മോഹങ്ങൾ സഫലമാക്കി ഉഷയുടെ സംഗീത യാത്ര
text_fieldsകാലമെത്ര കടന്നുപോയാലും മനസ്സിൽ അതിതീവ്രമായുള്ള മോഹങ്ങൾ സഫലമാകും. മാറ്റിനിർത്തപ്പെടലുകളും അതിലൂടെ ഒഴുകിയ കണ്ണീരും മോഹഭംഗവുമെല്ലാം ‘മോഹം കൊണ്ടു ഞാൻ ദൂരെയേതോ’... എന്ന ഒരൊറ്റ പാട്ടുകൊണ്ട് മായ്ച്ചുകളഞ്ഞ ഉഷാമണി ഇന്ന് വയനാട്ടിലെ അറിയപ്പെടുന്ന ഗായികമാരിലൊരാളാണ്.
തുണിക്കടയിലെ ശുചീകരണ ജീവനക്കാരിയിൽനിന്നും എല്ലാ പ്രതിബന്ധങ്ങളെയും മാറ്റിനിർത്തി, കുഞ്ഞുനാളുമുതലുള്ള പാട്ടുകാരിയാകണമെന്ന ആഗ്രഹം തന്റെ 39ാം വയസ്സിൽ സഫലമാക്കിയ ഉഷ ജീവിതപ്രാരാബ്ദങ്ങൾക്കിടയിൽ സ്വന്തം ആഗ്രഹങ്ങൾ കുഴിച്ചുമൂടിയ സ്ത്രീകൾക്ക് വലിയൊരു പ്രചോദനമാവുകയാണ്.
കൊളഗപ്പാറ ചൂരിമലക്കുന്ന് സ്വദേശിനിയായ ഉഷാമണിയെന്ന തുണിക്കടയിലെ ശുചീകരണ തൊഴിലാളിയുടെ ജീവിതം 2021 ജൂലൈയിലാണ് മാറിമറയുന്നത്. എം.ജെ ഫിലിംസ് ആൻഡ് എന്റർടൈമെന്റ്സ് എന്ന കൂട്ടായ്മയുടെ പിന്തുണയോടെ തുണിക്കടയിലെ ശുചീകരണ ജോലിക്കൊപ്പം
എസ്. ജാനകി പാടിയ ‘മോഹം കൊണ്ട് ഞാൻ’... എന്ന മനോഹര ഗാനം പാടിക്കൊണ്ടുള്ള ഉഷയുടെ വീഡിയോ ചിത്രീകരിച്ചു. വീഡിയോ വൈറലായതോടെ ഉഷയെ ആളുകളറിഞ്ഞുതുടങ്ങി. അങ്ങനെ നാലാം ക്ലാസ് മുതൽ പാട്ടുകാരിയാകണമെന്ന മോഹം മനസ്സിലേറ്റി നടന്ന ഉഷ, പതിറ്റാണ്ടുകൾക്കിപ്പുറം വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായശേഷം ഗായികയെന്ന നിലയിൽ ആളുകൾ അറിഞ്ഞുതുടങ്ങി.
ഉഷയുടെ മോഹംകൊണ്ടെന്ന ഗാനം ജനങ്ങൾ ഏറ്റെടുത്തതോടെ ഫ്ലവേഴ്സ് ടി.വിയുടെ കോമഡി ഉത്സവത്തിലേക്കും ക്ഷണം ലഭിച്ചു. മീനങ്ങാടിയിലെ ജോർജ് കോരയുടെ എൽസ മീഡിയയിലൂടെയാണ് ഉഷ ആദ്യം പാടുന്നത്. ഇതുകണ്ടാണ് എം.ജെ ഫിലിംസ് ഉഷയുടെ വീഡിയോ ചിത്രീകരിക്കുന്നതും അത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നതും.
