Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപച്ചയെല്ലാം...

പച്ചയെല്ലാം വലിച്ചൂറ്റി സ്വർണമാക്കുന്ന ജീവിതം

text_fields
bookmark_border
പച്ചയെല്ലാം വലിച്ചൂറ്റി സ്വർണമാക്കുന്ന ജീവിതം
cancel

കവിതകളിൽ, വായനയിൽ, ആസ്വാദനത്തിൽ ഇപ്പോഴും ഒരു ‘പ്രദേശികത’ ഉണ്ടേ‍ാ‍? അച്ഛൻ എനിക്ക് പാടിത്തന്നിരുന്നത്  വൈലോപ്പിള്ളി/ഇടശ്ശേരി/അക്കിത്തം/ഒളപ്പമണ്ണ എങ്കിൽ അനിതാതമ്പിയുടെ അച്ഛൻ (എന്‍റെ വീട് ഷൊർണൂർ–അനിതയുടെ ഹരിപ്പാട്)  തിരുനല്ലൂരിന്‍റെ റാണിയായിരുന്നു പാടിയിരുന്നത്. ശ്രീകുമാർ മുഖത്തലയുടെ കവിതകൾ അദ്ദേഹം സഹപ്രവർത്തകനായിരുന്നില്ല എങ്കിൽ എന്‍റെ  ഉള്ളിൽപ്പെടുമായിരുന്നില്ലേ? സൈബർലോകം, അച്ചടിലോകം ഇവയിലൂടെ പലപ്പോഴും  കൊഴിഞ്ഞുപോവുകയും മറഞ്ഞുപോവുകയും ചെയ്യുന്ന നല്ല കവിതകളും ഇല്ലേ?  സ്​നേഹം /അകൽച്ച, പാപം/പുണ്യം, സ്​ത്രീ / പുരുഷൻ, സൗഹൃദം/ഏകാന്തത എന്നിവയെ അതിലൂടെ എല്ലാം ജീവിതത്തിെൻറ അർഥം/അർഥമില്ലായ്മ എന്നിവയെക്കൂടി തേടുന്ന കവിതകളാണ് ശ്രീകുമാർ മുഖത്തലയുടേത്. അമ്മപ്പുലരി, അന്യം, പച്ചക്കറി മാർക്കറ്റിൽ അച്ഛനെയോർക്കുന്നേരം എന്നിവയിൽ എല്ലാം  ഒരു പ്രമേയവും പെട്ടെന്ന് വായിച്ചുൾക്കൊള്ളാവുന്ന വേദനകളും ജീവിതയാഥാർഥ്യങ്ങളും ഉണ്ട്. എല്ലാതരം വായനക്കാർക്കും അർഥം  പിടികിട്ടാവുന്നതരം പ്രമേയ കേന്ദ്രിത രചനകളാണവ. അച്ഛനെയോർക്കുന്നേരം എന്നതിൽ അച്ഛൻ മാത്രമല്ല ഒരു കമ്യൂണിസ്​റ്റ് /ഹ്യൂമനിസ്​റ്റ് കാലഘട്ടം കൂടിയുണ്ട്.

പിളർന്നൂ സൂര്യൻ രണ്ടായ്/ രണ്ടിലുമിരുട്ടായി എന്ന് കമ്യൂണിസ്​റ്റ് പാർട്ടിയുടെ പിളർപ്പ് ഈ കവിത അടയാളപ്പെടുത്തിയിട്ടുണ്ട്. ‘മൊസ്യുമേയറുടെ ചിരി’ ഴാങ്വാൽഴാങും (മൊസ്യുമേയർ) ഴാവേറും തമ്മിൽ കണ്ടുമട്ടുന്ന, ഴാവേർ എന്‍റെ രാജി സ്വീകരിക്കണമെന്ന്  മേയറോടാവശ്യപ്പെടുന്ന സത്യത്തിെന്‍റെയും നീതിയുടെയും രണ്ടുതരം മുഖങ്ങൾ ഏറ്റുമുട്ടുന്ന രംഗത്തെ ആസ്​പദമാക്കി എഴുതിയതാണ്.  എന്നാലതൊരു കഥാ കവിതയല്ല. എഴുത്തുകാരൻ (പാവങ്ങളുടെ വായനക്കാരൻ) താൻ തന്നെ രണ്ടായി സ്വയം പരിശോധിക്കുന്നു.  മേയറും ഴാവേറും ഒരേ മനസ്സിൽ കുടികൊള്ളുന്നു. കഥയിലെപ്പോലെ അചഞ്ചലനല്ല ആഖ്യാതാവ്.

