അധ്യാപനത്തിലും സാമൂഹിക പ്രവർത്തനത്തിലും പെൺകരുത്ത്
text_fieldsറിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പലായ മൈമൂന അബ്ബാസ്
റിയാദ്: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി മൈമൂന അബ്ബാസ് റിയാദിലെ പ്രവാസികൾക്ക് സുപരിചിതയും സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമാണ്. 30 വർഷമായി അധ്യാപന വഴിയിൽ നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന അവർ സാമൂഹിക പ്രവർത്തന മണ്ഡലത്തിൽ വളരെ സജീവമാണ്. റിയാദിലെ നിരവധി പ്രവാസി സംഘടനകൾക്ക് പ്രചോദനമാണ് ടീച്ചർ.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനം പല സംഘടനകൾക്കും നേതൃപരമായ മുതൽക്കൂട്ടാവുന്നു. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ ദീർഘകാലത്തെ സേവനത്തിനിടെ പ്രധാന അധ്യാപികയും ഒടുവിൽ വൈസ് പ്രിൻസിപ്പലുമായി ഉയർന്ന അവർ കൃത്യമായ ലക്ഷ്യങ്ങളോടെ മുന്നേറുന്ന സ്ത്രീകൾക്ക് പ്രചോദനമാണ്.
അധ്യാപന മികവിനുള്ള രാഷ്ട്രപതിയുടെ ‘ഹിമാക്ഷര’ പുരസ്കാരം നേടിയ മൈമൂന ടീച്ചറെ വേറെയും നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലുമുള്ള ഇടപെടലുകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ വലിയൊരു സ്ഥാനം അവർക്ക് നൽകിയിട്ടുണ്ട്. അച്ചടക്ക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഉറച്ചതും ഉൾക്കാഴ്ചയുള്ളതുമായ സമീപനത്തിന് കഴിയുമെന്നതിന് തെളിവാണ് ടീച്ചറുടെ പ്രവർത്തനങ്ങൾ.
വ്യക്തമായ കാഴ്ചപ്പാടോടെയും അചഞ്ചലമായ പ്രതിബദ്ധതയോടെയും കൗമാരക്കാരെ രൂപപ്പെടുത്തുന്നതിലും അവരെ ഉത്തരവാദിത്തമുള്ള വ്യക്തികളായി വളരുമെന്ന് ഉറപ്പാക്കുന്നതിലും അധ്യാപികയെന്ന നിലയിൽ മൈമൂന അബ്ബാസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. അവരുടെ നേതൃപാടവവും അനുകമ്പയും നിറഞ്ഞ പെരുമാറ്റം ഇന്നത്തെ വെല്ലുവിളികൾക്കിടയിൽ വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമാണ്. റിയാദ് ഇന്ത്യൻ സമൂഹത്തിൽ പരക്കെ ജനസമ്മിതിയും ബഹുമാനവുമുള്ള വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മൈമൂന. അടുത്തിടെ വൈസ് പ്രിൻസിപ്പൽ ചുമതലയേറ്റെടുത്ത അവരുടെ കൂടി നേതൃത്വത്തിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പ്രകടമായ വികസനമാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
പ്രവാസികളുടെ എണ്ണമറ്റ കൂട്ടായ്മകളെ എല്ലാ താൽപര്യങ്ങൾക്കും അതീതമായി കാണുവാനും പ്രചോദിപ്പിക്കാനും ടീച്ചർ എപ്പോഴും മുന്നിലുണ്ടാകും. കരിയർ, വിദ്യാഭ്യാസം, സേവനം തുടങ്ങി എല്ലാ മേഖലയിലും ആ സാന്നിധ്യം പ്രകടമാണ്. പ്രത്യേകിച്ചും വനിതകളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിൽ.
പ്രഭാഷക, കൗൺസിലർ, പുതിയ കാര്യങ്ങൾ സ്വീകരിക്കുവാനും സ്വയം നവീകരിക്കാനുമുള്ള ഉത്സാഹം എന്നിവ ടീച്ചറുടെ സവിശേഷതകളാണ്. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനലിൽനിന്നും ഡിസ്റ്റിൻഗ്വിഷ്ഡ് ടോസ്റ്റ്മാസ്റ്റേഴ്സ് അവാർഡ് കരസ്ഥമാക്കിയ അവർ നിലവിൽ സൗദി അറേബ്യൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ഡിവിഷൻ ഡയറക്ടർ കൂടിയാണ്.
ഒരു കുടുംബത്തിൽ സ്ത്രീകൾക്ക് നിരവധി റോളുകൾ നിർവഹിക്കാനുണ്ടെന്ന് ടീച്ചർ കരുതുന്നു. വിദ്യാസമ്പന്നയാകുന്നതോടൊപ്പം തന്നെ പുതിയ കാലത്തെ സാഹചര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനുള്ള ശേഷിയും ആർജിക്കണം. സൗദിയിൽ കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്ന കാലമാണിത്. റിയൽ എസ്റ്റേറ്റ് രംഗത്ത് വരെ പ്രവർത്തിക്കുന്ന വനിതകളെ ഇന്ന് കാണാം. തുറന്ന മനസ്സോടെയും ചതിക്കുഴികളെ കുറിച്ചുള്ള ജാഗ്രതയോടെയും മുന്നോട്ടുപോയാൽ അത് സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ‘വനിതാദിന’ത്തിൽ മൈമൂന ടീച്ചർക്ക് പങ്കുവെക്കാനുള്ള നിരീക്ഷണം.
വിദ്യാർഥികൾക്കിടയിലെ പുതിയ പ്രവണതകൾ ആശങ്കാജനകമാണെങ്കിലും അവരെ ചേർത്തുപിടിച്ചുകൊണ്ട് മാത്രമെ ഒരു പരിഹാരം കാണാൻ കഴിയൂ. ഇന്നത്തെ സാഹചര്യത്തിൽ അധ്യാപകർക്ക് കുറെ പരിമിതികളുണ്ടെന്ന് ടീച്ചർ പറഞ്ഞു. രക്ഷിതാക്കൾ കൂടുതൽ കുട്ടികളുമായി സഹവസിക്കുകയും നമ്മുടെ മൂല്യങ്ങൾ പകർന്നുകൊടുക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. ഇഫക്ടിവ് പാരന്റിങ്ങും മെൻഡറിങ്ങുമാണ് സോഷ്യൽ മീഡിയയും ലിബറലിസവും റാഞ്ചിക്കൊണ്ട് പോകുന്ന കൗമാരക്കാരെ പിടിച്ചുനിർത്താൻ അഭികാമ്യം.
മീഡിയ ഉപയോഗിക്കുമ്പോൾ തന്നെ അതിന്റെ വരുംവരായ്കകൾ കുട്ടികളെ ബോധ്യപ്പെടുത്തണം. മറഞ്ഞുപോകുന്ന നമ്മുടെ വാല്യൂ സിസ്റ്റത്തെ പുനരുജ്ജീവിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും മൈമൂന അബ്ബാസ് വ്യക്തമാക്കുന്നു. റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ വി.കെ.കെ. അബ്ബാസാണ് ഭർത്താവ്. മക്കളായ ഫർഹാൻ അബ്ബാസ്, അഫ്നാൻ അബ്ബാസ് എന്നിവർ മെഡിക്കൽ വിദ്യാർഥികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.