ചെറുപ്പകാലത്ത് പാട്ടുപാടാനായി ഒരു വേദികിട്ടാൻ പരിശ്രമിച്ചപ്പോഴോക്കെ അവഗണന നേരിട്ടു. അന്ന് ഗാനമേള ട്രൂപ്പുകാർ റിഹേഴ്സൽ ചെയ്യുന്നത് കേൾക്കുമ്പോഴും പാടാൻ ആഗ്രഹിച്ച ഉഷക്ക് പത്താം ക്ലാസ് വരെ കാത്തിരിക്കേണ്ടിവന്നു ഒരവസരത്തിനായി.
ജി.എച്ച്.എസ്.എസ് അമ്പലവയലിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരിയുടെ പിന്തുണയോടെ യേശുദാസിന്റെ അമാവാസി നാളിൽ എന്ന ലളിതഗാനം സ്കൂൾ കലോത്സവത്തിൽ പാടി. എന്നാൽ, അതിനുശേഷവും നിർഭാഗ്യം ഉഷയെ പിന്തുടർന്നു. പഴയകാലത്തെ കൈപ്പേറിയ അനുഭവങ്ങളുണ്ടായിട്ടും തുണിക്കടയിലെ ജോലിക്കിടെയും പാട്ടുപാടാനുള്ള ആഗ്രഹം ഉപേക്ഷിച്ചിരുന്നില്ല.
വർഷങ്ങൾക്ക് മുമ്പ് കൊളഗപ്പാറ പള്ളിപെരുന്നാളിന് പാടാൻ അവസരം ലഭിച്ചതോടെ ഉഷയിലെ ഗായികയെ നാട്ടുകാർ തിരിച്ചറിഞ്ഞു. പിന്നീട് കൂടുതൽ അവസരങ്ങൾക്കായി ഉഷ നിരന്തരം ശ്രമിച്ചു.
പെയിന്റിങ്-കെട്ടിട നിർമാണ തൊഴിലാളിയായ ഭർത്താവ് മണിയും ഉഷക്ക് പിന്തുണയായി കൂടെനിന്നു. തുടർന്നാണ് 2021ൽ ബത്തേരിയിലെ തുണിക്കടയിലെ ജോലിക്കൊപ്പം ഗാനമാലപിക്കുന്ന ഉഷയുടെ വിഡിയോ ആസ്വാദകർ ഏറ്റെടുക്കുന്നത്. യൂട്യൂബിൽ മാത്രം എട്ടു ലക്ഷത്തോളം പേരും ഫേസ്ബുക്ക് പേജുകളിലായി അനേകം പേരും വിഡിയോ കണ്ടു.
ഗാനമേളകളിലും പിന്നണി ഗാനരംഗത്തും ഇപ്പോൾ ഉഷ സജീവമാണ്. മാനന്തവാടി രാഗതരംഗ്, ബത്തേരി സരിഗ ഓർക്കസ്ട്ര തുടങ്ങിയ വിവിധ ഗാനമേള ട്രൂപ്പുകൾക്കൊപ്പം പോകാറുണ്ടെന്നും വൈകിയാണെങ്കിലും ആഗ്രഹങ്ങൾ സഫലമാകാതിരിക്കില്ലെന്നും അതിനായി എല്ലാ സ്ത്രീകളും പരിശ്രമിക്കണമെന്നും ഉഷാമണി പറയുന്നു.
കലാഭവൻ മണിയുടെ നാടൻപാട്ടുകൾ എഴുതിയ പ്രശസ്ത ഗാനരചയിതാവ് അറുമുഖൻ എഴുതിയ പാട്ടാണ് ഏറ്റവും ഒടുവിലായി ഉഷ പാടിയത്. ഇപ്പോൾ സുൽത്താൻ ബത്തേരി യെസ് ഭാരത് ടെക്സ്റ്റൈൽസിലാണിപ്പോൾ ജോലി. പാട്ടുപാടാൻ അവസരം ലഭിക്കുമ്പോൾ സ്ഥാപനത്തിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഉഷ പറയുന്നു.
മീനങ്ങാടി ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പുണ്യ, കൊളഗപ്പാറ ഗവ. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി വിഷ്ണു എന്നിവരും അമ്മയുടെ സംഗീത വഴിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.