‘ആകെ പേർത്തും കിതച്ചും വിറച്ചും
ഭൂതകാലത്തെ ഓർമയിൽ കോർത്തും
പാറ്റിച്ചേറിക്കൊഴിച്ചു മറിച്ചും
അന്ധകാരം വരാത്തതിൽ വെന്തും
സന്ധിയില്ലാത്ത ചിന്തയിൽ നൊന്തും
ഒറ്റ നോവൽ, ഒരായിരം നോവിൽ
പെറ്റ തള്ളയാണെന്നു തിരിഞ്ഞും
’ അയാൾ ഇരിക്കുന്നു. ഒറ്റ നോവൽ– പാവങ്ങൾ എന്ന നോവലും– ഒരു വേദനയും ആയി മാറുന്നത്  കാണാം. മനുഷ്യൻ ചെയ്യാവുന്ന തെറ്റുകൾ ചെയ്താലും ശിക്ഷാവിധിക്കുവേണ്ടി കൈനീട്ടുമ്പോഴും വേദനിക്കുന്ന മനുഷ്യൻ. അവരെ  സൃഷ്ടിച്ചത് ചരിത്രവും സംസ്​കാരവുമല്ലേ?

ചിത്രമെഴുത്ത് എന്ന വികാര തീക്ഷ്ണമായ കവിത ചിത്രത്തിൽ ചേർന്നുനിൽക്കുന്ന ഒരു മറിമാൻ കണ്ണിയുടേയും പുരുഷന്‍റെയും  സാമീപ്യത്തെ ജ്വലിപ്പിക്കുന്നു. പറയാത്തതിനെച്ചൊല്ലിയുള്ള നെടുവീർപ്പും കരച്ചിലും ആണ് ആ സ്​ത്രീപുരുഷന്മാർക്കിടയിൽ.  ചിത്രമെഴുതിയ ആൾക്ക് ഒരൊറ്റ വരയേ വേണ്ടൂ, മിഴികളെ പാതി കൂമ്പിക്കാൻ. എന്നാൽ പ്രണയവും രതിയും, നേർത്ത വിരൽത്തുമ്പു  കൊണ്ടുള്ള തൊടാനായാലും, ചായുന്ന മുഖവും, രാഗചുംബനത്തിെൻറ മോഹവും പ്രസരിക്കുകയാണ്, തീക്ഷ്ണതയോടെ. ആണും  പെണ്ണും പിടക്കുന്ന ഒരണുമാത്ര, വരക്കാത്ത പടം നോക്കി എരിഞ്ഞുപിടിക്കുന്ന തീയ്... സ്വന്തം ചുമരിൽപ്പോലും ഈ ചിത്രം വരക്കാൻ  വയ്യാത്തത്ര പിൻവാങ്ങുന്ന പുരുഷൻ. അവരുടെ പ്രണയത്തിന് പാകമല്ല ഭൂമി.

