വസ്തുതകളെ കണ്ടുമുട്ടുന്ന ചരിത്ര രചന
text_fieldsചരിത്ര പണ്ഡിതനും ഗവേഷകനുമായ ഡോ. കെ.ടി. ജലീൽ ഇന്ന് കേരളത്തിെൻറ തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രിയാണ്. കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ ചരിത്ര നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തുന്നുവെന്നത് ശ്ലാഘനീയമാണ്.
ചിന്ത പബ്ലിക്കേഷൻസ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച ‘മലബാർ കലാപം - ഒരു പുനർവായന’ എന്ന അദ്ദേഹത്തിെൻറ കൃതി 1921ലെ മാപ്പിളലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ചുവരുന്ന മലബാർ സമരത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച് സമരത്തിെൻറ സാമൂഹികവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ വശങ്ങളെ കഴിയുന്നത്ര നിഷ്പക്ഷമായി പുനർ വായനക്ക് വിധേയമാക്കാനുള്ള ഒരു ചരിത്രാന്വേഷകെൻറ ആത്മാർഥമായ ശ്രമമായി വിലയിരുത്താവുന്നതാണ്. ‘മുഖക്കുറിപ്പിൽ’ ഗ്രന്ഥകാരൻ തന്നെ അത് സൂചിപ്പിക്കുന്നുണ്ട്.ബ്രിട്ടീഷ് ഇന്ത്യയിലെ ഏറനാട്, വള്ളുവനാട് താലൂക്കുകൾ മലബാറിെൻറ ഭാഗമായിരുന്നു. മലബാറിലെ മുസ്ലിംകളെയാണ് മാപ്പിളമാർ എന്ന് വിളിക്കുന്നത്. മുസ്ലിംകളുടെ ധീരതയും സത്യസന്ധതയും കണക്കിലെടുത്ത് സാമൂതിരി രാജാവ് നൽകിയ പേരാണത് എന്നാണ് കരുതപ്പെടുന്നത്. മഹാപിള്ള എന്ന വാക്ക് ലോപിച്ച് മാപ്പിളയായി പരിണമിച്ചു എന്നാണ് അനുമാനം.
പൊതുവെ പറഞ്ഞാൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ മറ്റു സമുദായങ്ങളെക്കാൾ ഏറെ വെറുത്തിരുന്നതും അതിനെതിരെ ശക്തമായ ചെറുത്തുനിൽപിന് മുതിർന്നവരും ഇന്ത്യയിലെ മുസ്ലിംകളായിരുന്നു. ബ്രിട്ടീഷ് എഴുത്തുകാരനായ ഇ.എം. ഫോസ്റ്റർ അദ്ദേഹത്തിെൻറ ‘എ പാസേജ് ടു ഇന്ത്യ’ നോവലിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരെ ഇവിടെനിന്ന് കെട്ടുകെട്ടിക്കാൻ മലബാറിലെ മുസ്ലിംകൾ നടത്തിയ ധീരോദാത്തമായ സമരമാണ് 1921ലെ മലബാർ കലാപം. ബ്രിട്ടീഷുകാർ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ‘സപ്പോയ് മൂട്ടിണി’ എന്നാണല്ലോ വിളിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം 1921ലെ സമരം മാപ്പിളലഹളയാണ്. യഥാർഥത്തിൽ അത് മാപ്പിളമാർ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ സ്വാതന്ത്ര്യ സമരമാണ്. അതുകൊണ്ടുതന്നെ പുസ്തകത്തിെൻറ പേര് ‘മലബാർ സമരം’ എന്നാക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. മലബാർ സമരം ചില ചരിത്രകാരന്മാർ തെറ്റിദ്ധരിച്ച പോലെ മുസ്ലിംകൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ ഒരു വർഗീയ കലാപമായിരുന്നില്ല. ഇൗ വസ്തുത തെളിവുകൾ നിരത്തി തെളിയിക്കുന്നതിൽ ഡോ. ജലീൽ വിജയിച്ചിട്ടുണ്ട്. അതോടൊപ്പം അതൊരു കാർഷിക സമരം കൂടിയായിരുന്നുവെന്ന കാഴ്ചപ്പാടും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. ജന്മിമാരിൽ മഹാഭൂരിപക്ഷവും ഹിന്ദു ബ്രാഹ്മണന്മാരായിരുന്നു. അവർക്കു കീഴിൽ കുടിയാന്മാരായ മുസ്ലിംകൾ കടുത്ത അവഗണനകൾക്കും പീഡനങ്ങൾക്കും വിധേയമായിരുന്നത് കലാപം ജന്മിമാർക്കെതിരെ തിരിയാൻ ഇടയായി എന്ന സത്യത്തിലേക്ക് ഗ്രന്ഥകർത്താവ് വിരൽചൂണ്ടുന്നുണ്ട്.
