റണ്ണമാരി ഒരു കടൽ ജിന്നാണ്
text_fieldsമലയാളിയുടെ പ്രവാസകുറിപ്പുകൾ ഗൾഫിലൊതുങ്ങുന്നു എന്നത് അടുത്തകാലം വരെ ഒരു പരിമിതിയായിരുന്നു. ഇതിന് മോചനമായതിൽ ഒാൺലൈൻ പോർട്ടലുകൾ വഹിച്ച പങ്കു ചെറുതല്ല. പലദേശങ്ങളിൽ, പല കാലങ്ങളിലുള്ള അനുഭവങ്ങളുടെ എഴുത്തിന് നിർലോഭമായ ഇടം നൽകാൻ ഒാൺലൈൻ സ്പേസിനായിട്ടുണ്ട്.
ഗൾഫിനും മുമ്പ്, അല്ലെങ്കിൽ ഗൾഫ് കുടിയേറ്റ കാലത്തോടൊപ്പം തന്നെ മലയാളികൾ കുടിയേറിയ നാടുകൾ അനവധിയുണ്ട്. അതിൽ തൊട്ടടുത്തുള്ള സിലോണിലേക്ക് കച്ചവടത്തിനുപോയവർ മുതൽ ജർമനിയിലേക്ക് പോയ നഴ്സുമാർ വരെയുണ്ട്. എങ്കിലും എഴുത്തിെൻറ ലോകത്തേക്ക് ഇൗ അനുഭവങ്ങൾക്ക് അധികമൊന്നും കടന്നുകയറാനായിട്ടില്ല.
ഇന്ത്യക്ക് തൊട്ടുതാഴെ, ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിെൻറ ശൃംഖലയിൽ വരുന്ന, എന്നാൽ സ്വതന്ത്ര രാജ്യമായ പ്രദേശമാണ് മാലദ്വീപ്. ലക്ഷദ്വീപ് തന്നെയാണ് മാലദ്വീപ് എന്നും അവിടേക്ക് യാത്രാരേഖകൾ ആവശ്യമില്ലെന്നുമാണ് പലരുടെയും ധാരണ. എന്നാൽ, ഇന്ത്യയിൽ നിന്നും ഭാഷ, വസ്ത്രം, ഭക്ഷണം, ആചാരം തുടങ്ങിയ എല്ലാ കാര്യങ്ങളിലും വ്യതിരിക്തത പുലർത്തുന്ന ജനതയാണ് മാലദ്വീപുകാർ. ആ നാടിനെ കുറിച്ചുള്ള അനുഭവ പുസ്തകമാണ് കവി രാജേഷ് കരിപ്പാലിെൻറ ‘റണ്ണമാരി’.
കണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വർണനകളുടെ പരിധി ലംഘിച്ച യാത്രാ വിവരണങ്ങളുടെ കാലത്താണ് ഇൗ ഒാർമപുസ്തകം വരുന്നത്. അതുകൊണ്ടുതന്നെ, ഇത് വൈയക്തികമായ ഒാർമക്കുറിപ്പുകൾപ്പുറം മാലദ്വീപിെൻറ നൂറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയ ചരിത്രവും വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടവും ജനതയുടെ സാംസ്കാരിക സവിശേഷതകളും അവർക്ക് കേരളവുമായുള്ള ബന്ധവും മറ്റും വിവരിക്കുന്ന പുസ്തകം കൂടിയാണ്. വൈദേശിക നാഗരികതകളെയും രാഷ്ട്രങ്ങളെയും ജനതയെയും നോക്കുന്ന ഇടം ഏതാണ് എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്. ആ ചോദ്യമാണ് മലയാളത്തിെല ഏറ്റവും ജനപ്രിയ യാത്ര എഴുത്തുകാരനായ എസ്.കെ.പൊറ്റക്കാടിെൻറ കുറിപ്പുകളെയും പുസ്തകങ്ങളെയും വരെ പ്രശ്നവൽക്കരിക്കാനുള്ള കാരണമായത്. രാജേഷിെൻറ എഴുത്തിൽ ദ്വീപ് ജനതയോട് ചേർന്ന് നിൽക്കുന്ന ഒരു ഭാഷയും കാഴ്ചയുമുണ്ട്. അത് അവിടുത്തെ രാഷ്ട്രീയ വികാസങ്ങളോടുള്ള വിമർശനത്തിൽ പോലും പ്രകടമാണ്.
