സ്ത്രീ ശാക്തീകരണ രംഗത്ത് വേറിട്ടൊരു ദൈവവിളി
text_fieldsവൈക്കം: സ്ത്രീ ശാക്തീകരണ രംഗത്ത് വെറിട്ടൊരു ദൈവവിളിയാണ് സി. ത്രേസ്യാമ്മ മാത്യു.
തിരിച്ചറിയാൻ സഭ വേഷങ്ങളോ മുദ്രകളോയില്ലാത്ത ലളിത വസ്ത്രധാരണവുമായി, മിതത്വം പുലർത്തുന്ന സംസാരശൈലിയുമായി നൂറുകണക്കിന് സ്ത്രീകൾക്കാണ് ഇവർ പുതുജീവിതം സമ്മാനിച്ചത്. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഒ.എം.എം.െഎ) സഭാംഗവും അർച്ചന വിമൻസ് സെൻററിെൻറ അമരക്കാരിയുമാണ് സിസ്റ്റർ ത്രേസ്യാമ്മ മാത്യു.
1946 ജനുവരി 23ന് പാലാ പാഴുക്കുന്നേൽ മത്തായി മറിയം ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയവളായി ജനിച്ച ഇവർ, 21ാം വയസ്സിൽ ഒ.എം.എം.െഎ സമർപ്പിത സമൂഹാംഗമായി. സിസ്റ്ററിെൻറ ആദ്യ പ്രേഷിത രംഗം ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോപ്ടാക് എന്ന സ്ഥാപനത്തിലായിരുന്നു.
പാവപ്പെട്ട സ്ത്രീകൾക്ക് തയ്യൽ പരിശീലനവും തൊഴിലും നൽകുന്ന സ്ഥാപനമായിരുന്ന ഇവിടെ 1975 മുതൽ 1981വരെ സേവനമനുഷ്ഠിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡെവലപ്മെൻറ് സൊസൈറ്റിയിൽ ആറു വർഷം പ്രവർത്തിച്ചു. തുടർന്ന് കാനഡയിലെ കോഡി ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കമ്യൂണിറ്റി ഡെവലപ്മെൻറിൽ ഉന്നത വിദ്യാഭ്യാസം നേടിയ സിസ്റ്റർ, അർച്ചന വിമൻസ് സെൻററിന് രൂപംനൽകി.
നിർമാണമേഖലയിലാണ് ആദ്യം ഇവരുടെ കണ്ണെത്തിയത്. മൈക്കാട് പണിയിൽനിന്ന് മേസ്തിരി പണിയിലേക്ക് വളരാൻ കഴിയാത്ത സ്ത്രീകൾക്ക് ത്രേസ്യാമ്മ മാത്യു ഉണർത്തുപാട്ടായി. കൂലി തൊഴിലിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ആക്ഷേപവും അവസാനിപ്പിക്കാനും പുരുഷന്മാർക്ക് തുല്യമായ അംഗീകാരം നേടിക്കൊടുക്കാനും സിസ്റ്ററിന് സാധിച്ചു.
നിരന്തര ട്രെയിനിങ്ങും മാനസിക പിന്തുണയും സാമൂഹിക അവബോധവും ലക്ഷ്യവും നൽകി നിരവധി സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെടുത്തിയെടുത്തു. പണിയിടത്തിൽ പട്ടാളച്ചിട്ടയോടെ നീല ഷർട്ടും പാൻറ്സും തൊപ്പിയും ധരിച്ച വനിത തൊഴിൽസേന ചുറ്റികയും മുഴക്കോലും തൂക്കുകട്ടയും കരണ്ടിയും ഉളിയും കൊട്ടുവടിയും മറ്റ് പണി ആയുധങ്ങളുമായി അണിനിരന്നപ്പോൾ അത് പുതിയൊരു സാമൂഹിക മാറ്റത്തിന് തിരികൊളുത്തുകയായിരുന്നു.
ഏറ്റുമാനൂർ വെട്ടിമുകളിൽ വനിത സേന അർച്ചന വിമൻസ് സെൻററിെൻറ ഇന്നത്തെ ഹെഡ് ഓഫിസിെൻറ ബഹുനില കെട്ടിടം ണി പൂർത്തീകരിച്ചപ്പോൾ അർച്ചന വിമൻസ് സെൻറർ കേരളത്തിൽ മാത്രമല്ല ലോകത്തിെൻറ തന്നെ ശ്രദ്ധയാകർഷിച്ചു. പിന്നീട് നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും ഇവിടത്തെ വനിതകൾ നിർമിച്ചു. ഇതിൽ സ്വന്തം വീട് സ്വന്തമായി തന്നെ നിർമിച്ച വനിതകളും ഉണ്ട്.
മേസ്തരി ട്രെയിനിങ്ങും കാർപെൻററി ട്രെയിനിങ്ങും മാത്രമല്ല വിവിധ തലത്തിലും തരത്തിലുമുള്ള നിരവധി തൊഴിൽ വൈദഗ്ധ്യ പരിശീലനങ്ങൾക്കും അർച്ചന വിമൻസ് സെൻറർ നേതൃത്വം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.