ഇന്ത്യ- ചൈന അതിർത്തിയിൽ യുദ്ധവിമാനങ്ങൾ പറത്താൻ വനിതാ പൈലറ്റുമാർ
text_fieldsപെണ്ണുങ്ങൾക്ക് ഗ്യാസ്കുറ്റി ചുമക്കാനാകുമോ എന്ന പരിഹാസ ചോദ്യങ്ങൾ ഉന്നയിച്ച് നിർവൃതിയടയുന്നവർ കാണുക, അങ്ങ് ഇന്ത്യ -ചൈന അതിർത്തിയിൽ യുദ്ധവിമാനങ്ങൾ പറത്തുകയാണ് ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റുമാർ.
ചൈനയുടെ അതിർത്തിയിൽ സൈനിക വിന്യാസം തുടരുന്നതിനിടെ, അരുണാചൽ പ്രദേശും അസമും ഉൾപ്പെടുന്ന കിഴക്കൻ സെക്ടറിൽ പ്രവർത്തന സജ്ജരായിരിക്കുകയാണ് സേനയിലെ വനിതാ ഫൈറ്റർ പൈലറ്റുമാർ.
ഇന്ത്യൻ വ്യോമസേനയിൽ വനിതാ പൈലറ്റുമാരുടെയും ഗ്രൗണ്ട് ക്രൂവിന്റെയും എണ്ണം വർധിക്കുന്നതിനനുസരിച്ച് വനിതകൾ യുദ്ധമുഖത്തും സജീവമാകുന്നുണ്ടെന്ന് ഇന്ത്യൻ എയർഫോഴ്സ ഉദ്യോഗസ്ഥർ പറഞ്ഞു.
വനിതാ പൈലറ്റുമാരെയും ഗ്രൗണ്ട് ക്രൂ ഓഫീസർമാരെയും രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ജി ലാക് ഹയർ സെക്ടർ മുതൽ അരുണാചൽ പ്രദേശിലെ വിജയനഗറിലെ കിഴക്കേ അറ്റത്തുള്ള ലാൻഡിങ് ഗ്രൗണ്ട് വരെയുള്ള എല്ലാത്തരം ഭൂപ്രദേശങ്ങളിലും വനിതകൾ പ്രവർത്തിക്കുന്നുണ്ടെന്നും കിഴക്കൻ കമാൻഡിലെ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
കിഴക്കൻ സെക്ടറിലെ പൈലറ്റുമാർ പ്രദേശത്തെ ഏത് സംഭവത്തെ നേരിടാനും യഥാർഥ ഓപറേഷനിൽ കഴിവ് തെളിയിക്കാനും സജ്ജമാണെന്ന് സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ വനിതാ വെപ്പൺ സിസ്റ്റം ഓപറേറ്ററായ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് തേജസ്വി പറഞ്ഞു.
യഥാർഥ ഓപറേഷന്റെ ഭാഗമാകാനാണ് ഇന്ത്യൻ വ്യോമസേനയിലെ ഓരോ ഫൈറ്റർ പൈലറ്റും പരിശീലിക്കുന്നത്. കാരണം അവിടെയാണ് നമ്മുടെ കഴിവ് തെളിയിക്കാനാവുക. കിഴക്കൻ സെക്ടറിലെ പൈലറ്റുമാർ ഏത് സാഹചര്യത്തിലും പ്രവർത്തിക്കാൻ തയാറാണ്. ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് തേജസ്വി എ.എൻ.ഐയോട് പറഞ്ഞു.
'ഓരോ സന്ദർഭത്തിലും അതനുസരിച്ച് പ്രവർത്തിക്കാൻ മാനസികമായി തയാറാണ്. കാരണം ഞങ്ങളുടെ ദൈനംദിന പരിശീലനത്തിന്റെ നിർവഹണമാണ് അവിടെ സംഭവിക്കുന്ന'തെന്ന് തേജസ്വി കൂട്ടിച്ചേർത്തു. അതിർത്തിയിൽ ചൈനയുമായുള്ള തർക്കത്തിനിടെ അവിടുത്തെ ഓപറേഷനുകളുടെ ഭാഗമാകുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി.
അടുത്തിടെ നടന്ന യുദ്ധ പരിശീലനങ്ങളിൽ ഒന്നിലധികം കരസേന- വ്യോമസേന സംയുക്ത ഓപറേഷനുകളിൽ പങ്കെടുത്ത യുദ്ധവിമാന പൈലറ്റുമാരുടെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ പരിശീലനങ്ങൾ വളരെ ആവേശകരമായിരുന്നുവെന്നും ഇത് യഥാർഥ യുദ്ധത്തിനായി പൈലറ്റുമാരെ തയാറെടുക്കാൻ സഹായിക്കുന്നതാണെന്നും മറ്റൊരു സുഖോയ്-30 ഫൈറ്റർ പൈലറ്റായ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് സാക്ഷ്യ ബാജ്‌പേയ് പറഞ്ഞു.
പരിശീലന ദൗത്യങ്ങൾ ഞങ്ങളെ ലക്ഷ്യബോധമുള്ളവരാക്കാനും ഏത് ആകസ്മിക സാഹചര്യത്തെയും നേരിടാനും സഹായിക്കും. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മലയോര നിബിഡ വനപ്രദേശങ്ങളിലെ കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും പ്രവചനാതീതമായ സ്വഭാവം വെല്ലുവിളിയാണെങ്കിലും സ്വപ്ന സാക്ഷാത്കാരമാണെന്നും ബാജ്‌പേയ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.