നിയമസഭയിലേക്ക് 11 വനിതകൾ
text_fieldsകോട്ടയം: 15ാം നിയമസഭയിൽ വനിതകളുടെ പ്രാതിനിധ്യം രണ്ടക്കം കടന്നു. 44 വനിതസ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ വിജയകിരീടം അണിഞ്ഞത് 11 വനിതകൾ. സി.പി.എമ്മിൽനിന്ന് എട്ടുപേരും സി.പി.ഐയിൽനിന്ന് രണ്ടുപേരുമാണ് വിജയിച്ചത്. കോൺഗ്രസിന് ഇത്തവണയും വനിതപ്രതിനിധിയില്ല. ആർ.എം.പി സ്ഥാനാർഥി കെ.കെ. രമ യു.ഡി.എഫ് പിന്തുണയോടെ നിയമസഭയിലെത്തും. എൻ.ഡി.എ 18 വനിതകളെ മത്സരിപ്പിച്ചു. മുസ്ലിം ലീഗിെൻറ ഏക വനിതാസ്ഥാനാർഥി നൂർബിന റഷീദും തോൽവി ഏറ്റുവാങ്ങി.
സി.പി.എം പത്തു വനിതകളെയാണ് മത്സരിപ്പിച്ചത്. ഇതിൽ കെ.കെ. ൈശലജ (മട്ടന്നൂർ), ആർ. ബിന്ദു (ഇരിങ്ങാലക്കുട), വീണ ജോർജ് (ആറന്മുള), യു. പ്രതിഭ (കായംകുളം), ദലീമ ജോജോ (അരൂർ), കാനത്തിൽ ജമീല (കൊയിലാണ്ടി), ഒ.എസ്. അംബിക (ആറ്റിങ്ങൽ), കെ. ശാന്തകുമാരി (കോങ്ങാട്) എന്നിവർ വിജയിച്ചപ്പോൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ കുണ്ടറയിൽ തോറ്റു. സി.പി.ഐയുടെ രണ്ട് സ്ഥാനാർഥികളും വിജയിച്ചു. ചടയമംഗലത്തുനിന്ന് ചിഞ്ചുറാണിയും വൈക്കത്തുനിന്ന് സി.കെ. ആശയും.
വൈക്കം, അരൂർ, കായംകുളം മണ്ഡലങ്ങളിൽ വനിതകളുടെ നേരിട്ടുള്ള മത്സരമായിരുന്നു. വൈക്കത്ത് മൂന്നു മുന്നണികളുടെ സ്ഥാനാർഥികളും വനിതകളായിരുന്നു എന്നത് ശ്രദ്ധേയം. എൽ.ഡി.എഫിെൻറ സി.െക. ആശ കോട്ടയം ജില്ലയിലെ കൂടിയ ഭൂരിപക്ഷം നേടി വിജയിച്ചപ്പോൾ യു.ഡി.എഫിെൻറ ഡോ. പി.ആർ. സോനയും എൻ.ഡി.എയുടെ അജിത സാബുവും പരാജയപ്പെട്ടു. അരൂരിൽ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ച് ദലീമ ജോജോയും കായംകുളത്ത് അരിത ബാബുവിനെ തോൽപ്പിച്ച് യു. പ്രതിഭയും വിജയം നേടി.
ഏറ്റുമാനൂരിൽ മുന്നണികൾക്കൊപ്പം ചേരാതെ ഒറ്റക്ക് മത്സരിച്ച ലതിക സുഭാഷും ധർമടത്ത് വാളയാറിലെ അമ്മയും തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ നിയമസഭയിൽ എൽ.ഡി.എഫിലെ എട്ടു വനിത അംഗങ്ങളാണ് ആകെ ഉണ്ടായിരുന്നത്. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ അരൂരിൽനിന്ന് വിജയിച്ച കോൺഗ്രസിെൻറ ഷാനിമോൾ ഉസ്മാൻ കൂടി എത്തിയതോടെ എം.എൽ.എമാരുടെ എണ്ണം ഒമ്പതായി. 1996ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് വനിത പ്രാതിനിധ്യം രണ്ടക്കം കടന്ന് 13ൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.