വയലാറിലെ കനൽപ്പൂക്കൾ
text_fieldsകാലാതിവർത്തിയാണ് കഥ. വാമൊഴിയുടെ ഉൽപത്തിനാൾമുതൽക്കിന്നോളം, കഥകേട്ടാണ് മനുഷ്യപരമ്പരകൾ വളർന്നത്. പുല്ലും പൂവും അശരീരികളും അരുവികളുമായ യക്ഷ^ഗന്ധർവന്മാരും തുടങ്ങി, ഉൾക്കൊള്ളാത്തത് യാതൊന്നുമില്ല എന്നൊരു സാർവലൗകികതയാണ് കഥ. ജീവിതത്തിെൻറ നിർവചനംപോലും ‘‘അതൊരു കഥയില്ലായ്മ’’യല്ലേ എന്നൊരപകടം നിറഞ്ഞ വാചകത്തിലുണ്ട്.
‘‘ഒരിടത്ത്’’ എന്നാണ് കഥകൾ തുടങ്ങുന്നത്. എല്ലാ കഥകളും അതെ. ഒരിടത്ത് എന്നോ ‘‘Once upon a time’’ എന്നോ ഒാർക്കാത്ത ബാല്യങ്ങളില്ല. ഒരു പൗരാണിക സന്ധ്യയിൽ, നദീതീരങ്ങളിലെ പാറക്കൂട്ടങ്ങൾക്കിടയിൽ, കത്തിച്ചിട്ട തീകുണ്ഡങ്ങൾക്കു ചുറ്റും വട്ടമിട്ടിരുന്ന ആദിമനുഷ്യരും കഥകളാവണം പറഞ്ഞിരുന്നത്.ഇന്നും ഒാരോ പ്രഭാതവും പുതിയ കഥകളുമായിട്ടാണ് ഉണരുന്നത്. അടിസ്ഥാനപരമായി വയലാർ മാധവൻകുട്ടി, ഇൗ പരമ്പരയുടെ കണ്ണിയാണ്; ഒരു കഥപറച്ചിലുകാരനാണ്. ‘വയലാറിലെ കനൽപൂക്കൾ’ എന്ന കഥാസമാഹാരത്തിലെ പതിമൂന്നു കഥകളും കഥ^സാഹിത്യത്തിെൻറ പാരമ്പര്യവഴികളിൽനിന്ന് മാറിനടക്കുന്നവയാണ്. കണ്ടും കേട്ടും പരിചയിച്ചും പോന്ന കഥാനുഭവങ്ങളിൽനിന്ന് വിഭിന്നമായവ. ഇൗ കഥകളെ അനുഭവക്ഷമങ്ങളാക്കിത്തീർക്കുന്നതും ഇൗ വിഭിന്ന തലമാണ്.
മാധവൻകുട്ടി, കൃതഹസ്തനും കഠിനാധ്വാനിയുമായ ഒരു സിനിമാക്കാരനാണ്. മലയാള ടെലിവിഷൻ ചരിത്രത്തിൽ, പുതുവഴികൾ വെട്ടിത്തുറന്നിട്ടുപോലും അതിെൻറ അവകാശപ്പെടലുകളുടെ മുൻനിരയിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുന്ന അതേ മനസ്സ്, ഇൗ കഥകളിലും കാണാം. സംഭവബഹുലമായ കഥ മുന്നോട്ടുവെച്ചുതന്നിട്ട് കഥാകാരൻ മാറിനിൽക്കുകയും കഥ സ്വയം വെളിപ്പെടുകയും ചെയ്യുന്ന കാഴ്ച മനോഹരമാണ്.