നൂറുകണക്കിന് ദ്വീപുകൾ ചേർന്ന മാലദീപിെൻറ തെക്കെ അറ്റത്തുള്ള ദ്വീപസമൂഹത്തിൽപെട്ട അഡ്ഡുവിലെ ഹിതദുവിൽ 2001മുതൽ 2006 വരെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു രാജേഷ്. അക്കാലത്ത് താൻ നേരിട്ട് കണ്ടതും കേട്ടതുമായ രസകരമായ അനുഭവങ്ങളുടെ വിവരങ്ങൾ പുസ്തക വായനയെ സമരമായ അനുഭവമാക്കും. എന്തുകാര്യത്തിലും തലയിടാനും പരദൂഷണം പറയാനുമുള്ള വ്യഗ്രത മധ്യവർഗ ഇന്ത്യൻ ജീവിതത്തിെൻറ അടയാളമാണ്. അത് മാലദ്വീപിലെത്തുന്ന അധ്യാപകരിലും കുറവല്ലായിരുന്നു. അങ്ങനെയുള്ള ഒരു കഥ ‘ആരുടേയോ ഭാര്യ’ എന്ന അധ്യായം പറയുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് ഭാര്യയും ഭർത്താവുമായാണ് വിക്രം ഡിസൂസയും സൗമ്യ ഗുപ്തയും സ്കൂളിൽ ചേരുന്നത്. അവർ സ്വഛന്ദം ദ്വീപിൽ അധ്യാപനവും പ്രണയവുമായി കഴിയുന്നതിനിടെ ബംഗളൂർ സ്വദേശി ജയന്തി, വിക്രമും സൗമ്യയും ഭാര്യയും ഭർത്താവും അല്ലെന്നും സൗമ്യക്ക് യഥാർഥ ഭർത്താവായി ഒരാൾ ഇന്ത്യയിലുണ്ടെന്നും പ്രഖ്യാപിക്കുന്നു. വിഷയം സ്റ്റാഫ് റൂമിലും സ്കൂളിലും കോലാഹലമാകുന്നു. ഇത് വിദ്യാഭ്യാസ വകുപ്പിൽ വരെയെത്തി. അതിനുശേഷം, വിദേശത്തുനിന്ന് വരുന്ന ദമ്പതികൾ വിവാഹസർട്ടിഫിക്കറ്റ് കൂടി കൊണ്ടുവരണം എന്ന കർശന നിയമം വരുന്നു. സൗമ്യ ഒരിക്കൽ തെൻറ പേഴ്സണൽ കമ്പ്യൂട്ടർ ഉപയോഗശേഷം ലോഗൗട്ട് ചെയ്യാൻ മറന്നതാണ് രാജ്യത്തിെൻറ നിയമം മാറ്റാൻ കാരണമായത്. ലോഗൗട്ട് ചെയ്യാത്ത കമ്പ്യൂട്ടർ ജയന്തി പരതി. അതിൽ തുറന്നിട്ട അവരുടെ മെയിലുകൾ നോക്കി. അങ്ങനെയാണ് ‘ശരിയായ’ ഭർത്താവിനയച്ച മെയിൽ കണ്ടത്. അത് അവർ ആഘോഷിക്കുകയും ചെയ്തു.
