Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightരക്​തം...

രക്​തം വാർന്നൊലിക്കുന്ന ശ്​മശാനങ്ങൾ

text_fields
bookmark_border
yasmin-khadra-and-his-book
cancel
camera_alt?????????: ????????? ????????: ????? ?????????? ?????: 152, ???: 150 ???.

ഭൂമിയിലെ ഏറ്റവും മനോഹര ഗ്രാമകാവ്യങ്ങൾ രചിക്കപ്പെട്ട അഫ്ഗാനിലെ ആകാശച്ചുവട്ടിൽ വിനാശകാരികളായ കവചിത വാഹനങ്ങൾ ഇരമ്പി. നിർമല ആകാശനീലിമയിൽ വെടിമരുന്നി​​െൻറ പുകച്ചുരുളുകൾ ഉരുണ്ടു കൂടി. ആകാശവും ഭൂമിയും കറുത്തു. മിസൈലുകളുടെ ശരവർഷത്തിനിടയിൽ ഭീതിദരായ നാരായണപക്ഷികൾ പിരിഞ്ഞുപോയി. സ്വയം നഷ്​ടപ്പെട്ട പിതൃഭൂമിക്കുവേണ്ടി ആ നിമിഷം മുതൽ അതു കേഴുകയായിരുന്നു...’ അൽജീരിയൻ നോവലിസ്​റ്റ്​ യാസ്മിനാ ഖാദ്രാ ത​​െൻറ വിഖ്യാത കൃതി ‘കാബൂളിലെ നാരായണപക്ഷികൾ’ എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്​.

സർവതും തകർക്കപ്പെട്ട് കത്തിക്കരിഞ്ഞ് ജീർണാവസ്ഥയിലായ ഒരു രാജ്യത്തി​​െൻറ നിർഭാഗ്യകരമായ ജീവിതാവസ്ഥകളാണ് നോവലിൽ. യുദ്ധാനന്തരം മനുഷ്യഹൃദയങ്ങളിൽ രൂപപ്പെട്ടുവന്ന അഗാധ ഗർത്തങ്ങളും ശൂന്യതകളും മതത്തി​​െൻറ പേരിലുള്ള ഭീകരതയും ആരെയും ഭയപ്പെടുത്തുന്ന വിധം യാസ്മിനാ ഖാദ്രാ നോവലിൽ ആഖ്യാനം ചെയ്യുന്നു. പ്രതിഷേധിക്കാൻ മറന്നു പോയവ​​െൻറ നിശ്ശബ്​ദ നിലവിളികളും തേങ്ങലുകളും വലിയ സങ്കടമായി നോവലിൽ വായിച്ചെടുക്കാം. ഇന്നലെവരെ മനുഷ്യരും വളർത്തുമൃഗങ്ങളും പക്ഷികളും ശ്വസിച്ചിരുന്ന വായുവിൽ സ്വാതന്ത്ര്യത്തി​​െൻറ സുഗന്ധമുണ്ടായിരുന്നു. ഇന്ന് അവയെല്ലാം നഷ്​ടമായിരിക്കുന്നു. കാബൂളി​​െൻറ തെരുവുകളിൽ യാചകരുടെ വിശന്ന നിലവിളികളും ആട്ടിൻപറ്റങ്ങളുടെ ദീനരോദനങ്ങളും കാക്കകളുടെ കരച്ചിലും ഇടകലർന്ന ശബ്​ദങ്ങൾ മാത്രം. ബോംബിട്ടു തകർന്ന കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ മനുഷ്യർ ഭ്രാന്തരായി ഓടിനടക്കുന്നു.

yasmina-khadra
യാസ്മിനാ ഖാദ്രാ

ജീവിതത്തെക്കുറിച്ച എല്ലാ പ്രതീക്ഷകളും നഷ്​ടപ്പെട്ടവർ... സമാധാനത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്ത വിധം മനുഷ്യഹൃദയങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നു. ഈ ഭ്രാന്തുകൾക്കിടയിൽനിന്നാണ് യാസ്മിനാ ഖാദ്രാ നോവലിന് ജീവൻ പകരുന്ന കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. അതിൽ അതീഖ് ഷൗക്കത്ത് ഉണ്ട്, അയാളുടെ ഭാര്യ മുസറാത്ത് ഉണ്ട്. കുറെ നശിച്ച ജന്മങ്ങൾക്കുവേണ്ടി പാർട്ട്​ടൈം കാവൽക്കാരനായി ജോലിചെയ്യാൻ വിധിക്കപ്പെട്ട ജയിലറായ അതീഖ് ഷൗക്കത്ത് സമൂഹമനസ്സാക്ഷിയെ പോലും ഭീതിപ്പെടുത്തുന്ന ആൾക്കൂട്ട കൊലപാതകത്തി​​െൻറ ദുരന്തമുഖത്തേക്ക് സ്വബോധം നഷ്​ടപ്പെട്ട് നടന്നുനീങ്ങുന്ന കാഴ്ച അത്യധികം വേദനജനകമായാണ് നോവലിസ്​റ്റ്​ ആഖ്യാനം ചെയ്യുന്നത്.

സ്നേഹത്തി​​െൻറ നിർവചനങ്ങൾക്ക് പുതിയ അർഥ മാനങ്ങൾ നൽകി വായനക്കാരെ അമ്പരപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന മൂസറാത്ത്​ വായനക്കാര​​െൻറ മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത കഥാപാത്രമാണ്. കാബൂളിലെ നഗരങ്ങളും നാട്ടിൻപുറങ്ങളും മണൽപരപ്പുകളും കുന്നിൻ ചരിവുകളും സാധാരണക്കാര​​െൻറ നിത്യ കാഴ്ചകളിൽനിന്ന്​ അകന്നുപോയതി​​െൻറ ഉള്ളറകളിലേക്ക് നോവൽ വെളിച്ചം വീശുന്നു. തകർന്ന കെട്ടിടത്തി​​െൻറ ഇരുട്ടുനിറഞ്ഞ മുറിയിൽനിന്ന് പുറത്തേക്കിറങ്ങി മനസ്സ്​​ തുറന്ന് പൊട്ടിച്ചിരിക്കാൻ മോഹിക്കുന്ന ഇണകൾ. പലപ്പോഴും അവരെ തേടിയെത്തുന്നത് ചാട്ടവാറി​​െൻറ അപ്രതീക്ഷിത പ്രഹരങ്ങളാണ്. സ്ത്രീകൾക്ക് കിണുങ്ങിച്ചിരിക്കാനുള്ള ഇടമല്ല ആൾസഞ്ചാരമുള്ള പൊതുവഴികൾ എന്ന യാഥാർഥ്യം തിരിച്ചറിയാത്തവർ തെരുവിലെ ആൾക്കൂട്ടത്തിൽ അപമാനിതരാവുന്നു.

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുകയും കുറഞ്ഞകാലം മജിസ്ട്രേറ്റ് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്ത സുനൈറയും അവളുടെ ഭർത്താവ് മൊഹ്സിൻ റാമത്തും റോന്തുചുറ്റുന്ന താലിബാൻ ഏജൻറുമാരുടെ ചാട്ടവാർ പ്രഹരത്താൽ തെരുവിൽ അപമാനിക്കപ്പെട്ടവരാണ്. ഈ മുറിവ് ജീവിതകാലം മുഴുവനും സുനൈറയെ വേട്ടയാടുന്നത് നോവലിന് പുതിയ ഉൾക്കാഴ്ചയും ദിശാബോധവും നൽകുന്നു. ഭർത്താവി​​െൻറ കൺമുന്നിൽ അന്യപുരുഷ​​െൻറ പ്രഹരമേൽക്കേണ്ടിവന്നതും അന്യ​​െൻറ സ്പർശനം ഏൽക്കേണ്ടിവന്നതും അഭിമാനിയായ സ്ത്രീക്ക് ഒരിക്കലും സഹിക്കാൻ ആവുന്നതല്ല. ആ തെരുവ്​ തെമ്മാടികളോട്​ മാത്രമല്ല സ്വന്തം ഭർത്താവിനോടുപോലും അവൾക്ക്​ തീർത്താൽതീരാത്ത വെറുപ്പും പുച്ഛവും പ്രതികാരവുമായി അത്​ വളർന്നു. മതത്തി​​െൻറ പേരിലുള്ള ബലപ്രയോഗത്തി​​െൻറ ജീർണതയിൽനിന്നാണ് സുനൈറക്ക് അവളുടെ സ്വത്വം നഷ്​ടമാവുന്നത്. അതൊരു ദുരന്തമായിരുന്നു. സ്വന്തം ഭർത്താവിനെപ്പോലും അവൾ ജീവിതത്തിൽനിന്ന് ആട്ടിയകറ്റി. അവളുടെ ഹൃദയത്തിൽ തുറക്കാനാവാത്തവിധം പൂട്ട്​ വീണുകഴിഞ്ഞിരുന്നു. മുഹ്സിൻ റാമത്തിന് എന്നന്നേക്കുമായി അവളുടെ മുഖം നഷ്​ടമായത് അയാളെയും ഭ്രാന്തനാക്കി.

