കാട് കാക്കാന്‍ ഇവിടെ ഉള്ളത് വനിത ജീവനക്കാര്‍
text_fields
പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന പുന്നല മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ബി.എഫ്.ഒമാരില്‍ ഭൂരിപക്ഷവും വനിതകളാണ്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വനിതകള്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനാണ് കടശ്ശേരിയില്‍ ഉള്ളത്.
സ്ത്രീകള്‍ ഈ മേഖലയിലേക്ക് എത്തുന്നതില്‍ പ്രതിഷേധങ്ങളും ആശങ്കകളും ഏറെയുണ്ടായിരുന്നു. വന്യജീവി സംരക്ഷണവും വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവന്‍റെ സുരക്ഷിതത്വവുമൊക്കെ വനപാലകരുടെ ദൗത്യമാണ്.
അപകടം ഏറെയുള്ളതിനാല്‍ തന്നെയാണ് ഈ മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നവരവ് ആശങ്കകള്‍ സൃഷ്ടിച്ചതും. ഇവിടെയുള്ള പതിനാറ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ പന്ത്രണ്ട് പേരും വനിതകളാണ്. അതും ബിരുദവും ബിരുദാനന്തര ബിരുദവുമുള്‍പ്പെടെ യോഗ്യതയുള്ളവര്‍. തിരുവനന്തപുരം, കൊല്ലം സ്വദേശിനികളാണ് പന്ത്രണ്ട് പേരും.
കൊല്ലം നീണ്ടകര മുതല്‍ അച്ചന്‍കോവില്‍ വനമേഖല വരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ അധികാര പരിധിയാണ് പുന്നല മോഡല്‍ സ്റ്റേഷനുള്ളത്. പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി, നഗരവനം, പ്ലാന്‍റേഷന്‍ പ്രവര്‍ത്തനവുമൊക്കെ ഇവരുടെ കൈകളില്‍ ഭദ്രമാണ്. സ്റ്റേഷന്‍ പരിസരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിയും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഫോറസ്റ്റ് ഓഫീസും പുന്നലയാണ്. അര്‍ച്ചന രാജ്, സന്ധ്യ, സൗമ്യ, പാര്‍വതി, വിജി, രശ്മി, ശരണ്യ, പൂജ, സമീറ, അഞ്ജന, അമ്പിളി, ആര്യ എന്നിവരാണ് പുന്നല മാതൃകാ സ്റ്റേഷനിലെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.