ഒാർക്കേണ്ട ചരിത്ര മുദ്രകൾ
text_fieldsനാടകരചയിതാവായ ഹുസൈൻ കാരാടിയുടെ നോവൽ ‘അടയാളശില’ മലബാറിലെ മുസ്ലിം ഭൂതകാലത്തിെൻറ ഒരു പരിേച്ഛദമായി അനുഭവപ്പെടുന്നു. പ്രാദേശിക ചരിത്രാഖ്യാനങ്ങളും ചരിത്രനോവലുകളും വർധമാനമായ തോതിൽ രചിക്കപ്പെടാൻ തുടങ്ങിയത് ഒരു ആധുനികോത്തര പ്രവണതയാണ്. അവഗണിക്കപ്പെട്ടതും അദൃശ്യമാക്കപ്പെട്ടതുമായ ഭൂതകാല ജീവിതത്തെ ആവിഷ്കരിക്കേണ്ടത് വാസ്തവത്തിൽ ചരിത്രപരമായ ഉത്തരവാദിത്തമാണ്. ഇൗ ദൗത്യം ഗംഭീരമായി നിർവഹിക്കാൻ ഹുസൈൻ കാരാടിക്ക് സാധിച്ചിട്ടുണ്ട്.
ഗ്രാമീണ ജീവിതത്തിലെ, ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരധ്യായം നമുക്കും ഭാവിതലമുറക്കും അറിയാനുള്ള സന്ദർഭമാണ് ഇൗ നോവൽ നിർവഹിക്കുന്നത്. ചരിത്രത്തിലുടനീളം വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുന്ന ദൗത്യമാണ് ഇന്ന് ലോകവ്യാപമായി നടക്കുന്നത്. ഭാഷയെയും സാഹിത്യത്തെയും പൊളിച്ചെഴുതിയ പുതിയ കാലമായിരിക്കണം ഹുസൈന് ഇതുപോലൊരു നോവൽ രചിക്കാൻ ഉൗർജം നൽകിയത്. ഇൗ രചനയിൽ ഒരുവിധത്തിൽ എല്ലാവരുംമുഖ്യ കഥാപാത്രങ്ങളാണ്. കാരണം ഒാരോ ജീവിതത്തിനും അതിെൻറതായ വേറിട്ട ഇടങ്ങളും അതുല്യമായ പങ്കുമാണ് ജീവിതത്തിലുള്ളതെന്ന തിരിച്ചറിവാണ് നോവൽ ഉണ്ടാക്കുന്നത്. അതേസമയം, ഇതിലെ പ്രധാന കഥാപാത്രങ്ങളായ മൂസ മുസ്ലിയാരോ അദ്ദേഹത്തിെൻറ ശിഷ്യനായ കുഞ്ഞീതോ ചെയ്യുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം ഒരു വ്യവസ്ഥക്കകത്ത് (System) സംഭവിക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. കേരളീയ ഭൂതകാലം അനുഭവിച്ച ഇരുട്ടും വെളിച്ചവും ശത്രുതയും സൗഹൃദവും ഇൗ രചനയുടെ വായനാനുഭവത്തെ സമ്പന്നമാക്കുന്നു.
‘ജിന്നിനെയും ഇൻസിനെയും പോലെ പടച്ചവൻ പടച്ച ഒന്നിനെയും പേടിയില്ലാത്തവനാണ് കുഞ്ഞീത്. ചെകുത്താനും ജിന്നും ഒടിയനുമെല്ലാം അയാളുടെ വരുതിയിലാണ്. ഒരുപിടി ഭസ്മമോ, ഒരു മന്ത്രക്കളമോ ഒരു കറുത്ത നൂൽച്ചരടോ മതി അയാൾക്ക് അവരെ തളിച്ചിടാൻ’ (പു. 150). യഥാർഥത്തിൽ ദീർഘകാലം കേരളീയ ഗ്രാമങ്ങളെ നിയന്ത്രിച്ച വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അതിലൂടെ രൂപപ്പെട്ട പകയും പ്രതികാരവും ചോരച്ചാലുകളും നോവലിെൻറ പുറങ്ങളിൽ വിറങ്ങലിച്ചുനിൽക്കുന്നുണ്ട്. അതേസമയം, കുഞ്ഞീതും അപ്പുണ്ണി നായരും അച്ചുമ്മുവും കല്യാണിയും അബൂട്ടിയും രുഗ്മിണിയും സൈനബിയുമെല്ലാം സ്നേഹ സൗഹൃദങ്ങളും ഗ്രാമ്യമായ (idyllic) നന്മയും ഉള്ളവരായും നമുക്ക് അനുഭവപ്പെടുന്നു.
