടെ കലാപരിപാടികളിൽ സമ്മാനം ലഭിച്ചപ്പോളാണ്​ ചാനലുകാർ ശ്രദ്ധിക്കുന്നതും അവതാരകയായി വിവിധ ചാനലുകളിൽ പ്രവർത്തിച്ചതും. ഒരുവർഷത്തോളം മോഡലിങും ചെയ്​തു. വിവിധ നല്ല ബ്രാൻഡുകളുടെ മോഡലായി വന്നിട്ടുണ്ട്​. പിന്നീട്​ അതിലെ താൽപര്യം നഷ്​ടപ്പെട്ടു. അവസരങ്ങൾ സുഹൃത്തുക്കൾക്കായി നൽകി ആ രംഗത്തുനിന്ന്​ മാറി. 2011ൽ സംവിധായകൻ ശശിശങ്കർ സാറിന്‍റെ 'സ്​റ്റെപ്​സ്​' എന്ന സിനിമയിൽ (അത്​ റിലീസ്​ ആയില്ല) ക്ലാപ്​ അടിച്ച്​ സംവിധാന സഹായിയായി സിനിമ രംഗത്ത്​ ചുവടുവെച്ചു. പിന്നീട്​ ലാൽ ജോസ്​ സാറിന്‍റെ കൂടെ 'വെളിപാടിന്‍റെ പുസ്​തകം' എന്ന സിനിമയിലൂടെ സഹസംവിധായികയായി. സിനിമകളുടെ നിലവാരം ഇഷ്​ടപ്പെടാഞ്ഞതിനാൽ ജോലി ചെയ്​ത ചില ​പ്രോജക്​ടുകളിൽ പേര്​ വെ​ക്കേണ്ട എന്ന പറഞ്ഞുപോലും പ്രവർത്തിച്ചിട്ടുണ്ട്​.

2013ലാണ്​ കൊച്ചിയിൽ 'ഗെറ്റ്​ സം എയർ' എന്ന പേരിൽ പരസ്യ ഏജൻസി തുടങ്ങുന്നത്​. അത്​ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനിടെയാണ്​ ജീവിതത്തിലുണ്ടായ ചില നൊമ്പരങ്ങൾ മൂലം ഏജൻസിയുടെ പ്രവർത്തനം നിർത്തേണ്ടി വന്നത്​. പിന്നീട്​ എന്‍റെ ആവിഷ്​കാരത്തിനുള്ള മാർഗം സിനിമയാണെന്ന്​ തിരിച്ചറിഞ്ഞ്​ അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഐഷയും സഹോദരൻ ഷാഹിദും. ഒരു പഴയ ചിത്രം

ഉറക്കമുണരു​​േമ്പാൾ രണ്ട്​ കൈകളും ഇല്ലാത്ത അവസ്​ഥ

2016 നവംബർ നാല്​. ബാപ്പ മരിച്ച ദിവസം. ഏറെ തളർന്നുപോയ നാളുകൾ. രണ്ട്​ മാസം കൂടി കഴിഞ്ഞ്​ എന്‍റെ എല്ലാ​െമല്ലാമായിരുന്ന അനുജൻ ഷാഹിദും മരിച്ചു. 2017 ജനുവരി 12ന്​. ഒരുദിവസം ഉറക്കമുണരു​േമ്പാൾ രണ്ടുകൈകളും ഇല്ലാതെ ഇനി ജീവിച്ചുകൊള്ളൂ എന്ന്​ ദൈവം പറഞ്ഞതുപോലുള്ള അവസ്​ഥയിലായി ഞാൻ. ഉമ്മയും മറ്റൊരു അനുജൻ ഷെർസാദും അതേ അവസ്​ഥയിൽ തന്നെ. അപ്പോൾ പിന്നെ അവരുടെ കൈകൾ ആകാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെയാണ്​ ഉമ്മയെയും ഷെർസാദിനെയും കൂട്ടി ഞാൻ കൊച്ചിയിൽ താമസമാരംഭിക്കുന്നത്​.

