നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങാം; ശ്രീനന്ദക്ക് ഇനി ഇലക്ട്രിക് വീല്‍ചെയര്‍ സ്വന്തം
text_fieldsചങ്ങനാശ്ശേരി: അഞ്ചുവര്‍ഷം മുമ്പ് ഇരുചക്ര വാഹനാപകടത്തില്‍ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ശ്രീനന്ദക്ക് നാലു ചുമരുകള്‍ക്കപ്പുറത്തുള്ള ലോകത്തേക്കിറങ്ങാന്‍ ഇനി ഇലക്ട്രിക് വീല്‍ചെയര്‍ സ്വന്തം. മാടപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് കല്ലുവെട്ടത്ത് മാടപ്പള്ളി കൽപന ലൈബ്രറിക്ക് സമീപം മൂലയില്‍ അഭിലാഷിന്റെയും സജിനിയുടെയും ഏകമകളാണ് ഒമ്പതു വയസ്സുകാരി ശ്രീനന്ദ.
ഓടിക്കളിക്കേണ്ട പ്രായത്തില്‍ വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടി വന്ന ശ്രീനന്ദയുടെ നിറംമങ്ങിയ മുഖത്തിന് പുഞ്ചിരി സമ്മാനിക്കണമെന്ന വാര്‍ഡ് മെംബറും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. ബിന്‍സന്റെ ആഗ്രഹമാണ് ഇലക്ട്രിക് വീല്‍ചെയര്‍ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തിച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്കുന്ന മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റിവ് പദ്ധതിയിൽപെട്ട ഇലക്ട്രിക് വീല്‍ചെയര്‍ ശ്രീനന്ദക്ക് നല്‍കണമെന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജുവിന്റെ ശ്രദ്ധയിൽപെടുത്തി. തുടര്‍ന്ന് നടന്ന ഇടപെടലില്‍ ഇലക്ട്രിക് വീല്‍ചെയര്‍ അനുവദിക്കുകയായിരുന്നു. വാര്‍ഡ് മെംബര്‍ പി.എ. ബിന്‍സന്റെ സാന്നിധ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ജോസഫ് ശ്രീനന്ദക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചു.
ആഴ്ചയില്‍ ഒരുദിവസം വീട്ടിലെത്തി നഴ്സ് രഞ്ജിത പാലിയേറ്റിവ് പരിചരണവും ഫിസിയോതെറപ്പി സേവനവും ശ്രീനന്ദക്ക് നല്‍കുന്നുണ്ട്. മാടപ്പള്ളി ഗവ. എല്‍.പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനികൂടിയായ ശ്രീനന്ദക്ക് മാടപ്പള്ളി ബി.ആര്.സിയില്‍നിന്ന് അധ്യാപിക വീട്ടിലെത്തി ക്ലാസ് എടുത്തുനല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.