ദ്വീപിെൻറയും പ്രണയത്തിെൻറയും വശ്യതയിൽ പെടുകയും കുന്നും മലകളും പുഴകളും ഉറ്റവരുമെല്ലാമുള്ള നാടുതന്നെ വേണ്ടെന്ന് വെക്കുകയും ചെയ്ത മനുഷ്യരെക്കുറിച്ച് ഇൗ പുസ്തകത്തിൽ ചെറുകുറിപ്പുകളുണ്ട്. അത് ചെറുകഥകൾ പോലെ മനോഹരമാണ്. പാലക്കാട്ടുകാരനായ ‘ഡോ.നായർ’ അഡ്ഡു ഹോസ്പിറ്റലിൽ ശ്രീലങ്കയിൽ നിന്ന് പഠനം പൂർത്തിയാക്കിയെത്തിയ അയിഷത്തുമായി പ്രണയത്തിലാവുകയും ദ്വീപിനെയും അയിഷത്തിനെയും പിരിയാനാകാെത അവിടെ ‘നായേഴ്സ് ക്ലിനിക്’ തുടങ്ങി താമസമായതും പുസ്തകത്തിലുണ്ട്. അതേപോലെ, ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആമിനത്ത് സെലിൻ ഒരു ഇടവേളയിൽ ‘എനിക്ക് മലയാളം അറിയാം’ എന്ന് പറയുന്നത് ഗ്രന്ഥകാരനെ ഞെട്ടിക്കുന്നുണ്ട്. പിന്നീടാണ് അവൾ അതിനുപിന്നിലുള്ള കഥ പറയുന്നത്. അവളുടെ ചേച്ചിയുടെ ഭർത്താവ് ഇബ്രാഹിം (ചന്ദ്രൻ) തിരുവനന്തപുരത്തുകാരനാണ്. ചേച്ചി തിരുവനന്തപുരത്ത് ചികിത്സക്ക് പോയപ്പോൾ പരിചയപ്പെട്ടതാണ് ചന്ദ്രനെ. പ്രണയത്തിെൻറ കനമുള്ള കൊളുത്ത് ചന്ദ്രനെ വലിച്ച് ദ്വീപിലെത്തിക്കുകയായിരുന്നു. ചന്ദ്രനാണ് സെലിന് മലയാളം പകർന്നത്.
150 ഒാളം പേജുകളിൽ മൂന്ന് ഭാഗങ്ങളിലായാണ് പുസ്തകം എഴുതിയിട്ടുള്ളത്. ആദ്യ ഭാഗം ദ്വീപിെൻറ ജീവിതവും പോപ്പുലർ കൾച്ചറും അനുഭവങ്ങളുമായി കോർത്തുകിടക്കുന്നു. രണ്ടാം ഭാഗത്തിൽ മിത്തുകളും മധ്യകാലചരിത്രവും പ്രതിപാദിക്കുന്നു. മൂന്നാം ഭാഗത്തിൽ രാജ്യം സ്വതന്ത്രമാകുന്നതുമുതൽ ഇന്നത്തെ അവസ്ഥവരെയുള്ള കാര്യങ്ങളുടെ ലഘുകുറിപ്പുകളാണ്. ഇതിൽ സ്വഛമായ ജീവിതം നയിച്ചുപോന്ന ഒരു ജനത എങ്ങനെയാണ് സേഛാധിപത്യത്തിെൻറ സ്വഭാവമുള്ള ഭരണകൂടങ്ങളിൽ അമരുന്നത് എന്നതിെൻറ വിവരണമുണ്ട്. കണ്ണൂരിലെ ആലി രാജയുമായും മലബാറിലെ മാപ്പിളമാരുമായും മാലദ്വീപിനുള്ള ചരിത്രപരമായ ബന്ധം വിശദീകരിക്കുന്ന ഭാഗങ്ങൾ ഏതൊരു മലയാളിക്കും ആവേശത്തോടെ വായിക്കാം.
മാലദ്വീപിെൻറ ചരിത്രവും ഭൂമിശാസ്ത്രവും പാരമ്പര്യവും ചികയുന്ന പഠനങ്ങളും ഗവേഷണങ്ങളും വളരെ വളരെ കുറവാണ്. എങ്കിലും ലഭ്യമായ 15ഒാളം പുസ്തകങ്ങൾ റഫറൻസ് ആയി സ്വീകരിച്ചാണ് രാജേഷ് മാലദ്വീപിനെക്കുറിച്ചുള്ള തെൻറ പുസ്തകം പൂർത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു രണ്ടുമണിക്കൂർ വായനയിൽ മാലദ്വീപിനെക്കുറിച്ചുള്ള തെളിച്ചമുള്ള ചിത്രം നൽകാൻ ഇൗ പുസ്തകം ഉപകരിക്കും.
‘റണ്ണമാരി’ എന്നത് മാലദ്വീപിയൻ മിത്താണ്. എല്ലാ ദ്വീപുകാരുടെയും ഉള്ളിലുള്ള ‘കടൽജിന്നി’നെക്കുറിച്ചുള്ള ഒരു ഒാർമ. ഒാർമയും ചരിത്രവും സമകാലികതയും കെട്ടുപിണയുന്ന പുസ്തകം സമ്മാനിക്കുന്ന വായനാനുഭവും ഭ്രമാത്മകമാണ്. ഇൻസൈറ്റ് പബ്ലിക ആണ് പ്രസാധകർ. വില: 150 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.