ഒത്തിരിപ്പേരിലെ ഇച്ചിരിപ്പേരുകൾ
text_fieldsവാക്കിനോളം തൂക്കമില്ലീ
യൂക്കൻ ഭൂമിക്കുപോലുമേ
എന്ന് കേവലം ചില അക്ഷരങ്ങളിലൂടെ പറഞ്ഞു വച്ചൊരു ചെറിയ മനുഷ്യനെക്കുറിച്ചാണ്, ഒത്തിരിപ്പേരിലെ ഇച്ചിരിപ്പേരുകൾ എന്ന പുസ്തകം കണ്ടപ്പോൾ ഓർത്തു പോയത്. പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കമെന്ന് പറഞ്ഞു കുഞ്ഞു കുഞ്ഞു വാക്കുകൾ കൊണ്ട് വലിയ വലിയ ചിന്തകൾ സൃഷ്‌ടിച്ച കുഞ്ഞുണ്ണി മാഷ് എന്ന വലിയ മനുഷ്യനെ. അലിഖിതമായതും അല്ലാത്തതുമായ നിയമങ്ങൾ ഓരോ ഭാഷയും ഉപയോഗിക്കുമ്പോൾ നമ്മളൊരോരുത്തരും അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നുണ്ട്. ഇങ്ങനെ പറഞ്ഞു വച്ച നിയമങ്ങളെ പിന്തുടർന്നുണ്ടായ സൃഷ്ടികൾ മഹത്തരമാണെങ്കിൽ ഇതൊന്നുമേ ഗൗനിക്കാതെ വിശ്വവിഖ്യാതമായ സൃഷ്ടികളും ഉണ്ടായ ഭാഷയാണ് മലയാളം. എഴുത്തുഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഓരോ നാട്ടിലെയും സംസാര ഭാഷ. കേരളം എന്ന പാവയ്ക്കയുടെ രൂപത്തിലുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ പതിനാലു ജില്ലക്കാരും അവരവരുടേതായ തനതു ഭാഷ പറയുന്നവരാണ്. ബഹുജനം പലവിധത്തിലായി പറഞ്ഞു വരുന്ന മലയാളത്തിൽ സംസാരിക്കുന്ന ഒരു പുസ്തകം എന്ന വിശേഷണമാണ് ആർ.ജെ ബാലയുടെ ഒത്തിരിപ്പേരിലെ ഇച്ചിരിപ്പേരുകൾക്ക് ഏറ്റവും ഉചിതം.
എഴുത്തുകാരൻ കണ്ട സ്ത്രീകൾ അവരെക്കുറിച്ചുള്ള കാര്യങ്ങൾ നമ്മളെ മുന്നിലിരുത്തി പറഞ്ഞു തരും പോലൊരു അനുഭവം. കാലാകാലങ്ങളായി പിന്തുടരുന്ന ഒരു എഴുത്തു ശൈലിയെ പ്രതീക്ഷിച്ചാൽ വായനക്കാരന് കാണാൻ സാധിച്ചേക്കില്ല. കണ്ണിൽ കാണുന്ന ലോകത്തെക്കുറിച്ച് ഒരു റേഡിയോ അവതാരകനായ എഴുത്തു കാരൻ നമ്മൾക്കു പറഞ്ഞു തരും പോലെയാണ് എഴുത്ത്. മുസാഫിറിന്‍റെ വരകളിലൂടെ ഓരോ പെൺ രൂപങ്ങളും അവരുടെ ജീവിതവും നമ്മുടെ മുന്നിലൂടെ പോകുന്നുണ്ടാകും. ചിരിക്കെട്ടുകൾ എന്ന തലക്കെട്ടിൽ പതിനെട്ടു പെൺ കഥകൾ. പതിനെട്ടാമത്തെ കഥ ഒരു പുഞ്ചിരിയോടെ വായിച്ചു തീർത്താലും ഇവരോരുത്തരും പരിചിതരായി മാറുമെന്ന് തീർച്ച.
സ്വന്തം അമ്മേടെ പേര് ഇഷ്ടമല്ലാത്ത ഒരുപാട് പേർക്കിടയിൽ ഒരാളാണ് എഴുത്തുകാരനും. പക്ഷെ റീത്താമ്മയെക്കുറിച്ചുള്ള എഴുത്താകും വായിക്കുന്നവന് ഏറ്റവും പ്രിയപ്പെട്ടതായി മാറിയേക്കാവുന്നത്. ലിഡിയാപ്പി, ചാർളി ഗേൾ, ഭക്ഷണ പ്രീതി, 'ഡിലാ' വിലാസങ്ങൾ ഇങ്ങനെ ചിരിക്കെട്ടുകൾക്കടിയിൽ വരുന്ന പേരുകൾ തന്നെ ഓരോരോ കുഞ്ഞു കഥകൾ തന്നെയാണെന്ന് പറയാം. ഈ ഭൂമിയെ നമുക്കാദ്യം പരിചയപ്പെടുത്തി തന്ന 'അമ്മ', പെങ്ങൾ, നേപ്പാളിൽ നിന്നും കൊച്ചിയിലേക്കെത്തിയ മരം കേറിയായ അയൽക്കാരി, ജീവിതം ആഘോഷിക്കുന്ന കൂട്ടുകാരി, സ്വയമ്പൻ കട്ലറ്റ് ഉണ്ടാക്കുന്ന മറ്റൊരമ്മ, ബൂസ്റ്റിട്ട ചായ നല്ല 'ചൂടോടെ' കൊടുക്കുന്ന ഡെയ്‌സി ആന്റി ഇവരെ ഓരോരുത്തരെയും ബാല പറഞ്ഞു തരുന്നതിലൂടെ നമുക്കും പ്രിയപ്പെട്ടവരാകും. നമ്മളോരോരുത്തരും ചുറ്റിലും കാണുന്ന ആളുകളെ പോലെയുള്ള കുറച്ചു പേരെ നമുക്ക് മുന്നിൽ വരച്ചിട്ടു തരുന്ന ഒരു മനോഹരമായ വായനാനുഭവമാണ് ആർ ജെ ബാലയുടെ 'ഒത്തിരിപ്പേരിലെ ഇച്ചിരിപ്പേരുകൾ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.