68ാം വയസ്സിലും കവിത തുളുമ്പുന്ന ‘ബാല്യ’വുമായി യശോദ നിർമല്ലൂർ
text_fieldsബാലുശ്ശേരി: 68ാം വയസ്സിലും കവിത തുളുമ്പുന്ന ‘ബാല്യ’വുമായി യശോദ നിർമല്ലൂർ. ജീവിതത്തിന്റെ ബാല്യ-കൗമാര-യൗവനങ്ങളിലെല്ലാം അടക്കിപ്പിടിച്ച കാവ്യസൗകുമാര്യത്തെ ഈ സായന്തനകാലത്ത് തുറന്നുവിട്ടിരിക്കയാണ് യശോദ നിർമല്ലൂർ എന്ന കവയിത്രി. കവിതയെഴുത്ത് ആത്മാവിഷ്കാര പ്രകാശനത്തിന്റെ ആയുധമാണെന്ന് വിശ്വസിക്കുന്ന യശോദക്ക് ഇന്ന് കവിതയെഴുത്തിൽ മാത്രമല്ല, സ്വന്തം കവിതകൾ അവതരിപ്പിക്കാൻ വേദികളിൽനിന്ന് വേദികളിലേക്കുള്ള യാത്രയുടെ തിരക്കുമുണ്ട്. മൂന്നു കവിത സമാഹാരങ്ങളാണ് ഈ അടുത്ത കാലത്തായി പ്രസിദ്ധീകരിച്ചത്.
ഭർത്താവ് ശ്രീധരൻ വളരെ നേരത്തേതന്നെ മരിച്ചതോടെ അനുഭവപ്പെട്ട ഏകാന്തതയും ദുഃഖവും ഒരു പരിധിവരെ മായ്ച്ചുനിർത്താൻ എഴുത്തിലൂടെ കഴിയുമെന്നാണ് ഇവർ കരുതുന്നത്. 1985 മുതൽ ബാലവാടി കൺവീനറായും ’91 മുതൽ അംഗൻവാടി ഹെൽപറായും ജോലി ചെയ്യുന്നതിനിടെതന്നെ സന്നദ്ധ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമുണ്ടായി.
’96-’97 വർഷത്തിൽ ആലുവ എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിലും ഹരിയാന ഫരീദാബാദ് എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിലും ന്യൂഡൽഹി ഗ്രീൻ ഫീൽഡ് ചിൽഡ്രൻസ് വില്ലേജിലും അനാഥബാല്യ സംരക്ഷണത്തിനായുള്ള മദർ ട്രെയിനിയായി ജോലി ചെയ്തു. 2015ൽ ആദ്യ കവിത സമാഹാരമായ ‘സായന്തനത്തിന്റെ കണ്ണുനീർ’ പ്രസിദ്ധീകരിച്ചു. 2018ൽ രണ്ടാമത്തെ പുസ്തകമായ ‘നിവേദ്യം’ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം 48 കവിതകളുടെ സമാഹാരമായ അസ്തമിക്കാത്ത സൂര്യനും പ്രസിദ്ധീകരിച്ചു. തൃക്കുറ്റിശ്ശേരി മഹാദേവ ശിവക്ഷേത്രത്തിനു വേണ്ടി 2022ൽ പ്രദക്ഷിണ വഴിയിൽ എന്ന ഭക്തിഗാന വിഡിയോ ആൽബത്തിന്റെ രചനയും നിർമാണവും നിർവഹിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞിട്ടുള്ളൂവെങ്കിലും കവിതയുടെ താളം തെറ്റാതെ വൃത്തം നിലനിർത്താൻ യശോദ നിർമല്ലൂരിന് സാധ്യമായിത്തീരുന്നത് ചെറുപ്പം മുതലുള്ള ആഴത്തിലുള്ള വായനയാണെന്ന് ഇവർ പറയുന്നു. കിട്ടുന്നതെന്തും വായിക്കുന്ന ശീലം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. വാകയാട്ടെയും തൃക്കുറ്റിശ്ശേരിയിലെയും ലൈബ്രറികളിൽനിന്നും ബന്ധുക്കളായ അഞ്ച് ആളുകളുടെ പേരിൽ ലൈബ്രറിയിൽ അംഗത്വമെടുപ്പിച്ച് ആഴ്ചയിൽ അഞ്ചിലധികം പുസ്തകങ്ങൾ കൊണ്ടുപോയി വായിക്കുന്ന ശീലവും സാഹിത്യലോകത്തിലേക്കുള്ള വാതായനം തുറന്നിടാൻ ഇടയായി. 62ാം വയസ്സിൽ അംഗൻവാടി ഹെൽപർ ജോലിയിൽനിന്ന് വിരമിച്ചെങ്കിലും വായനയുടെയും സാഹിത്യത്തിന്റെയും ലോകത്ത് ഇനിയും ഒരുപാട് കാലം മുന്നോട്ടുപോകണമെന്നാണ് യശോദയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.