ഇൗ സമാഹാരത്തിലെ പന്ത്രണ്ടാമത് കഥയാണ് ‘മാലാഖമാരുടെ ചുംബനം’. അഞ്ചു വയസ്സുകാരുടെ സ്കൂൾ വാർഷിക ദിനത്തിൽ, ഏയ്ഞ്ചൽ നൃത്തത്തിനിടെ, രണ്ട് കുഞ്ഞുമാലാഖമാർ സ്റ്റേജിൽവെച്ച് ചുംബിക്കുന്നിടത്ത് അവരുടെ സംഭവബഹുലമായ ജീവിതം ആരംഭിക്കുന്നത് കൗതുകകരമായ കാഴ്ചയാവുന്നു. കേരളീയ സമൂഹത്തിന് ദിശാവ്യതിയാനം വരുത്തിയ രണ്ട് തീവ്ര വിപ്ലവങ്ങളുടെ കഥകൾ (വയലാറിലെ കനൽപൂക്കൾ, മുലചെത്തിപ്പറമ്പിലെ നങ്ങേലി) മുന്നിലും ചേർത്തുവെച്ചിരിക്കുന്നത് ഇൗ കഥാകൃത്ത് ഒരു സിനിമ സംവിധായകനായതുകൊണ്ടാണ്. പത്രപ്രവർത്തകനിൽനിന്ന് സംവിധായകനിേലക്കുള്ള രൂപാന്തരപ്രാപ്തിയിൽ, അക്ഷരജ്വാലകൾ മനസ്സിൽ കെടാതെ സൂക്ഷിച്ച ഒരു സൂക്ഷ്മപടുവിെൻറ മനസ്സാണ് ഇൗ കഥകളെ സൃഷ്ടിച്ചത്.
1946ലാണ് പുന്നപ്രയിലും വയലാറിലും സി.പിയുടെ പട്ടാളത്തിെൻറ നരവേട്ട നടക്കുന്നത്. വയലാറിെൻറ ചൊരിമണലിൽ വീണത്, ആയിരത്തിലധികം പേരുടെ നെഞ്ചിെല ചോരയാണ്. തകർന്നുപോയ ജീവിതങ്ങൾക്ക് കണക്കുമില്ല. അവിടെനിന്ന് തിരുവിതാംകൂറിെൻറ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്കും 1947 ജൂലൈയിൽ കെ.സി.എസ്. മണി, സി.പിക്കുനേരെ നടത്തിയ വധശ്രമത്തിലേക്കും കടന്നാണ് ചരിത്രം സ്വതന്ത്ര ഇന്ത്യയിലേക്കെത്തുന്നത്. ഒരു സ്വാതന്ത്ര്യസമരമെന്നതിനെക്കാൾ ഇൗ വിശുദ്ധയുദ്ധം കമ്യൂണിസ്റ്റുകൾ ആസൂത്രണം ചെയ്ത വിപ്ലവമായി കണക്കാക്കപ്പെട്ടതുകൊണ്ടും ചരിത്രകാരന്മാർ അത്തരത്തിൽ ലേബൽ ചെയ്തതുകൊണ്ടുമാണ് പുന്നപ്ര വയലാർ സമരം, പാർശ്വവത്കരിക്കപ്പെട്ടത്. ഇൗ സംഘർഷത്തിെൻറ ഉള്ളിൽനിന്ന് കണ്ടെടുത്ത ജീവിതത്തിെൻറ പച്ചനേരുകളാണ് ‘വയലാറിലെ കനൽപൂക്കൾ’ എന്ന ആദ്യകഥ.
ഇൗ കഥ വായിക്കുന്ന ഒരാൾ, തീർച്ചയായും വയലാറിലേക്ക് ഒരു യാത്ര നടത്തണം. വെടിക്കുന്നും രക്തസാക്ഷി സ്മാരകവും കാണണം. തെൻറയുള്ളിൽനിന്ന് ദിഗന്തങ്ങളെ ഭേദിക്കുമാറ് ‘‘ലാൽസലാം’’ എന്നൊരു ഗർജനം ഉയരുന്നത് അത്ഭുതത്തോടെ ശ്രവിക്കാനാവും. അതാണ് ഇൗ കഥ, കാലാതീതമായ ഒരന്യൂന അനുഭവമായി വായനക്കാരനെ കാത്തിരിക്കുന്നത്.
