കവിതയുടെ ദീർഘകാലങ്ങൾ
text_fieldsകളിമൺപലകയിൽ ചിത്രങ്ങൾ കൊത്തിവെച്ച് കാലത്തെ എതിരിടുന്നതിെൻറ പുരാതനമായ ഒരടയാളമാണ് ടി.പി. രാജീവെൻറ ‘ദീർഘകാലം’ എന്ന പുസ്തകത്തിെൻറ മുഖചിത്രം. റിയാസ് കോമു രചിച്ച ഈ ചിത്രം കവിതകളുടെ ആന്തരികമായ ഒരു അടരിലേക്കുള്ള താക്കോൽചിത്രംകൂടിയായി മാറുന്നുവെന്ന് വായന മുഴുമിക്കുന്നേരത്ത് നമുക്ക് തോന്നാൻ ഇടയുണ്ട്.
മെസപ്പൊട്ടേമിയയിൽനിന്നോ ഹാരപ്പയിൽനിന്നോ മറ്റേതെങ്കിലും ആദിമനാഗരികതയിൽനിന്നോ കണ്ടെത്തിയതു മാതിരി ഒരു കളിമൺ പലക. ഒരു മനുഷ്യെൻറ ശിരസ്സ്. തലച്ചോറിെൻറ ചുളിവുകളും മടങ്ങുകളും. മനുഷ്യരുടെ ആദ്യത്തെ ലിപികൾ. അവ ഓർമയെ രേഖപ്പെടുത്തിവെച്ച ആദ്യത്തെ ചിത്രങ്ങൾകൂടിയാണ്. ആ ചുളിവിലും മടക്കിലും മനുഷ്യരുടെ മുഴുവൻ വംശസ്മൃതികളുമുണ്ട്. ഭാഷയുടെതന്നെ ചരിത്രം അത്തരം കോശങ്ങളിൽ മറഞ്ഞുനിൽക്കുന്നു.
ചിത്രങ്ങൾ ആദ്യത്തെ ലിപികളും അവ ആദ്യത്തെ കവിതകളുമായിത്തീരുന്ന കാലത്തിെൻറ ഒരു തുമ്പിൽനിന്നും പോന്ന് താൻ വാഴുന്ന ഈ തുമ്പിലേക്ക് ആ ചിത്രത്തെ, ലിപിയെ, ഓർമയെ കൂടെ കൊണ്ടുവരുന്ന തരം ദീർഘമായ സഞ്ചാരമാണ് രാജീവെൻറ കവിതകൾ. ‘ദീർഘകാലം’ കവിതയിൽ പാർത്ത കാലമാണ്. മനുഷ്യചരിത്രത്തിെൻറ കാലമാണ്. ഭാഷയുടെ ജീവിതകാലവുമാണ്.
‘‘ഒരുപക്ഷേ നീ ജനിച്ചിട്ടുണ്ടാവില്ല
അല്ലെങ്കിൽ മരിച്ചിട്ട്
നൂറ്റാണ്ടുകളായിക്കാണും
എങ്കിലും എന്നും ഉച്ചക്ക്
ഞാൻ നിന്നെ കണ്ടുമുട്ടുന്നു’’
(നിത്യബലി).
‘‘ജനിക്കുന്നതിനു തലേരാത്രി
ഞാനൊരു സ്വപ്നം കണ്ടു’’
(ജന്മദിന കവിത - 1).