ഒരിക്കൽ കടലിൽത്താണ ഭൂമിയെ ഈ ആണും പെണ്ണും പൊന്തിച്ചു കൊണ്ടുവരും. സദാചാര പ്രേതങ്ങളെ മന്ദമാരുതനാക്കി അവരുടെ  തിമിരത്തിന് ശംഖുപുഷ്പം വിടർത്തി അവർ പ്രണയം കൊണ്ട് അനശ്വരരാക്കും. അതുവരെ ചിത്രത്തിൽനിന്ന് സ്​ത്രീയും പുരുഷനും  വിമുക്തി  നേടി പുറത്തേക്ക് വരല്ലേ എന്ന പ്രാർഥനയും കൂടിയാണ്  ഈ കവിത. ഈ ചിത്രം വെറും  അപൂർണത. സ്​ത്രീയും പുരുഷനും  എല്ലാ തീക്ഷ്ണതകളും പരസ്​പരം പങ്കിട്ട് ഒന്നാകുന്ന പൂർണതവരെ കാത്തിരുന്നാലേ ഈ ചിത്രത്തിനും പൂർണമാകാൻ പറ്റൂ.

ഇരുപാളം ഇരുകാലം, കഥയോ കണ്ണീരോ, പൂവായ് വിടരുമ്പോൾ, ഒറ്റ, തീർഥാടനം അറിയില്ല, ഏഴാം ചില്ലയിലെ വര എന്നീ കവിതകളെല്ലാം  സ്​നേഹത്തെയും സ്​നേഹത്തിനുമപ്പുറം സർഗാത്മകതയുടെ ഏഴാമിന്ദ്രിയ മിഴിവുകൾക്കപ്പുറം എന്തോ അന്വേഷിക്കയാണ്. സുധക്ക് എന്ന  സഹധർമ്മിണിക്ക് സമർപ്പിച്ച തോറ്റം എന്ന കവിത ഡി. വിനയചന്ദ്രയോ കടമ്മനിട്ടയുടെയോ ഏല്ലാം ദ്രാവിഡ കവിതാ പാരമ്പര്യത്തിൽ  എഴുതപ്പെട്ട ഒരു സുന്ദരവും സ്നിഗ്ധവുമായ സ്​ത്രീ അന്വേഷണമാണ്. ദാമ്പത്യം, സൗഹൃദം, സമൂഹത്തിലെ സ്​ത്രീ–പുരുഷ രസതന്ത്രം  തുടങ്ങിയവയെ എല്ലാം സ്​പർശിക്കുന്ന–തോറ്റം

സാധാരണ ദാമ്പത്യ ജീവിതം മറനീക്കി കാമുക ബന്ധം , കുടുംബം തുടങ്ങിയവകളിൽ എല്ലാം ഇതിന്‍റെ വരികൾ വ്യാഖ്യാനക്ഷമമാകുന്നു.  അതിനുമപ്പുറം തീരുമാന്ധാംകുന്നിലമ്മയെയും മറ്റും വർണിക്കുന്ന തോറ്റങ്ങളിലെന്നപോലെ വിത്തും വിതയും വിളയും അടങ്ങുന്ന  സാകല്യത്തെ സ്​പർശിക്കുന്നുണ്ട് ഇത്. 'പുണർന്ന് പെറുന്ന’ മനുഷ്യർക്ക് മാത്രം സാധ്യമായ പ്രണയത്തോടെയുള്ള രതി ബന്ധം, പ്രപഞ്ചം  മുഴുവൻ പച്ചപ്പായി മുളച്ചു പടർന്ന് പൊന്തുന്ന ജീവോന്മാദം, ഇതാണ് തോറ്റം. ‘നൂറ് അറയുള്ള’ സ്​ത്രീയുടെ രഹസ്യതലങ്ങൾ ഈ  പുരുഷന് അറിയില്ല. ആൺ എന്ന അഹന്തയുടെ  തേറ്റകൾ പൊഴിയാൻ സ്​ത്രീ എന്ന മഹാത്മ്യതത്തെ സ്​തുതിക്കുകയാണ് ഇവിടെ.
 

