ഇനി വനിതകളും ട്രെയിനോടിക്കും; മക്ക-മദീന ഹറമൈൻ അതിവേഗ ട്രെയിൻ ഡ്രൈവർമാരായി പരിശീലനം പൂർത്തിയാക്കി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇനി വനിതകൾ ട്രെയിൻ ഓടിക്കും. ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിനുകളിലൊന്നായ മക്ക-മദീന ഹറമൈൻ ട്രെയിൻ ഡ്രൈവർമാരായി സൗദി വനിതകൾ പരിശീലനം പൂർത്തിയാക്കി. തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ 32 വനിതകളാണ് യോഗ്യത നേടിയിരിക്കുന്നത്.
വനിത ഡ്രൈവർമാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് സൗദി റെയിൽവേ വലിയ ആഘോഷമായാണ് സംഘടിപ്പിച്ചത്. ട്രെയിനിന്റെ ഡ്രൈവിങ് കാബിനുള്ളിൽ നിന്ന് ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പരിശീലനത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിഡിയോ ക്ലിപ്പ് സൗദി റെയിൽവേ പുറത്തുവിട്ടു.
ഉയർന്ന സുരക്ഷയോടെയും സൂക്ഷ്മതയോടെയും സ്റ്റേഷനുകളിൽനിന്ന് തീവണ്ടി നീങ്ങുകയും കാലതാമസമോ പ്രശ്നങ്ങളോ കൂടാതെ അവസാന ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്യുന്നതിനായി ഇനിയും പുരുഷ-വനിത ക്യാപ്റ്റന്മാരെ പരിശീലിപ്പിക്കാൻ ഹറമൈൻ ട്രെയിനിന് താൽപര്യമുണ്ടെന്ന് പരിശീലകനായ മുഹന്നദ് ഷേക്കർ പറഞ്ഞു.
പശ്ചിമേഷ്യയിലെ ആദ്യത്തെ വനിത എക്സ്പ്രസ് ട്രെയിൻ ലീഡറാകാനുള്ള അവസരത്തിൽ നിരവധി വനിതകൾ അഭിമാനം പ്രകടിപ്പിക്കുകയും തീർഥാടകരെയും സന്ദർശകരെയും മക്കയിലും മദീനയിലും എത്തിക്കുന്നതിന് ശ്രദ്ധയോടെ പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്നും യുവതികളായ വനിത ഡ്രൈവർമാർ ഊന്നിപ്പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ തുടർച്ചയായാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിനിൽ ഡ്രൈവർമാരാകാൻ സൗദി വനിതകളെ യോഗ്യരാക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.