മറ്റൊരു കാരണം കൂടിയുണ്ട്​. എന്‍റെ ബാപ്പയെ കബറടക്കിയിരിക്കുന്നത്​ മട്ടാഞ്ചേരി ജുമാ മസ്​ജിദിലെ ഖബർസ്​ഥാനിലാണ്​. ആ ശരീരം അലിഞ്ഞുചേർന്ന മണ്ണാണിത്​. ലക്ഷദ്വീപിലെ ഡോക്​ടർ ചികിത്സ വൈകിച്ചതുകൊണ്ടാണ്​ എന്‍റെ ബാപ്പ മരിക്കുന്നത്​. ഹൃദയാഘാതം വന്ന അ​ദ്ദേഹത്തെ മൂന്ന്​ ദിവസത്തിന്​ ശേഷമാണ്​ കൊച്ചിയിൽ എത്തിക്കാനായത്​. മൂത്രത്തിൽ പഴുപ്പ് ആണെന്ന്​ പറഞ്ഞാണ്​ ഡോക്​ടർ ചികിത്സ വൈകിച്ചത്​. ഈ അനാസ്​ഥ​ക്കെതിരെ കേരന്ദ സർക്കാറിനും മനുഷ്യാവകാശ കമ്മീഷനും ഒക്കെ ഞാൻ പരാതി നൽകിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഈ അനുഭവമുള്ളതുകൊണ്ടാണ്​ ലക്ഷദ്വീപിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരു കത്തെങ്കിലും കേന്ദ്രത്തിന്​ അയ​ച്ചോ എന്ന്​ ബി.ജെ.പിക്കാർ ചോദിച്ചപ്പോൾ ഞാൻ ഇല്ല എന്ന്​ പറഞ്ഞത്​. നടപടി ഉണ്ടാകി​െല്ലന്ന് മുൻ അനുഭവമുള്ളപ്പോൾ ഞാൻ എന്തിന്​ അതിന്​ മെനക്കെടണം? ആ സമയം കൂടി ക്രിയാത്​മക സമരമുറകൾക്ക്​ ഉപയോഗിക്കുകയല്ലേ വേണ്ടത്​?

ഇന്നും വിശ്വസിക്കാൻ പ്രയാസമുള്ള ഒരു നൊമ്പരമാണ്​ അനുജൻ ഷാഹിദിന്‍റെ വിയോഗം. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ അവൻ 21ാം വയസ്സിൽ കടലിൽ വെച്ചാണ്​ മരിക്കുന്നത്​. ​അവസാനശ്വാസം കടലിൽ വെച്ചായിരിക്കണം എന്നായിരുന്നു അവന്‍റെ ആഗ്രഹവും​. എന്നെക്കാളേറെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ചിരുന്നവനാണ്​ അവൻ. പ്ലസ്​ടു കഴിഞ്ഞ്​ ഡിഗ്രിക്ക്​ പോകാതെ ജനസേവനത്തിന്​ ഇറങ്ങിയ അവൻ സി.പി.എം ​പ്രവർത്തകൻ ആയിരുന്നു. നാടിന്‍റെ എല്ലാ പ്രശ്​നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന അവന്‍റെ ചിന്തയിലും പ്രവൃത്തിയിലുമെല്ലാം ലക്ഷദ്വീപ്​ മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ വിവിധ പ്രശ്​നങ്ങൾ ചെറിയ കടലാസുകളിൽ എഴുതി മുറിയുടെ ചുമർ നിറയെ ഒട്ടിച്ചുവെച്ചിരുന്നു അവൻ. ഇടപെടാനുള്ള വിഷയങ്ങൾ, ഇടപെടാനുള്ള സമയത്ത്​ ഓർമിക്കുന്നതിന്​ വേണ്ടിയായിരുന്നു അത്​. ആംബുലൻസിന്‍റെ കാര്യം, കടലിലെ പ്രശ്​നങ്ങൾ, മത്സ്യ​ത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. ഇന്ന്​ അവൻ ഉണ്ടായിരുന്നെങ്കിൽ ലക്ഷദ്വീപിന്​ വേണ്ടി ചെയ്യുമായിരുന്ന കാര്യങ്ങളാണ്​ അവനുവേണ്ടി ഞാൻ ചെയ്യുന്നത്​. അതൊക്കെ ചെയ്​ത്​ പൂർത്തിയാക്കിയി​​േട്ട അവന്‍റെ ഖബറിടത്തിലേക്ക്​ ഇനി ഞാൻ പോകൂ. ​