വാക്കുകൾ കൊണ്ട് പൊലിച്ചവൾ നീയേ
മൂകത കൊണ്ട് മിടിച്ചവൾ നീയേ
തീയായി വന്നു തിളച്ചവൾ നീയേ
നീരായ്ത്തീർന്നു നനച്ചവൾ നിയേ

എന്നീ നാലുവരികൾ നോക്കു... പറയുന്ന വാക്ക്, മിടിക്കുന്ന മൂകത, തിളക്കുന്ന അഗ്നി, നനക്കുന്ന നീര് ഇവയെല്ലാം അവൾ തന്നെ- സ്​ത്രീയാണ്. ഇതിലെ ഓരോ വരിയും സ്​ത്രീ എന്ന നിഗൂഢതയെ അറിയാനും അതിൽ മുങ്ങാനും പ്രപഞ്ചത്തിെൻറ നിശബ്ദദചലനങ്ങളെ  ഗ്രഹിക്കാനും പകർത്താനും ശ്രമിക്കുന്ന സർഗാത്മക മനസിന്‍റെ  പൂത്തു തളിർക്കലാണ്. ഇക്കാലത്ത് ഈ ഭാഷയിൽ ഗാഢവും  തീക്ഷ്ണവുമായ ഒരന്വേഷണം സാധ്യമാവുന്നു എന്നത് പ്രത്യകം ശ്രദ്ധേയമാണ്. എല്ലാ സമകാലീക കവിതകളും പേരിച്ചോ, തങ്ങൾക്ക് ഇത്  പഴകിപ്പോയി എന്ന ബോധ്യം കെണ്ടോ ഒഴിച്ച ഇടങ്ങളിൽ ശ്രീകുമാർ മുഖത്തല എഴുതുമ്പോൾ ഇത് കവിതയാണെന്ന് അംഗീകരിക്കുന്നവർ  കുറയുന്നു. എന്താണ് കവിത‍?

കാവ്യകല അഥവാ ഏഴാം ഇന്ദ്രിയത്തിന് സമാനമാണ് ഏഴാം ചില്ലയിലെ വര എന്ന് മുഖവരയിൽ പി. ഗോപകുമാർ പറയുന്നു. ഡോ.  അജയപുരം ജ്യോതിഷ് കമാറും അതേക്കുറിച്ച് പറയുന്നുണ്ട് ആമുഖ പഠനത്തിൽ. ഏതോ ഒരു കാട്ടുമരം അതിന്‍റെ തടിയിൽ  ഏഴാംചില്ലയിൽ ഒരു കിളി നഖം കൊണ്ട് ഒരു വരവരച്ചു.... ആ വരവീണ്ടും തേടിക്കൊണ്ട് ആ പച്ചക്കാടിെൻറ മേലെ അറുപതു വൃത്തം  മേലേനിന്നു കറങ്ങുന്നു, ആ കിളി ആ വര ഒന്നുകൂടി കാണുവാൻ സങ്കൽപ സിദ്ധവും അമൂർത്തവും പോലുമായ ഒരു സവിശേഷ  സന്ദർഭമാണിത്. ആ മരം ഇന്നലെ ആ കിളിയെ ഉറക്കിയിരുന്നു; അപ്പോഴാണ് ആ നഖപ്പാട് ഉണ്ടായത്. ആ രാത്രി മാഞ്ഞു, ആ  പ്രണയനിമിഷങ്ങൾ മറഞ്ഞു.. ഒരിക്കൽകൂടി ആ വനാഗാധതയിലേക്ക്, ആ പച്ചമരത്തിെൻറ ചില്ലകൾ, പൂവുകൾ, മൊട്ടുകൾ,  സാന്ദ്രസുഗന്ധങ്ങൾ, ഇലപ്പച്ചയെ ഔഷധമാക്കുന്ന അറിവുകൾ, കാടും മരവും തൊട്ടുവരുന്ന കാറ്റുകൾ ഇവയിലേക്കും പോകാൻ  ആവുമോ? ഓർമകളായി മാറിയവയിൽനിന്ന് പുതിയ ഒരു കാടും മൂകമായ ഒരു പ്രണയമുദ്രയും വീണ്ടെടുക്കാൻ പറ്റുമോ? അറിവല്ല, കാടിന്‍റെ അക്ഷരമാല പഠിച്ച കിളിക്കുഞ്ഞിന്‍റെ സഹജ ജ്ഞാനമാണ് സ്​ത്രീ പുരുഷബന്ധത്തിെന്‍റെയും അടിസ്​ഥാനമാവേണ്ടത്. 

