വിഷം തീണ്ടുന്നവർക്ക് അഭയമായി ആയിഷ
text_fieldsകുന്ദമംഗലം: അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽനിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീകൾ ഉയിർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനമായ ഇന്ന് ഓർമിക്കാൻ വർഷങ്ങൾക്കുമുമ്പ് വിഷചികിത്സരംഗത്തേക്ക് കടന്നുവന്ന ഒരാളുണ്ട് കുന്ദമംഗലത്ത്. വിഷവൈദ്യ ആയിഷ.
സ്ത്രീകൾ അന്നത്തെ നാളുകളിൽ ഇങ്ങനെയുള്ള മേഖലയിലേക്ക് കടന്നുവരുന്നത് വളരെ വിരളമാണ്. പാമ്പിന്റെയും മറ്റ് ക്ഷുദ്രജീവികളുടെയും കടിയേറ്റ് വരുന്ന ആളുകളുടെ ജീവിതത്തിൽ പ്രതീക്ഷയാണ് കുന്ദമംഗലം ആനപ്പാറയിൽ താമസിക്കുന്ന ആയിഷ.
ഏതുതരം വിഷമുള്ള പാമ്പുകളും മറ്റ് ജീവികളും കടിച്ചാലും ആയിഷയുടെ അടുത്ത് ചികിത്സയുണ്ട്. പാരമ്പര്യ ചികിത്സകനായ എ. കുഞ്ഞഹമ്മദ് വൈദ്യരുടെ മകളായി 1945ൽ ആണ് ആയിഷ ജനിച്ചത്. പിതാവിന്റെ തുടർച്ചയായി അദ്ദേഹം ചികിത്സചെയ്യാൻ പഠിപ്പിച്ചത് ആയിഷയെയായിരുന്നു. കഴിഞ്ഞ 30 വർഷത്തിലേറെയായി ആയിഷ ചികിത്സ തുടരുന്നു. ഉഗ്ര വിഷമുള്ള പാമ്പുകൾ, തേൾ, പഴുതാര തുടങ്ങി പല ജീവികളും കടിച്ചതിന് ശേഷം തന്റെയടുത്ത് വന്ന എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് ആയിഷ.
15 വർഷംമുമ്പ് തിരൂരിൽനിന്ന് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ കൊണ്ടുവന്ന ആളെ ചികിത്സ നൽകി ഭേദമാക്കിയതും അദ്ദേഹം തനിക്ക് സമ്മാനങ്ങൾ കൊണ്ടുവന്നതും ഇവർ ഇപ്പോഴു ഓർക്കുന്നു. രണ്ട് പാമ്പുകൾ കടിച്ചു അബോധാവസ്ഥയിൽ കൊണ്ടുവന്ന ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും മറക്കാനാവാത്ത ഓർമ.
വിഷം തീണ്ടിയതിന്റെ ലക്ഷണമനുസരിച്ച് ചികിത്സ നൽകുകയും ഗുരുതരാവസ്ഥയിലുള്ള ചിലരെ രാപ്പകൽ ഒപ്പംനിന്ന് ചികിത്സിക്കുകയും ചെയ്യും. ദൂരെ ദേശങ്ങളിൽനിന്നും കേരളത്തിലെ മറ്റ് പല ജില്ലകളിൽനിന്നും ആളുകൾ ഇവരുടെ ചികിത്സക്കായി എത്തുന്നുണ്ട്. പച്ചമരുന്നുകൾ വാങ്ങി ചികിത്സക്കുള്ള മരുന്നുകളും ഗുളികകളും ഇവർ വീട്ടിൽതന്നെയാണ് ഉണ്ടാക്കുന്നത്. ചികിത്സയിൽ ആയിഷയെ സഹായിക്കുന്നത് മകന്റെ ഭാര്യ റസിയയാണ്.
തന്റെ കാലശേഷം റസിയതന്നെ ചികിത്സയുമായി മുന്നോട്ടു പോകണമെന്നാണ് ആയിഷയുടെ ആഗ്രഹം. നിരവധിപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആയിഷക്ക് അഖില കേരള വൈദ്യ ഫെഡറേഷന്റെ ആദരവും മറ്റ് സംഘടനകളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്. പരേതനായ അബ്ദുൽ ഖാദറാണ് ഭർത്താവ്. ഷൗക്കത്തലി, ബഷീർ, ഷാജി, ഹാജറ, സലീന, ബുഷറ, പരേതനായ ശരീഫ് എന്നിവർ മക്കളാണ്.
വനിത ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം
കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച അന്താരാഷ്ട്ര വനിത ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സരോവരം ബയോപാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻ ബാങ്ക്സ് ബീച്ച്, അരിപ്പാറ ഡെസ്റ്റിനേഷൻ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.