‘ഓത്തുപള്ളി ഓർമ്മയിലെ തേൻതുള്ളി’ ഗൃഹാതുരതയുടെ പുസ‌്തകം
text_fieldsഒന്നിലേറെ തലമുറകൾ പാഠപുസ്തകത്തിൽ മയിൽപ്പീലി കണക്കെ ഒാർമയിൽ ചേർത്തുവെച്ച ഒരു പാട്ട്. 53 പേർ ആ ഒാർമ പങ്കുവെയ് ക്കുന്ന ഒറ്റപുസ്തകം. അതാണ് ‘ഓത്തുപള്ളി ഓർമ്മയിലെ തേൻതുള്ളി’. 1979 ൽ പുറത്തിറങ്ങിയ ‘തേൻതുള്ളി’ എന്ന സിനിമയിലെ നിത്യഹരിത ഗാനമായ ‘‘ഓത്തുപള്ളിയിലന്ന‌് നമ്മള‌് പോയിരുന്ന കാലം...’’ എന്ന പാട്ടിനെ ഓർക്കുകയാണ‌് പ്രശസ‌്തരും അപ് രശസ‌്തരുമായ കുറേ പേർ ഈ പുസ‌്തകത്തിലൂടെ. കെ പി കുമാരൻ സംവിധാനം ചെയ‌്ത ‘തേൻതുള്ളി’യിൽ പി.ടി. അബ്ദുറഹിമാൻ എഴുതിയ വരികൾക്ക‌് കെ. രാഘവൻ മാസ‌്റ്ററാണ‌് ഈണം പകർന്നത‌്. വി.ടി. മുരളി എന്ന അനുഗ്രഹീത ഗായകൻ തന്റെ ശബ്ദത്തിലൂടെ തലമുറകളിലേക്ക‌് ആ പാട്ടിനെ കൈമാറിക്കൊണ്ടിരിക്കുന്നു.
പി വി ഷാജഹാൻ നിർമിച്ച‌് പള്ളിക്കര വി.പി. മുഹമ്മദ‌് കഥയും തിരക്കഥയുമെഴുതിയ ‘തേൻതുള്ളി’യിൽ സുകുമാരൻ, രവിമേനോൻ, ശ്രീവിദ്യ, വില്ല്യാപ്പള്ളി രാജൻ ....തുടങ്ങിയവരാണ‌് അഭിനയിച്ചത‌്. ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും ‘ഓത്തുപള്ളി....’ ഗാനം മലയാളിയുടെ ഗൃഹാതുരതയുടെ കാവ്യമായി മാറി. നെല്ലിക്ക, പുസ‌്തകത്താളിൽ ഒളിപ്പിച്ച മയിൽപ്പീലി, ഉപ്പ‌് കൂട്ടി തിന്നുന്ന പച്ചമാങ്ങ...ഇത്തരം ബിംബങ്ങൾ കൊണ്ട‌് എല്ലാവരുടേയും ഹൃദയത്തിൽ ഈ പന്ത്രണ്ട‌് വരികൾ ഇടം നേടി. ഗൃഹാതുരതയെ ഇത്രയും ആഴത്തിൽ ആസ്വാദക ഹൃദയത്തിൽ നിറയ‌്ക്കാൻ കഴിഞ്ഞ ഗാനങ്ങൾ നമ്മുടെ ഭാഷയിൽ വിരളമാണെന്നുകാണാം. അതുകൊണ്ടൊക്കെയാകാം കാലദേശങ്ങൾ കടന്ന‌് ഓത്തുപള്ളി ഇന്നും ആഘോഷിക്കപ്പെടാൻ കാരണം. പുസ‌്തകത്തിന്റെ അവതാരികയിൽ പറയുന്നപോലെ മലയാളികൾ ഹൃദയംകൊണ്ട‌് കേട്ട അപൂർവം ഗാനങ്ങളിൽ ഒന്നാണിത‌്. അതുകൊണ്ട‌് തന്നെ, അവതാരികയിൽ സൂചിപ്പിച്ചപോലെ പ്രവാസികളുടെ ഓർമ്മയിലെ കണ്ണുനീർത്തുള്ളിയാണ‌് ഓത്തുപള്ളിഗാനം. ലോകത്തിന്റെ ഏത‌് മൂലയിൽ നിന്നും ഈ ഗാനം കേട്ടാലും സ്വന്തം നാടിന്റെ വേരുകൾ മലയാളിയുടെ മനസിനെ വരിഞ്ഞുമുറുക്കുംന്നു.
53 എഴുത്തുകാരാണ‌് ഈ പുസ‌്തകത്തിൽ ഓത്തുപള്ളിയനുഭവം പങ്കുവെക്കുന്നത‌്. അതിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട‌്. സംഗീതവുമായി ബന്ധമില്ലാത്തവരും പ്രവാസികളുമുണ്ട‌്. ആർടിസ‌്റ്റ‌് മദനന്റെ മനോഹരമായ വര പുസ‌്തകത്തിന‌് ഉൾക്കനം കൂട്ടുന്നു. ഓത്തുപള്ളി ഗാനം ഉൾപ്പെടുത്തിയ സിഡിയും പുസ‌്തകത്തിനൊപ്പമുണ്ട‌്. നടൻ മാമുക്കോയയാണ‌് സിഡി അവതരിപ്പിക്കുന്നത‌്. ഓത്തുപള്ളിഗാനവുമായും വി.ടി മുരളിയുമായുള്ള ബന്ധവുമെല്ലാം മാമുക്കോയ ഇതിൽ സരസമായി അവതരിപ്പിക്കുന്നു.
ഒരു പാട്ടിനെ കുറിച്ച‌്മാത്രമായി ഒരു പുസ‌്തകം ഇറങ്ങുന്നത‌് ആദ്യമായിട്ടാണെന്ന‌് പുസ‌്തകത്തിന്റെ പ്രസാധകരായ ഗ്രീൻ പെപ്പർ പബ്ലിക്ക കവറിൽ അടയാളപ്പെടുത്തിയിട്ടുണ്ട‌്. മാധ്യമപ്രവർത്തകനായ ഷംസുദ്ദീൻ കുട്ടോത്ത‌് ആണ‌് പുസ‌്തകം എഡിറ്റ‌് ചെയ‌്തത‌്. തലമുറകളിലൂടെ ഒഴുകിപ്പരക്കുന്ന ഒരു പാട്ടിനെ ഹൃദയംകൊണ്ട‌് വായിക്കുകയാണ‌് ഇൗ പുസ‌്തകം.
വി.ടി മുരളി പാട്ടിന്റെ അമ്പതാണ്ട‌് ആഘോഷിക്കുന്ന വേളയിലാണ‌് ഈ പുസ‌്തകം പുറത്തിറങ്ങുന്നത‌്. ‘നീ പാടും പൂമരം’ എന്ന പേരിൽ ജനുവരി 19,20 തിയ്യതികളിൽ വടകരയിലാണ‌് പരിപാടി നടക്കുന്നത‌്. 19ന‌് വൈകിട്ട‌് ആറിനാണ‌് പുസ‌്തക പ്രകാശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.