സൂക്ഷ്മ വൈവിധ്യങ്ങളുടെ സമുച്ചയം
text_fieldsആർക്കിടെക്ചർ പഠിച്ച അരുന്ധതി റോയ് എന്ന എഴുത്തുകാരിക്ക് ഭാഷയിൽ രൂപശിൽപങ്ങൾ നിർമിക്കാനാണ് അഭിരുചി. എണ്ണിയാലൊടുങ്ങാത്ത ചെറുസംഭവങ്ങളിലൂടെ എഴുത്തിെൻറ ലോകത്ത് തെൻറയിടം സൃഷ്ടിച്ച അരുന്ധതി ഭാഷയും ഓർമയും എങ്ങനെ പരസ്പരപൂരകങ്ങളാണെന്ന് തെൻറ ആദ്യ നോവലായ ‘ദ ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ലൂടെ ബോധ്യപ്പെടുത്തിയിരുന്നു. അമ്മയുടെയും മൂത്ത സഹോദരെൻറയും കൂടെ അഞ്ചാമത്തെ വയസ്സിൽ കേരളത്തിൽ എത്തിയ അരുന്ധതിയെ അമ്മതന്നെയായിരുന്നു വീട്ടിലിരുത്തി പഠിപ്പിച്ചത്. ശ്രദ്ധേയമായ തിരക്കഥകൾ രചിച്ച് എഴുത്തുജീവിതത്തിലേക്ക് വന്ന അരുന്ധതിക്ക് 20 കൊല്ലം മുമ്പാണ് ‘ദ ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ന് ബുക്കർ സമ്മാനം ലഭിച്ചത്.
അയ്മനം എന്ന ഗ്രാമത്തിെൻറ സൂക്ഷ്മവൈവിധ്യത്തെ അരുന്ധതി നോവലിൽ ഭംഗിയായി അവതരിപ്പിച്ചിരുന്നു. നല്ലൊരു വിഭാഗം വായനക്കാരുടെ മനസ്സിലും ‘അരുന്ധതി’യെന്ന നക്ഷത്രംപോലെ നിറഞ്ഞുനിന്നിരുന്ന നോവലാണ് ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ’. ലോകസാഹിത്യ ഭൂഖണ്ഡത്തിൽ മലയാളം എന്ന ഭാഷയെ പ്രതിഷ്ഠിച്ച അരുന്ധതിയുടെ നോവലിൽ ശരീരംതന്നെ ആത്മാവാകുന്ന കഥയാണ് കഥകളി എന്നു പറയുമ്പോൾ, ആ നോവലിലെ പരിസരം എത്ര മാത്രം കേരളീയമായിരിക്കണം എന്ന് ആലോചിക്കാവുന്നതേയുള്ളൂ. തൊട്ടുകൂടാൻ പാടില്ലാത്ത വെളുത്തയിലൂടെ സവർണ-അവർണ രാഷ്്ട്രീയം ബോധ്യപ്പെടുത്തുന്ന എഴുത്തുകാരി തെൻറ പിൽക്കാല ജീവിതത്തിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിെൻറ ഒപ്പം നിൽക്കുന്നതായി കാണാം.
യുദ്ധം ഒരു സമസ്യയാണ്; അതിനെ നിർധാരണം ചെയ്യുമ്പോൾ യുക്തിയെ അയുക്തിയും സത്യത്തെ മിഥ്യയും യാഥാർഥ്യത്തെ അയാഥാർഥ്യവും മറക്കുന്നു. സെപ്റ്റംബർ 11 സംഭവത്തെ തുടർന്ന് അഫ്ഗാനിസ്താൻ ആക്രമിച്ച അമേരിക്കയുടെ യുദ്ധക്കൊതിയെ അപലപിച്ചുകൊണ്ട് അരുന്ധതി ശക്തമായ ഭാഷയിൽ എഴുതിയ ലേഖനം ഉൾപ്പെട്ട സമാഹാരമാണ് ‘ദ അൾജിബ്ര ഒാഫ് ഇൻഫിനിറ്റ് ജസ്റ്റിസ്’. ജനാധിപത്യത്തിെൻറ ശക്തിയെപ്പറ്റി എക്കാലവും ബോധവതിയായിരുന്ന അവർ ജനാധിപത്യധ്വംസനങ്ങളെ ചെറുക്കാനുള്ള നീക്കങ്ങളിൽ എന്നുമുണ്ട്. ഗുജറാത്തായാലും നർമദാനദീതട പ്രശ്നമായാലും മാവോയിസമാണെങ്കിലും ആധിപത്യം സ്ഥാപിക്കുന്നവർക്കെതിരെയായിരുന്നു എന്നും അരുന്ധതിയുടെ രാഷ്ട്രീയം. ജനാധിപത്യാടിത്തറക്ക് ഇളക്കം തട്ടുന്നുവെന്ന ഭയം സമകാലിക ഇന്ത്യൻ പരിതസ്ഥിതിയിലെ ചർച്ചാവാക്യമാവുമ്പോൾ മനുഷ്യത്വത്തിന് ഊന്നൽ നൽകണം എന്നാവും അരുന്ധതി പുതിയ നോവലിൽ വാദിക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ നിലവിലുള്ള വ്യവസ്ഥിതിയെ മാവോവാദികൾ എതിർക്കുന്നതുകൊണ്ടാണ് അവരെ പിന്തുണക്കുന്നത് എന്നൊരഭിമുഖത്തിൽ പറഞ്ഞ അരുന്ധതിയുടെ പുതിയ നോവലായ ‘ദ മിനിസ്ട്രി ഒാഫ് അട്ട്മോസ്റ്റ് ഹാപിനെസ്’ ൽ കശ്മീരും തീവ്രവാദവും വിഷയമാവുന്നുണ്ട്.