അളവുതൂക്കങ്ങൾ, സൗന്ദര്യം, സ്​ഥാനമാനം, ശമ്പളം, യോഗ്യത, ദേശങ്ങൾ, ഭാഷകൾ ഇവക്കും അപ്പുറത്ത് പരസ്​പരം പച്ചപ്പായും  ഔഷധമായും പുനർജനിക്കാൻ കഴിയുന്ന പ്രണയത്തെയും മനുഷ്യസ്​നേഹത്തെയും സൗഹൃദത്തെയും തേടുന്ന അഗാധമായ ഒരു  കാവ്യാനുഭവമാണ് ഈ കവിത.

തീർഥാടനം എന്ന കവിതയിൽ ‘തന്നിലേക്ക് താൻ പിൻനടത്തങ്ങൾ‘ എന്ന് പറയുന്നു.
ഇന്നെനിക്കെന്‍റെ പാപങ്ങൾ വേണം
ഇന്ദ്രിയങ്ങൾ തന്നിമ്പങ്ങൾ വേണം
എത്രയുണ്ടു പടികളെന്നാലും
അത്രയെണ്ണമിറങ്ങും വേഗം
ഹൃദ്യ ചുംബനം വേണം, നിശയിൽ
ക്ഷുദ്ര മാംസ സങ്കീർത്തനം വേണം
ചിന്തകളാൽ മഥിക്കപ്പെടേണം
ബന്ധുഖേദങ്ങൾ വേണമെന്നാളും
എന്‍റെ ഭൂമി തൻ നിമ്നോന്നതങ്ങൾ
നഗ്നപാദം നടന്നു തീർക്കേണം!
എന്‍റെ ദൈവമേ നിന്നെയും കൂടി–
കൊണ്ടു പോകേണമെൻറ സ്വർഗത്തിൽ’

എന്ന് സ്വർഗമായി മാറ്റിയ ജീവിതത്തെ അതിെൻറ ദു:ഖങ്ങളുടെ പോലും സുഖത്തെ എഴുതിയിരിക്കുന്നു. കൊന്ന തിളച്ച വലിച്ചൂറ്റി
ജീവിതത്തെ, പച്ചയെല്ലാം സ്വർണമാക്കുന്നു ഓരോ വേനലും വന്നു അകക്കടൽ കടയുമ്പോൾ വന്നുപിറക്കുന്ന പൊൻപിറവിയാണത്.

വൃത്തബന്ധമായ, ഇപ്പോൾ വളരെ പിൻതള്ളപ്പെട്ടുപോയ രതീയിലാണ് ശ്രീകുമാർ മുഖത്തല കവിതകൾ എഴുതുന്നത് എന്നാണോ,  ഭാഷയിൽ പഴമ മണക്കുന്ന തോന്നലുണ്ട് എന്നാണോ ഈ കവി ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് പിൻപിൽ?  

ഒരു മാത്രയിൽ അതിലധികം ഇരുന്ന്
ഉറവിൽനിന്നും അകലാതിരിക്കാൻ
ഒരു മാത്രയിൽ
മാത്രയേക്കാൾ കൂടുതലിരിക്കുന്നു എന്ന് പി.എൻ. ഗോപീകൃഷ്ണൻ (മടിയരുടെ മാനിഫെസ്​റ്റോ). തേനോ വേദനയോ കുടിക്കുന്ന തരം  മടിയനല്ല, വസന്തവും വേനലും വർഷവും വരുമ്പോഴോക്കെ കിടന്നുറങ്ങുന്ന മടിയനാണ്, കുറച്ചു ദൂരം കൂടി നടക്കാൻ  ബാക്കിവെക്കുന്ന മടിയനാണ് ഈ കവി എന്നതാകുമോ? എന്തായാലും എന്‍റെ ഈ പ്രിയ കവിതകൾ വായിക്കാനായി കവിതാസ്വാദകരെ  ക്ഷണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v.m girijaezham chillayile varasreekumar mukhathala
Next Story