മൂന്ന് മുഖങ്ങളോടെ പ്രത്യക്ഷമാവുന്ന കാലമെന്ന അനുഭവരാശിയെ രാജീവൻ കവിതകളിൽ വെച്ച് അഭിമുഖീകരിക്കുന്നു. പോയ കാലം, വരാനുള്ളത്, മുന്നിലുള്ളത് എന്നിങ്ങനെയല്ല. മറിച്ച് പരസ്പരം ഇടകലർന്നും കവിഞ്ഞും തുടരുന്ന ഒരു നീരൊഴുക്ക്. തലമുറകൾക്ക് മുൻപേ ജീവിച്ചുപോയ ഒരു മനുഷ്യനെ ഈ നേരത്ത് ഈ മുറിക്കുള്ളിൽ വെച്ച് കണ്ടെത്തുന്നതിെൻറ, അല്ലെങ്കിൽ താൻ ജനിക്കുന്നതിനു മുൻപുള്ള ഒരു മണ്ണിലൂടെ തെൻറ കുഞ്ഞുങ്ങൾ നടന്നുപോവുന്നതു കാണുന്നതിെൻറ ആശ്ചര്യകരമായ മുഹൂർത്തങ്ങളാണ്, നേരങ്ങളാണ് രാജീവെൻറ കവിതകളെ ‘സമകാലികതയുടെ’ ഉപരിതലങ്ങളിൽ നിന്ന് വേർപെടുത്തുന്നത്.
മനുഷ്യരുടെ വംശചരിത്രത്തെ തൊടുന്നതു പോലെത്തന്നെ അവ ഭൗമികമായ അനേകം പ്രതലങ്ങളിലേക്ക് കൂടി യാത്ര ചെയ്യുന്നു. മനുഷ്യേതരമായ ലോകങ്ങളിലേക്ക് കൂടി. തിര്യക്കുകളിലേക്ക് പോവുന്നു. വൃക്ഷത്തലപ്പുകളിലേക്ക് പോവുന്നു. പുഴുവായും പാറ്റയായും പറവയായും മൃഗമായും രൂപം മാറ്റിയെടുക്കുന്നു. ആടുന്നു, പൊലിയുന്നു. തെൻറ മെയ്യിൽ ഭൂമിയുടെ, വെള്ളത്തിെൻറ ജീവകുലത്തിെൻറയാകെത്തന്നെ ഉടലുകളെ പാർത്ത്, അവയുടെ താളം തൊടാനായുന്നു.
‘‘അരക്കെട്ടിൽ
കാവുകളും
നിലകിട്ടാ ആഴങ്ങളുമായി
ഞങ്ങളുടെ തട്ടകത്തമ്മ’’
( വെറ്റിലച്ചെല്ലം).
‘‘ഒരു കരിമ്പനച്ചുവട്ടിൽ
രഹസ്യങ്ങളെല്ലാം വാർന്ന്
എല്ലും തോലുമായി
ഞാൻ കിടന്നു’’
(യക്ഷി).
വയൽക്കരെ ഇപ്പോഴില്ലാത്ത ഒരു നേരം അല്ലെങ്കിൽ ഒരിടം എല്ലാ കവിതകളെയും ഈറനോടെ ശ്വാസമമർത്തി പിന്തുടരുകയാണ്. കുഴഞ്ഞ ചേറിനടിയിൽനിന്ന് മനുഷ്യരോ ജീവികളോ നാട്ടുദൈവങ്ങളോ ഭൂതപ്രേതങ്ങളോ ആധികളോ വ്യാധികളോ പിന്തുടരുന്നു. മുറികളും മുറ്റവും ഇടവഴികളും കുളപ്പടവുകളും അറകളും മച്ചും കാവും പിന്തുടരുന്നു. വിശപ്പും വേട്ടയും മരണവും ഭയവും പിന്തുടരുന്നു.വയലുകളും പിന്നെ അതിെൻറ കരയിൽ വീടുകളും ഉണ്ടായിവന്നതിെൻറ ചരിത്രമാണ് നമ്മുടെ സംസ്കാരത്തിെൻറയും ചരിത്രം.
കാടുകൾ മായ്ച്ച് എഴുതിയ ചിത്രങ്ങൾ ആണ് ആ വയലുകൾ, വീടുകൾ. അത്ര പിറകിലുണ്ടായിരുന്ന ഒരു കാലത്തേക്ക് ഗൃഹാതുരമായി കൺപാർക്കുന്ന ഒരാളല്ല ഈ കവിതകൾക്കകത്ത് പാർക്കുന്നത്. തെൻറ ഭാഷയിലും ശരീരത്തിലും ഒരു ജനിതക മുദ്രണംപോലെ ആഴത്തിൽ കലർന്നുപോയ ദേശാനുഭവങ്ങളും പ്രകൃതിയും തന്നിഷ്ടത്തോടെയല്ലാതെ കയറിവരുന്നതിെൻറ ആന്തലാണ്. ആ വരവ് തടുക്കാനാവുന്ന ഒന്നല്ല. കണ്ണടച്ചാലും കാണുന്ന, കാതു പൂട്ടിയാലും കേൾക്കുന്ന ദേശം. അതിെൻറ മണ്ണും വെള്ളവും. ജീവനോടെയും അഴുകിയും. ഉണങ്ങിയും ഉണർന്നും.