എപ്പോഴും തെൻറ ബുദ്ധിയിൽ എഴുത്താണ് നടക്കുന്നതെന്ന് അരുന്ധതി പറഞ്ഞിട്ടുണ്ട്. അയ്മനം എന്ന ദേശക്കാഴ്ചയിൽനിന്ന് ഇന്ത്യാമഹാരാജ്യം എന്ന വിശാലഭൂമികയിൽ എത്തുമ്പോൾ സ്വാഭാവികമായും അവരുടെ ചിന്തകളിൽ മാറ്റം വന്നേക്കാം. സ്വന്തം കുടുംബത്തിെൻറ കഥ പറച്ചിലിൽനിന്ന് രാജ്യത്തിെൻറ കഥയിലേക്ക് എത്തുമ്പോൾ നേരിടേണ്ട അരികുകളും അടയാളങ്ങളും വേറിട്ടതാണ്. കറുത്തവരും വെളുത്തവരുമായി തരംതിരിക്കുന്ന സാമൂഹിക സ്വത്വബോധത്തിെൻറ നിഴലുകൾ ആദ്യ നോവലിലും അരുന്ധതി സൂചിപ്പിക്കുന്നുണ്ട്. റാഹേലും സോഫിമോളുമായുള്ള നിറവ്യത്യാസത്തിെൻറ രാഷ്ട്രീയം പരോക്ഷമായി പരാമർശിച്ച അരുന്ധതിയുടെ വിചാരധാര കൊല്ലങ്ങൾക്കിപ്പുറം എത്രകണ്ട് തീവ്രമായിട്ടുണ്ടാവും എന്നതിെൻറ സാക്ഷ്യപത്രമായിരിക്കും ‘ദ മിനിസ്ട്രി ഒാഫ് അട്ട്മോസ്റ്റ് ഹാപിനെസ്. ഭിന്നലിംഗത്തിലുള്ള അൻജുമും കശ്മീരിലെ ഒരു തീവ്രവാദിയെ വിവാഹം ചെയ്ത തിലോത്തമ എന്ന മലയാളി സ്ത്രീയുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. രാഷ്ട്രീയ കക്ഷികളും ഭരണകൂടവുമൊക്കെ പരാമർശവിഷയമാവുന്ന നോവൽ ആത്യന്തികമായി മനുഷ്യൻ എന്ന സത്തയെതന്നെയാവും അഭിസംബോധന ചെയ്യുന്നത്.
‘ദ ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ൽ അയ്മനത്ത് റാഹേൽ തിരിച്ചെത്തിയത് ഇതുപോലെ ഒരു ജൂൺ മാസത്തിലായിരുന്നു. നിറയൊഴിക്കുംപോലെ പെയ്തിരുന്ന മഴ ഇളകിയ മണ്ണിനെ ഉഴുതുമറിച്ചിരുന്ന കാലം. എന്നാൽ, 20 വർഷം കഴിഞ്ഞുള്ള ജൂണിൽ ‘ദ മിനിസ്ട്രി ഒാഫ് അട്ട്മോസ്റ്റ് ഹാപിനെസ് എന്തിനെയാണ് നിറയൊഴിക്കുന്നത്? കശ്മീരിനെ സംബന്ധിച്ച ഒരു പരാമർശത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട അരുന്ധതിയുടെ രണ്ടാമത്തെ നോവലിെൻറ വിഷയം ഇതിനകംതന്നെ ‘വേണ്ടപ്പെട്ടവരെ’ അലോസരപ്പെടുത്തിയിട്ടുണ്ടെന്നുറപ്പാണ്. ‘വാക്ക്, അരിക്, അതിർത്തി, പരിധി, ഓരം എല്ലാം ഒരുകൂട്ടം ഭൂതങ്ങളെപ്പോലെ അവരവരുടേതായ വ്യത്യസ്ത ചക്രവാളങ്ങളിൽ കാണായി വന്നു” (മലയാള പരിഭാഷ: പ്രിയ എ.എസ്) എന്ന വരി എസ്തയുടെയും റാഹേലിെൻറയും ജീവിതത്തെപ്പറ്റി വിവരിക്കുമ്പോൾ നോവലിസ്റ്റ് എഴുതിയിരുന്നു.
