യു.എൻ സെക്രട്ടറി ജനറലിന്റെ രാഷ്ട്രീയകാര്യ ഓഫിസറായി സൗദി യുവ അഭിഭാഷക
text_fieldsറിയാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ന്യൂയോർക് എക്സിക്യൂട്ടിവ് ഓഫിസിലെ രാഷ്ട്രീയകാര്യ ഓഫിസറായി സൗദി വനിത അഭിഭാഷക ജൂദ് വാസിൽ അൽ ഹാരിഥി നിയമിതയായി. ഈ പദവി വഹിക്കുന്ന ആദ്യ അറബ് വനിതയാണ് ജൂദ്. ഐക്യരാഷ്ട്ര സഭയിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള അവർ മധ്യേഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ യു.എൻ സെക്രട്ടറി ജനറലിന്റെ സമാധാന നിർമാണ ഫണ്ടിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജനീവയിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനെ (ഒ.ഐ.സി) പ്രതിനിധാനം ചെയ്തിട്ടുള്ള ജൂദി യൂറോപ്പിൽ നടന്ന യുവസമൂഹത്തിനു വേണ്ടിയുള്ള ഉച്ചകോടിയിലും ഒ.ഐ.സിക്കുവേണ്ടി പങ്കെടുത്തിട്ടുണ്ട്.
2015ൽ ബ്രിട്ടനിലെ സ്വാൻസി സർവകലാശാലയിൽനിന്ന് നിയമത്തിലും രാഷ്ട്രീയത്തിലും ബിരുദം നേടിയ അവർ 2018ൽ ലണ്ടൻ സോസ് സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. റിയാദിലെ യു.എൻ ഓഫിസ്, കാലിഫോർണിയയിലെ ഫെഡറൽ കോടതി, ബ്രിട്ടൻ, യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര നിയമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശീലനം പൂർത്തിയാക്കിയത്.
ന്യൂയോർക്കിലെ യു.എൻ ഡിപ്പാർട്മെൻറ് ഓഫ് പൊളിറ്റിക്കൽ ബിൽഡിങ് അഫയേഴ്സിൽ നിയമകാര്യ സെക്രട്ടറിയായിരിക്കെ നിരവധി മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെട്ട് ശ്രദ്ധനേടിയിരുന്നു. വംശീയതക്കെതിരെയുള്ള യു.എൻ സംവിധാനമായ പീസ് ആൻഡ് സെക്യൂരിറ്റി പില്ലർ ഓഫ് ആൻറി റേസിസം ആക്ഷൻ ഗ്രൂപ്പിന്റെ ഉപാധ്യക്ഷയും വംശീയ വിരുദ്ധ ടാസ്‌ക് ഫോഴ്‌സിലെ അംഗവുമാണ്. യു.എന്നിൽ ചേരുന്നതിനു മുമ്പ് ലണ്ടനിലെയും ദുബൈയിലെയും അന്താരാഷ്ട്ര നിയമസ്ഥാപനങ്ങളിൽ ജോലി ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.