മലബാർ കലാപത്തെ അതിെൻറ പശ്ചാത്തലവും കർമ മണ്ഡലവും പ്രവർത്തന രീതിയും വിവരിച്ചുകൊണ്ട് ലഹളക്ക് തൊട്ടുപിന്നാലെ ആരും ചരിത്രരേഖകളൊന്നും പുറത്തിറക്കിയതായി കാണുന്നില്ല. മഹാകവി കുമാരനാശാൻ 1922ൽ രചിച്ച ‘ദുരവസ്ഥ’യാണ് മലബാർ കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ മലയാള കൃതി. ഹിന്ദു മതത്തിലെ ജാതീയ ഉച്ചനീചത്വങ്ങളെയും വർണ വിവേചനത്തെയും അപരിഷ്കൃതങ്ങളായ ആരാധനാമുറകൾ പരിഷ്കരിക്കേണ്ടതിനെയും കുറിച്ചൊക്കെയാണ് ‘ദുരവസ്ഥ’ മുഖ്യമായും പ്രതിപാദിക്കുന്നതെങ്കിലും 1921ലെ മലബാർ കലാപത്തെയും കുമാരനാശാൻ തെൻറ കവിതയിൽ വിവരിക്കുന്നുണ്ട്. മുസ്ലിംകൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ ഒരു വർഗീയ ലഹളയായിട്ടുതന്നെയാണ് കവി മലബാർ ലഹളയെ കാണുന്നത്. ഹിന്ദുക്കളെ മുഴുവൻ കൊന്നൊടുക്കി മലബാറിനെ ഒരു മാപ്പിള നാടായി മാറ്റാനാണ് ‘അപരിഷ്കൃതരും ക്രൂരരും ദുഷ്ടരുമായ മുഹമ്മദീയർ’ മെനക്കെട്ടതെന്നാണ് കവി തെൻറ ഭാവനയിലൂടെ സമർഥിക്കാൻ ശ്രമിക്കുന്നത്. താടി നീട്ടിയവരും തൊപ്പിയിട്ടവരും കണ്ടാൽ പേടിപ്പെടുത്തുന്ന ശരീരപ്രകൃതിയുള്ളവരുമായിട്ടാണ് കവി മാപ്പിളമാരെ ചിത്രീകരിക്കുന്നത്. വിദ്യാവിഹീനരും അറപ്പുള്ള ഭാഷ സംസാരിക്കുന്നവരും രാക്ഷസീയ സ്വഭാവമുള്ളവരുമായിരുന്നു കവിയുടെ ദൃഷ്ടിയിൽ മാപ്പിളമാർ. ലഹളക്കാലത്ത് ദുഷ്ടരായ മുഹമ്മദീയർ ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റിയതായും സ്ത്രീകളെ ബലാത്സംഗം ചെയ്തതായും കവി ചിത്രീകരിക്കുന്നുണ്ട്. മാപ്പിളമാരെ കവി ക്രൂരർ, ദുഷ്ടർ, മൂർഖർ, രാക്ഷസർ തുടങ്ങിയ പദങ്ങൾ കൊണ്ടാണ് വിശേഷിപ്പിക്കുന്നത്. കവി തിരുവിതാംകൂർകാരനാണ്. ഇന്നത്തെപോലെ വാർത്തവിനിമയ സൗകര്യങ്ങളൊന്നും 1921ൽ ഉണ്ടായിരുന്നില്ല. കേട്ടുകേൾവിയുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ കവി ചിത്രീകരിച്ച മാപ്പിളമാരുടെ ചിത്രം മലയാളി മനസ്സിൽ ഉണ്ടാക്കിയ വെറുപ്പിെൻറ കാർമേഘങ്ങളെ മായിച്ചുകളയാൻ ഡോ. ജലീലിെൻറ ‘പുനർവായന’ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കാം. 1958ൽ പുറത്തിറങ്ങിയ ഉറൂബിെൻറ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവൽ മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തെയും 1921ലെ മലബാർ സമരത്തെയും പ്രതിപാദിക്കുന്നുണ്ട്. പേക്ഷ, ഇൗ നോവലും മലബാർ സമരത്തെ മാപ്പിളമാർ ഹൈന്ദവർക്ക് നേരെ നടത്തിയ വർഗീയ കലാപമായിട്ടു തന്നെയാണ് അവതരിപ്പിക്കുന്നത്. പി. വത്സലയുടെ ‘വിലാപം’ എന്ന നോവലിലും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ജലീൽ ഇത്തരം ഭാവന സൃഷ്ടികൾക്ക് സമുചിതമായ മറുപടി നൽകുന്നുണ്ട്. മലബാർ കലാപത്തിലെ മുഖ്യ നായകന്മാർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമായിരുന്നു. ഇവരെ സംബന്ധിച്ച് കൃത്യമായ ഒരു ചരിത്ര പഠനം നടത്താതെ കഥകളും കെട്ടുകഥകളും കൊണ്ട് അവരെ ആവരണം ചെയ്യാനാണ് മലബാർ കലാപത്തെക്കുറിച്ച് എഴുതിയ പലരും ശ്രമിച്ചിട്ടുള്ളത്. ശരിക്കും ഇരുവരും കോൺഗ്രസുകാരായിരുന്നു. ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായി അവർ നാടിെൻറ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചുവെന്നതാണ് വാസ്തവം. ഇൗ വസ്തുത ശരിക്കും വ്യക്തമാക്കുന്നതാണ് ഡോ. ജലീലിെൻറ ഇവരെക്കുറിച്ചുള്ള വിവരണം. ആലി മുസ്ലിയാരെ വിപ്ലവകാരിയായ ഒരു മതപണ്ഡിതൻ എന്ന നിലക്കാണ് അദ്ദേഹം വീക്ഷിക്കുന്നത്. പള്ളികൾ കേന്ദ്രീകരിച്ചുള്ള ഖിലാഫത് പ്രക്ഷോഭങ്ങളാണ് മലബാർ കലാപത്തിനുള്ള ആശയപരമായ അടിത്തറ ഒരുക്കിയതെന്നാണ് ജലീലിെൻറ നിഗമനം. ആലി മുസ്ലിയാരെ സംബന്ധിച്ച് ഹിച്ച് കോക്കിെൻറ അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ‘‘മതത്തോട് അമിതമായ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആലി മുസ്ലിയാർ കേരളത്തിൽ ഇസ്ലാമിക ഭരണം (ഖിലാഫത് ഭരണം) സ്ഥാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു. ഇൗ വിശ്വാസമാണ് മലബാർ ലഹളക്ക് ഉൗർജം പകർന്നതെന്നാണ് ബ്രിട്ടീഷ് ഭാഷ്യം. അവർ ലഹളയെ വർഗീയവത്കരിച്ചു കാണിക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്. എന്നാൽ, ബ്രിട്ടീഷ് പാരതന്ത്ര്യത്തിൽനിന്ന് നാടിനെ മോചിപ്പിക്കുക എന്നതായിരുന്നു ആലി മുസ്ലിയാരുടെയും വാരിയൻകുന്നത്തിെൻറയും ലക്ഷ്യമെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ സ്ഥാപിക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. അദ്ദേഹത്തിെൻറ വീക്ഷണത്തിൽ ഇരുവരും തികഞ്ഞ മതേതര വീക്ഷണമുള്ള സമര നായകരായിരുന്നു. ലഹളക്കിടയിൽ ഹിന്ദുക്കളോട്, പ്രത്യേകിച്ച് ഹിന്ദു ജന്മിമാരോട് ചില മാപ്പിളപ്പോരാളികൾ കാണിച്ച അതിക്രമങ്ങളെ ഇരുവരും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു.
എന്നാൽ, അവരുടെ ബ്രിട്ടീഷ് വിരോധം അതി കഠിനമായിരുന്നു. ‘ദേശസ്നേഹിയായ പോരാളി’ എന്ന മൂന്നാം അധ്യായത്തിൽ ജലീൽ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘‘മാപ്പിളമാർക്ക് പൊതുവിലും, കുഞ്ഞഹമ്മദാജിക്ക് പ്രത്യേകിച്ചും യൂറോപ്യന്മാരായ ഉദ്യോഗസ്ഥന്മാരോടുള്ള ശത്രുത വളരെ വ്യക്തമായിരുന്നു. കണ്ടുമുട്ടുന്ന ഒറ്റ വെള്ളക്കാരനെയും കലാപകാരികൾ വെറുതെ വിട്ടിരുന്നില്ല... കാളികാവിലുള്ള ഒരു റബർ എസ്റ്റേറ്റിെൻറ മാനേജർ ആയിരുന്ന എസ്.പി ഇൗറ്റൺ എന്നയാളെ ജനക്കൂട്ടം അക്രമിക്കുകയും അയാളെ കശാപ്പു ചെയ്ത ശേഷം തല അറുത്തെടുത്ത് പൊതു നിരത്തിൽ വെക്കുകയും ചെയ്തു. അയാളെ കൊലപ്പെടുത്തിയത് സ്വന്തം തൊഴിലാളികൾ തന്നെയായിരുന്നു. എന്നാൽ, സായിപ്പിനോടൊപ്പം ഉണ്ടായിരുന്ന രാമൻ നായർ എന്നയാളെ ജനക്കൂട്ടം വെറുതെവിട്ടു. ലഹള ഹിന്ദുക്കൾക്കെതിരെയായിരുന്നില്ലെന്ന് സംഭവം വ്യക്തമാക്കുന്നു. (പേജ് 89). വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ആഗസ്റ്റ് 21ന് ബ്രിട്ടീഷുകാരുമായുള്ള നേരിട്ട് ഏറ്റുമുട്ടലിന് ആഹ്വാനം ചെയ്തുകൊണ്ട് സമരത്തിെൻറ നായകത്വം ഏറ്റെടുത്തപ്പോൾ മുസ്ലിംകൾ മാത്രമല്ല ഇതര സമുദായക്കാരും അദ്ദേഹത്തിെൻറ പിന്നിൽ അണിനിരന്നുവെന്ന് തെളിവ് സഹിതം ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. (പേജ് 90). ഹാജിയുടെ മതേതര മനസ്സ് തുറന്നുകാണിച്ചുകൊണ്ട് ഗ്രന്ഥം പറയുന്നു, ‘‘മുസ്ലിംകൾക്ക് അനുകൂലമായി മാത്രം ഒരിക്കലും പക്ഷം പിടിച്ചിട്ടില്ലാത്ത ഹാജി സർക്കാർ അനുകൂലികളായ ധാരാളം മുസ്ലിംകളെ വധിക്കാൻ ആഹ്വാനം ചെയ്തിരുന്നു. പുറം (90). ലഹളക്കെതിരായി പരസ്യമായ നിലപാട് സ്വീകരിച്ചിരുന്ന പത്രമായിരുന്നു കേരള പത്രിക. ഏറനാട്, വള്ളുവനാട് പ്രദേശത്തിെൻറ ഭരണം സ്വയം പ്രഖ്യാപിച്ച ഹാജി എല്ലാ ഹിന്ദുക്കൾക്കും സുരക്ഷ ഉറപ്പു നൽകുമെന്ന് പ്രഖ്യാപിച്ചതായി പത്രം റിപ്പോർട്ട് ചെയ്തിരുന്നു. മലബാർ കലാപം ഒരിക്കലും ഹിന്ദുക്കൾക്കെതിരായിരുന്നില്ലെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.
നാലാം അധ്യായം ആലി മുസ്ലിയാരെക്കുറിച്ചാണ്. ആലി മുസ്ലിയാരും അനുയായികളും ഖാദി വസ്ത്രധാരികളായിരുന്നുവെന്ന വസ്തുത വിരൽ ചൂണ്ടുന്നത് അവർ കോൺഗ്രസുകാരായിരുന്നുവെന്നതാണ്. ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ വെച്ച് ആലി മുസ്ലിയാർ തൂക്കിക്കൊല്ലപ്പെട്ടത്.അഞ്ചാം അധ്യായത്തിൽ കലാപത്തിെൻറ കാരണങ്ങളാണ് വിലയിരുത്തുന്നത്. മാപ്പിളമാരുടെ സാമ്പത്തികമായ അരക്ഷിതാവസ്ഥ, ബ്രിട്ടീഷ് വിരോധം തുടങ്ങി പല കാരണങ്ങളും ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലഹള സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്വ വിരുദ്ധവുമായിരുന്നുവെന്ന ഇ.എം.എസിെൻറ വീക്ഷണം ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നുണ്ട്.
ആറാം അധ്യായത്തിൽ സമരത്തോട് കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ അപലപിക്കുകയും പിൽക്കാല കമ്യൂണിസ്റ്റ് നിലപാടുകളെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥകാരെൻറ കമ്യൂണിസ്റ്റ് ചായ്വ് പ്രകടമാക്കുന്നതാണ് ആറാം അധ്യായത്തിലെ മിക്ക പരാമർശങ്ങളും ഉദ്ധരണികളും. ഏതായാലും ഒരു ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ മനോഭാവത്തെയും അതുവഴി അവർ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകളെയും നിറംപിടിപ്പിച്ച നുണക്കഥകൾ കൊണ്ട് വികൃതമാക്കാൻ ചരിത്രകാരന്മാരുടെ പക്ഷത്തുനിന്നുതന്നെയുള്ള കുത്സിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മലബാർ സമരത്തെ അതിെൻറ യഥാർഥ പശ്ചാത്തലം വിവരിച്ചുകൊണ്ട് കഴിയുന്നത്ര സത്യസന്ധമായി പുനർവായന നടത്താൻ ഇൗ കൃതിയിലൂടെ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. സമകാലിക മനസ്സുകളിൽ വർഗീയ വിഷം കുത്തിവെച്ചുകൊണ്ട് വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും കോട്ടകൾ പണിയാൻ തൽപര കക്ഷികൾ പണിപ്പെടുന്ന ആധുനിക ചുറ്റുപാടിൽ ജലീലിെൻറ ‘പുനർവായന’ പ്രശംസയർഹിക്കുന്നു. ഇൗ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ അവതാരിക പ്രൗഢവും ചിന്തോദ്ദീപകവുമാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.