ക്രാഫ്റ്റ് വർക്കുകളിലൂടെ സ്വപ്ന ജീവിതം നെയ്തെടുക്കുകയാണ് സന ഖാദർ
text_fieldsസാനിസ്റ്റ് (ZANNIST), ദുബൈയിൽ നിന്നൊരു കോഴിക്കോടൻ വിജയഗാഥ. ഇതിൽ കൂടുതൽ വിശേഷണങ്ങൾ വേണ്ടിവരില്ല ഈ 26കാരിക്ക്. കോഴിക്കോട് മുക്കാളിൽ ഖാദറിന്റെയും നിസയുടെയും മകൾ സന ഖാദർ ഈ ചെറിയ പ്രായത്തിൽ മലയാളത്തിലെ പെൺ പൊലിമകളിൽ തുന്നിച്ചേർത്തത് ഒരായിരം നിറങ്ങളുടെ കഥയാണ്. കുഞ്ഞുനാളിൽ ഉപ്പ വാങ്ങിക്കൊടുത്ത വർണ്ണക്കടലാസുകളും കളർ പെൻസിലുകളും കൊണ്ട് കുഞ്ഞു സന തന്റെ കിനാവുകളിലെങ്ങും മഴവില്ലുകൾ തീർത്തു.
സനയോടൊപ്പം അവളുടെ കിനാക്കളും വളർന്നു നാമ്പിട്ടു. കടലാസിൽ നിറങ്ങൾ ചേർത്തുണ്ടാക്കിയ അമ്പരപ്പിക്കുന്ന ക്രാഫ്റ്റ് വർക്കുകൾ സനയെ കൂട്ടുകാർക്കിടയിൽ വ്യത്യസ്തയാക്കി. ആ ക്രാഫ്റ്റ് വർക്കുകൾ ലോകത്തിന് മുന്നിൽ സമർപ്പിച്ച് ഒന്നാന്തരമൊരു സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എജുക്കേറ്ററുമെല്ലാമായി മാറിയിരിക്കുകയാണ് സന ഖാദർ.
കുഞ്ഞുസനയുടെ ലോകം വർണക്കാഴ്ചകളുടേതായിരുന്നെങ്കിലും പണ്ടുമുതലേ ആരൊക്കെയോ പറഞ്ഞുപതിഞ്ഞ എം.ബി.ബി.എസ്, എൻജിനീയറിങ് ബിരുദങ്ങളുടെ സമ്മർദ്ദ ഉത്തേജനങ്ങൾ സമൂഹം സനയിലേക്ക് കുത്തിവച്ചു കൊണ്ടേയിരുന്നു. ബാഗിന്റെ ഉള്ളറയിൽ നിറം മങ്ങിക്കിടക്കുന്ന മെഴുകു വർണങ്ങളെ പോലെ സനയുടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിറയെ വർണ്ണക്കടലാസുകൾ അലസമായി പാറിക്കളിച്ചു. പക്ഷേ, അവയുടെ നിറങ്ങൾക്ക് അല്പം പോലും മങ്ങലേറ്റിരുന്നില്ല.
കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിൽ നിന്നും ഉയർന്ന മാർക്കോടെ പഠനം പൂർത്തിയാക്കിയ സന ഒഴിവുവേളകൾ തീർത്തും തന്നെ തന്റെ ഇഷ്ട ഹോബികൾക്കായി വിനിയോഗിച്ചു. വരയും രൂപകൽപ്പനയും തന്നിൽ സൃഷ്ടിക്കുന്ന ആനന്ദത്തിന്റെ ആഴം പതിയെ സന തിരിച്ചറിഞ്ഞു. അവിടെയാണ് തന്നെ സന്തോഷിപ്പിക്കുന്ന വിഭവത്തിലൂടെ തനിക്ക് സമ്പാദിക്കാനുള്ള വഴി സന അന്വേഷിച്ചു തുടങ്ങുന്നത്. ഇൻസ്റ്റഗ്രാമിൽ സാനിസ്റ്റ് പിറവിയെടുക്കുന്നതും അങ്ങനെയാണ്. സനയുടെ അംഗീകാരങ്ങൾ സാനിസ്റ്റിനു ഇൻസ്റ്റഗ്രാം വെരിഫിക്കേഷൻ ലഭിക്കുന്നതിനു വിപ്ലവകരമായ സ്വാധീനം ചെലുത്തി. വെറും 300 ഫോളോവേഴ്സിൽ തുടങ്ങിയ സാനിസ്റ്റിന് ഇന്ന് ആഗോളതലത്തിൽ 211k ഫോളോവേഴ്സ് ഉണ്ട്.