ഭർത്താവിൽനിന്നുള്ള രണ്ടു സംഭവങ്ങളും അവളുടെ ആത്മാവിൽ സൃഷ്​ടിക്കുന്ന വലിയ ആഘാതങ്ങളാണ് നോവലി​​െൻറ ആന്തരികഘടന നിർണയിക്കുന്നത്. കാലത്തോടും വ്യവസ്ഥിതിയോടുമുള്ള പ്രതികാരമായാണ് മുഖാവരണത്തി​​െൻറ തടവറയിലേക്ക് സുനൈറ എന്നന്നേക്കുമായി സ്വയം ചുരുങ്ങിപ്പോകുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്​. അസ്വസ്ഥതപേറുന്ന അഫ്ഗാനിസ്​താ​​െൻറ ഭീതിപ്പെടുത്തുന്ന മുഖം തുറന്നുകാട്ടാൻ സുനൈറയുടെ പാത്രസൃഷ്​ടിയിലൂടെ യാസ്മിനാ ഖാദ്രാക്ക് കഴിയുന്നുണ്ട്. വിധികൽപനയാൽ തടവറയിലേക്ക് എത്തിപ്പെടുന്ന സുനൈറയും അവൾക്ക് കാവലായി നിൽക്കുന്ന അതീഖ് ഷൗക്കത്തും കാബൂളിലെ നാരായണപക്ഷികൾ എന്ന നോവലിൽ സൃഷ്​ടിക്കുന്ന ഭാവപ്രപഞ്ചം തീവ്രതരമാണ്. ജീവിക്കുന്നവരുടെ മനസ്സിൽ രക്തം വാർന്നൊലിക്കുന്ന ശ്മശാനങ്ങൾ രൂപപ്പെട്ടു വരുന്നതിനെയാണ്​ നോവൽ അടയാളപ്പെടുത്തുന്നത്​.

അഫ്​ഗാനിലെ സോവിയറ്റ്​ യൂനിയൻ, അമേരിക്കൻ സാ​മ്രാജ്യത്വ താൽപര്യങ്ങളുടെ ഉപോൽപന്നമായി രൂപം കൊണ്ടതാണ്​ താലിബാൻ. നോവലി​​െൻറ ഏറിയപങ്കും ചെലവഴിക്കുന്നത് താലിബാനിസത്തി​​െൻറ ഭീകരതയെ വിവരിക്കാനാണ്​. താലിബാനിസത്തേയും അവരുടെ ഭീകരനടപടികളെയും തുറന്നുകാട്ടുന്ന നോവൽ പക്ഷേ, അഫ്​ഗാനിൽ സാമ്രാജ്യത്വം കൊന്നൊടുക്കിയ ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യരെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. എങ്കിലും ഭാഷാപരമായ ചടുലതയും ആഖ്യാനത്തിലെ തീവ്രതയും ഒത്തുചേരുന്നതുകൊണ്ട്​ ‘കാബൂളിലെ നാരായണപക്ഷികൾ’ ഉജ്ജ്വല കൃതിയാണെന്ന്​ പറയാം.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book reviewliterature newsmalayalam newsKaboolile Narayanapakshikalyasmina khadra
News Summary - kabulile narayana pakshikal novel review -literature news
Next Story