ജീവിതത്തിലന്തർഭവിച്ച ഒരു പ്രധാന വൈരുധ്യവും ഇവിടെ അനാവൃതമാവുന്നു. കുഞ്ഞീതും അപ്പുണ്ണി നായരും മനുഷ്യരെയും പ്രകൃതിയെയും സ്നേഹിക്കുന്നവരാണ്. അവർക്ക് ആരോടും ദേഷ്യമോ പരിഭവമോ ഇല്ല. കുഞ്ഞീത് മന്ത്രവാദിയോ ഇസ്മിെൻറ പണിക്കാരനോ ആവുന്നത് അയാളുടെ ഏതെങ്കിലും തരത്തിലുള്ള ദുഷ്ടബുദ്ധിയോ ക്രൂരതയോ കാരണമല്ല. ഒാരോ മനുഷ്യനും അയാൾ എവിടെയാണോ എത്തിപ്പെടുന്നത് അവിടെ വളരുകയാണ്. വഴിയരികിൽ വളരുന്ന ബദാം മരത്തെപോലെ, അല്ലെങ്കിൽ ഗുൽമഹർപോലെ മനുഷ്യരും എവിടെയെല്ലാമോ എത്തിപ്പെടുകയോ എറിയപ്പെടുകയോ ചെയ്യുകയാണ്. പൊതുബോധത്തിൽ രൂഢമൂലമായ പല വിശ്വാസങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അറിവിന് പല തലങ്ങളുണ്ടെന്ന യാഥാർഥ്യവും ഇവിടെ കുഞ്ഞീതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. പ്രകൃതിയിലും ജീവിതത്തിലും നിഗൂഢതകൾ നിലനിൽക്കുവോളം മനുഷ്യർക്ക് നിസ്സഹായാവസ്ഥയും അനുഭവപ്പെടുന്നതാണ്.
കുഞ്ഞീതിനും അപ്പുണ്ണി നായർക്കും പുഴയോരം ആശ്വാസവും സന്തോഷവും നൽകുന്നു. വേദനകൾ പറഞ്ഞുതീർക്കാനുള്ള ഇടമായി പുഴയോരം മാറുന്നു. മക്കളായ അബൂട്ടിയും രുഗ്മിണിയും പ്രകൃതിയിൽതന്നെയാണ് സമാശ്വാസം കണ്ടെത്തുന്നത്. ‘പരന്നൊഴുകുന്ന തെളിഞ്ഞ പുഴയായിരുന്നു എന്നും അവരെ ആശ്വസിപ്പിക്കാറുണ്ടായിരുന്നത്. വേദനകളും ദുഃഖങ്ങളും മായ്ച്ചുകളഞ്ഞത് പുഴയിലെ ഒാളങ്ങളായിരുന്നു’ (പു. 191) പ്രതികാരവും അനുകമ്പയും കൂടിച്ചേരുന്ന, വെറുപ്പും സ്നേഹവും ഒത്തുചേരുന്ന, നശീകരണവും രചനാത്മകതയും ഒന്നിക്കുന്ന ജനനവും മരണവും പിന്തുടരുന്ന സാമൂഹിക ഇടങ്ങൾ എന്നും ഒരു യാഥാർഥ്യമാണ്.
അതേസമയം, പള്ളിയും പള്ളിക്കാടും മന്ത്രവാദങ്ങളും കൂടോത്രങ്ങളും ഒടിവിദ്യകളും ഗ്രാമങ്ങളിലെ ഇരുട്ടിനെ ഭീകരമാക്കിയ വൈദ്യുതിയുടെയും തെരുവുവിളക്കുകളുടെയും ആഗമനപൂർവ ജീവിത പരിസരം ഇന്നത്തെ തലമുറക്ക് അത്രയൊന്നും പരിചയമുണ്ടാവില്ല. ഇൗ നോവലിലെ മൂസ മുസ്ലിയാരെ ഞാനിപ്പോൾ കൺമുന്നിൽ കാണുന്നുണ്ട്. അര നൂറ്റാണ്ടിനു മുമ്പ് പതിവായി വീട്ടിലേക്ക് വരുന്ന എഴുത്താണിയും കടുക്ക മഷിയുമുപയോഗിച്ച് വെളുത്ത ബസിയിൽ (പ്ലേറ്റ്) എഴുതുന്ന, എരുക്കിെൻറ പൂക്കളും എരഞ്ഞി ഇലകളും മറ്റുമുപയോഗിച്ച് മന്ത്രവാദം നടത്തിയിരുന്ന എെൻറ നാട്ടിലെ മുസ്ലിയാരുടെ ബാല്യകാല സ്മരണ ഇൗ നോവൽ എെൻറ മുന്നിലെത്തിക്കുന്നു. കടന്നുപോയ വഴികളും ഒഴുകിപ്പോയ വിയർപ്പും കരിഞ്ഞുപോയ സ്വപ്നങ്ങളും ഒാർമിപ്പിക്കുേമ്പാഴാണ് ചരിത്രനോവൽ അതിെൻറ ദൗത്യം നിർവഹിക്കുന്നത്.