ഇതിനിടയിൽ സ്നെയിൽ മെയിൽ എന്ന ആശയത്തിൽ കമ്പം കയറിയാണ് സന ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ വ്യക്തികൾക്ക് കത്തയച്ചു തുടങ്ങുന്നത്. ആകർഷകമായ ക്രാഫ്റ്റ്- സ്ക്രാപ് കത്തുകൾ അത് തേടിയെത്തുന്നവരിൽ ഏറെ കൗതുകം നിറച്ചു. അവർ സമ്മാനങ്ങളും കത്തുകളും കൂടെ ഒത്തിരി സ്നേഹവും സനക്ക് തിരിച്ചയച്ചു. ഫിൻലൻഡ്, നോർവേ, അയർലൻഡ്, ഹോളണ്ട് തുടങ്ങി 32 രാജ്യങ്ങളിലായി അറുപതോളം കൂട്ടുകെട്ടുകൾ സന മെനഞ്ഞെടുത്തു. സനയുടെ കത്തെഴുത്തിലെ ഹരം അന്ന് കേരളമൊട്ടാകെ ഖ്യാദി കേട്ടിരുന്നു.അയക്കുന്ന കത്തുകളും ഹാൻഡ് ക്രാഫ്റ്റ്കളും സാനിസ്റ്റിൽ ഭംഗിയായി അപ്ലോഡ് ചെയ്തു. അപ് ലോഡ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ അപ്രതീക്ഷിതമായ റീച്ച് ലഭിച്ചതോടെ സനയുടെ പ്രൊഡക്ടസിനെത്തേടി ദിനംപ്രതി നിരവധി അന്വേഷണങ്ങളാണ് വന്നുകൊണ്ടിരുന്നത്. മെച്ചപ്പെട്ട വരുമാനം സൃഷ്ടിച്ചെടുക്കുന്നതിൽ സാനിസ്റ്റ് വളരെ വലിയ ഒരു പ്ലാറ്റ്ഫോം ആയി മാറി.
ഇതിനിടെ വിവാഹം കഴിഞ്ഞു. തനിക്കൊപ്പം തന്റെ സ്വപ്നങ്ങളെക്കൂടി കൂട്ടു വിളിച്ച ഭർത്താവ് റാഫത്ത് ആദിലിനൊപ്പം ദുബൈയിലേക്ക് കുടിയേറി. ഏറെ നാളത്തെ പ്രയത്നങ്ങൾക്കും ഗവേഷണങ്ങൾക്കും വിരാമമിട്ട് 2021 ഓഗസ്റ്റിൽ താൻ നെയ്ത സ്വപ്ന സാക്ഷാത്കാരത്തിന്റെ അനർഘ നിമിഷത്തെ സന പുണരുന്നത്. സ്വന്തമായൊരു ക്ലോത്തിങ് ബിസിനസ് എന്നത് സനയുടെ വലിയ അഭിലാഷമായിരുന്നു. കുഞ്ഞിലേ കൈക്കൊണ്ട് തുന്നിയെടുത്ത കൂട്ടിക്കുപ്പായങ്ങളണിഞ്ഞ് സന കൂട്ടുകാർക്കിടയിലെത്തും. കൂട്ടുകാരുടെ മുഖത്ത് വിരിയുന്ന ആശ്ചര്യം സനയിൽ ഏറെ ജിഞ്ജാസ നിറച്ചു. സ്വന്തമായ പരീക്ഷണങ്ങളിൽ വിജയം കണ്ടുതുടങ്ങിയ സന അവയിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് ദൃഢനിശ്ചയമെടുത്തു.
ആ തീരുമാനത്തിന്റെ പ്രതിഫലനമാണ് പിന്നീട് നിസാസ് (NISAS- പെണ്ണ്) എന്ന നാമത്തിലൂടെ നമുക്കുമുന്നിലേക്കെത്തുന്നത്. യു.എ.ഇ ബേസ്ഡ് ഓൺ ലൈൻ സ്റ്റോർ നിസാസിനു രൂപം നൽകിയ സനക്ക് ഇന്ന് ലോകമൊട്ടാകെ ധാരാളം ഹാപ്പി കസ്റ്റമേഴ്സ് ഉണ്ട്. നിസാസിന്റെ കേരള ഡെവലപ്മെൻറ് ഘട്ടത്തിലൂടെയാണ് സന ഇപ്പോൾ കടന്നുപോകുന്നത്. പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സനയുടെ വഴികളിലത്രയും തന്റെ മാതാപിതാക്കളുടെയും ഏക സഹോദരൻ ഷാനിന്റെയും കരുത്തുറ്റ താങ്ങുണ്ടായിരുന്നു.
അവരുടെ നിശ്ചയദാർഢ്യമായിരുന്നു സനയിൽ നിന്നും സാനിസ്റ്റിലേക്കുളള വഴിദൂരം. ടെഡെക്സ് (TedX), ബിൽ (BIL), ജോഷ് ടോക്ക് തുടങ്ങി നിരവധി പ്രശസ്ത വേദികൾ സന നിഷ്പ്രയാസം കീഴടക്കി. മലാല യൂസഫ് സായി ഗേൾസ് എജുക്കേഷൻ ധനശേഖരണ ക്യാമ്പയിനിൽ കണ്ണിയായി അവരുടെ കുട്ടികൾക്ക് ക്രാഫ്റ്റ് ഡിസൈനിങ് പഠിപ്പിച്ചു കൊടുക്കാൻ സന നടത്തിയ ശ്രമം വളരെ ശ്രദ്ധേയമാണ്. കേരളത്തിൽ തന്നെ 1200 ൽ അധികം കുട്ടികൾക്ക് തന്റെ ക്രാഫ്റ്റ് ആർട്ട് ഐഡിയകൾ സന പകർന്നുപകൊടുത്തു.
തിരക്കുള്ള ഒരു സ്ത്രീ സംരംഭക, സോഷ്യൽമീഡിയ ഇൻഫ്ലുവെൻസർ, എജുക്കേറ്റർ എന്നീ നിലകളിൽ സന സ്വന്തമായ മേൽവിലാസം സൃഷ്ടിച്ചുകഴിഞ്ഞു. ഇനിയും നൂതനമായ ആശയ- സങ്കൽപ്പങ്ങൾക്കുമേലുളള പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് ഈ പെണ്ണൊരു'ത്തീ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.