‘ബീബി ക്ലിനിക്കി’ലുണ്ട്, ഈ ജനകീയ ഡോക്ടർ
text_fieldsആതുര സേവനത്തിന്റെ ആറുപതിറ്റാണ്ട് പൂർത്തിയാക്കിയ സാഫല്യത്തിലാണ് ഡോ. മുബാറക്ക ബീബി. 83ാം വയസ്സിലും പഴയങ്ങാടിയിലെ തന്റെ ബീബി ക്ലിനിക്കിൽ രോഗികൾക്ക് ആശ്വാസമേകി ബീബി ഡോക്ടറുണ്ട്. ഗർഭത്തിന്റെ നോവും വേവും പേറിയെത്തിയ അമ്മമാരുടെ ഉദരങ്ങളിൽനിന്ന് ബീബി ഡോക്ടർ പുറത്തെടുത്തത് 60 വർഷത്തിനിടെ 24,000ത്തിലേറെ കുഞ്ഞുങ്ങളെ.
കോഴിക്കോട് മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയതാണ് ഡോക്ടർ. 1977ൽ ആരംഭിച്ച സ്വന്തം നഴ്സിങ് ഹോമിന്റെ ജനന രജിസ്റ്ററിൽ രേഖപ്പെടുത്തപ്പെട്ടത് 23,000ലേറെ പേരുകളാണ്. പകലുകളിലും പാതിരാവുകളിലും വീടുകളിൽ പോയി എടുത്ത പ്രസവങ്ങൾ ഇതിന് പുറമേയുമുണ്ട്.
പഴയങ്ങാടിയിലെ അബ്ദുറഹീം മലബാരി- ഖദീജ ദമ്പതികളുടെ ഏഴുമക്കളിൽ അഞ്ചാമതായാണ് മുബാറക്ക ജനിച്ചത്. മുസ്ലിം വിദ്യാർഥിനികളുടെ ഉയർന്ന വിദ്യാഭ്യാസമായി ഇ.എസ്.എസ്.എൽ.സി കണക്കാക്കിയിരുന്ന കാലമായതിനാൽ ഇത് പൂർത്തീകരിച്ചപ്പോൾ വിവാഹമായിരുന്നു മുബാറക്ക ബീബിയുടെ ഉമ്മയും ലക്ഷ്യമിട്ടത്.
എന്നാൽ, ഉമ്മയുടെ ബാപ്പയായ അഹമ്മദ് കുട്ടിയുടെ ആഗ്രഹമായിരുന്നു ബീബിയെ ഡോക്ടറാക്കണമെന്നത്. ക്യൂൻ മേരീസ് കോളജിൽനിന്ന് ഉയർന്ന മാർക്കോടെ ഇന്റർമീഡിയറ്റ് പാസായതോടെ ഡോക്ടറാകണമെന്ന മോഹം മുബാറക്ക ബീബിക്കുമുണ്ടായി. അങ്ങനെ 1957ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആദ്യ ബാച്ചിൽ മുബാറക്ക ബീബി പഠിതാവായി. 35 ആൺകുട്ടികളും 15 പെൺകുട്ടികളുമുണ്ടായിരുന്ന ആദ്യബാച്ചിലെ ഏക മുസ്ലിം പെൺതരിയായിരുന്നു മുബാറക്ക ബീബി.
1963 മാർച്ച് മൂന്നിന് തലശ്ശേരി ഗവ. ആശുപത്രിയിലായിരുന്നു ആദ്യനിയമനം. അന്നുതുടങ്ങിയ തപസ്യയാണ് അറുപതാണ്ട് പൂർത്തീകരിച്ചും ആതുരരംഗത്ത് തുടരുന്നത്. ഒരാളുടെ 12 പ്രസവമെടുത്തതും ഒരു കുടുംബത്തിലെ നാല് തലമുറയുടെ പ്രസവമെടുത്തതുമായ അത്യപൂർവ അനുഭവവും ഡോക്ടർക്ക് സ്വന്തം. പഴയകാലത്ത് ഒരുരൂപയായിരുന്നു ഡോക്ടറുടെ ഫീസ്. അതുപോലുമില്ലാത്തതിനാൽ 95 പൈസ പ്രതിഫലമായി ലഭിച്ചതും ഡോക്ടർ ഓർത്തെടുക്കുന്നുണ്ട്.
പഴയങ്ങാടിയിലെ ഒരു പ്രദേശം ഇന്നറിയപ്പെടുന്നത് തലമുറകൾ നെഞ്ചേറ്റിയ ഡോക്ടറുടെ പേരിലാണ് -ബീബി റോഡ്! 83 വയസ്സിലും വൈദ്യലോകത്ത് സജീവമായ ഡോക്ടറുടെ ജീവിതപങ്കാളി പ്രമുഖ മദ്യവർജന കൂട്ടായ്മകളുടെ സാരഥിയും ഇംഗ്ലീഷ് പ്രഫസറുമായ എം. മുഹമ്മദാണ്. 1966ലായിരുന്നു ഇവരുടെ വിവാഹം. അഡ്വ. ജമീൽ അഹമ്മദിന്റെ ഭാര്യ മൻസൂറയും ഡോ. ഗുലാം അഹമ്മദിന്റെ ഭാര്യ മുനവ്വറയുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.