ദ്വീപിൽ ആർ.ടി-പി.സിആറിന്​ വേണ്ടി വാദിച്ചതിന്‍റെ ​പ്രതികാരം

ലക്ഷദ്വീപിൽ ആർ.ടി-പി.സി.ആർ പരിശോധന വേണമെന്ന്​ പരസ്യമായി വാദിച്ചതിന്‍റെ പേരിലാണ്​ ഞാൻ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടാകുന്നത്​. എല്ലാ പെർമിഷനുകളും വാങ്ങി സിനിമ ചിത്രീകരിക്കാൻ പോയ എന്നെ അവർ ഇതിന്‍റെ പേരിൽ പല രീതികളിലും ബുദ്ധിമുട്ടിച്ചു (എന്‍റെ ഇടപെടലുകൾ സിനിമയുടെ പ്രമോഷന്​ വേണ്ടി ആണെന്ന്​ ആരോപണമുള്ളതിനാൽ സിനിമയുടെ പേര്​ പറയുന്നില്ല). 2021 ജനുവരി 27നാണ്​ ഞങ്ങൾ ഷൂട്ടിങിനായി ലക്ഷദ്വീപിലെത്തുന്നത്​. ഏഴ്​ ദിവസം ക്വാറന്‍റീനിൽ ഇരുന്ന ശേഷം ഫെബ്രുവരി നാലിനാണ്​ ചിത്രീകരണം ആരംഭിക്കുന്നത്​. 12ന്​ ലോക്​ഡൗണും പിന്നീട്​ 144ഉം പ്രഖ്യാപിച്ചു. അന്ന്​ ആന്‍റിജെൻ ടെസ്​റ്റ്​ ആണ്​ ദ്വീപിലുണ്ടായിരുന്നത്​. പോസിറ്റീവ്​ കേസുകൾ കൂടി വരുന്നതിനാൽ ആർ.ടി-പി.സി.ആർ പരിശോധന വേണമെന്ന്​ ആവശ്യമുന്നയിച്ച്​ ഞാൻ ഇട്ട വോയ്​സ്​ ക്ലിപ്​ വൈറലായി. ഇതോടെയാണ്​ എന്‍റെ സിനിമയുടെ ചിത്രീകരണം മുടക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടായത്​.

പത്ത്​ ബോട്ടുകൾ ചിത്രീകരണത്തിന്​ ആവശ്യമായിരുന്നു. എത്താമെന്ന്​ ബോട്ടുകാർ സമ്മതിച്ചെങ്കിലും ഷൂട്ടിങ്​ ദിവസം ഒരു മണിക്കൂർ മാത്രമേ നിൽക്കു എന്ന്​ അവർ വാശിപിടിച്ചു. അങ്ങിനെ ആ സീൻ വിചാരിച്ച പോലെ എടുക്കാൻ പറ്റിയില്ല. സ്​കൂളിൽ കുട്ടികളെല്ലാം യൂനിഫോമിൽ വരുന്ന സീൻ ഉണ്ടായിരുന്നു. ഞാൻ ഓരോ ക്ലാസിലും കയറി കുട്ടികളോട്​ നാളെ യൂനിഫോം ധരിച്ച്​ വരണമെന്ന്​ പറയുകയും അവർ സന്തോഷത്തോടെ ആവേശ​ത്തോടെ സമ്മതിക്കുകയും ചെയ്​ത​​ു.എന്നാൽ, പിറ്റേദിവസം അവർ വന്നത്​ കളർ ഡ്രസ്സ്​ ഇട്ടാണ്​. ഞാൻ സ്​കൂളിൽ നിന്ന്​ പോയതിന്​ തൊട്ടുപിന്നാലെ ആരോ എല്ലാ ക്ലാസിിലും കയറി യൂനിഫോം ഇടേണ്ടതില്ലെന്ന്​ ഞാൻ പറഞ്ഞു എന്ന്​ പ്രചരിപ്പിച്ചതിനാലായിരുന്നു അത്​.

