രോഹിത് വെമുല: ജാതീയതയുടെ രക്തസാക്ഷി
text_fieldsസൊമാലിയയും അട്ടപ്പാട്ടിയും സ്ഥലനാമപദത്തിനപ്പുറം വിശേഷണമാക്കപ്പെടുന്നത് കറുപ്പിനോടുള്ള വംശീയമായ വെറുപ്പിന്‍റെ ചരിത്രത്തിലാണ്. സാഹിത്യവും സിനിമയും ഈ കറുപ്പിനെക്കുറിച്ചും ജാതിയെക്കുറിച്ചുമുള്ള പൊതുബോധത്തെ പരുക്കേല്‍പ്പിക്കാതെയിം അവയെ താലോലിച്ചു കൊണ്ടുമാണ് നില്‍ക്കുന്നത്.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ സാമൂഹ്യമായ കൊലപാതകമാവുന്നതും മറ്റൊന്നും കൊണ്ടല്ല. മധ്യവര്‍ഗ്ഗ വ്യക്തിബോധത്തില്‍ ജാതി ചിന്ത വേരാഴ്ത്തിയിരിക്കുന്ന ആഴങ്ങളെ വെളിപ്പെടുത്തുകയായിരുന്നു ആ മരണം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിന്‍റെയും അയിത്തത്തിന്‍റെയും ഭീകരത രോഹിത് വെമുലയുടെ മരണം പൊതുസമൂഹത്തെ അറിയിച്ചു.
രോഹിത് വെമുലയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇപ്പോഴും നിലനിൽക്കുന്ന വിവേചനത്തെ ചരിത്രപരമായി രേഖപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ് രോഹിത് വെമുല: -ജാതിയില്ലാത്ത മരണത്തിലേക്ക് എന്ന പുസ്്തകം. രോഹിത്തിന്‍റെ കൂടെ പഠിക്കുകയും ഒപ്പം സംഘടനാപ്രവര്‍ത്തനം നടത്തുകയും ചെയ്ത അടുത്തറിയാവുന്ന കൂട്ടുകാര്‍ എഴുതിയ പുസ്തകം എന്ന നിലയില്‍ കൂടുതല്‍ ആധികാരിമായ വിശകലന ശ്രമമാണ് നിര്‍വ്വഹിക്കുന്നത്.
വിവേചനങ്ങള്‍ സഹിക്കാനാവാതെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നും സ്വയം പിന്‍വാങ്ങി സ്വന്തം ഗ്രാമങ്ങളില്‍ എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കുന്നതുകൊണ്ട് അവരുടെ ശബ്ദം മുഖ്യധാരയിലേക്ക് ഒരിക്കലും ഉയര്‍ന്നുകേള്‍ക്കാറില്ല. രോഹിത് വെമുലയ്ക്കു മുന്‍പും നിരവധി ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയുടെ വഴി തേടിയുണ്ടെങ്കിലും അതൊന്നും വാര്‍ത്തയാക്കപ്പെട്ടിരുന്നില്ല. ഈ യാഥാർഥ്യങ്ങളെ വിവിധതലങ്ങളില്‍ വിശകലനം ചെയ്യുന്നുണ്ട് പുസ്തകം.
ക്യാമ്പസുകളില്‍ ഹിന്ദുത്വചിന്തകളുടെ സ്വാധീനം, ജാതിയും മെറിറ്റും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവേവചനം, ദലിത് ആത്മഹത്യകള്‍ വ്യവസ്ഥാപിത കൊലപാതകങ്ങളാവുന്നവിധം എന്നിവ ഈ പുസ്‌തകം ചര്‍ച്ച ചെയ്യുന്നു. രോഹിതിന്‍റെ അമ്മ രാധിക വെമുലയുടെയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍നിന്നും രോഹിതിനൊപ്പം പുറത്താക്കപ്പെട്ട ദൊന്ത പ്രശാന്തിന്‍റെയും സുങ്കണ്ണ വേല്പുലയുടെയും അഭിമുഖങ്ങള്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന് പുതിയ ആഴങ്ങള്‍ നല്‍കുന്നു.
ഹിന്ദുത്വാശയത്തിന്‍റെ അധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ മുഖ്യാധാരാ ഇടതുപക്ഷം എങ്ങനെയാണ് പരാജയപ്പെടുന്നതെന്നും അവിടെ അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ വിജയം നേടുന്നത് എങ്ങനെയാണെന്നുമുള്ള രാഷ്ട്രീയമായ അടയാളപ്പെടുത്തല്‍ കൂടിയാണ് പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.