‘‘ഉണർന്നിട്ടും ഉണർന്നിട്ടും തീരാതെ
ഉറങ്ങിക്കൊണ്ടൊരു ജന്മം’’
(ഉണരൽ).
‘‘ഇപ്പോൾ ഞാൻ കണ്ടതല്ലേ
വരാന്തയിൽ നീ
പിച്ചവെച്ചു നടക്കുന്നു’’
(അച്ഛന്).
ഓർമയുടെ മറ്റൊരാകൃതിയാണ് സ്വപ്നം. കവിതയുടെ നേരം സ്വപ്നത്തിെൻറ ‘ഒരിട’ത്തുവെച്ച് ഓർക്കുന്നു. നിദ്രയുടെ അകത്ത് വെച്ച് ഓർക്കുന്നു. ഉണർന്നിട്ടും ഉണരാനാവാതെ ആ സ്വപ്നങ്ങൾ മൊഴിപ്പകർച്ചയാവുന്നു.
അർധ ബോധാവസ്ഥയിൽ മരണത്തിനോ ജനനത്തിനോ തെട്ടു മുമ്പെന്നവിധം ഓരോ മനുഷ്യനും കണ്ടേക്കാവുന്ന വിധം കനവുകൾകൊണ്ട് രാജീവെൻറ കവിതകൾ മുറുകിപ്പൊട്ടുന്നതു കാണാം. വരും കാലമാണോ പോയ കാലമാണോ തേൻറത് എന്നറിയാതെ, ഒരു ദ്വീപുപോലെ, വിജനതയിൽ ജീവിച്ചിരിക്കുന്ന ഒരു വെറും മനുഷ്യൻ.
‘‘പണ്ട്, നാട്ടെഴുത്തച്ഛൻ
വിരൽ പിടിച്ച് മണലിലെഴുതിച്ച
ഴ പോലെ’’
(മദിരാശി മെയിൽ).
‘ഴ’ എന്ന ലിപിയുടെ ആകാരത്തെ കുറിച്ച് , അല്ലെങ്കിൽ ‘ഴ’ എന്ന മൊഴിയുടെ വഴക്കത്തെക്കുറിച്ച് രാജീവെൻറ കവിത പറയുന്നു. ‘ഴ’ മൊഴിയുടെ ചരിത്രമാണ്. തമിഴകത്തിെൻറ ഭൂപടം അത് നീർത്തി വെക്കുന്നു. ആ ഭൂപടം കവിതയുടെ ദേശത്തെ അടയാളപ്പെടുത്തുന്നു. ദേശത്തിെൻറ നനവിൽനിന്നും നനവിനറ്റത്ത് പൊടിയുന്ന, ഉയിർക്കുന്ന ഒന്നായി ഭാഷയെ രേഖപ്പെടുത്തുന്നു.
ദേശത്തിെൻറ ചരിത്രം ഭാഷയുടെയും കവിതയുടെയും മാത്രമല്ല, സ്വന്തമുടലിെൻറകൂടി ചരിത്രമെന്ന് പറയുന്നു. തെൻറ മെയ്യിലാണ് പുഴയുടെ ‘ഴ’. മഴക്കാലങ്ങളുടെ ‘ഴ’. കാടിനും കടലിനും ഇടയിൽ ചുരുണ്ട് കിടക്കുന്ന ഇത്തിരി മണ്ണ് രാജീവന് കവിതയാവുകയാണ്. അല്ലെങ്കിൽ തിരിച്ചുമാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.