ഷൂട്ടിങിനായി ഒരു വീട്​ ഒരാൾ സൗജന്യമായി തരാ​മെന്ന്​ ഏറ്റതാണ്​. എന്നിട്ടും പ്രതിദിനം 5000 രൂപ വാടക കൊടുത്തു. ഷിഫ്​റ്റ്​ കഴിഞ്ഞ്​ വേറെ ഗെറ്റപ്പിലുള്ള ചില സീനുകൾ അവിടെ ചിത്രീകരിക്കാൻ എത്തിയപ്പോൾ അദ്ദേഹം 50,000 രൂപ വാടക ചോദിച്ചു. പിന്നെ ആ സീനുകൾ ബീച്ചിലാണ്​ ചിത്രീകരിച്ചത്​. 144 പ്രഖ്യാപിച്ചിട്ടും എന്‍റെ ഒരു പാട്ടുസീനിൽ അണിനിരക്കാൻ നിരവധി നാട്ടുകാർ മുന്നോട്ടുവന്നു. പക്ഷേ, എല്ലാവരെയും ആർ.ടി-പി.സി.ആർ നടത്തിയ ശേഷം അഭിനയിപ്പിച്ചാൽ മതി എന്ന്​ ഭരണകൂടം നിർദേശിച്ചു. ഇതനുസരിച്ച്​ രണ്ട്​ ദിവസം ഷൂട്ട്​ നിർത്തി എല്ലാവരുടെയും പരി​േശാധന നടത്തിയശേഷമാണ്​ പാട്ട്​ ചിത്രീകരിച്ചത്​. നാട്ടുകാർ എല്ലാ സഹകരണത്തിനും തയാറായിരുന്നു. ഭരണകൂടമാണ്​ എനിക്കെതിരെ അവരിൽ ചിലരെ അണിനിരത്തിയത്​. ക്രിയേറ്റിവിറ്റിയും ക്രൂവിന്‍റെ സഹകരണവും കൊണ്ട്​ ഞാനതെല്ലാം അതിജീവിക്കുകയായിരുന്നു.

സിനിമയുടെ തുടക്കത്തിൽ ലക്ഷദ്വീപിന്‍റെ പഴയകാലം കാണിക്കാൻ ഉരു ഉപയോഗിച്ചുള്ള സീൻ ഞാൻ പ്ലാൻ ചെയ്​തിരുന്നു. ഇതിന്​ കണ്ടെത്തിയ ഉരു ബങ്കാരത്ത്​ ആയിരുന്നു ഉണ്ടായിരുന്നത്​. അത്​ ഉൾപ്പെടുന്ന സീനുകൾ ഒറ്റ ദിവസം കൊണ്ട്​ തീർക്കണമെന്നും പിറ്റേന്ന്​ അത്​ കവരത്തിയിലെ ബാർ കൗണ്ടറിന്​ മുന്നിൽ പ്രദർശിപ്പിക്കാനായി കൊണ്ടുപോകുമെന്നും കലക്​ടർ അറിയിച്ചു. അങ്ങിനെ പ്ലാൻ ചെയ്​ത പെർഫക്ഷൻ ഇല്ലാതെ ആ സീനുകൾ ചിത്രീകരിക്കേണ്ടി വന്നു. ചിത്രീകരണം കഴിഞ്ഞതിന്‍റെ പിറ്റേന്ന്​ അത്​ കെട്ടിവലിച്ച്​ കവരത്തിയിലെത്തിച്ച്​ റിസോർട്ടിലെ ബാർ കൗണ്ടറിന്​ മുന്നിൽ പ്രദർശിപ്പിച്ചു. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിൽ അത്​ രണ്ട്​ കഷണമായി. ഒരു ചരിത്രമായിരുന്നു ആ ഉരു. എന്‍റെ നാടായ ചെത്​ലാത്തിലെ ഒരാൾ ഉണ്ടാക്കിയത്​. ഇനി അത്​ പൂർണരൂപത്തിൽ കാണണമെങ്കിൽ എന്‍റെ സിനിമയിലൂടെയേ പറ്റു.

ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളും ചില പ്രശ്​നങ്ങളുടെ പരിഹാരവും എന്‍റെ സിനിമയിലുണ്ട്​. ലക്ഷദ്വീപിന്‍റെ നെഗറ്റീവും പോസിറ്റീവും അതിലുണ്ട്​. ഒരു കഥാപാത്രത്തെയും ഭാവനയിൽ നിന്ന്​ ചിത്രീകരിക്കേണ്ടി വന്നില്ല. ഇതുകാണുന്ന ഓരോ ദ്വീപുകാരനും ഇത്​ ഞാനാണല്ലോ എന്ന്​ തോന്നും. കാണുന്ന ഓരോ മലയാളിക്കും ഞാൻ അവിടെ പോയാൽ ഇങ്ങിനെയാണല്ലോ എന്ന്​ തോന്നും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഈ സിനിമയിലുണ്ട്​. കടലിനെയും കരയെയും ഒറ്റ ശരീരമായി കണ്ടുകൊണ്ടുള്ള കൺസപ്​റ്റ്​ ആണ്​ സിനിമയിൽ. അത്​ എവിടെ വെച്ച്​ മുറിച്ചുമാറ്റിയാലും പ്രശ്​നമാണ്​. ആർക്കും ആരെയും രക്ഷപ്പെടുത്താൻ കഴിയില്ല. നിസ്സാര ​പ്രശ്​നങ്ങൾക്ക്​ വരെ ആത്​മഹത്യയിൽ അഭയം തേടുന്ന പെൺകുട്ടികൾക്കുള്ള മറുപടിയും ഈ സിനിമയിലുണ്ട്​.


കടൽ ഞങ്ങളുടെ ആത്​മാവ്​

മു​െമ്പങ്ങോ ബംഗളൂരുവിൽ നിന്ന്​ വാങ്ങിയ 'സോൾ' എന്നെഴുതിയ ഒരു കുപ്പിയിലാണ്​ ഞാൻ ഇന്നും വെള്ളം കുടിക്കുന്നത്​. കാരണം, ഞങ്ങൾ ദ്വീപുകാരുടെ ആത്​മാവ്​ ആണ്​ വെള്ളം അഥവാ കടൽ. ഞങ്ങൾ സംരക്ഷിക്കുന്നതും ഞങ്ങളെ സംരക്ഷിക്കുന്നതും കടലാണ്​. ഞങ്ങളുടെ ഏറ്റവും വലിയ കാവൽ പടയാളികളാണ്​ പവിഴപ്പുറ്റുകൾ. ദ്വീപിലെ ഓരോരുത്തരും വൈകുന്നേരങ്ങളിൽ ലഗൂണിലെത്തും. അതിൽ ചവിട്ടി നടക്കുന്നതിന്‍റെ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ആ കാവൽ പടയാളികളെ ഇല്ലാതാക്കിയാൽ എന്തിനും ലക്ഷദ്വീപിനെ ആക്രമിക്കാൻ കഴിയും.

എവിടെ കടൽ അനങ്ങിയാലും അതിന്‍റെ പ്രത്യാഘാതം ലക്ഷദ്വീപിലുണ്ടാകും. ഞങ്ങൾ ഓരോരുത്തരും പൊന്നുപോലെ നോക്കുന്ന ആ നിധിയെ തകർത്തിട്ടുള്ള എന്ത്​ വികനമാണ്​ അവിടെ കൊണ്ടുവരാൻ നോക്കുന്നതെന്ന്​ മനസ്സിലാകുന്നില്ല. ഞങ്ങൾ വികസനത്തിന്​ എതിരല്ല.എന്നാൽ, ദ്വീപിനെ ടൂറിസംവികസനത്തിന്‍റെ ​പേരിൽ തകർത്ത്​ കൊണ്ടല്ല, സാധാരണ ജനങ്ങളുടെ പുരോഗതിയിൽ ഉൗന്നുന്ന അടിസ്​ഥാന വികസനമാണ് വേണ്ടത്​. തദ്ദേശീയ ജനതയെ കൂടി കണക്കിലെടുക്കാതെയുള്ള പരിഷ്​കാരങ്ങളെയാണ്​ ഞങ്ങൾ എതിർക്കുന്നത്​. ദ്വീപിനെ ഇല്ലാതാക്കാനുള്ള ​ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ​ ജീവശ്വാസമായി കാണുന്ന സിനിമയെന്ന കരിയർ പോലും കളഞ്ഞ്​ മുൻനിരയിലുണ്ടാകുമെന്ന്​ ഞാൻ പ്രഖ്യാപിച്ചത്​ അതുകൊണ്ടാണ്​. അവസാനശ്വാസം കടലിൽ ആയിരിക്കണം എന്നാഗ്രഹിക്കുന്ന, കടലിന്‍റെ മകളായ എനിക്ക്​ അങ്ങിനെയാകാതിരിക്കാൻ കഴിയില്ലല്ലോ...

തയാറാക്കിയത്​​- ഇ.പി. ഷെഫീഖ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aisha sultanaSave Lakshadweep
News Summary - We will win this battle: Aisha Sultana
Next Story