കാരുണ്യത്തിന്റെ സ്നേഹ സ്പർശമായി ഫാത്തിമ ഹജ്ജുമ്മ
text_fieldsമാതൃത്വമെന്ന മഹനീയ വാക്കിന്റെ അർഥം മറന്ന് പ്രവർത്തിക്കുന്ന അമ്മമാർ വർധിക്കുമ്പോൾ മാതൃസ്നേഹം ചൊരിയാൻ സ്വന്തം ഉദരത്തിൽ ജനിക്കേണ്ടതില്ല; മറിച്ച് കർമം മാത്രം മതിയെന്ന് തെളിക്കുകയാണ് 87കാരിയായ ഫാത്തിമ ഹജ്ജുമ്മ. രോഗം മാറിയിട്ടും സമൂഹത്തിന്റെ വിലക്കുമാറാതെ ചേവായൂർ ത്വക്രോഗാശുപത്രിയിൽ കഴിയുന്ന നൂറോളം പേരെ ഇവർ സ്വന്തം മക്കളെപ്പോലെ ജീവിത സായാഹ്നത്തിലും പരിചരിക്കുന്നു.
കല്ലായിപ്പുഴയോരത്ത് നെല്ലിക്കാവ് പറമ്പിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ഇവർ അരനൂറ്റാണ്ടോളമായി ത്വക്രോഗാശുപത്രി അന്തേവാസികളുടെ പോറ്റുമ്മയാണ്. സ്വന്തമായി ഒന്നും ചെയ്യാൻ ശേഷിയില്ലാത്തവരെ കുളിപ്പിക്കുക, വ്രണങ്ങൾ കഴുകി വൃത്തിയാക്കുക, മുറിവുവെച്ചുകെട്ടുക അന്തേവാസികളാരെങ്കിലും മരിച്ചാൽ കുളിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഫാത്തിമ ഏറ്റെടുക്കും. അതുകൊണ്ട് തന്നെ ഇവരുടെ വരവിനായി കാത്തിരിക്കുന്നവരാണ് ഏറെപ്പേരും.
ഫാത്തിമ എത്തിയാൽ വിശേഷം പറഞ്ഞും പരിചരിച്ചും ഏറെനേരം ചെലവഴിക്കും. മുമ്പ് എല്ലാ ദിവസവും ആശുപത്രിയിൽ രോഗികളെ ശുശ്രൂഷക്കെത്തിയിരുന്നെങ്കിലും ഇപ്പോൾ വാർധക്യസഹജമായ ചില ബുദ്ധിമുട്ടുകൾ അലട്ടുന്നു. എങ്കിലും അന്തേവാസികൾക്കായി സുമനസ്സുകൾ നൽകുന്ന വസ്ത്രവും ഭക്ഷ്യധാന്യങ്ങളും മറ്റുമായി കഴിഞ്ഞദിവസവും ആശുപത്രിയിലെത്തി.
പതിറ്റാണ്ടുകൾക്കു മുമ്പ് കുഷ്ഠരോഗിയായിരുന്ന ഭർതൃസഹോദരിയെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ഫാത്തിമ ഹജ്ജുമ്മയുടെ ജീവിതനിയോഗം മാറ്റിമറിച്ച സംഭവമുണ്ടായത്. അന്ന് ആശുപത്രിയിൽ മരിച്ച സ്ത്രീയെ കുളിപ്പിക്കാൻ ആരുമില്ലായിരുന്നു. രണ്ടു കുട്ടികളെ ഏൽപിച്ച് അധികൃതർ കൈയൊഴിഞ്ഞു. നിസ്സഹായരായി കരയുന്ന ആ കുട്ടികളോട് മാറിനിൽക്കാൻ പറഞ്ഞ ഫാത്തിമ, ഒട്ടും മടിയില്ലാതെ ആ കർമം ഏറ്റെടുത്തു. സേവനത്തിന് പണം വെച്ച് നീട്ടിയവരോട് നിങ്ങളുടെ പൈസ വാങ്ങി സേവനം ചെയ്യുന്നയാളല്ല ഞാൻ എന്നായിരുന്നു ഫാത്തിമയുടെ മറുപടി.
കൊണ്ടോട്ടി മൊറയൂർ സ്വദേശിയായ ഫാത്തിമയെ കോഴിക്കോട് പുഴവക്കത്ത് കുഞ്ഞിമൊയ്തീനാണ് വിവാഹം ചെയ്ത് ഇങ്ങോട്ടുകൊണ്ടുവന്നത്. ആലിക്കോയ, ഹംസക്കോയ എന്നീ മക്കളുണ്ട്. പ്രായം ചെന്ന കുറെ മക്കൾ ചേവായൂരിലെ ആശുപത്രിയിലുമുണ്ടെന്ന് ഫാത്തിമ പറയുന്നു.
ഡോ. പി.കെ. അബ്ദുൽ ഗഫൂര്‍ കാരുണ്യ പ്രതിഭ പുരസ്കാരം, ‘തന്റേടം’ ജെന്‍ഡര്‍ ഫെസ്റ്റില്‍ മഹിള തിലകം, സാമൂഹിക നീതിവകുപ്പ് ജനസഭയുടെ ഭാഗമായുള്ള ആദരം, ജമാഅത്തെ ഇസ്ലാമി വനിതാദിന സ്നേഹോപഹാരം തുടങ്ങി ഇവരുടെ ജീവിതനന്മയെ തേടിയെത്തിയ അംഗീകാരങ്ങൾ നിരവധി. ആശുപത്രിയിലുള്ളവരെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഫാത്തിമ ഹജ്ജുമ്മ, നെല്ലിക്കാവ്പറമ്പ്, ലൈന്മുറി, പവിത്ര ഇന്‍ഡസ്ട്രീസിന് പിന്‍വശം, കല്ലായ്-673003 എന്ന വിലാസത്തിലോ 9947304441 എന്ന നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.