സഹീറയുടെ ഫോട്ടോഗ്രാഫി പ്രണയം വ്യത്യസ്തമാണ്
text_fieldsമലപ്പുറം സ്വദേശിനിയായ സഹീറയുടെ ഫോട്ടോഗ്രാഫി പ്രണയം അല്പം വ്യത്യസ്തമാണ്. അബൂദബിയിൽ സോഫ്റ്റ്വെയർ ഡെവലപ്പറായി പ്രവർത്തിച്ചുവരുന്ന സഹീറയിൽ യാദൃശ്ചികമായാണ് ഫോട്ടോഗ്രഫി താല്പര്യം ജനിക്കുന്നത്. എൻജിനീയറിങ് പഠനം പൂർത്തിയാക്കി ബംഗളൂരുവിൽ ആറു വർഷം ജോലി ചെയ്ത സഹീറ വിവാഹശേഷമാണ് ഭർത്താവിനൊപ്പം അബൂദബിയിലേക്ക് ചേക്കേറുന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് സഹീറയിലെ ഫോട്ടോഗ്രാഫറും പിറവിയെടുക്കുന്നത്.
മകളുടെ വളർച്ചയിലെ ഓരോ മുഹൂർത്തങ്ങളും സ്റ്റോറി ടെല്ലിങ് പോർട്രൈറ്റ്സായി പതിച്ചുവെക്കണമെന്ന ആഗ്രഹമായിരുന്നു സഹീറയെ അതിന് പ്രേരിപ്പിച്ചത്. അതിനുവേണ്ടി മൊബൈൽ ക്യാമറയെ ആശ്രയിക്കാൻ സഹീറ ഒരുക്കമായിരുന്നില്ല. കസിന്റെ പക്കലുള്ള ക്യാമറ കടം വാങ്ങി കുഞ്ഞിന്റെ അതിമനോഹര ദൃശ്യങ്ങൾ സഹീറ പകർത്താൻ തുടങ്ങി. എന്നാൽ, അവ വെറും നിശ്ചല ദൃശ്യങ്ങൾ മാത്രമായിരുന്നില്ല.
അത് വീക്ഷിക്കുന്നവർക്കൊക്കെയും ആ ചിത്രങ്ങൾ ചെറിയ പിന്നാമ്പുറക്കഥകൾ കൂടി സമ്മാനിച്ചു. പശ്ചാത്തലത്തിൽ തന്റെ ഭാവനകൾ അത്തരത്തിൽ സഹീറ ക്രമീകരിച്ചിരുന്നു. ഘട്ടം ഘട്ടമായി ക്യാമറയുടെ പരിപൂർണ സാങ്കേതിക വശങ്ങൾ സഹീറ പഠിച്ചെടുത്തു.
സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതോടെയാണ് സഹീറയുടെ കഴിവുകൾ ലോകമറിയുന്നത്. അങ്ങനെ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും ധാരാളം പ്രശംസനങ്ങൾ സഹീറയെ തേടിയെത്തി. സഹീറയുടെ ഫോട്ടോഗ്രാഫിയിൽ കൗതുകംപൂണ്ടു കുഞ്ഞുങ്ങളുള്ള അമ്മമാർ അവളെ സമീപിച്ചു. അവിടെയാണ് തന്റെ ചുറ്റുപാട് തന്നെ അംഗീകരിക്കുന്നതായും ന്യൂബോൺ ഫോട്ടോഗ്രാഫി ഒരു സ്വതന്ത്ര ഫോട്ടോഗ്രാഫി മേഖലയായും സഹീറ തിരിച്ചറിയുന്നത്.
അക്ഷരാർത്ഥത്തിൽ ന്യൂബോൺ ഫോട്ടോഗ്രാഫി ഒളിപ്പിച്ചു വെച്ചത് ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യത തന്നെയായിരുന്നു. നവജാതശിശുക്കളിലെ നിഷ്കളങ്കത കൂടുതൽ ആകർഷണത്തോടെ ഒപ്പിയെടുക്കുന്ന ഈ മേഖലയെ ആഴത്തിൽ സ്വാംശീകരിക്കാൻ സഹീറ യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ന്യൂബോൺ വർക്ക് ഷോപ്പുകളിൽ ദീർഘ സമയം ചിലവിട്ടു.
കുട്ടിക്കാലത്ത് ഉപ്പ സൂക്ഷിച്ചുവച്ച ഓർമഭാണ്ഡങ്ങളിൽ നിറയെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ തന്റെ സുന്ദരബാല്യത്തിന്റെ അപൂർവ നിമിഷങ്ങളാണുള്ളത്. സമയം പറന്നകലുമ്പോൾ ഓർമ്മകൾ മറവിയിലൊളിക്കാതിരിക്കാൻ ഇന്ന് സഹീറയും ഉപ്പയുടെ ഈ വിദ്യ തന്നെ പഴറ്റിപ്പഠിച്ചു.
ഇടക്കെല്ലാം അസിസ്റ്റന്റായി ഭർത്താവ് വസീമും സഹീറക്കൊപ്പം കൂടാറുണ്ട്. സർവ്വ ഊർജ്ജവും പകർന്നുകൊണ്ട് വസീം സദാ കൂടെയുണ്ട്. ഒരു മുഴുസമയ ഫാമിലി-ന്യൂബോൺ ഫോട്ടോഗ്രാഫർ ആകാനുള്ള പരീക്ഷണ പാതയിലാണ് സഹീറ ഇപ്പോൾ. അബൂദബിയിലെ മുസഫയിലാണ് സഹീറ എരഞ്ഞിക്കലും കുടുംബവും താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.