അറിഞ്ഞോ അറിയാതെയോ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള അരുന്ധതിയുടെ ജീവിതം കേന്ദ്രീകരിച്ചതും ഈ ചുറ്റുപാടുകളിൽതന്നെയായിരുന്നു. സമൂഹത്തിെൻറ വിഴുപ്പുകളിൽ ജീവിക്കുന്നവരെ, പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗത്തെ, നീതി ലഭിക്കാത്തവരെയെല്ലാം അവർ കൂടുതൽ ശ്രദ്ധിച്ച കാലമായിരുന്നു അത്. നോവലിെൻറ ആത്മാവായ ആഫ്താബ് എന്ന അൻജും ഭിന്നലിംഗ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നു. മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളെക്കുറിച്ച വാദങ്ങൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത് ഈ ഒരു കഥാപാത്രത്തിെൻറ അസ്തിത്വത്തിന് പ്രസക്തി കൂടുകയാണ്. കലുഷിതകാലത്തിെൻറ ഇരയും സാക്ഷിയുമായ അൻജുമിനു കൂട്ടായി ശ്മശാനത്തിൽ മോർച്ചറി ജീവനക്കാരൻ ദയാചന്ദ് എന്ന സദ്ദാം ഹുസൈൻ കൂടെ എത്തിച്ചേരുകയാണ്. ചത്തുപോയ പശുവിനെ ചുമടായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അയാളുടെ അച്ഛനെ ഒരുപറ്റം ആളുകൾ ൈകേയറ്റം ചെയ്തിരുന്നു.
ഭക്ഷണരീതികൾക്കും ജീവിക്കാനുള്ള അവകാശങ്ങൾക്കും മേലെ വരെ കടന്നുകയറുന്ന സമകാലിക ‘ജനാധിപത്യ’ രീതികളെയാണ് നോവലിസ്റ്റ് ഇവിടെ ലക്ഷ്യമാക്കുന്നത്. തോമസ് ഹോബ്സ് വിശേഷിപ്പിച്ച സ്റ്റേറ്റ് ഓഫ് നേച്ചറിലെ ജീവിതം സമൂഹത്തിൽ രൂപം കൊള്ളുമ്പോഴാണ് ഏകാധിപത്യപ്രവണത തഴച്ചുവളരാൻ പറ്റിയ സാഹചര്യം എന്ന് ബോധ്യപ്പെട്ട അരുന്ധതി എന്ന എഴുത്തുകാരിയെയാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നാം കാണുന്നത്. അത്തരമൊരു ചിന്താപദ്ധതിയുടെ നീട്ടിയെഴുത്താണ് പുതിയ നോവൽ. അതുപോലെ സാങ്കേതികത ഉരുവപ്പെടുത്തിയ റിപ്പബ്ലിക്കിലും ആശയാഭിപ്രായങ്ങളിൽ നാം സങ്കുചിതരാവുന്നുവെന്ന ഉത്കണ്ഠ എഴുത്തുകാരിക്കുണ്ട്. സമകാലിക ഇന്ത്യയിൽ നാം കാണുന്ന മുഖങ്ങളും കേൾക്കുന്ന ശബ്ദങ്ങളും അനുഭവിക്കുന്ന വികാരങ്ങളും ചേർത്തുവെച്ചുകൊണ്ടെഴുതിയ നോവൽ, ഇന്നത്തെ പൊതുമണ്ഡലത്തിെൻറ ചുരുക്കെഴുത്തായി രൂപം പ്രാപിക്കുകയാണ്.
ഒരു നല്ല കൃതി വായിക്കുന്നത് തെളിഞ്ഞ മനസ്സോടെ ചിന്തിക്കുന്നതും ഏകാഗ്രതയോടെ പ്രാർഥിക്കുന്നതും സുഹൃത്തുക്കളോട് മനംനിറഞ്ഞ് സംസാരിക്കുന്നതുംപോലെയുള്ള പ്രവൃത്തിയാണെന്ന് റോബെർത്തൊ ബൊളാനോ 2666 എന്ന നോവലിൽ പറയുന്നതുപോലെ വായനക്കാരെൻറ മനസ്സിലേക്ക് തെളിച്ചവും ആഴവും എത്തിക്കുന്ന കൃതികൾ ഇക്കാലത്ത് ആവശ്യമാണ്. ഒരു സർഗാത്മക കൃതി എഴുതുന്നത് പ്രാർഥന പോലെയാണെന്ന അരുന്ധതി റോയിയുടെ വാക്കുകൾ ഇതുതന്നെയാണ് പറഞ്ഞുവെക്കുന്നത്. തെളിച്ചമുള്ള ചിന്തകൾക്കും ഹൃദ്യമായ വാക്കുകൾക്കും ആഴമുള്ള ആശയങ്ങൾക്കും പ്രക്ഷുബ്ധമായ സമകാലികസമൂഹമെന്ന പായ്ക്കപ്പലിനെ ശരിയായ ദിശയിൽ നയിക്കാനാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.