സാധ്യതയുടെ പുതുവാതിലുകൾ തുറന്ന് ഷബീന
text_fieldsഅസാധ്യമെന്നു തോന്നുന്നിടത്തുനിന്ന് സാധ്യതയുടെ പുതിയ വാതിലുകൾ തുറക്കുകയാണ് നന്മണ്ട തെരുവത്തിൽ ഷബീന. ഭർത്താവിനെ പിരിഞ്ഞിട്ടും സോഡയുടെ ലോകത്തുനിന്ന് മൊഴിചൊല്ലാതെ ജീവിതവഴിയിൽ ഉശിരോടെ നിൽക്കുന്ന ഷബീന വനിതദിനത്തിലും സ്ഥിരോത്സാഹത്തിന്റെയും പെൺകരുത്തിന്റെയും പ്രതീകമാണ്.
സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന സോഡ കമ്പനിയിൽ സോഡ അടിക്കുന്നവളായും കുപ്പി കഴുകുന്നവളായും ഷബീനയുണ്ട്. ഭർത്താവിനെ ഉപേക്ഷിക്കേണ്ടിവന്ന ഷബീനക്ക് രണ്ടു മക്കളുമായി ജീവിത പ്രാരബ്ധങ്ങളുടെ ദിനരാത്രങ്ങളാണ് തള്ളി നീക്കേണ്ടിയിരുന്നത്.
വാവിട്ടു കരയുന്ന മക്കളെ മാറോടു ചേർത്തുപിടിക്കുമ്പോൾ ഷബീന തളർന്നില്ല. എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ ഇരിക്കുമ്പോഴാണ് സാന്ത്വനത്തിന്റെ കരസ്പർശവുമായി ബന്ധുവായ കുന്നോത്ത് ബഷീർ വീട്ടിലെത്തിയത്. തന്റെ കബനി സോഡ കമ്പനിയിൽ ജോലി നൽകിയപ്പോൾ ഷബീനയുടെ ജീവിതം പച്ച പിടിച്ചു തുടങ്ങി.
പുരുഷന്മാർ ആധിപത്യമുറപ്പിച്ച സോഡ അടിക്കലും കുപ്പികഴുകലും ഷബീനയുടെ കരങ്ങളിൽ സുരക്ഷിതമാണ്. വേനൽക്കാലമായാൽ ജോലി കൂടുമെങ്കിലും കാലവർഷത്തിൽ തൊഴിൽ ദിനങ്ങൾ കുറയും. സ്ത്രീകൾ വീടിന്റെ അകത്തളത്തിൽ തളച്ചിടേണ്ടവരല്ല എന്ന അഭിപ്രായക്കാരിയാണിവർ.
പുരുഷന്മാർ ചെയ്യുന്ന പല തൊഴിലും ഇന്ന് സ്ത്രീകൾ ചെയ്യുന്നുണ്ടെന്നും ഷബീന പറയുന്നു. ഓരോ ഗുണഭോക്താക്കളും ദാഹം ശമിപ്പിക്കുമ്പോൾ അതിന്റെ പിറകിലെ സ്ത്രീ സാന്നിധ്യം അറിയുന്നില്ല. ഉമ്മ ആയിഷയോടൊപ്പമാണ് ഷബീന താമസിക്കുന്നത്. ഫസീഹ്, ഫർഷാന എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.