രാഗിണി യക്ഷിയായിരുന്നോ?
text_fieldsകോളജ് പ്രൊഫസറും ശാസ്തജ്ഞനുമായ ശ്രീനിവാസന്‍റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രാഗിണിയുടെയും കഥയാണ് യക്ഷി. യക്ഷികൾ എന്ന പ്രഹേളികയുടെ നിലനിൽപ്പിനെപ്പറ്റി ഗവേഷണം നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസൻ. സുമുഖനും സുന്ദരുമായ അയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരപകടത്തെത്തുടർന്നാണ്. അപകടത്തിൽ അയാളുടെ മുഖത്തിന്‍റെ ഒരു ഭാഗംതന്നെ നഷ്ടമാകുന്നു. തന്നെ സ്‌നേഹിച്ചിരുന്ന, വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്ന പെൺകുട്ടി ശ്രീനിവാസനെ വിട്ടലുന്നതോടെ തീവ്രമായ വിഷാദത്തിലേക്ക് അയാൾ കൂപ്പുകുത്തുന്നു.
മറ്റുള്ളവരുടെ മുന്നിൽ പരിഹാസപാത്രമായി ജീവിക്കുന്ന ശ്രീനിവാസന്‍റെ ജീവിതത്തിലേക്ക് രാഗിണി എന്ന സുന്ദരിയായ സ്ത്രീ കടന്നു വരുന്നതോടെ അയാൾ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ്. പക്ഷേ വൈരൂപ്യം അവളെ സ്‌നേഹിക്കുന്നതിൽ നിന്ന് അയാളെ പിന്നോട്ടുവലിക്കുന്നു.
രാഗിണിയെപ്പറ്റി തനിക്ക് ഒന്നുമറിയില്ല എന്നതും അയാളെ വലക്കുന്ന പ്രശ്‌നമാണ്. പല കാര്യത്തിലും രാഗിണി തനിക്ക് മറ്റൊരു പ്രഹേളികയാണ് എന്ന ചിന്ത ശ്രീനിവാസനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു തലത്തിലേക്കാണ്. രാഗിണി ഒരു യക്ഷിയാണെന്ന് അയാൾ ചിന്തിച്ചു തുടങ്ങുകയായിരുന്നു.
മാജിക് റിയലിസവും സൈക്കോളജിയും ഇഴചേരുമ്പോൾ യക്ഷിയിലൂടെ വായനക്കാരനു ലഭിക്കുന്നത് ഉദ്വേഗജനമായ ഒരു വായനാനുഭവമാണ്. നോവലിന്‍റെ അവസാനം വരെ രാഗിണിയുടെ സ്വത്വം എഴുത്തുകാരൻ വെളിവാക്കുന്നില്ല എന്നതും വായനയുടെ സുഖം വർദ്ധിപ്പിക്കുന്നു.
ഐ.എ.എസ് രാജിവച്ച് സാഹിത്യത്തെ തട്ടകമാക്കിയ സാഹിത്യകാരനാണ് മലയാറ്റൂർ രാമകൃഷ്ണൻ. തന്‍റെ കഥകളിലൂടെയും നോവലുകളിലൂടെയും വായക്കരെ വിസ്മയിപ്പിച്ച അദ്ദേഹത്തിന്‍റെ സൈക്കോളജിക്കൽ ത്രില്ലറാണ് യക്ഷി. സൽമാൻ റുഷ്ദിയുടെ രചനകളിൽ കാണുന്ന മാജിക് റിയലിസവും ഈ മലയാള നോവലിൽ കാലത്തിനു മുന്നേ അദ്ദേഹം ആവിഷ്‌ക്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.