െഎ.എ.എസുകാർ തലപ്പത്തിരിക്കുന്ന വലിയൊരു സർക്കാർ ആർഭാടത്തിെൻറ മുഖമാണ് നമ്മുടെ ടൂറിസത്തിന്. അത് വികസിപ്പിക്കാനുള്ള തന്ത്രങ്ങളുടെ രൂപവത്കരണത്തിനുള്ള ആഗോള തന്ത്രപ്പാടിലാണ് ഇൗ സംവിധാനമത്രയും ഇൗ വകുപ്പ് രൂപവത്കൃതമായ കാലം മുതൽ. ഒരൊറ്റ വരിയിൽ, ഒരു സൂത്രവാക്യം കുറിച്ച് മാധവൻകുട്ടി ഇതിെൻറ പരംപൊരുൾ കണ്ടെത്തുന്ന കാഴ്ച അത്ഭുതാവഹമാണ്. ഒരു ഒ.വി. വിജയൻ സറ്റയറിനെ ഒാർമിപ്പിക്കുന്ന ‘തെണ്ടികളുടെ സംവാദ’ത്തിലാണ് ‘‘വരത്തന് കള്ളും പെണ്ണും കൊടുക്കണം, എന്നാലേ ടൂറിസം വികസിക്കൂ’’ എന്ന ആ സൂത്രവാക്യമുള്ളത്. (‘പുന്നയ്ക്ക വികസന കോർപറേഷൻ’ എന്ന മാധവൻകുട്ടിയുടെ കൃതിയുമായി ചേർത്തുവായിക്കുേമ്പാൾ, സുതാര്യമായ ഒരു വക സറ്റയറിനുടമയാണ് ഇദ്ദേഹം എന്ന് വെളിപ്പെടും.)
പ്രത്യക്ഷത്തിൽ ‘അന്തിമിനുക്കങ്ങൾ’ ഒരു സാധാരണ കഥയാണ്. അതിനെ അസാധാരണമാക്കുന്ന ഒരു ജാലവിദ്യ കഥാകാരൻ നിർവഹിച്ചിരിക്കുന്നത് അതിെൻറ അവസാന വാചകങ്ങളിലാണ്. ‘‘എന്തുകൊണ്ടോ, എെൻറ കൈകൾ വിറക്കുന്നു. എനിക്ക് ഇനിയൊന്നും എഴുതാനാവില്ല.’’ സുദീർഘ വിരഹത്തിനുശേഷം കണ്ടുമുട്ടിയ കഥാകൃത്തായ കാമുകനെത്തേടിച്ചെല്ലുന്ന ഒരു കഥയിലൂടെ ഒരു കത്ത് പൂർണമാവുന്നതിങ്ങനെയാണ്. ജയിംസ് കാമറൂണിെൻറ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിൽ കപ്പലിെൻറ ചരക്കുമുറിയിലെ വിൻഡേജ് കാറിനുള്ളിലെ ഇണചേരലിനൊടുവിൽ റോസ് എന്ന പതിനേഴുകാരി ജാക് സോസനോട് ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ് ‘‘നീ, വിറകൊള്ളുന്നതെന്ത്?’’
ഇത്, പ്രണയത്തിെൻറ പരകോടിഭാവമാണ്. ശരീരപരിമിതികൾ വിട്ടുയരുന്ന ആത്മാവിെൻറ പ്രണയമാണ് വിറകൊള്ളുന്നത്. അനിർവചനീയമായ ആ അനുഭൂതി.
‘പച്ചനിറമുള്ള പട്ടിക്കുട്ടി‘, ‘കടവത്ത് തോണി അടുത്തപ്പോൾ’ എന്നിവ ജീവിതദൗർഭാഗ്യങ്ങളുടെ സൂക്ഷ്മമായ ഒാർമപ്പെടുത്തലുകളാണ്. ഇൗ ഒാർമപ്പെടുത്തലുകൾ, സമകാലിക കഥകളിലേക്ക് തിരിച്ചെത്തുന്നത്, തച്ചുടക്കപ്പെട്ട നമ്മുടെ വായനസംസ്കാരത്തിന് ഒരു കൈത്താങ്ങായിത്തീരും. തീരേണ്ടതുണ്ട്. ഒരു പിതാവിെൻറ വാർധക്യവ്യഥകൾ, അയാളുടെ മനസ്സിനെ താളംതെറ്റിക്കുന്ന സംഭ്രമജനകമായ ഒരവസ്ഥാവിശേഷം ‘നാരായവും നാരായണീയവും’ കൈാര്യം ചെയ്യുന്നു. ‘ഗാന്ധിമാമ്മൻ’ ഒരന്തർദേശീയതയാണ്. ഇദ്ദേഹം നമ്മുടെ സമൂഹത്തിൽ എല്ലായിടത്തുമുണ്ട്. ഒാരോ ദേശത്തിനും ഒാരോ ഗാന്ധിമാമനുണ്ടായിരിക്കും. വേരുകളും രൂപങ്ങളും വ്യത്യസ്തമായിരിക്കുമെന്നേയുള്ളൂ. വികാരം ഒന്നുതന്നെയാണ്. കഥ വായിക്കുേമ്പാൾ, നഷ്ടസ്മൃതനായ ഒരു ചിരകാല സുഹൃത്തിനെ വീണ്ടും കണ്ടെടുത്ത ആർദ്രത അനുഭവപ്പെടും.
