ഇത് കയ്പമംഗലത്തിന്റെ സ്വന്തം ‘ഇള’
text_fieldsകയ്പമംഗലം: പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ പശുവളർത്തൽ തിരഞ്ഞെടുത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് കയ്പമംഗലം സ്വദേശിനിയായ വീട്ടമ്മ. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ വഴിയമ്പലം പാറപ്പുറത്ത് സുബൈറിന്റെ ഭാര്യ അനീഷയാണ് അതിജീവനത്തിനായി പശുവളർത്തൽ തിരഞ്ഞെടുത്ത് ഒരുനാടിന് മുഴുവൻ മാതൃകയായി മാറിയത്. കോവിഡ് പ്രതിസന്ധിയിൽ കുടുംബത്തിന്റെ ഏക വരുമാന മാർഗം നിലച്ചതോടെ അനീഷയുടെ പിതാവാണ് വീട്ടിൽ വളർത്തിയിരുന്ന നാല് കറവ പശുക്കളെ മകൾക്ക് വരുമാന മാർഗമെന്ന നിലയിൽ നൽകിയത്. ചെറുപ്പത്തിലേ പശുക്കളോട് കൂട്ടുകൂടിയിരുന്ന അനീഷക്ക് ആ നാല് പശുക്കൾ പിന്നീട് ജീവനും ജീവിതവുമായി മാറുകയായിരുന്നു. പാൽ വിറ്റ് കിട്ടുന്ന വരുമാനമായിരുന്നു ഭർത്താവും വിദ്യാർഥികളായ മൂന്ന് പെൺമക്കളും ഉൾപ്പെട്ട കുടുംബത്തിനെ പിന്നീട് മുന്നോട്ടുനയിച്ചത്. പ്രതിസന്ധികൾ ഒന്നൊന്നായി പിന്തുടർന്നപ്പോഴും പശുവളർത്തൽ തന്നെയാണ് തന്റെ ജീവിത നിയോഗമെന്ന് മനസ്സിലുറപ്പിച്ച ബി.കോം ബിരുദധാരിയായ അനീഷ ബാങ്കിൽനിന്ന് വായ്പ എടുത്ത് നാല് പശുക്കളെ കൂടി സ്വന്തമാക്കി. ചെറിയ തോതിൽ ഒരുഫാമിനും തുടക്കമിട്ടു. പശു പരിപാലനവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയ വശങ്ങളും പരിശീലനങ്ങളിലുടെ സ്വന്തമാക്കി. വെറ്ററിനറി ഡോക്ടർമാരുടെ നിർദേശങ്ങളും നാട്ടുകാരുടെ പിന്തുണയുമെല്ലാം ഏറെ സഹായകരമായി.
ഹോട്ടലുകളിലും വീടുകളിലും പാൽ വിൽപന്ന തകൃതിയായതോടെ ആത്മവിശ്വാസവും ഇരട്ടിയായി. ക്രമേണ പശുക്കളുടെ എണ്ണം പതിനഞ്ചിലെത്തി. ഫാമിന്റെ ഭൗതിക സൗകര്യങ്ങളും വിപുലമാക്കി. കറക്കുന്നതിന് യന്ത്രവും പശുക്കളെ മുഴുവൻ സമയം പരിപാലിക്കാനും പ്രതിമാസ ശമ്പള നിരക്കിൽ ബംഗാളി ദമ്പതികളെയും നിയമിച്ചു. പാലും പാൽ ഉൽപന്നങ്ങളും ‘ഇള’ എന്ന പേരിൽ വിപണി കീഴടക്കി. വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ നാല് പഞ്ചായത്തുകളിൽ ‘ഇള’ ഇന്ന് ആവശ്യക്കാരുടെ പ്രിയ നാടൻ ബ്രാൻഡ് ആയി മാറി. 2020ൽ നാല് പശുക്കളിൽനിന്ന് തുടങ്ങി നാല് വർഷം തികയുമ്പോൾ നാടൻ ഇനങ്ങൾക്ക് പുറമേ ജഴ്സി, എച്ച്.എഫ്, ഗീർ, സിന്ധി തുടങ്ങിയവ ഉൾപ്പെടെ അവയുടെ എണ്ണം പതിനഞ്ചിൽ എത്തിനിൽക്കുമ്പോൾ അത് പെൺകരുത്തിന്റെ ആത്മവിശ്വാസത്തിന്റെയും കഠിന പ്രയത്നത്തിന്റെയും പ്രതീകം കൂടിയാണ്. കുടുംബശ്രീയുമായി ചേർന്ന് വൈവിധ്യമാർന്ന പാൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനാണ് അനീഷയുടെ അടുത്ത ലക്ഷ്യം. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വിവിധയിടങ്ങളിൽ വെറ്ററിനറി വിദ്യാർഥികൾക്ക് ഇപ്പോൾ പശു പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിക്കുന്നതും അനീഷയാണ്. പശുവളർത്തൽ ലാഭകരമല്ല എന്ന് പരിതപിക്കുന്നവർക്ക് ക്ഷീരമേഖലയിലെ ഈ പെൺ സാന്നിധ്യം ഒരു മാതൃകയാക്കാവുന്നതാണ്. പശുക്കളുടെ എണ്ണം വർധിപ്പിച്ച് വലിയൊരു ഫാം എന്ന സ്വപ്നം ഉടൻ യാഥാർഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് അനീഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.