'ദിവസം എട്ടു മണിക്കൂർ ജോലി, നാലുമണിക്കൂർ യാത്ര; ഇടയിൽ അൽപം ഭക്ഷണം, ബാക്കി സമയം ഉറക്കം'
text_fieldsകോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ സമ്മർദത്തെ കുറിച്ച് ആളുകൾക്ക് ധാരണയുള്ള കാര്യമാണ്. ചില ജോലികൾക്ക് വലിയ സമ്മർദമായിരിക്കും. ഡെഡ് ലൈനെ കുറിച്ച് സദാ ജാഗ്രരരായിരിക്കണം. മറ്റെല്ലാത്തിനേക്കാളും ജോലിക്ക് മുൻതൂക്കം നൽകേണ്ടി വരുന്ന സന്ദർഭവും നാം അഭിമുഖീകരിച്ചിട്ടുണ്ടാകും. ചില സമയങ്ങളിൽ അവധിക്കാലത്തും യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യേണ്ടി വരും. ചിലപ്പോൾ ഓഫിസുകളിൽ അധിക സമയം ഇരിക്കേണ്ടി വരും. ഏറ്റെടുത്ത പ്രോജക്ടുകൾ തീർക്കേണ്ടതിനാൽ വാരാന്ത്യങ്ങൾ പോലും വർക്കിങ് ഡെ ആക്കി മാറ്റേണ്ടി വരും.
അത്തരത്തിലുള്ള ഒരു ജീവിതത്തെ കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. തനിക്കായി വേണ്ടി മാത്രം സമയം മാറ്റിവെക്കാൻ സാധിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. തന്റെ ദിവസത്തിന്റെ 12 മണിക്കൂറും കോർപറേറ്റ് കവർന്നെടുക്കുന്നു. ബാക്കിയുള്ള സമയം ഭക്ഷണം കഴിക്കാനും വീട്ടിൽ വന്ന് ഉറങ്ങാനുള്ളതാണ്. വളരെ പ്രോഡക്റ്റീവ് ആയ ഒരു ജീവിതമായി പുറമെയുള്ളവർക്ക് തോന്നാം. എന്നാൽ പ്രത്യേകിച്ചൊരു ഹോബിയോ മറ്റ് വിനോദങ്ങളോ ഇല്ലാത്ത ചത്ത പാവയെ പോലെയായിരിക്കുന്നു ഞാൻ...എന്നാണ് യുവതി എഴുതിയിരിക്കുന്നത്.
മറ്റൊരാളുടെ ട്വീറ്റിന് മറുപടിയായി യുവതി തന്റെ ദിനചര്യ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്.
എന്നും രാവിലെ ആറുമണിക്ക് എഴുന്നേൽക്കും. പെട്ടെന്ന് ഫ്രഷായി, പ്രഭാത ഭക്ഷണം കഴിഞ്ഞ് 7.30ന് ഓഫിസിൽ പോകാനിറങ്ങും. 7.30ന് ഇറങ്ങിയാൽ മാത്രമേ 9.30ക്ക് ഓഫിസിൽ എത്താൻ പറ്റുകയുള്ളൂ. വൈകീട്ട് ആറുമണിക്ക് ഓഫിസിൽ നിന്ന് ഇറങ്ങും. ചിലപ്പോൾ അത് 6.30ഉം 7 മണിയും ഒക്കെയാകും. പിന്നീട് വീട്ടിലെത്താനുള്ള ഓട്ടമാണ്. രാത്രി 9.15 ആകുമ്പോൾ വീടണയും. 9.45ന് രാത്രി ഭക്ഷണവും കഴിച്ച് 11 മണിക്ക് ഉറങ്ങാൻ കിടക്കും.''-അവർ എഴുതി.
നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. കോർപറേറ്റ് ജോലികളിലെ വിഷംപുരണ്ട അവസ്ഥയാണിതെന്നാണ് ഒരാൾ മറുപടിയായി കുറിച്ചത്. മറ്റുകാര്യങ്ങളുമായി ബന്ധം നഷ്ടപ്പെട്ട് ജീവിതം ഓഫിസിനും വീടിനുമിടയിൽ കുടുങ്ങുന്നു. പലതരം ഹോബികളുള്ള ആളുകൾ പോലും ഇങ്ങനെയായി മാറിപ്പോകുന്നു. ജോലിയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം. എന്നാൽ വ്യക്തിപരമായ സ്വാതന്ത്ര്യം ഇല്ലാതാകുകയാണ്.-മറ്റൊരാൾ അഭിപ്രായപ്പെട്ടു. ആധുനിക അടിമത്വ ജീവിതം എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ആ കോർപ്പറേറ്റ് ഗ്രൈൻഡ് നിങ്ങളിൽ നിന്ന് ജീവൻ വലിച്ചെടുക്കും. നിങ്ങളുടെ സമയവും ഊർജവും വീണ്ടെടുക്കാനുള്ള വഴികൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. -എന്ന് മറ്റൊരാളും എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.