ഒരുപക്ഷേ, ഇൗ സമാഹാരത്തിലെ മറ്റു കഥകളിൽനിന്ന് വ്യത്യസ്തമാണ് ‘പെരിയാർ ഹൗസിലെ കാട്ടുചീവീടുകൾ’. മനുഷ്യബന്ധങ്ങളുടെ അതാര്യതയുടെ നൂൽപാലത്തിലൂെടയുള്ള അവസാനിക്കാത്ത പ്രയാണം, ഒരു നിമിഷത്തെ അപ്രതീക്ഷിത ട്വിസ്റ്റിന്മേൽ സ്ത്രീ എന്ന, ഭാര്യ എന്ന മഹാസങ്കൽപത്തിെൻറ പ്രഖ്യാപനത്തിലേക്ക് പകർന്നാട്ടം നടത്തുന്ന അപൂർവാനുഭവമാണ് ഇൗ കഥ. കാമുകെൻറ കരവലയത്തിൽനിന്ന്, ഒരു ശാരീരികബന്ധത്തിെൻറ വിഷ്കംഭത്തിൽനിന്ന് നനഞ്ഞ വസ്ത്രവുമായി ഭർത്താവിനടുത്തേക്ക്, ശിഥില കാമനകളെ കീഴ്പ്പെടുത്തി ഒാടിപ്പോവുന്ന ഒരു ഭാര്യയുടെ ചിത്രം ഒരു മഹാസന്ദേശമാണ്. എഴുത്തുകാരെൻറ നിയോഗം ഭംഗിയായി നിർവഹിക്കപ്പെടുന്നതും ഇവിടെയാണ്.
കാമുകെൻറ ജഡം പോസ്റ്റുമോർട്ടം ചെയ്യേണ്ടിവരുന്ന ഒരു ഡോക്ടറുടെ കഥ ‘നിരാമയനി’ൽ മാധവൻകുട്ടി പറയുേമ്പാൾ, സമകാലികതകളിൽനിന്ന് കഥക്കുള്ള നിമിത്തങ്ങൾ കണ്ടെടുക്കുന്ന എഴുത്തുകാരെൻറ മനസ്സാണ് നാം കാണുന്നത്. ‘‘കാടുപിടിച്ചുകിടന്ന ആ മുറ്റത്ത് അതാ, ഒരപ്പൂപ്പൻ താടി. അതങ്ങനെ ഇളംകാറ്റിെൻറ മെല്ലെയുള്ള തലോടലേറ്റ് പൊങ്ങിയും താണും അകലുന്നു’’ എന്നൊരു മനോഹരവാചകം ഇൗ കഥയെ വിളംബരപ്പെടുത്തും.