വ്യക്തിപരമായി ഒരാളുടെ നന്മ-തിന്മകൾ അയാളകപ്പെടുന്ന സാമൂഹിക സാഹചര്യത്തിനകത്താണ് രൂപപ്പെടുന്നത്. മൂസ മുസ്ലിയാർ ദർസിൽ പഠിപ്പിച്ചും പ്രാർഥിച്ചും കഴിയേണ്ട മനുഷ്യനാണ്. എന്നാൽ, നാട്ടിലെ പ്രമാണിമാരും ജന്മികളും രൂപപ്പെടുത്തിയ വൈരത്തിെൻറയും പ്രതികാരത്തിെൻറയും നടത്തിപ്പുകാരനായും മുസ്ലയാർക്ക് വേഷം കെേട്ടണ്ടിവരുകയാണ്. കുഞ്ഞീതിെൻറ കാര്യവും ഭിന്നമല്ല. കുഞ്ഞീത് മകൻ അബൂട്ടി ഒരിക്കൽ ആശ്വസിക്കുന്നതുപോലെ ‘ബാപ്പ സ്വയം തെരഞ്ഞെടുത്തതായിരിക്കില്ല ഇൗ ജോലി’.
മനുഷ്യജീവിതത്തിൽ ഒരാൾ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി പ്രസിദ്ധ ദാർശനികനായ കീർക്കേഗാഡ് (Soren Kierkegaard) നിരീക്ഷിക്കുന്നുണ്ട്. അവ സൗന്ദര്യാത്മകവും ധാർമികവും മതപരവും ആണ്. ഇവിടെ അടയാളശിലയിലെ കുഞ്ഞീതും ഇൗ മൂന്ന് ഘട്ടങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി കാണാം. സ്വന്തം ഭാര്യ ഉൾെപ്പടെ സ്ത്രീകൾ അനുഭവിക്കുന്ന യാതനയെക്കുറിച്ചുള്ള തിരിച്ചറിവാണ് കുഞ്ഞീതിനെ ആത്മവിചാരണയിലേക്ക് നയിക്കുന്നത്.
യഥാർഥത്തിൽ എല്ലാ മനുഷ്യരും ആന്തരികമായി നന്മയെ ആേശ്ലഷിക്കുന്നവരാണ്. അധികാരത്തിെൻറയും പണചംക്രമണത്തിെൻറയും ഘടനക്കകത്താണ് ഒരാൾ സ്വയം അഴുകിപ്പോകുന്നത്. ആരെയും ഹനിക്കാനോ കാമിക്കാനോ ഒരിക്കൽപോലും ഉദ്ദേശിക്കാത്ത വ്യക്തിയാണ് കുഞ്ഞീത്. എന്നാൽ, കുഞ്ഞീത് എത്തപ്പെട്ട തൊഴിൽമേഖല കുടുംബത്തിന് മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ പ്രദാനംചെയ്യുന്നു. വിവാഹങ്ങളും മരണങ്ങളും ജനനങ്ങളും ജീവിതത്തിെൻറ അനിവാര്യതയായി എന്നും നിലനിൽക്കുന്നു. അതേസമയം, അവ മൂന്നും പലപ്പോഴും അമ്മയുടെ തെരഞ്ഞെടുപ്പുകൾക്ക് വിധേയമായി സംഭവിക്കണമെന്നില്ല.
അനിശ്ചിതത്വങ്ങളും അമ്പരപ്പുകളും യാദൃച്ഛികതകളും ജീവിതത്തെ എന്നും സങ്കീർണമാക്കുന്നു. ഒറ്റക്കല്ലിൽ കൊത്തിയ ശിൽപമല്ല ഒരിക്കലും ജീവിതം. വിവിധങ്ങളായ ധാരകളിലൂടെ ഒാടിയും നടന്നും കരഞ്ഞും എരിഞ്ഞും ചിരിച്ചും കളിച്ചും തീരേണ്ടതാണ് ജീവിതം. ഇരുണ്ട കാലങ്ങളിലും മനുഷ്യർ പങ്കിട്ട സ്നേഹസൗഹൃദങ്ങളാണ് നമുക്കു മുന്നിൽ ഇന്നും ആവേശമായി നിലനിൽക്കേണ്ടത്. അതിന് നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.