ചേർത്തലയിലെ മനോരമക്കവലയിലൂടെ കടന്നുപോകുേമ്പാൾ, ഘനീഭവിച്ച ഒരു ഭൂതകാലം, ഇപ്പോൾ എന്നെ ഗ്രസിക്കുന്നു. അതിെൻറ അങ്ങാടിത്തിരക്കുകൾ നിശ്ചലമാവുകയും അമർത്തിപ്പിടിച്ച ഒരു പെൺനിലവിളി എെൻറ പിന്നാലെ വരുകയും ചെയ്യുന്നു. ഭൂതകാലത്തിൽനിന്ന് ഇറങ്ങിവരുന്നതിനു പകരം, നങ്ങേലി എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോവുകയും സ്ത്രീത്വത്തിെൻറ അപാരവും അപ്രതിരോധ്യവുമായ ചെറുത്തുനിൽപിനു മുന്നിൽ നിർത്തി, വിചാരണ കൂടാതെ വിധിക്കുകയും ചെയ്യും. വർഷത്തിലൊരിക്കൽ തെറിപ്പാട്ടു കേട്ടുന്മാദംകൊള്ളുന്ന ഭഗവതിേയാടുള്ള തെൻറ പ്രേമം മറച്ചുവെക്കാത്ത നങ്ങേലി, സ്ത്രൈണതകളുടെ കാമിനിയാണെന്ന് വരുത്തുന്നിടത്തുതന്നെ, തെൻറ വക്ഷോജങ്ങളുടെ അളവെടുക്കാൻ വരുന്ന പാർവത്യകാരെൻറ കൂട്ടുകാരൻ പണിക്കരുടെ ഇംഗിതമറിയിച്ച ചിണ്ടന് നൽകുന്ന മുഖമടച്ചുള്ള ഒരടിവന്നുവീഴുന്നത് പുരുഷത്വത്തിെൻറ മുഖത്താണ്. ഛേദിക്കപ്പെട്ട വക്ഷോജങ്ങൾ പെണ്ണിെൻറ (വെറും പെണ്ണ് എന്ന് പലപ്പോഴായി ചരിത്രം വ്യവേച്ഛദിച്ച ആ വർഗത്തിെൻറ) ആത്മാഭിമാനത്തിെൻറ കൊടിയടയാളമായി ഇൗ കഥക്കൂട്ടത്തിൽ ഉത്സവക്കൊടിയേറ്റിയിട്ട ക്ഷേത്രധ്വജം കണക്കെ നിലകൊള്ളുന്നു.
‘പാഴ്സിപ്പെണ്ണും വെളുത്ത പൂച്ചയും’ എന്ന കഥയിൽ ‘‘ജാനകിയമ്മയുടെ ജഡം, പാഴ്സിപ്പെണ്ണിെൻറ പറ്റെ മുരൾച്ചയോടെ ഇരിക്കുന്ന പൂച്ച, കോരിച്ചൊരിയുന്ന മഴ, രാത്രി’’ എന്ന് മാധവൻകുട്ടി എഴുതുന്നു. അതുല്യമായ ഒരു വിഷ്വൽ സങ്കലനമാണിത് എന്നു തോന്നുന്നില്ലേ? ഇനിയുമുണ്ട്: ‘‘പകൽ സൂര്യെൻറ തീക്ഷ്ണതയിൽ തളർന്ന തെൻറ ശരീരം നക്ഷത്രക്കൈകളിലെ തണുത്ത തലോടലുകൾക്ക് ദാനം നൽകി അവൾ ഉറങ്ങി’’ (തെണ്ടികളുടെ സംവാദം). ‘‘ആകാശത്ത് അറുപത്തിനാലു കലകൾ ഉരുക്കി വാർത്ത ചന്ദ്രക്കഥ. ഭൂമിയിൽ ചന്ദ്രകാന്തം ചുംബിച്ചുണർത്തുന്ന നിശാസുരഭികൾ’’ (മുള്ളുകൾ, മുത്തുകൾ). കഥകളുടെ തലക്കെട്ടുകളിൽ കുറച്ചുകൂടി ജാഗ്രത വേണ്ടിയിരുന്നു എന്ന തോന്നൽ ഇവിടെ പങ്കുവെക്കുന്നു.
‘‘ഒരു വിപ്ലവകാരി, ഒന്നിലും ഒരിക്കലും തോൽക്കുന്നില്ല’’ എന്ന ആ വാചകം, പുസ്തകമടച്ചുവെച്ചശേഷവും നമ്മുടെയുള്ളിൽ ബാക്കിനിൽക്കും. ഇൗ പുസ്തകത്തിെൻറ ധർമവും അതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.